ലോകത്തെ ഞെട്ടിച്ച എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റി അവതരിപ്പിച്ചത് നവംബര്‍ 2022ല്‍ ആണെങ്കിലും അതിന് ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വികസിപ്പിക്കുന്നത് ഇപ്പോഴാണ്. ചാറ്റ്ജിപിറ്റിയുടെ വ്യാജ ആപ്പുകള്‍ പ്രചരിച്ചിരുന്നു. എന്തായാലും, ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ 'ഔദ്യോഗിക ആപ്പ്' എന്ന വിവരണത്തോടെയാണ് ആദ്യ ആപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് വാഷ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പ് ഐഓഎസ്, ഐപാഡ്ഓഎസ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് താമസിയാതെ ലഭിക്കും.
സംസാരിക്കുക പോലും ചെയ്യാം
ലോകത്തെക്കുറിച്ചുള്ള എന്തു കാര്യവും അറിയാന്‍ ശ്രമിക്കുമ്പോള്‍ ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് സിറിയെ നിഷ്പ്രഭമാക്കാന്‍ സാധിക്കുന്ന ഒന്നാണ് ചാറ്റ്ജിപിറ്റി എന്ന് നേരത്തെ മുതല്‍ വിശകലന വിദഗ്ധര്‍ തെളിയിച്ചിരുന്നു. ഐഓഎസ്, ഐപാഡ്ഓഎസ് എന്നിവയിൽ ലഭ്യമാക്കിയിരിക്കുന്ന ഔദ്യോഗിക ആപ്പുമായി വോയിസ് കമാന്‍ഡ് വഴിയും ഇടപെടാമെന്നും പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ചാറ്റ്ജിപിറ്റി ആപ്പിന് സിറിയേയും, ആമസോണ്‍ അലക്‌സയേയും അപേക്ഷിച്ച് ഇപ്പോള്‍ ഒരു പരിമിതിയുണ്ട്. വോയിസ് കമാന്‍ഡിന് മറുപടി 'പറയാന്‍' അതിനു സാധിക്കില്ല. മറിച്ച്, ഉത്തരം എഴുതി തരികയായിരിക്കും ചാറ്റ്ജിപിറ്റി ആപ്പ് ഇപ്പോള്‍ ചെയ്യുക. താമസിയാതെ തിരിച്ചു സംസാരിക്കാനുള്ള ശേഷിയും ലഭിച്ചേക്കുമെന്നു പറയുന്നു. ഇന്റര്‍നെറ്റ് സേര്‍ച്ചിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ സേവനമായ ചാറ്റ്ജിപിറ്റി മിക്കവരും ഇതിനോടകം പരീക്ഷിച്ചിരിക്കുമെന്നാണ് കരുതുന്നത്.
പരിമിതികള്‍
ചാറ്റ്ജിപിറ്റി ആപ്പിന് ഏറ്റവും പുതിയ ജിപിറ്റി-4ന്റെ ശേഷിയില്ല. അതു വേണമെന്നുള്ളവര്‍ പണം മുടക്കി സബ്‌സ്‌ക്രൈബ് ചെയ്യണം. (പണം മുടക്കാതെ ജിപിറ്റി-4ന്റെ ശേഷി പ്രയോജനപ്പെടുത്താന്‍ ആഗ്രഹമുള്ളവര്‍ക്ക് മൈക്രോസോഫ്റ്റിന്റെ ബിങ് ആപ് ഉപയോഗിക്കാം.) അതേസമയം, എഐ സേര്‍ച്ചിന്റെ മാന്ത്രികത എന്താണ് എന്നറിയാന്‍ മാത്രമാണ് ആഗ്രഹമെങ്കില്‍ ചാറ്റ്ജിപിറ്റിയുടെ ഫ്രീ ആപ് മതിയാകുമെന്ന് പോസ്റ്റ് നിരീക്ഷിക്കുന്നു. അത് ഡൗണ്‍ലോഡ് ചെയ്ത് സേര്‍ച്ച് ചെയ്ത് രസിക്കാനാണ് ഉപദേശം. അതേസമയം, ചില കാര്യങ്ങള്‍ മനസില്‍വയ്ക്കണമെന്നുംഉപദേശമുണ്ട്.
ഇക്കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കണം
വ്യാജ ആപ്പ് ആകരുത് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഔദ്യോഗിക ആപ്പിന്റെ പേര് ചാറ്റ്ജിപിറ്റി എന്നു മാത്രമാണ്. അതില്‍ ഓപ്പണ്‍എഐയുടെ ലോഗോ കറുപ്പിലും വെളുപ്പിലുമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആപ് സ്റ്റോര്‍ ലിസ്റ്റിങില്‍ ഇന്‍-ആപ് പര്‍ചെയ്‌സ് രേഖപ്പെടുത്തിയിട്ടില്ല. ഇതില്‍ നടത്തുന്ന സേര്‍ച്ചിനൊപ്പം, 'പവേഡ് ബൈ ചാറ്റ്ജിപിറ്റി' എന്ന് എഴുതി വരും. ചാറ്റ്ജിപിറ്റി ആപ്പിനുള്ളില്‍ ഒരു ഡിക്ടേഷന്‍ ബട്ടണ്‍ ഉണ്ട്. ഇത് അമിര്‍ത്തിയ ശേഷം ചോദ്യം വോയിസ് കമാന്‍ഡ് ആയി നല്‍കാം. അതേസമയം, വെബില്‍ ചാറ്റ്ജിപിറ്റി ഉപയോഗിക്കുന്ന ആളാണെങ്കില്‍ പുതിയ ആപ്പിന് അധികമൊന്നും നല്‍കാനില്ലെന്നും നിരീക്ഷണമുണ്ട്. വോയിസ് കമാന്‍ഡ് പുതുമ ആയേക്കാമെന്നു മാത്രം.
ജോലിക്കാര്‍ ചാറ്റ്ജിപിറ്റി ഉപയോഗിക്കരുതെന്ന് ആപ്പിള്‍
മറ്റു പല കമ്പനികളെയും പോലെ, ആപ്പിളും തങ്ങളുടെ ജോലിക്കാര്‍ ചാറ്റ്ജിപിറ്റി ഉപയോഗിക്കുന്നത് നിരോധിച്ചു എന്ന് ദി വോള്‍ സ്ട്രീറ്റ് ജേണല്‍. കമ്പനിയെക്കുറിച്ചുള്ള രഹസ്യ ഡേറ്റ, ജോലിക്കാര്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ലീക് ആകുമോ എന്ന പേടിമൂലമാണ്നിരോധനം. മൈക്രോസോഫ്റ്റ് കൈവശംവച്ചിരിക്കുന്ന ഗിറ്റ്ഹബിന്റെ കോപൈലറ്റും തങ്ങളുടെ ജോലിക്കാര്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവും ആപ്പിള്‍ ഇറക്കി. അതേസമയം, ഇത്തരം പേടികള്‍ കുറയ്ക്കാനായി ചാറ്റ്ജിപിറ്റി ഒരു ഇന്‍കോഗ്നിറ്റോ മോഡും ഇറക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാല്‍ഒരാള്‍ നടത്തുന്ന സേര്‍ച്ചുകള്‍ ചാറ്റ്ജിപിറ്റി ഓര്‍ത്തുവയ്ക്കില്ല.
ഇല്ല, സാംസങ് ഗൂഗിള്‍ സേര്‍ച് ഉപേക്ഷിക്കുന്നില്ല
എഐ ശേഷി പ്രയോജനപ്പെടുത്താനായി സാംസങ് തങ്ങളുടെ ബ്രൗസറില്‍ സേര്‍ച്ചിന് ഡീഫോള്‍ട്ടായി മൈക്രോസോഫ്റ്റ് ബിങ് ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അടുത്തൊന്നും കമ്പനി അതിന് ഒരുങ്ങില്ലെന്നാണ് ദി വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ഗൂഗിളിനെ മാറ്റി ബിങിനെ സേര്‍ച്ച് എൻജിന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിക്കുള്ളില്‍ നടത്തിവന്നിരുന്ന പഠനം നിറുത്തിവച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സേര്‍ച്ച് കമ്പനികള്‍ ഇത്തരത്തില്‍ ബ്രൗസറുകളില്‍ കയറിക്കൂടിയാണ്പണമുണ്ടാക്കുന്നത്. സാംസങുമായി കരാര്‍ പ്രകാരം ഏകദേശം 3 ബില്ല്യന്‍ ഡോളര്‍ ഗൂഗിള്‍ പ്രതിവര്‍ഷമുണ്ടാക്കുന്നുണ്ടാകാമെന്ന് ന്യൂയോര്‍ക് ടൈംസ് 2023 ഏപ്രില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
ഗൂഗിള്‍ പിക്‌സല്‍ 8 പ്രോ ഫോണില്‍ പനി നോക്കാന്‍ തെര്‍മോമീറ്ററും?
ഗൂഗിളിന്റെ അടുത്ത പ്രീമിയം സ്മാര്‍ട്ട്‌ഫോണായ പിക്‌സല്‍ 8 സീരിസില്‍ പനി ഉണ്ടോ എന്നു പരിശോധിക്കാനായി ഒരു തെര്‍മോമീറ്ററും ഉണ്ടായിരിക്കുമെന്ന് ലീക്കുകള്‍ സൂചിപ്പിക്കുന്നു. 91 മൊബൈല്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇപ്പോള്‍ വില്‍പ്പനയിലുള്ള പിക്‌സല്‍ 7 പ്രോയ്ക്ക് രണ്ടു ക്യാമറ ഐലണ്ട് ആണ് ഉള്ളതെങ്കില്‍, 8 പ്രോയ്ക്ക് ഒന്നേ കാണൂ എന്നാണ് സൂചന. പിന്‍ ക്യാമറാ സിസ്റ്റത്തിലുള്ള എല്‍ഇഡി ഫ്‌ളാഷിനു താഴെയാണ് തെര്‍മോമീറ്ററിന് ഇരുപ്പിടം ഒരുക്കിയിരിക്കുന്നതത്രെ. ഇന്‍ഫ്രാറെഡ് ടെക്‌നോളജിഉപയോഗിച്ചാണ് ഫോണ്‍ ശരീരോഷ്മാവ് അളക്കുന്നത്. ഫോണിന്റെ പിന്‍ക്യാമറാ സിസ്റ്റം ഇരിക്കുന്ന ഭാഗം നെറ്റിക്ക് അടുത്തേക്കു കൊണ്ടുവന്ന്, നെറ്റിക്ക് അങ്ങെത്തി ഇങ്ങെത്തി ചലിപ്പിച്ചാണ് ശരീരതാപം അളക്കുന്നതെന്നാണ് ലീക്കു ചെയ്തിരിക്കുന്ന വിഡിയോയിലുള്ളത്. വിഡിയോ ഇവിടെ കാണാം: https://bit.ly/3OuFzv0
ബേസോസിനും അവസരം, നാസയുടെ ലൂണാര്‍ ലാന്‍ഡര്‍ നിര്‍മ്മിച്ചു കാണിക്കാം!
സ്വകാര്യ ബഹിരാകാശ കമ്പനികള്‍ക്കിടിയിലെ കിടമത്സരം ഇലോണ്‍ മസ്‌ക് മേധാവിയായ സ്‌പെയ്‌സ്എക്‌സും, ആമസോണ്‍ സ്ഥാപകന് ജെഫ് ബേസോസ് നയിക്കുന്ന ബ്ലൂ ഒറിജിനും തമ്മിലാണ്. ബേസോസിന്റെ കമ്പനിക്ക് നാസയുടെ ആര്‍ടെമിസ് V ലൂനാര്‍ ലാന്‍ഡര്‍ ഉണ്ടാക്കാനായി 3.4 ബില്ല്യന്‍ ഡോളറിന്റെ കരാര്‍ ലഭിച്ചിരിക്കുകയാണ്. അതേസമയം, ബ്ലൂ ഒറിജിന്‍ ഉണ്ടാക്കുന്ന ലാന്‍ഡറിന് നാസ ഉദ്ദേശിക്കുന്ന തരത്തിലുള്ള മികവുകള്‍ എല്ലാം വേണം താനും. നാസ ചന്ദ്രനില്‍ ഒരുക്കുന്ന ഗേറ്റ്‌വേയില്‍ ഡോക് ചെയ്യാനുള്ള കഴിവടക്കം ഉണ്ടായിരിക്കണം. മനുഷ്യരുടെ ബഹിരാകാശപ്പറക്കലുകളുടെസുവര്‍ണ്ണ കാലഘട്ടത്തിലേക്കു കടക്കുമ്പോള്‍ ബ്ലൂ ഒറിജിനുമായുള്ള സഹകരണവും ഗുണംചെയ്യുമെന്നാണ് നാസാ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പ്രഖ്യാപിച്ചത്: https://bit.ly/3IpQouz
ആര്‍ട്ടമിസ് 5 ദൗത്യത്തില്‍ നാലു ബഹിരാകാശ യാത്രക്കാരെ ചന്ദ്രനിലെത്തിക്കാനാണ് നാസ ശ്രമിക്കുന്നത്. ഇത് 2029ല്‍ നടത്താനാണ് ഇപ്പോഴത്തെ പദ്ധതി. തങ്ങള്‍ നിര്‍മ്മിക്കുന്ന ലാന്‍ഡറിന്റെ ഇന്ധനം ദ്രാവക ഹൈഡ്രജനും, ദ്രാവക ഓക്‌സകിജനും (എല്‍ഓഎക്‌സ്-എല്‍എച്2) ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ബ്ലൂ ഒറ്ിജിന്‍ അറിയിച്ചു. അതേസമയം, എല്‍ഓഎക്‌സ്-എല്‍എച്2 കൈകാര്യം ചെയ്യുക എന്നത് വിഷമംപിടിച്ച കാര്യമായതിനാല്‍, അതിനുള്ള ശേഷി കൈവരിക്കുന്നതു വരെ സാന്ദ്രതകുറഞ്ഞ ഇന്ധനങ്ങളായ ഹൈഡ്രാസൈനും (hydrazine) നൈട്രജന്‍ ടെട്രോക്‌സൈഡും ഉപയോഗിക്കുമെന്നുംകമ്പനി പറഞ്ഞു.
അപ്പോള്‍ സ്‌പെയ്‌സ്എക്‌സോ?
ആര്‍ടെമിസ് III ദൗത്യത്തിനുള്ള ബഹിരാകാശ സംവിധാനം ഉണ്ടാക്കാനുള്ള കരാര്‍ നാസ നല്‍കിയിരിക്കുന്നത് സ്‌പെയ്‌സ്എക്‌സിനാണ്. ഇത് വിജയകരമായെങ്കില്‍ തുടര്‍ന്ന് ആര്‍ടെമിസ് 4 ദൗത്യത്തിനുള്ള സംവിധാനം രൂപകല്‍പ്പന ചെയ്യണം. ആര്‍ടമിസ് 3 ദൗത്യത്തിലുംനാലുപേരെ ആയിരിക്കും ചന്ദ്രനിലേക്ക് അയയ്ക്കുക. സ്‌പെയ്‌സ്എക്‌സിനു പുറമെ മറ്റൊരു കമ്പനിയെക്കൂടെ ഒപ്പം കൂട്ടുന്നത് കൂടുതല്‍ മികവോടെ ബഹിരാകാശ ദൗത്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഉപകരിക്കമെന്ന് കരുതുന്നതിനാലാണ് എന്നാണ് നാസ പറയുന്നത്.
English Summary: OpenAI launches standalone ChatGPT app for iOS, Android to get one too