ADVERTISEMENT

നിര്‍മിച്ചപ്പോഴും മുങ്ങിയപ്പോഴും പിന്നീട് ആഴക്കടലില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം കണ്ടെത്തിയപ്പോഴും സിനിമയാക്കിയപ്പോഴുമെല്ലാം ടൈറ്റാനിക് നമുക്ക് അതിശയമായിരുന്നു. ഇന്ന് ഉത്തര അത്‌ലാറ്റിക്കില്‍ ഏതാണ്ട് 12,500 അടി താഴ്ചയില്‍ മുങ്ങി കിടക്കുന്ന ടൈറ്റാനിക്കിന്റെ ഏറ്റവും വ്യക്തതയുള്ള 3ഡി ഡിജിറ്റല്‍ സ്‌കാനിങ് കൂടി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ആഴക്കടല്‍ ഗവേഷകര്‍. ഭാവിയില്‍ ടൈറ്റാനിക്കിലൂടെ ഒരു വെര്‍ച്വല്‍ ടൂര്‍ നടത്താന്‍ പോലും സാധിക്കുന്നത്രയും വ്യക്തവും വിശാലവുമായ 3 ഡി സ്‌കാനിങ്ങാണ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

 

7.15 ലക്ഷം ചിത്രങ്ങൾ

titanic-wreck-3
Image Credit: Atlantic/Megellan

 

ഉത്തര അത്‌ലാറ്റിക്കിനു നടുവില്‍ ഏതാണ്ട് അഞ്ചു കിലോമീറ്റര്‍ ആഴക്കടലില്‍ ആറ് ആഴ്ചയെടുത്താണ് മഗെല്ലന്‍ എന്ന ആഴക്കടല്‍ പര്യവേഷണ സ്ഥാപനം ഈ വലിയ ദൗത്യം പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഭാഗമായി ടൈറ്റാനിക്കിന്റെ ഏതാണ്ട് 7.15 ലക്ഷം ചിത്രങ്ങളാണ് പകര്‍ത്തിയതെന്ന് മഗെല്ലന്റെ സ്ഥാപകനായ റിച്ചാര്‍ഡ് പാര്‍ക്കിന്‍സന്‍ വെളിപ്പെടുത്തി. ആദ്യമായാണ് ടൈറ്റാനിക്കിന്റെ അകത്തേയും പുറത്തേയും പൂര്‍ണ രൂപത്തിലുള്ള ഡിജിറ്റല്‍ സ്‌കാനിങ് നടക്കുന്നത്. ഒരു ഡോക്യുമെന്ററിയുടെ നിര്‍മാണത്തിന്റെ ഭാഗമായാണ് ഈ 3 ഡി ഡിജിറ്റല്‍ സ്‌കാനിങ് നടത്തിയത്. 

 

titanic-wreck-2
Image Credit: Atlantic/Megellan

'ഇത് ടൈറ്റാനിക്കിന്റെ എല്ലാ അംശങ്ങളും അടങ്ങുന്ന ഒരു ഡിജിറ്റൽ കോപ്പിയാണ്. മറ്റൊർത്ഥത്തിൽ ടൈറ്റാനിക്കിന്റെ പ്രതിരൂപം' എന്നാണ് ഡോക്യുമെന്ററി നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ആന്റണി ജെഫെന്‍ ഈ 3 ഡി സ്‌കാനിങിനെ വിശേഷിപ്പിക്കുന്നത്. അന്നുവരെ മനുഷ്യന്‍ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ ആഡംബര കപ്പലായിരുന്ന ടൈറ്റാനിക് ഇംഗ്ലണ്ടിലെ സൗത്താംപ്ടണില്‍ നിന്നു ന്യൂയോര്‍ക്ക് സിറ്റിയിലേക്കാണ് ആദ്യ യാത്ര നടത്തിയത്. മുങ്ങില്ലെന്ന് വിശ്വസിച്ചിരുന്ന ടൈറ്റാനിക് കന്നി യാത്രയില്‍ തന്നെ മഞ്ഞുമലയില്‍ ഇടിച്ചു പിളര്‍ന്ന് മുങ്ങുകയായിരുന്നു.

 

1912 ഏപ്രില്‍ 15ന് ഉത്തര അത്‌ലാന്റിക്കില്‍ മുങ്ങിയ ടൈറ്റാനിക്കിലെ 1,500ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വര്‍ഷങ്ങള്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ 1985ലാണ് ആഴക്കടലില്‍ മുങ്ങി കിടക്കുന്ന ടൈറ്റാനിക്കിനെ വീണ്ടും കണ്ടെത്തുന്നത്. കാനഡ തീരത്തു നിന്നു ഏതാണ്ട് 700 കിലോമീറ്റര്‍ അകലത്തില്‍ കടലില്‍ 3,800 മീറ്റര്‍ (12,500 അടി) ആഴത്തിലാണ് ടൈറ്റാനിക് മുങ്ങിക്കിടക്കുന്നത്.

 

സമുദ്രത്തില്‍ ഏതാണ്ട് 3.8 കിലോമീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക് കിടക്കുന്നത് എന്നതുകൊണ്ടു തന്നെ ചിത്രങ്ങളെടുക്കുന്നതിനും വിവര ശേഖരണത്തിനും എല്ലാക്കാലത്തും നിരവധി വെല്ലുവിളികളുണ്ടായിരുന്നു. ഒരേസമയം ഒരു ഭാഗത്തിന്റെ ചിത്രങ്ങള്‍ മാത്രമാണ് എടുക്കാനും കാണാനും സാധിച്ചിരുന്നത്. പുതിയ ഫോട്ടോറിയലിസ്റ്റിക് 3ഡി മോഡലില്‍ കപ്പലിന്റെ എല്ലാ ഭാഗങ്ങളും വ്യക്തമായി കാണാനാവും.

 

'ടൈറ്റാനിക്കിന്റെ ചിത്രങ്ങളും സ്‌കാനിങും ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്. ഈ 3 ഡി സ്‌കാന്‍ ഉപയോഗിച്ച് ഭാവിയില്‍ ടൈറ്റാനിക്കിലൂടെ ഒരു വെര്‍ച്വല്‍ ടൂര്‍ നടത്താന്‍ പോലും സാധിക്കും. മറ്റാരും കാണാത്തത്ര വ്യക്തതയിലാണ് കടലിനടിയിലെ ടൈറ്റാനിക്കിനെ ഞങ്ങള്‍ കണ്ടത്. അതുകൊണ്ടുതന്നെ ടൈറ്റാനിക് ദുരന്തത്തിന്റെ യഥാര്‍ഥ കാരണങ്ങളിലേക്കു കൂടി വെളിച്ചം വീശുന്ന വിവരങ്ങള്‍ ഇതിലുണ്ടാവാം' ടൈറ്റാനിക് വിദഗ്ധനായി അറിയപ്പെടുന്ന പാര്‍ക്‌സ് സ്റ്റെഫെന്‍സന്‍ പറയുന്നു. ഈ വിശദാംശങ്ങള്‍ അടങ്ങുന്ന ഡോക്യുമെന്ററി അടുത്തവര്‍ഷത്തോടെ പുറത്തുവിടാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. 111 വര്‍ഷത്തിലേറെയായി ആഴക്കടലില്‍ മുങ്ങികിടക്കുന്ന ടൈറ്റാനിക്കിന്റെ 3 ഡി സ്‌കാന്‍ വഴി നിരവധി പുതിയ വിവരങ്ങളാണ് ഈ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com