ADVERTISEMENT

മുൻനിര ഇലക്ട്രോണിക്സ് ഉൽപന്ന നിര്‍മാണ കമ്പനിയായ എൽജിയുടെ ഓലെഡ് ടിവി ഡിസ്‌പ്ലേ പാനലുകൾ സാംസങ് ഇലക്ട്രോണിക്സിനു നൽകിയേക്കുമെന്ന് റിപ്പോർട്ട്. സാംസങ് ഇലക്‌ട്രോണിക്‌സിന് ഈ പാദത്തിൽ തന്നെ ഉയർന്ന നിലവാരമുള്ള ടിവി പാനലുകൾ എൽജി വിതരണം ചെയ്യാൻ തുടങ്ങുമെന്നാണ് അറിയുന്നത്. ഇതുവഴി കോടികളുടെ വരുമാനമാണ് എൽജി പ്രതീക്ഷിക്കുന്നത്. പുതിയ ഇടപാട് നഷ്ടത്തിലായ ഫ്ലാറ്റ് സ്‌ക്രീൻ നിർമാതാവിനെ ലാഭത്തിലാക്കാൻ സഹായിച്ചേക്കുമെന്നും കരുതുന്നു.

 

അടുത്ത വർഷം 20 ലക്ഷം ഡിസ്പ്ലേ പാനലുകൾ വിതരണം ചെയ്യാനും തുടർന്നുള്ള വർഷങ്ങളിൽ കയറ്റുമതി 30 ലക്ഷത്തിലേക്കും 50 ലക്ഷം യൂണിറ്റുകളിലേക്കും വർധിപ്പിക്കാനും എൽജി ഡിസ്പ്ലേ ലക്ഷ്യമിടുന്നുണ്ടെന്ന് ഈ വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുള്ള രണ്ട് ഉറവിടങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു. 77 ഇഞ്ച്, 83 ഇഞ്ച് ഓലെഡ് ടിവി പാനലുകളായിരിക്കും തുടക്കത്തിൽ നൽകുക.

 

ചൈനീസ് ബ്രാൻഡുകളുമായുള്ള മത്സരം സജീവമായതിനാൽ ഹൈ-എൻഡ് ഓർഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് (OLED) ടിവികളുടെ സീരീസ് വിപുലീകരിച്ച് വിപണി പിടിച്ചെടുക്കാനാണ് സാംസങ് ശ്രമിക്കുന്നത്. ലിക്വിഡ്-ക്രിസ്റ്റൽ ഡിസ്‌പ്ലേ (എൽസിഡി) പാനലുകളേക്കാൾ അഞ്ചിരട്ടി വിലയാണ് ഓലെഡ് പാനലുകൾക്കുള്ളത്.

 

ഈ ഇടപാടിലൂടെ ആഗോളതലത്തിൽ ഓലെഡ് ടിവികളുടെ ഏറ്റവും വലിയ രണ്ടാമത്തെ വിതരണക്കാരായി സോണിയെ പിന്തള്ളി സാംസങ്ങിന് മുന്നിലെത്താനും കഴിയും. എൽജിയുടെ സാംസങ് ഇലക്‌ട്രോണിക്‌സുമായുള്ള കരാറിന്റെ വിശദാംശങ്ങൾ റോയിട്ടേഴ്‌സാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇടപാട് പരസ്യമല്ലാത്തതിനാൽ എൽജി ഡിസ്‌പ്ലേയും സാംസങ് ഇലക്‌ട്രോണിക്‌സും പ്രതികരിക്കാൻ വിസമ്മതിച്ചു.

 

എൽജി ഡിസ്‌പ്ലേയ്‌ക്ക് 20 ലക്ഷം ഓലെഡ് പാനലുകളുടെ ഓർഡർ ലഭിക്കുന്നത് വലിയൊരു നേട്ടമായിരിക്കും. കുറഞ്ഞത് 150 കോടി ഡോളർ (ഏകദേശം 12,300 കോടി രൂപ) ഇതുവഴി എൽജിക്ക് ലഭിച്ചേക്കും. എൽജി ഡിസ്‌പ്ലേ എൽജി ഇലക്‌ട്രോണിക്‌സിനും സോണിക്കും ഓലെഡ് ടിവി പാനലുകൾ നൽകുന്നുണ്ട്. ഇതോടൊപ്പം ആപ്പിളിന് സ്മാർട് ഫോൺ ഡിസ്പ്ലേകളും എൽജി നൽകുന്നു.

 

English Summary: LG Display to Supply 77-Inch and 83-Inch OLED TV Panels to Samsung

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com