എക്‌സ്പീരിയന്‍ ടെക്‌നോളജീസ് ആഗോള വികസനത്തിനായി 50 കോടി നിക്ഷേപിക്കുന്നു

experion
SHARE

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള പ്രോഡക്റ്റ് എന്‍ജിനീയറിങ് സേവന കമ്പനിയായ എക്‌സ്പീരിയന്‍ ടെക്‌നോളജീസ് ആഗോള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. യുഎസ്, ഓസ്‌ട്രേലിയ / ന്യൂസീലൻഡ്, യുകെ, യൂറോപ്പിലെ പ്രധാന രാജ്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന നിലവിലെ വിപണികളിലും ജപ്പാന്‍, നോര്‍ഡിക്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്കുമാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. അടുത്ത 12 മാസത്തിനുള്ളില്‍ ആഗോള വികസനത്തിനായി 50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രാദേശിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വിപണികളിലേക്ക് സാങ്കേതിക വിദഗ്ധരെയും സീനിയര്‍ സെയില്‍സ്, ഡൊമെയിന്‍ വിദഗ്ധരെയും നിയമിക്കുന്നുണ്ട്. 

എക്‌സ്പീരിയന്‍ ജപ്പാനിലെ പ്രവര്‍ത്തനം ജൂണില്‍ ആരംഭിക്കും. യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നേടിയിട്ടുള്ള സാങ്കേതിക ശേഷിയും പ്രോഡക്റ്റ് എന്‍ജിനീയറിങ് പരിചയവും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നത്. കൂടാതെ ഓട്ടമോട്ടീവ്, എംമ്പെഡഡ് സംവിധാനങ്ങള്‍ തുടങ്ങിയ എന്‍ജിനീയറിങ് വളര്‍ച്ചയ്ക്കായി ശേഷി വര്‍ധിപ്പിക്കുന്നതിനും കമ്പനി നിക്ഷേപിക്കും. 

വികസനത്തിന്റെ ഭാഗമായി ഓണ്‍സൈറ്റ് നിയമനങ്ങളും വര്‍ധിപ്പിക്കുന്നുണ്ട്. യുഎസ്, ഓസ്‌ട്രേലിയ/ന്യൂസീലൻഡ് ഓഫീസുകള്‍ക്കായി പ്രാദേശിക എന്‍ജിനീയര്‍മാരെ നിയമിക്കല്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് ഇന്ത്യന്‍ കമ്പനികൾ യുഎസിലെ നിക്ഷേപം വർധിപ്പിക്കുന്നതിലും പ്രാദേശിക വിപണിയിൽ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും സംഭാവന  ചെയ്യുന്നുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ 4000 കോടി ഡോളറിലധികം നിക്ഷേപം യുഎസില്‍ നടത്തിയിട്ടുണ്ടെന്നും 4,25,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും യുഎസിലെ ഇന്ത്യന്‍ വ്യവസായങ്ങളുടെ സാന്നിധ്യത്തെ കുറിച്ചുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) റിപ്പോര്‍ട്ട് പറയുന്നു. 

സർവേയിൽ പങ്കെടുത്ത 85 ശതമാനം കമ്പനികൾക്കും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പ്രാദേശിക ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ പദ്ധതിയുണ്ട്. 83 ശതമാനം കമ്പനികളും തങ്ങളുടെ നിക്ഷേപം വർധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും 'അമേരിക്കന്‍ മണ്ണില്‍, ഇന്ത്യന്‍ വേരുകള്‍' എന്ന പേരിലുള്ള റിപോര്‍ട്ട് പറയുന്നു.

ഇന്ത്യയിലെ ഡെലിവറി ശേഷി വര്‍ധിപ്പിക്കാനും എക്‌സ്പീരിയന്‍ ബജറ്റ് വകയിരുത്തിയിട്ടുണ്ട്. 2025-26 ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി 3000 ലെത്തിക്കാനായി 1500 ഐടി പ്രഫഷണലുകളെ കൂടി ചേര്‍ക്കാന്‍ എക്‌സ്പീരിയന്‍ ആലോചിക്കുന്നു. ഇതില്‍ 600 നിയമനങ്ങള്‍ പുതുമുഖങ്ങള്‍ക്കായിരിക്കും. ഇവർക്ക് പരിശീലനം നല്‍കി കമ്പനിയുടെ കേന്ദ്രമായ കേരളത്തില്‍ വിന്യസിക്കും.  

ആഗോള തലത്തില്‍ പ്രോഡക്റ്റ് എന്‍ജിനീയറിങ്ങിനായുള്ള ഉപഭോക്തൃ ഡിമാന്‍ഡ് വര്‍ധിക്കുന്നതിന് അനുസരിച്ച് കമ്പനിയുടെ മൂന്ന് ഡെലിവറി കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ദക്ഷിണേന്ത്യയില്‍ ലഭ്യമായിട്ടുള്ള ഐടി പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതിനെ എക്‌സ്പീരിയന്‍ ആശ്രയിക്കുന്നു.   

ഡിജിറ്റല്‍ രംഗത്തെ പ്രോഡക്റ്റ് എന്‍ജിനിയറിങ് ആഗോള വിപണികളിലെ വ്യവസായങ്ങളിലുടനീളം വന്‍ ഡിമാന്‍ഡിന് സാക്ഷ്യം വഹിക്കുകയാണ്. പുതിയ വിപണികളിൽ ഈ യാത്രയുടെ ഭാഗമാകുന്നത് ആവേശം പകരുന്ന അവസരമായിട്ടാണ് ഞങ്ങൾ കാണുന്നത്. പ്രാദേശിക ജാപ്പനീസ് ഭാഷകളിലും സംസ്‌കാരങ്ങളിലും പരിശീലനം നല്‍കുന്നത് എക്‌സ്പീരിയന്‍ ആരംഭിച്ചു കഴിഞ്ഞു. ആഗോള മാന്ദ്യത്തിനിടയിലും തങ്ങളുടെ സുസ്ഥിരമായ വളര്‍ച്ചയും വിപണി വ്യാപനവും എക്‌സ്പീരിയന്റെ ബിസിനസ് മോഡലിന്റെ കരുത്തും ഉപഭോക്താക്കള്‍ക്ക് നേട്ടമാകുന്ന ഡിജിറ്റല്‍ പ്രോഡക്റ്റ് എന്‍ജിനീയറിങ്ങിന്റെ മികവും സാക്ഷ്യപ്പെടുത്തുന്നുവെന്നും എക്‌സ്പീരിയന്‍ ടെക്‌നോളജീസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ബിനു ജേക്കബ് പറഞ്ഞു.

English Summary: Experion Tech to invest Rs 50 crore in global expansion, hire 1,500 IT professionals

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA