ADVERTISEMENT

ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസിന്റെ പുതിയ പതിപ്പായ വിന്‍ഡോസ് 11ലേക്ക് മാറാന്‍ പല ഉപയോക്താക്കള്‍ക്കും ഇപ്പോഴും സാധിച്ചിട്ടില്ല, ചിലര്‍ അതിനു വിസമ്മതിക്കുകയും ചെയ്യുന്നു. കംപ്യൂട്ടറുകള്‍ക്ക് ആവശ്യത്തിനു ഹാര്‍ഡ്‌വെയര്‍ കരുത്തില്ലാത്തവര്‍ക്കാണ് പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കാത്തത്. അതേസമയം, വിന്‍ഡോസ് 11ലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്തവർ തിരിച്ച് വിന്‍ഡോസ് 10 ലേക്കു പോയതും മൈക്രോസോഫ്റ്റിന് തിരിച്ചടിയായിട്ടുണ്ട്.

∙ വിന്‍ഡോസ് 10 അടഞ്ഞ അധ്യായം

എന്തായാലും വിന്‍ഡോസ് 10 ല്‍ ഇനി പുതിയ ഫീച്ചറുകള്‍ ഉണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. അതായത്, വിന്‍ഡോസ് ഉപയോക്താക്കള്‍ അധികം താമസിയാതെ നേരിടാന്‍ പോകുന്ന പ്രശ്‌നത്തിനായി ഇപ്പോഴേ ഒരുങ്ങിത്തുടങ്ങണമെന്ന് ചുരുക്കം. വ്യക്തികളാണെങ്കിലും കമ്പനികളാണെങ്കിലും സർക്കാർ സ്ഥാപനങ്ങളാണെങ്കിലും വിൻഡോസ് 11 സ്വീകരിക്കേണ്ടി വരും.

∙ പുതിയ ഹാര്‍ഡ്‌വെയര്‍ വാങ്ങേണ്ടി വന്നേക്കാം

വര്‍ഷങ്ങളോളം പഴക്കമുള്ള പല കംപ്യൂട്ടറുകളിലും മൈക്രോസോഫ്റ്റിന്റെ പുതുക്കിയ ഒഎസ് ആയ വിന്‍ഡോസ് 11 പ്രവര്‍ത്തിപ്പിക്കാമെന്നൊക്കെ വാദമുണ്ടെങ്കിലും യാഥാര്‍ഥ്യം അതല്ലെന്ന് ഇപ്പോള്‍ വ്യക്തമാണ്. ബിസിനസ് സ്ഥാപനങ്ങളുടെ കാര്യമെടുത്താല്‍ 70 ശതമാനം കമ്പനികളും ഇപ്പോഴും വിന്‍ഡോസ് 10 ഉപയോഗിക്കുന്നവരാണെന്ന് കംപ്യൂട്ടര്‍ വേള്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, വിന്‍ഡോസ് 7 ന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റ് കാണിച്ചതു പോലെ ഒരു ലൈഫ്‌ലൈന്‍ വിന്‍ഡോസ് 10നും നല്‍കിയേക്കുമെന്നും വാദമുണ്ടെങ്കിലും ഇതിനൊന്നും ഒരു ഉറപ്പുമില്ല.

∙ ഒരുങ്ങാന്‍ ഒക്ടോബര്‍ 2025 വരെ സമയം

ഈ സമയത്തിനിടയ്ക്ക് വിന്‍ഡോസ് 10 പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന സർക്കാർ സ്ഥാപനങ്ങളും കമ്പനികളും വ്യക്തികളും പുതിയ ഹാര്‍ഡ്‌വെയര്‍ വാങ്ങേണ്ടിവരും. അതിനു മുൻപ് ഉപയോക്താക്കള്‍ക്ക് പല തീരുമാനങ്ങളും എടുക്കാനുണ്ട്. പഴയതരം ഡെസ്‌ക്ടോപ് കംപ്യൂട്ടറുകള്‍ തന്നെ ഇനിയും വാങ്ങി സ്ഥാപിക്കണോ എന്നതാണ് ഇതില്‍ മുഖ്യം. സ്വന്തം വീടിന്റെ മുറികളെ പോലെ പരിചിതമായ വിന്‍ഡോസ് 10 ന്റെ മെനുവും കൺട്രോള്‍ സിസ്റ്റങ്ങളും മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11ല്‍ മൊത്തം മാറ്റി എന്ന കാരണത്താല്‍ പുതിയ ഒഎസിലേക്കു മാറാതെ നില്‍ക്കാന്‍ തീരുമാനിച്ച ഗെയിമര്‍മാര്‍ക്കും ഐടി പ്രഫഷനലുകള്‍ക്കും പുതിയ തീരുമാനം എടുക്കേണ്ടതുണ്ട്.

∙ മികവാർന്ന യൂസര്‍ ഇന്റര്‍ഫെയ്‌സ്

വിന്‍ഡോസ് 11 ആദ്യമായി ഉപയോഗിച്ച ഒരു ഉപയോക്താവ് ടെക്‌സ്റ്റ് കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്യാനായി റ്റൈ് ക്ലിക് ചെയ്തപ്പോള്‍ അവിടെ കട്ട്, കോപ്പി, പേസ്റ്റ് എന്നൊന്നും കണ്ടില്ല എന്നു പറയുന്നു. പക്ഷേ, എല്ലാം അവിടെ തന്നെയുണ്ട്. എന്നാല്‍, ഐക്കണുകളാണ് വിന്‍ഡോസ് 11ല്‍ ഉള്ളത്. ഇങ്ങനെ പഴയ ശീലങ്ങള്‍ മാറ്റാന്‍ താൽപര്യമില്ലാത്തവര്‍ക്കും വിന്‍ഡോസ് 10ല്‍ പരമാവധി തുടരാനാണ് ആഗ്രഹം. അതേസമയം, വിന്‍ഡോസ് 10ലെ കൺട്രോള്‍ പാനലൊക്കെ വലിയ മാറ്റമൊന്നുമില്ലാതെ വിന്‍ഡോസ് 11ല്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. വിന്‍ഡോസ് 10 അനുഭവം വിന്‍ഡോസ് 11ല്‍ വേണ്ടവര്‍ക്കായി ചില തേഡ്പാര്‍ട്ടി ടൂളുകളും ഇറക്കിയിട്ടുണ്ട്. ഇവയൊക്കെ ഉപയോക്താക്കളെക്കുറിച്ചുള്ള ഡേറ്റ അവരറിയാതെ ശേഖരിക്കുന്നുണ്ടാകുമെന്ന ആശങ്കയും പലരും ഉയര്‍ത്തുന്നു. എന്നാല്‍, ഒരുകൂട്ടം യൂസര്‍മാര്‍ പറയുന്നത് ഇനി വിന്‍ഡോസിന് നൂതന യൂസര്‍ ഇന്റര്‍ഫെയ്‌സ് മതി എന്നാണ്.

∙ ഗെയിമര്‍മാര്‍ക്കും ഇഷ്ടക്കുറവ്

ഹാര്‍ഡ്‌വെയറില്‍നിന്ന് അധിക ശക്തി ഊറ്റിയെടുക്കാനായി ഓവര്‍ക്ലോക്കിങ് നടത്തുന്ന ഗെയിമര്‍മാര്‍ക്ക് അത് വിന്‍ഡോസ് 10 ലേതു പോലെ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓവര്‍ക്ലോക്കിങ് പലപ്പോഴും അനധികൃതമാണ് എന്നതിനാലാണ് മൈക്രോസോഫ്റ്റ് അതിന് പൂട്ടിടാന്‍ ശ്രമിക്കുന്നതെന്നും വാദമുണ്ട്. ഇതിനു പുറമെ വിന്‍ഡോസ് 11ലെ അധിക സുരക്ഷയും ഗെയിമര്‍മാര്‍ക്ക് തലവേദനയാകുന്നു. അതിനാല്‍ പലരും വിന്‍ഡോസ് അപ്‌ഡേറ്റുകള്‍ വേണ്ടന്നുവയ്ക്കുന്നു. കൂടാതെ, വിന്‍ഡോസിന്റെ സുരക്ഷാ സംവിധാനമായ ഡിഫെന്‍ഡര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നു. ഇതു രണ്ടും വിന്‍ഡോസിന്റെ സുപ്രധാന മേഖലകളാണ്.

∙ ഐടി പ്രഫഷനലുകളുടെ പ്രശ്‌നം

വിന്‍ഡോസ് 10 വരെയുള്ള വിന്‍ഡോസ് പതിപ്പുകള്‍ മിക്ക ഹാര്‍ഡ്‌വെയറിലും പ്രവര്‍ത്തിപ്പിക്കാം. വിന്‍ഡോസ് 11ല്‍ അതു നടക്കില്ല. മൈക്രോസോഫ്റ്റ് നിഷ്‌കര്‍ഷിക്കുന്ന കരുത്തു വേണം. പഴയ ഹാര്‍ഡ്‌വെയര്‍ സപ്പോര്‍ട്ട് ചെയ്യില്ല. ഇന്റല്‍ ഏഴാം തലമുറ വരെയുള്ള കരുത്തുറ്റ കംപ്യൂട്ടറുകളില്‍ പോലും വിന്‍ഡോസ് 11 പ്രവര്‍ത്തിപ്പിക്കുക എന്നത് വിഷമംപിടിച്ച കാര്യമാണ്. ഇത്തരം ഒരു മസിലുപിടുത്തം പലര്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നും പറയുന്നു. ഇതിനൊപ്പം മെനുവില്‍ കൊണ്ടുവന്ന മാറ്റങ്ങളും റൈറ്റ് ക്ലിക്കിലുള്ള മാറ്റങ്ങളുമൊക്കെ ഉള്‍ക്കൊള്ളാന്‍ വൈമുഖ്യം കാണിക്കുന്ന ധാരാളം പേരുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുടെ സിസ്റ്റം ഇഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കാനാണ് ഐടി പ്രഫഷനലുകള്‍ക്ക് ഇഷ്ടം. വിന്‍ഡോസ് 11 അത് പൂര്‍ണമായി അനുവദിക്കുന്നില്ലെന്നുള്ളതാണ് അവര്‍ പുതിയ ഒഎസിലേക്കു മാറാന്‍ വിസമ്മതിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

∙ ഓര്‍ക്കുക, വിന്‍ഡോസ് 10ല്‍ ഇനി പുതിയ ഫീച്ചറുകള്‍ ലഭിക്കില്ല

വിന്‍ഡോസ് 10ന്റെ 22എച്2 (22H2) ആയിരിക്കും അവസാന ഫീച്ചര്‍ അപ്‌ഡേറ്റ് എന്ന കമ്പനി വ്യക്തമാക്കി. ഇത് 2022 ഒക്ടോബറില്‍ പുറത്തിറക്കിയതാണ്. അതായത്, ഇനി ശേഷിക്കുന്ന രണ്ടരയോളം വര്‍ഷത്തേക്ക് ആകെ സുരക്ഷാ അപ്‌ഡേറ്റ് മാത്രമാണ് ലഭിക്കുക. വിന്‍ഡോസ് ഉപയോക്താക്കള്‍ മാറ്റങ്ങള്‍ക്കായി ഒരുങ്ങിത്തുടങ്ങണം. വിന്‍ഡോസ് 10 ഹോം, പ്രോ, എന്റര്‍പ്രൈസ്, എജ്യൂക്കേഷന്‍ എഡിഷനുകള്‍ക്കെല്ലാം ഉള്ള സപ്പോര്‍ട്ട് 2025 ഒക്ടോബര്‍ 14 ന് അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

∙ എഐ യുദ്ധത്തില്‍ ഗൂഗിള്‍ പിന്നോട്ടെന്ന്

നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വികസിപ്പിക്കുന്ന കാര്യത്തില്‍ ടെക്‌നോളജി ഭീമന്‍ മറ്റു കമ്പനികള്‍ക്ക് പിന്നിലാണെന്ന് ഒരു മുതിര്‍ന്ന സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ പറഞ്ഞുവെന്ന് ബ്ലൂംബര്‍ഗ്. ലൂക് സെര്‍നാഉ (Luke Sernau) എന്ന ഉദ്യോഗസ്ഥന്‍ കമ്പനിക്കുള്ളില്‍ നടത്തിയ പ്രതികരണമാണിത്. ഗൂഗിളിന്റെ അടുത്ത എതിരാളിയായ ഓപ്പണ്‍എഐ എന്തു പുതുമയാണ് കൊണ്ടുവരുന്നതെന്ന് നോക്കിക്കൊണ്ടിരിക്കുകയാണ് ഗൂഗിളിന്റെ ഉദ്യോഗസ്ഥര്‍ എന്നും അദ്ദേഹം പറഞ്ഞു.

∙ എഐയുടെ തലതൊട്ടപ്പന്റെ രാജി എന്തിന്?

അടുത്തിടെ ഗൂഗിളിന്റെ എഐ വിഭാഗത്തിന്റെ മേധാവി ജെഫ്രി ഹിന്റണ്‍ രാജിവച്ചിരുന്നു. എഐയുടെ തലതൊട്ടപ്പന്‍ എന്ന വിശേഷണം പോലും അദ്ദേഹത്തിനുണ്ട്. തനിക്കു ചില കാര്യങ്ങള്‍ തുറന്നു പറയാനുള്ളതിനാലാണ് രാജിവയ്ക്കുന്നതെന്നാണ് അദ്ദേഹം രാജി സമയത്ത് പറഞ്ഞത്. എന്നാല്‍, ഓപ്പണ്‍എഐ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കെല്‍പ്പില്ലാത്തതിനാലായിരിക്കാം അദ്ദേഹം കമ്പനി വിടേണ്ടിവന്നതെന്നു കരുതുന്നവരും ഉണ്ട്.

പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)
പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)

∙ പരസ്യക്കാര്‍ക്ക് ഇപ്പോഴും ടിക്‌ടോക് പ്രേമം

വിവാദ ചൈനീസ് സമൂഹ മാധ്യമ ആപ്പായ ടിക്‌ടോക് അമേരിക്ക ഉടനെ നിരോധിച്ചേക്കാമെന്ന സാധ്യത പരിഗണിക്കാതെ അതിന് പരസ്യം നല്‍കുകയാണ് പല കമ്പനികളുമെന്ന് റോയിട്ടേഴ്‌സ്. ദേശീയ സുരക്ഷ മുന്‍നിർത്തിയായിരിക്കും അമേരിക്ക ടിക്‌ടോക് നിരോധിക്കുക. സർക്കാർ ഉദ്യോഗസ്ഥരുടെ ഫോണുകളില്‍ ഈ ചൈനീസ് ആപ് ഉണ്ടാകരുതെന്ന് വാഷിങ്ടൻ വിലക്കിയിരുന്നു. ഇതൊക്കെയാണെങ്കിലും ടിക്‌ടോക്കിന് ഈ വര്‍ഷം പരസ്യത്തില്‍ നിന്നുള്ള വരുമാനം 36 ശതമാനം വളര്‍ന്ന് 683 കോടി ഡോളറായെന്നാണ് റിപ്പോര്‍ട്ട്.

English Summary: Microsoft Is Ending Windows 10 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com