ADVERTISEMENT

ഓൺലൈൻ ഷോപ്പിങ്ങിലൂടെയും അല്ലാതെയും ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടിരുന്ന ബജറ്റ് ഫോണായിരുന്നു റെഡ്മി സീരിസിലെ ഫോണുകൾ. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ നൽകിയിരുന്ന റെഡ്മി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഫോണുകളിൽ ഒന്നാണ്. കഴിഞ്ഞദിവസം തൃശൂരിലെ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തിലെ വില്ലനും ഈ റെഡ്മി ഫോണാണ് എന്ന വിവരം പുറത്തു വരുമ്പോഴാണ് പലരുടെയും ഉള്ളൊന്നുകാളുന്നത്. ചൈനീസ് കമ്പനിയായ ഷഓമിയുടെ റെഡ്മി നോട്ട് 5 പ്രോ ആണ് തൃശൂരിലെ ദുരന്തത്തിന് കാരണമായതെന്നാണ് മരിച്ച കുട്ടിയുടെ അച്ഛൻ അശോക് കുമാർ പറയുന്നത്. സംഭവം ദുഃഖകരമാണെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഷഓമി വക്താവ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഷഓമി അധികൃതർ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് കുഞ്ഞിന്റെ അച്ഛന്റെ‌ വിശദീകരണം. ഷഓമിയുടെ റെഡ്മി ഫോണുകള്‍ നേരത്തേയും പൊട്ടിത്തെറിച്ചിട്ടുണ്ട്. ഇന്ത്യയിലും പുറത്തും ഉപയോക്താക്കൾക്ക് ജീവന്‍ നഷ്ടമാവുകയും പരുക്കേല്‍ക്കുകയും ഉണ്ടായ സംഭവങ്ങള്‍ നിരവധിയാണ്.

 

∙ തൃശൂരിൽ പൊട്ടിത്തെറിച്ചത് റെഡ്മി നോട്ട് 5 പ്രോ?

 

തിരുവില്വാമലയിൽ 8 വയസുകാരിയുടെ മരണത്തിനിടയാക്കി പൊട്ടിത്തെറിച്ച മൊബൈൽ ഫോൺ
തിരുവില്വാമലയിൽ 8 വയസുകാരിയുടെ മരണത്തിനിടയാക്കി പൊട്ടിത്തെറിച്ച മൊബൈൽ ഫോൺ

ഇന്ത്യയിലെ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് 2018 ഫെബ്രുവരി 22ന് അവതരിപ്പിച്ച ഹാൻഡ്സെറ്റാണ് റെഡ്മി നോട്ട് 5 പ്രോ. മിതമായ വിലയ്ക്ക് ലഭിക്കുന്ന ഹാൻഡ്സെറ്റായതിനാൽ തന്നെ ഇന്ത്യയിൽ കുറഞ്ഞ കാലം കൊണ്ട് കൂടുതൽ വിറ്റുപോയ ഹാൻഡ്സെറ്റ് എന്ന റെക്കോർഡ് നേട്ടവും റെഡ്മി നോട്ട് 5 സീരീസ് സ്വന്തമാക്കിയിരുന്നു. കുറഞ്ഞ കാലത്തിനിടെ ഒരു കോടി റെഡ്മി നോട്ട് 5 പ്രോ ഹാൻഡ്സെറ്റുകളാണ് വിറ്റുപോയത്. 4000 എംഎഎച്ച് ആണ് ഇതിന്റെ ബാറ്ററി. 

 

ഇതുവരെ ഇറക്കിയതില്‍ വച്ച് ഏറ്റവും കരുത്തു കൂടിയ റെഡ്മി നോട്ട് ഫോണ്‍ എന്നാണ് ഷഓമി അന്ന് അവകാശപ്പെട്ടിരുന്നത്. സ്‌നാപ്ഡ്രാഗണ്‍ 636 ആണ് പ്രോസസർ. ഫീച്ചറുകൾ കുത്തിനിറച്ചാണ് റെഡ്മി നോട്ട് 5 പ്രോ ഇന്ത്യൻ വിപണിയിലെത്തിയത്. ഇതിനാൽ തന്നെ വിൽപനയും കൂടി. കുറഞ്ഞ ചെലവിൽ കൂടുതൽ ഫീച്ചറുകൾ ഉൾക്കൊള്ളിക്കുമ്പോഴുണ്ടാകുന്ന ചില സാങ്കേതിക പ്രശ്നങ്ങളും ഈ ഹാൻഡിൽ കണ്ടിരുന്നു എന്നാണ് ഉപയോക്താക്കൾ പറയുന്നത്.

 

smart-phone-main-1

∙ ബാറ്ററി മാറ്റിയത് മൂന്നു വർഷം മുൻപ്

 

തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച സംഭവത്തിൽ ഫോണിൽ ഉപയോഗിച്ചിരുന്ന ബാറ്ററി കമ്പനി സർവീസ് സെന്ററിൽ നിന്നു തന്നെ മാറ്റിയിട്ട ഒറിജിനൽ ബാറ്ററി ആണെന്ന് പാലക്കാട്ടെ മൊബൈൽ വിതരണക്കാർ അറിയിച്ചു. പാലക്കാട് നഗരത്തിലെ വിതരണക്കാരിൽ നിന്നാണ് ഫോൺ വാങ്ങിയത്. 2021 ജനുവരിയിൽ ബാറ്ററി മാറ്റി. കൊണ്ടു കൊടുത്ത് ഒന്നര മാസത്തോളം കഴിഞ്ഞാണ് ബാറ്ററി മാറ്റി മൊബൈൽ തിരികെ വാങ്ങിയതെന്നും ഒറിജിനൽ ബാറ്ററിയാണു വാങ്ങിയതെന്നും ഫോൺ അമിതമായി ചൂടാകുന്ന പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വീട്ടുകാർ പറയുന്നു. ബാറ്ററിക്കുള്ളിലെ ജെൽ അമിതമായ ചൂടിൽ ഗ്യാസ് രൂപത്തിലായി ഫോണിന്റെ സ്ക്രീനിൽ ചെറിയ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചാകാം അപകടമെന്നാണ് ഫൊറൻസിക് നിഗമനം. 

 

∙ ചൈനയിലെ പൊട്ടിത്തെറി

 

smart-phone-explosion-2

ചൈനീസ് ഫോണ്‍ ചൈനയില്‍ നിന്നു പൊട്ടിത്തെറിച്ചതിന്റെ വിഡിയോ 2022 സെപ്റ്റംബറിലാണ് പുറത്തുവന്നത്. ടിക് ടോകില്‍ നിന്നു ലഭിച്ച വിഡിയോ പിയൂഷ് ഭാസ്‌കര്‍(@TechKard) എന്ന ട്വിറ്റര്‍ യൂസറാണ് പങ്കുവച്ചത്. ഈ വിഡിയോ വൈറലാവുകയും ചെയ്തു. റെഡ്മി നോട്ട് 11ടി പ്രൊ എന്ന ഫോണാണ് ചൈനയില്‍ പൊട്ടിത്തെറിച്ചത്. പത്തു സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയുടെ തുടക്കത്തില്‍ സ്മാര്‍ട് ഫോണിന്റെ മുന്‍ ഭാഗമാണ് കാണിക്കുന്നത്. സ്‌ക്രീന്‍ ആകെ തകര്‍ന്ന ഫോണിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചതെന്ന് ദൃശ്യങ്ങള്‍ സൂചന നല്‍കുന്നു. ഫോണിന്റെ പിന്‍ഭാഗം ആകെ ഉരുകിയൊലിച്ച നിലയിലാണുള്ളത്. ചുരുക്കത്തില്‍ ഈ വിഡിയോ കണ്ട് ഏത് ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് തിരിച്ചറിയുക പോലും ദുഷ്‌കരമാണ്.

 

∙ ജീവനെടുത്ത റെഡ്മി

 

ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു സ്ത്രീക്ക് ജീവന്‍ നഷ്ടമായ സംഭവം 2022 സെപ്റ്റംബറില്‍ തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. റെഡ്മി 6എ എന്ന സ്മാര്‍ട് ഫോണാണ് പൊട്ടിത്തെറിച്ചത്. തലയിണയുടെ അടിയില്‍ ഫോണ്‍ വച്ച് കിടന്നുറങ്ങവേ റെഡ്മി ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ടെക് വിഡിയോകള്‍ ചെയ്യുന്ന യുട്യൂബറായ MD Talk YTയുടെ ബന്ധുവാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഈ യുട്യൂബര്‍ തന്നെയാണ് വിവരം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്. ഈ ഫോണിന്റെയും ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച ഫോണിന്റെ ദൃശ്യങ്ങളും യുട്യൂബര്‍ പുറത്തുവിട്ടിരുന്നു.

 

∙ പുകഞ്ഞു കത്തിയ റെഡ്മി നോട്ട് 9 പ്രൊ

 

ഷഓമിയുടെ റെഡ്മി നോട്ട് 9 പ്രോ ഫോണ്‍ തീപിടിച്ച വാര്‍ത്ത 2021 ഏപ്രിലിലാണ് ഇന്ത്യയില്‍ നിന്നു റിപ്പോർട്ട് ചെയ്തത്. പ്രിയങ്ക പാവ്‌റ എന്ന റെഡ്മി ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രിയങ്ക തന്റെ സഹോദരന് വേണ്ടിയാണ് റെഡ്മി നോട്ട് 9 പ്രോ വാങ്ങിയിരുന്നത്. ഫോണില്‍ നിന്നു പുക ഉയരുന്നതു കണ്ട പ്രിയങ്കയുടെ സഹോദരന്‍ ഫോണ്‍ വെള്ളത്തിലേക്ക് ഇടുകയായിരുന്നു. പിന്നീട് പാവ്‌റ തീ പിടിച്ച നിലയിലുള്ള ഫോണിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഡിസ്‌പ്ലേ തകര്‍ന്ന നിലയിലും പിന്‍ഭാഗം കത്തി ഉരുകിയ നിലയിലുമായിരുന്നു ഫോണ്‍. പ്രാഥമിക അന്വേഷണത്തിന് ശേഷം പുറത്തു നിന്നു ശക്തി പ്രയോഗിച്ചതിന്റെ ഭാഗമായാണ് ഫോണ്‍ തകര്‍ന്നതെന്ന വിശദീകരണമാണ് ഷഓമി നല്‍കിയത്. 

 

∙ പൊട്ടിത്തെറിച്ച റെഡ്മി നോട്ട് 7 പ്രോ

 

2020 മാര്‍ച്ചില്‍ 91മൊബൈല്‍സാണ് ഗുരുഗ്രാം സ്വദേശി വികേഷ് കുമാറിന്റെ ഷഓമി റെഡ്മി നോട്ട് 7 പ്രോ പൊട്ടിത്തെറിച്ച വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. 2019 ഡിസംബറിലാണ് വികേഷ് കുമാര്‍ ഈ ഷഓമി ഫോണ്‍ വാങ്ങുന്നത്. ജോലിസ്ഥലത്തെത്തിയപ്പോഴാണ് വികേഷ് കുമാര്‍ പോക്കറ്റില്‍ കിടക്കുന്ന ഫോണിന് ചൂടു കൂടി വരുന്ന കാര്യം ശ്രദ്ധിച്ചത്. ഇതോടെ ഫോണ്‍ പുറത്തെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഫോണ്‍ പൊട്ടിത്തെറിച്ചു. അപകടസമയം 90 ശതമാനം ചാര്‍ജാണ് ഫോണിലുണ്ടായിരുന്നതെന്നും വികേഷ്  പറഞ്ഞിരുന്നു. ഫോണ്‍ പുറത്ത് വച്ചിരുന്നതിനാല്‍ ഈ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല. സര്‍വീസ് സെന്ററിലേക്ക് കൊണ്ടുവരും മുൻപ് തന്നെ ഫോണ്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നുവെന്ന് ഷഓമി തന്നെ സമ്മതിച്ചിരുന്നു. ഉപഭോക്താവിന് പരാതിയില്ലാത്തവിധം പ്രശ്‌നം പരിഹരിച്ചെന്ന് ഷഓമി പിന്നീട് നല്‍കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

 

∙ വില കുറയും സുരക്ഷയും

 

വമ്പന്‍ ഫീച്ചറുകള്‍ അമ്പരപ്പിക്കുന്ന വിലയില്‍ നല്‍കിയാണ് ഷഓമിയുടെ റെഡ്മി ഫോണുകള്‍ ഇന്ത്യയില്‍ വിപണി കയ്യടക്കിയത്. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന പല ഫോണുകളും സുരക്ഷയുടെ കാര്യത്തിലും പിന്നിലാണെന്ന് പരസ്യമായ രഹസ്യമാണ്. ഫോണിലെ ബാറ്ററികളാണ് ഏതാണ്ടെല്ലാ സമയത്തും പൊട്ടിത്തെറിയുടെ കാരണമാവുന്നത്. ഷഓമിയുടെ റെഡ്മി ഫോണുകളില്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കുമ്പോള്‍ സൂക്ഷ്മത വേണമെന്ന് ഷഓമിയുടെ വെബ് സൈറ്റ് തന്നെ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. കമ്പനി നല്‍കിയ ചാര്‍ജറിലല്ലാതെ ചാര്‍ജ് ചെയ്യുക, ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുക, എന്നിങ്ങനെ പല കാരണങ്ങളും അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഏതൊരു ഫോണും പൊട്ടിത്തെറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഇത്തരം ഫോണ്‍ പൊട്ടിത്തെറി സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്.

 

English Summary: Smartphone Blasts in last few years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com