ADVERTISEMENT

ആപ്പിള്‍ കമ്പനി ഇന്നേവരെ പുറത്തിറക്കിയിട്ടില്ലാത്ത ഒരു ഡിവൈസ് ജൂണ്‍ 5ന് പരിചയപ്പെടുത്തിയേക്കുമെന്ന് സൂചന. ഒരു ഓഗ്‌മെന്റഡ് റിയാലിറ്റി-വെര്‍ച്വല്‍ റിയാലിറ്റി (മിക്‌സഡ് റിയാലിറ്റി, എംആര്‍) ഹെഡ്‌സെറ്റാണ് കമ്പനി പുറത്തിറക്കാന്‍ പോകുന്നത്. ഏകദേശം 2016 മുതല്‍ പുറത്തുവന്നിരുന്ന ടെക് ലീക്കുകളില്‍, ആപ്പിള്‍ ഓഗ്‌മെന്റഡ് റിയാലിറ്റി ഗ്ലാസ് നിർമിക്കുന്നുവെന്ന സൂചന ഉണ്ടായിരുന്നു. എന്നാൽ പിന്നീടത് ഹെഡ്‌സെറ്റിന്റെ രൂപത്തിലേക്കു മാറുകയായിരുന്നു.

 

വെറും കണ്ണടയില്‍നിന്ന് സ്‌കീ ഗ്ലാസിലേക്ക്

 

Apple CEO Tim Cook gestures during Apple's annual Worldwide Developers Conference in San Jose, California, June 6, 2022. Photo: Peter DaSilva/Reuters
Apple CEO Tim Cook gestures during Apple's annual Worldwide Developers Conference in San Jose, California, June 6, 2022. Photo: Peter DaSilva/Reuters

ദിവസം മുഴുവന്‍ വച്ചുകൊണ്ടു നടക്കാവുന്ന ഒരു കണ്ണട നിര്‍മിക്കാനാണ് കമ്പനി ആദ്യം ആഗ്രഹിച്ചിരുന്നത്. പിന്നീട് പല തവണ രൂപം മാറിയിട്ടുണ്ടാകാം. ബില്യന്‍ കണക്കിനു ഡോളറാണ് ഗ്ലാസ് അഥവാ ഹെഡ്‌സെറ്റ് നിർമാണത്തിനായി ആപ്പിള്‍ ചെലവിട്ടത്. പുതിയ സൂചന ശരിയാണെങ്കില്‍ സ്‌കീ ഗ്ലാസിനെ അനുസ്മരിപ്പിക്കുന്ന ഡിവൈസായിരിക്കും ജൂണ്‍ 5ന് പരിചയപ്പെടുത്തുക. ഇതിനായി ഒരു ബാറ്ററിപായ്ക്കും ഉപയോഗിക്കേണ്ടി വന്നേക്കും.

 

കുക്കിന്റെ നിലപാട്

APPLE-PRODUCTS/

 

എംആര്‍ ഹെഡ്‌സെറ്റിന്റെ നിര്‍മാണത്തില്‍ ആപ്പിള്‍ അനവധി വെല്ലുവിളികള്‍ നേരിട്ടുവെന്നും അവയില്‍ ഏറ്റവും പ്രധാനം കമ്പനിയുടെ മേധാവി ടിം കുക്ക് ഈ പ്രൊജക്ടുമായി അകലം പാലിക്കാന്‍ തീരുമാനിച്ചതാണെന്നും പറയുന്നു. ഇതിന്റെ വികസിപ്പിക്കലിൽ കുക്ക് നേരിട്ട് ഇടപെട്ടില്ല. അതിനാലാണ് നിര്‍മാണം പാടെ മാറ്റി മറ്റൊരു രൂപകല്‍പന പരീക്ഷിക്കാന്‍ ജോലിക്കാര്‍ നിര്‍ബന്ധിതരായത്. അതേസമയം, ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിനെപോലെ, തന്റെ മുദ്ര പതിഞ്ഞേ ഒരു ഉപകരണം പുറത്തിറക്കാവൂ എന്ന തരത്തിലുള്ള കടുംപിടുത്തമില്ലാത്ത രീതിക്കാരനാണ് കുക്ക് എന്ന അഭിപ്രായവും ഉണ്ട്. താൽപര്യക്കുറവു മൂലം ആയിരിക്കണമെന്നില്ല അദ്ദേഹം വിട്ടുനിന്നത് എന്നാണ് വാദം. ഒട്ടനവധി ഡിസൈനുകള്‍ മാറി പരീക്ഷിച്ചും  ബില്യന്‍കണക്കിനു ഡോളറും സമയവും ചെലവിട്ടുമാണ് ഇപ്പോള്‍ പുറത്തിറക്കാന്‍ പോകുന്ന ഉപകരണ ഡിസൈന്‍ സ്വീകരിച്ചത്.

 

അഭിപ്രായ ഐക്യമില്ലായ്മ

 

കുക്ക് നേരിട്ട് ഇടപെടാതിരുന്നതോടെ ഈ ഹെഡ്‌സെറ്റിന്റെ കാര്യത്തില്‍ ജോലിക്കാര്‍ക്കിടയില്‍ അഭിപ്രായ ഐക്യം രൂപപ്പെടുത്താനായില്ലെന്ന് ആരോപണമുണ്ട്. കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ വിഭാഗം മേധാവി ക്രെയ്ഗ് ഫെഡെറിഗി, ഹാര്‍ഡ്‌വെയര്‍ എക്‌സിക്യൂട്ടിവ് ജോണി സ്രോജി തുടങ്ങിയവര്‍ ഈ ഉല്‍പന്നത്തിന്റെ കാര്യത്തില്‍ ഉത്കണ്ഠയും അറിയിച്ചു. ഈ പദ്ധതിയോട് ക്രെയ്ഗ് അല്‍പം അകലം പാലിക്കാനാണ് ഇഷ്ടപ്പെട്ടതെങ്കില്‍, ജോണി അതിനെ ഒരു സയന്‍സ് പ്രൊജക്ട് എന്ന വിശേഷണം നല്‍കാനാണ് ഇഷ്ടപ്പെട്ടതത്രെ.

 

ജോണി ഐവ് രാജിവച്ചു

FILE PHOTO: The logo of Apple company is seen outside an Apple store in Bordeaux, France, March 22, 2019. REUTERS/Regis Duvignau/File Photo
FILE PHOTO: The logo of Apple company is seen outside an Apple store in Bordeaux, France, March 22, 2019. REUTERS/Regis Duvignau/File Photo

 

ഐഫോണ്‍ അടക്കം പല പ്രധാനപ്പെട്ട ആപ്പിള്‍ ഉപകരണങ്ങളുടെയും നിര്‍മാണത്തില്‍ വ്യക്തമായ കയ്യൊപ്പു ചാര്‍ത്തിയ രൂപകല്‍പന വിദഗ്ധന്‍ ജോണി ഐവ് ഹെഡ്‌സെറ്റിന്റെ നിര്‍മാണത്തിലുണ്ടായ അഭിപ്രായ അനൈക്യത്തെത്തുടര്‍ന്നാണ് രാജിവച്ചതെന്നാണ് അറിവ്. ജോണിയും മുന്‍ ഡിസൈന്‍ എക്‌സിക്യൂട്ടിവ് മൈക് റോക്‌വെലുമായി രൂപകല്‍പനയുടെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. എപ്പോഴും കൊണ്ടു നടക്കാന്‍ സാധിക്കുന്ന ഉപകരണമായിരിക്കണം ഹെഡ്‌സെറ്റ് എന്നായിരുന്നു കുക്കിന്റെയും ഐവിന്റെയും സങ്കല്‍പം. അതേസമയം മൈക് മുന്നോട്ടുവച്ചത്, മാക് മിനിയുടെ വലുപ്പത്തിലുള്ള ഒരു ഉപകരണത്തില്‍ നിന്ന് എടുക്കുന്ന കണക്‌ഷനായിരിക്കണം ഹെഡ്‌സെറ്റിന് വേണ്ടത് എന്ന ആശയമായിരുന്നു. ഇത്തരത്തിലുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് ഹെഡ്‌സെറ്റിന്റെ നിര്‍മാണം മാറ്റിവയ്ക്കുകയായിരുന്നു ആപ്പിള്‍. ഏത് ഡിസൈനാണ് സ്വീകരിക്കപ്പെട്ടത് എന്നറിയാന്‍ ഇനി അധികം ദിവസങ്ങള്‍ വേണ്ടിവരില്ല.

 

ഐവ് തിരിച്ചെത്തി

 

ഒരു കണ്‍സൽറ്റന്റെന്ന നിലയില്‍ ആപ്പില്‍ ജോണി ഐവിനെ 2022ല്‍ തിരിച്ചുകൊണ്ടുവന്നാണ് പണി മുന്നോട്ടു കൊണ്ടുപോയതെന്നും സൂചനയുണ്ട്.

 

തര്‍ക്കം അവിടെ നില്‍ക്കട്ടെ

 

ജൂണ്‍ 5ന് ഹെഡ്‌സെറ്റ് പുറത്തിറക്കിക്കഴിഞ്ഞാല്‍ പിന്നെ ആപ്പിള്‍ ജോലിക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനായിരിക്കില്ല പ്രാധാന്യം. അത് ഉപയോക്താക്കള്‍ എങ്ങനെ സ്വീകരിക്കുന്നു എന്നതിനായിരിക്കും. തുടക്കത്തില്‍ ഈ ഡിവൈസ് നഷ്ടത്തിലായേക്കുമെന്നാണ് ആപ്പിളിന്റെ നിഗമനം. അങ്ങനെ തന്നെ മുന്നോട്ട് പോകാമെന്നും തീരുമാനിച്ചു. എന്നാല്‍, പിന്നീട് അതു വേണ്ട, മുടക്കുമുതല്‍ പോരട്ടെ എന്ന തീരുമാനത്തിലെത്തിയെന്നും അതിനാൽ 3000 ഡോളര്‍ വിലയിടുമെന്നും പറയുന്നു. പ്രതിവര്‍ഷം ഏകദേശം 30 ലക്ഷം ഹെഡ്‌സെറ്റ് വില്‍ക്കുമെന്നായിരുന്നു ആപ്പിള്‍ കരുതിയിരുന്നത്. പുതിയ വിലയിരുത്തല്‍ വച്ച് ഏകദേശം 900,000 ഹെഡ്‌സെറ്റുകളേ പ്രതിവര്‍ഷം വില്‍ക്കാനാകൂ എന്ന് കമ്പനി കരുതുന്നതായും പറയുന്നു. എന്തായാലും, ജൂണ്‍ 5ന് കൂടുതല്‍ കാര്യങ്ങള്‍ അറിയാനായേക്കും.

 

ആപ്പിള്‍ റിയാലിറ്റി പ്രോ

 

പുതിയ ഹെഡ്‌സെറ്റിന്റെ പേര് ആപ്പിള്‍ റിയാലിറ്റി പ്രോ എന്നായിരിക്കുമെന്നാണ് ലീക്കുകള്‍ പറയുന്നത്. ഇത് പ്രവര്‍ത്തിക്കുന്നത് ആപ്പിളിന്റെ സ്വന്തം എം പ്രോസസര്‍ ഉപയോഗിച്ചായിരിക്കാം. ഓപ്പറേറ്റിങ് സിസ്റ്റം എകസ്ആർഒഎസ് (xrOS) എന്ന പേരിലായിരിക്കാം അറിയപ്പെടുക. (ആര്‍ഒഎസ് എന്ന പേരിനും സാധ്യതയുണ്ടത്രെ.) ഇതില്‍ 12 ഓളം ക്യാമറകളും ലൈഡാര്‍ സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവകാശവാദങ്ങള്‍ ഉണ്ട്. (ചില ലീക്കുകള്‍ പ്രകാരം 14, 15 ക്യാമറകള്‍ വരെ കാണാം. ഉപയോക്താവിന്റെ കാല് കാണാനായി രണ്ടു ക്യാമറകള്‍ താഴേക്കായിരിക്കുമെന്നും പറയപ്പെടുന്നു.)

 

ഭാരം 150 ഗ്രാമോ?

 

ഹെഡ്‌സെറ്റിനെക്കുറിച്ച് പുറത്തുവന്നിരിക്കുന്ന ഒരു വിവരവും ആധികാരികമല്ല. എന്നാല്‍, ചില ലീക്കുകള്‍ പ്രകാരം അതിന് 150 ഗ്രാം ഭാരമേ കാണൂ എന്നു പറയുന്നു. (മെറ്റാ ക്വെസ്റ്റ് പ്രോയ്ക്ക് 722 ഗ്രാം ആണ് ഭാരം.)

 

4കെ വിഡിയോ

 

ഹെഡ്‌സെറ്റിന് ഓരോ കണ്ണിനും 4കെ റെസലൂഷനില്‍ കണ്ടെന്റ് കാണിക്കാന്‍ സാധിക്കുമെന്നു കരുതുന്നു. ബാറ്ററി പോക്കറ്റില്‍ വയ്‌ക്കേണ്ടി വന്നേക്കാം. ഇതുവരെ കാണാത്ത തരത്തില്‍ ഐറിസ് സ്‌കാനിങ് ഉപയോഗിച്ചായിരിക്കാം ഉപയോക്താവിനെ തിരിച്ചറിഞ്ഞ് ലോഗ്-ഇന്‍ ചെയ്യിക്കുന്നത്. ഹെഡ്‌സെറ്റുമായി ബന്ധിപ്പിച്ച ഐഫോണില്‍ പാസ്‌വേഡ് ടൈപ് ചെയ്താലും ലോഗ്-ഇന്‍ ചെയ്യാന്‍ സാധിച്ചേക്കും. മൊത്തത്തില്‍ ഒരു നൂതന അനുഭവം പ്രദാനം ചെയ്യാന്‍ കെല്‍പ്പുള്ളതായിരിക്കും ഹെഡ്‌സെറ്റ് എന്ന് വാദിക്കുന്നവരുംഉണ്ട്. 

 

എം2 ചിപ്പും 16ജിബി റാമും?

 

ഗൗരവത്തിലെടുക്കേണ്ട സ്‌പെസിഫിക്കേഷന്‍സ് ആയിരിക്കാം ഹെഡ്‌സെറ്റിന് എന്ന വാദവും ഉണ്ട്. ആപ്പിളിന്റെ സ്വന്തം എം പ്രൊസസറിന്റെ രണ്ടാം തലമുറയിലെ ചിപ്പും 16ജിബി റാമും ഹെഡ്‌സെറ്റിന് ശക്തിപകരും. ഇതിന് 96w അഡാപ്റ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. 

 

കരചലനവും നേത്ര ചലനവും ട്രാക്ക് ചെയ്യും

 

കൈകളുടെയും കണ്ണുകളുടെയും ചലനം ട്രാക്കു ചെയ്യാന്‍ ഹെഡ്‌സെറ്റിനു സാധിക്കുമെന്നു പറയുന്നു. പുറത്തേക്ക് ഒരു ഡിസ്‌പ്ലെ വച്ചിരിക്കുന്നതിനാല്‍, ഉപയോക്താവിന്റെ മുഖഭാവം കാണാന്‍ മറ്റുള്ളവര്‍ക്കു സാധിക്കുമത്രെ. ഇത്തരത്തിലുള്ള പല അവകാശവാദങ്ങളും പരസ്പരം ഖണ്ഡിക്കുന്നവയാണ്. അതിനാല്‍, ഉപകരണത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ അറിയണമെങ്കില്‍ പുറത്തിറക്കുന്ന ദിവസം വരെ കാത്തിരിക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com