കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുട്യൂബ് വ്ലോഗിങ്ങിൽ വലിയ മുന്നേറ്റം പ്രകടമാണ്. സ്മാർട് ഫോണും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റും മറ്റു സാങ്കേതിക സംവിധാനങ്ങളും ലഭിക്കാൻ തുടങ്ങിയതോടെ വ്ലോഗര്‍മാരുടെ എണ്ണം കൂടുകയും ഇവർക്കിടയിലെ മല്‍സരം ശക്തമാകുകയും ചെയ്തു. പ്രാദേശിക തലത്തിൽ പോലും വ്ലോഗിങ് സജീവമാണ്. കൂടുതൽ കാഴ്ചക്കാരെ ലഭിക്കാനും ലൈക്കും കമന്റുകളും ലഭിക്കാനുമായി വ്യാജ വഴികൾ സ്വീകരിക്കുന്നവരും കുറവല്ല. ഇത്തരത്തിൽ വ്യാജ വ്ലോഗിങ് പരീക്ഷിക്കുന്നവരുടെ ഇടംകൂടിയാണ് യുട്യൂബും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും. വ്ലോഗിങ്ങിനായി ചിലർ ലക്ഷങ്ങൾ മുടക്കി വ്യാജ അപകടങ്ങൾ വരെ സൃഷ്ടിക്കുന്നവരുണ്ട്. ഇത്തരത്തിൽ വ്യാജ വ്ലോഗിങ്ങിന് ശ്രമിച്ചവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
യൂട്യൂബ് ചാനലിന്റെ റീച്ച് കൂട്ടാനായി കാട്ടിലേക്ക് വിമാനമിടിച്ചിറക്കി അതിന്റെ വിഡിയോ പങ്കുവച്ച യൂട്യൂബർക്ക് 20 വർഷം തടവു ലഭിച്ചേക്കുമെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് ശ്രദ്ധേയമായത്. ‘ഐ ക്രാഷ്ഡ് മൈ എയർപ്ലേൻ’ എന്ന ടൈറ്റിലോടെ ട്രെവർ ജേക്കബ് എന്ന യൂട്യൂബർ പങ്കുവച്ച വിഡിയോയാണ് വിവാദമായത്.1.4 ലക്ഷം സബ്സ്ക്രൈബേഴ്സാണു ട്രെവറിനുള്ളത്. വിവാദമായ വിഡിയോ ഇതുവരെ 30 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.
2021 നവംബറിൽ തെക്കൻ കലിഫോർണിയയ്ക്കു മുകളിലൂടെ പറക്കുമ്പോൾ ട്രെവറിന്റെ വിമാനത്തിന് എൻജിൻ പ്രശ്നങ്ങളുണ്ടാകുന്നതായി വിഡിയോയിലുണ്ട്. ഇതെത്തുടർന്ന് കയ്യിൽ സെൽഫി സ്റ്റിക്കുമായി ട്രെവർ പുറത്തിറങ്ങുന്നത് വിഡിയോയിലുണ്ട്. തുടർന്ന് പാരഷൂട്ടിന്റെ സഹായത്തോടെ കലിഫോർണിയയിലെ ലോസ് പാദ്രേ ദേശീയോദ്യാനത്തിലേക്ക് ഇയാൾ പോകും. വിമാനം അനിയന്ത്രിതമായി പറന്ന ശേഷം വനത്തിലേക്ക് ഇടിച്ചിറങ്ങി നശിക്കും. ക്യാമറയ്ക്കു ചുറ്റും സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ നിന്ന് ഈ ദൃശ്യങ്ങളും വ്യക്തമാണ്.
വിമാനം വീണതിനു ശേഷം വനവും കുന്നുകളും താണ്ടി ട്രെവർ മുന്നോട്ടു നടക്കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. ഇതിനിടയ്ക്ക് വല്ലാതെ ദാഹിക്കുന്നു എന്നു പറഞ്ഞ ട്രെവർ ഒരു അരുവിയിൽ നിന്ന് വെള്ളം കുടിക്കുന്നതും കാണാം. ഇതെല്ലാം താണ്ടിയെത്തിക്കഴിയുമ്പോൾ ഒരു വാഹനം വന്നു നിൽക്കും. ഇതിൽ ട്രെവർ കയറി അവിടെ നിന്നു പോകും.
ഈ വിഡിയോ പുറത്തിറങ്ങി ആഴ്ചകൾക്കു ശേഷം യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, നാഷനൽ ട്രാൻസ്പൊർട്ടേഷൻ സേഫ്റ്റി ബോർഡ് എന്നിവർ ഇതെപ്പറ്റി അന്വേഷണം തുടങ്ങി. വിമാനത്തിന്റെ അവശിഷ്ടങ്ങൾ സംരക്ഷിക്കാൻ ട്രെവറിനോട് ഇവർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തന്റെ കൈവശം അവശിഷ്ടങ്ങൾ ഇല്ലെന്നാണ് ട്രെവർ അറിയിച്ചത്. ആഴ്ചകൾക്കു ശേഷം ട്രെവർ ഈ വിമാനം ചെറിയ കഷണങ്ങളാക്കി ലൊംപോക് പട്ടണത്തിലെ വിവിധ മാലിന്യവീപ്പകളിൽ തള്ളി.

പിന്നീട് നടന്ന അന്വേഷണത്തിൽ ട്രെവർ അന്വേഷണോദ്യോഗസ്ഥരോട് പല കള്ളങ്ങളും പറഞ്ഞു. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് അവർ തെളിയിച്ചു. പ്ലെയിനിന് ഒരു കുഴപ്പവുമില്ലായിരുന്നെന്നും വ്യൂസ് കൂട്ടാനും കൂടുതൽ പണം ലഭിക്കാനുമുള്ള ട്രെവറിന്റെ അടവായിരുന്നു ഇതെന്നും തെളിഞ്ഞിട്ടുണ്ട്. ഫെഡറൽ ഏജൻസിയുടെ അന്വേഷണം മുടക്കി മനഃപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റവും ട്രെവറിനുമേലുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ 20 വർഷം വരെ തടവ്ശിക്ഷ ഇയാൾക്ക് ലഭിക്കാമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
എന്നാൽ യൂട്യൂബ് ലോകത്ത് ട്രെവർ ജേക്കബ് ഒറ്റയ്ക്കല്ല. ആളുകൾ മൂക്കത്തു വിരൽ വച്ചുപോകുന്ന കാര്യങ്ങൾ വ്യൂസ് കൂട്ടാനായി ചെയ്യുന്നവർ ഒട്ടേറെയുണ്ട്. സൂപ്പർ കാറുകൾ നശിപ്പിക്കുന്നതിലൂടെ (കു)പ്രസിദ്ധി നേടിയ ആളാണ് അമേരിക്കൻ യൂട്യൂബറായ വിസ്ലിൻഡീസൽ അഥവാ കോഡി. അടുത്തിടെ ഫെറാറി കമ്പനിയോട് എന്തോ ഉടക്ക്് മനസ്സിൽ തോന്നിയ കോഡി 3 കോടി രൂപ വിലയുള്ള ഫെറാറി എഫ്8 ട്രിബ്യൂട്ടോ കാർ നശിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ വൻ വൈറലായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ പൊമ്മിജട്‌കട് എന്ന യൂട്യൂബ് ചാനൽ ഉടമയും കൂട്ടുകാരും ചേർന്ന് ഒരു പുതുപുത്തൻ ടെസ്‌ല കാർ 30 കിലോഗ്രാം ഡൈനമിറ്റ് ഉപയോഗിച്ച് പൊട്ടിത്തെറിപ്പിച്ചതിന്റെ വിഡിയോ ചർച്ചയായിരുന്നു.
English Summary: YouTube scammers