ADVERTISEMENT

നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) നീങ്ങുന്നത് ശരിയായ ദിശയില്‍ തന്നെയാണെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല. സിഎന്‍ബിസിയുടെ ആന്‍ഡ്രു റോസ് സോര്‍കിന് നല്‍കിയ അഭിമുഖത്തിലാണ് നദെലയുടെ നിരീക്ഷണം. ഓരോ ന്യൂസ്ഫീഡിലും സമൂഹമാധ്യമ ഫീഡിലും എഐയുടെ സാന്നിധ്യം കാണാം. നമ്മള്‍ ഇപ്പോള്‍ ഓട്ടോ-പൈലറ്റ് എഐ യുഗത്തില്‍ നിന്ന് കോ-പൈലറ്റ് എഐ യുഗത്തിലേക്കു നീങ്ങുകയാണെന്നും നദെല പറഞ്ഞു.

∙ പേടിക്കാനൊന്നുമില്ല, എല്ലാം നിയന്ത്രണത്തില്‍

എഐ ഇപ്പോൾ ടെക്‌നോളജി വിദഗ്ധരുടെ നിയന്ത്രണത്തില്‍ത്തന്നെയാണ് ഉള്ളത്. മനുഷ്യര്‍ തന്നെയാണ് എഐയെ നിയന്ത്രിക്കുന്നത്. ഈ ടെക്‌നോളജി പരമാവധി മുതലെടുക്കണമെന്നും നദെല പറഞ്ഞു.

∙ ചാറ്റ്ജിപിടി മൈക്രോസോഫ്റ്റിന്റെ നിയന്ത്രണത്തിലോ?

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ താനടക്കമുള്ളവര്‍ ചേര്‍ന്നു സ്ഥാപിച്ച ഓപ്പണ്‍എഐ കമ്പനിയെ ഇപ്പോള്‍ മൈക്രോസോഫ്റ്റാണ് നിയന്ത്രിക്കുന്നതെന്ന് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ആരോപിച്ചിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ എഐ ടൂളായ ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഓപ്പണ്‍എഐ. മസ്‌കിന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും നദെല പറഞ്ഞു. തങ്ങള്‍ക്ക് കമ്പനിയില്‍ നിക്ഷേപമുണ്ട്, എന്നാല്‍ നിയന്ത്രണം തങ്ങളുടെ കയ്യിലല്ല, ഇരു കമ്പനികളും തമ്മില്‍ മികച്ച യോജിപ്പോടെ പ്രവര്‍ത്തിക്കുന്നു എന്നും നദെല പറഞ്ഞു.

∙ പണി പാളാമെന്ന് ആള്‍ട്ട്മാന്‍

അതേസമയം, എഐ ടെക്‌നോളജിക്ക് ഏതെങ്കിലും തരത്തില്‍ തെറ്റു സംഭവിച്ചാല്‍ പണിപാളാമെന്ന് സമ്മതിച്ചിരിക്കുകയാണ് ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാന്‍ എന്ന് എഎഫ്പി. അമേരിക്കന്‍ സെനറ്റര്‍മാര്‍ക്കു മുൻപാകെ ഹാജരായ സാം പറഞ്ഞത് എഐയുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഗുണകരമായിരിക്കുമെന്നാണ്. കുടുതല്‍ ശക്തിയേറിയ എഐ മോഡലുകള്‍ വരുമ്പോള്‍ സർക്കാരുകള്‍ വയ്ക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ അത് അപകട സാധ്യത കുറയ്ക്കുമെന്നും സാം പറഞ്ഞു.

∙ എഐ ഗുണകരമെന്ന് സാമും

നദെലയെ പോലെ ഐയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന അഭിപ്രായമാണ് സാമിനും ഉള്ളത്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള പ്രശ്‌നങ്ങള്‍ക്കു പോലും പരിഹാരം കണ്ടെത്താന്‍ എഐയെ പ്രയോജനപ്പെടുത്താം. കാന്‍സറിനു ചികിത്സ കണ്ടുപിടിക്കാനും ഈ ടെക്‌നോളജി പ്രയോജനപ്പെടുത്താനായേക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരാശിയുടെ വമ്പന്‍ പ്രശ്‌നങ്ങളില്‍ പലതിനും പരിഹാരം കാണാന്‍ എഐക്കു സാധിച്ചേക്കുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

∙ ഒരു ഫോട്ടോ ഉപയോഗിച്ച് 6,800 മൊബൈല്‍ കണക്‌ഷന്‍! തട്ടിപ്പുകാരെ പൊക്കി കേന്ദ്രം; വാട്‌സാപും സഹകരിക്കുന്നു

തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന ഒട്ടനവധി വാട്‌സാപ് അക്കൗണ്ടുകള്‍ കേന്ദ്ര സർക്കാരിന്റെ നിര്‍ദേശപ്രകാരം നിരോധിച്ചു. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് കണക്‌ഷനുകള്‍ എടുത്തവരെ കണ്ടെത്താന്‍ സർക്കാർ വികസിപ്പിച്ച ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനമാണ് ഈ നീക്കത്തില്‍ പ്രയോജനപ്പെടുത്തിയത്. തട്ടിപ്പുകാരെ കണ്ടെത്താന്‍ വാട്‌സാപ് സഹകരിച്ചതില്‍ കേന്ദ്ര ഐടി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് തൃപ്തി അറിയിച്ചു. വ്യാജ അക്കൗണ്ടുകള്‍ തകര്‍ക്കാന്‍ മറ്റു സമൂഹ മാധ്യമങ്ങളുമായി ചേർന്നും പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് സർക്കാർ.

∙ പിന്നില്‍ എഎസ്ടിആര്‍

സൊലൂഷന്‍ ഫോര്‍ ടെലികോം സിം സബ്‌സ്‌ക്രൈബര്‍ വേരിഫിക്കേഷന്‍ (എഎസ്ടിആര്‍) പ്രയോജനപ്പെടുത്തിയാണ് കേന്ദ്രത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. എഎസ്ടിആര്‍ വികസിപ്പിച്ചത് കേന്ദ്ര ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് ആണ്. ഒമ്പതു മൊബൈല്‍ കണക്‌ഷനുകള്‍ വരെ എടുത്തവരുടെ മേലും ഒരു കണ്ണുണ്ട്. ഇന്ത്യയില്‍ ഒരാള്‍ക്ക് എടുക്കാവുന്ന പരമാവധി കണക്‌ഷന്‍ ആണിത്. മൊബൈല്‍ കണക്‌ഷനുകള്‍ നിയമവിരുദ്ധമായി സൃഷ്ടിച്ചിട്ടുണ്ടോ എന്നറിയാനും ശ്രമം നടക്കുന്നുണ്ട്.

∙ ഒരു ഫോട്ടോ ഉപയോഗിച്ച് 6,800 കണക്‌ഷന്‍!

ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് 6,800 കണക്‌ഷന്‍ എടുത്തത് കണ്ടെത്തിയെന്ന് മന്ത്രി വൈഷ്ണവ് അറിയിച്ചു. ഒരേ ഫോട്ടോ ആണെങ്കിലും വിവിധ പേരുകളിലാണ് അക്കൗണ്ടുകള്‍ സൃഷ്ടിച്ചത്. ഇത്തരത്തില്‍ ഒരു ഫോട്ടോയും വെവ്വേറെ പേരുകളുമായി 5,300 കണക്‌ഷനെടുത്ത മറ്റൊരു കേസും മന്ത്രി എടുത്തുകാട്ടി.

∙ 87 കോടി നമ്പറുകള്‍ പരിശോധിച്ചു; 40 ലക്ഷം വ്യാജൻമാരെ കണ്ടെത്തി

എഎസ്ടിആര്‍ ഉപയോഗിച്ച് 87 കോടി നമ്പറുകള്‍ പരിശോധിച്ചു എന്ന് മന്ത്രാലയം അറിയിച്ചു. ഒരു ഫോട്ടോ ഉപയോഗിച്ച് ഒന്നിലേറെ കണക്‌ഷന്‍ എടുത്ത 40 ലക്ഷത്തിലേറെ പേരെ തിരിച്ചറിഞ്ഞു എന്നും പറയുന്നു. കൂടുതല്‍ പരിശോധന നടത്തിയ ശേഷം ഇതില്‍ 36 ലക്ഷം കണക്‌ഷനുകള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ നിരോധിച്ചു. ഇത്തരത്തില്‍ നിരോധിച്ച നമ്പറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ബാങ്കുകള്‍ക്കും വാട്‌സാപ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കും പേമെന്റ് സംവിധാനങ്ങള്‍ നടത്തുന്നവര്‍ക്കും കൈമാറുകയായിരുന്നു. ഇങ്ങനെ കൈമാറിയ നമ്പറുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച അക്കൗണ്ടുകള്‍ വാട്‌സാപ് നിരോധിക്കുകയായിരുന്നു എന്ന് എംഎസ്എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ നന്ദിയറിച്ച് വാട്‌സാപ്

സർക്കാരിന്റെ നിര്‍ദേശം അനുസരിച്ച് അക്കൗണ്ടുകള്‍ നീക്കംചെയ്യുകയായിരുന്നു വാട്‌സാപ്. ഉപയോക്താക്കളുടെ സുരക്ഷയാണ് തങ്ങളുടെ മനസ്സിലുള്ളതെന്നു പറഞ്ഞ കമ്പനി ഈ ദൗത്യത്തെ അംഗീകരിച്ചതിന് മന്ത്രിക്കു നന്ദി അറിയിക്കുകയും ചെയ്തു. വാട്‌സാപ്പില്‍ നിന്ന് തട്ടിപ്പുകാരെ പുറത്താക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കമ്പനി പറഞ്ഞു.

whatsapp

∙ ഗ്യാലക്‌സി ബഡ്‌സ്2 പ്രോയ്ക്ക് ആംബിയന്റ് സൗണ്ട് ഫീച്ചര്‍

സാംസങ് ഗ്യാലക്‌സി ബഡ്‌സ്2 പ്രോയ്ക്ക് ആംബിയന്റ് സൗണ്ട് മോഡ് നല്‍കിത്തുടങ്ങി. ബഡ്‌സ് ധരിച്ചിരിക്കുന്ന വ്യക്തിയുടെ പരിസരത്തു നിന്നുള്ള ശബ്ദം കൂടുതല്‍ വ്യക്തമായി ഗ്യാലക്‌സി ബഡ്‌സ്2 പ്രോ ധരിച്ചവര്‍ക്ക് നല്‍കാനുള്ള ശ്രമമാണിത്. പരിസരത്തുള്ള ശബ്ദം 5 മടങ്ങുവരെ ഉച്ചത്തില്‍ കേള്‍പ്പിക്കാനുള്ള ശേഷിയായിരിക്കും സാംസങ്ങിന്റെ ബഡ്‌സ്2 പ്രോ ഇയര്‍ ബഡ്‌സിന് ലഭിക്കുക. ചെറിയ രീതിയില്‍ കേള്‍വിക്കുറവുള്ളവര്‍ക്ക് അടക്കം ഇത് പ്രയോജനപ്പെടുത്താനായേക്കുമെന്നു കരുതുന്നു. വ്യക്തികളുടെ ആവശ്യത്തിനനുസരിച്ച് ആംബിയന്റ് നോയിസ് ലഭിക്കുന്ന അളവ് ക്രമീകരിക്കാം.

∙ സാംസങ്ങിന്റെ 200 എംപി ഒഐഎസ് സെന്‍സര്‍ റിയല്‍മി 11 പ്രോ പ്ലസ് 5ജിക്ക്

താമസിയാതെ പുറത്തിറക്കാന്‍ പോകുന്ന റിയല്‍മി 11 പ്രോ പ്ലസ് 5ജി സ്മാര്‍ട് ഫോണിന് സാംസങ്ങുമായി സഹകരിച്ചു വികസിപ്പിച്ച 200 എംപി ഒഐഎസ് സെന്‍സര്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. റിയല്‍മിഎക്‌സ്‌ സാംസങ് 200 എംപി (RealmexSamsung 200MP) എന്നാണ് സെന്‍സറിന്റെ പേര്. ഇതില്‍ ടെട്രാ2പിക്‌സല്‍ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. സെന്‍സര്‍ - കേന്ദ്രീകൃത, 4 മടങ്ങ് സൂപ്പര്‍ സൂം, 200 എംപി റെസലൂഷനുള്ള ചിത്രങ്ങള്‍ എടുക്കാനുള്ള ശേഷി തുടങ്ങിയവ പ്രധാന ഫീച്ചറുകളാണ്. സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫിയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമോ എന്നാണ് സമാര്‍ട് ഫോണ്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

English Summary: AI is moving fast, but in the right direction: Satya Nadella

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com