ADVERTISEMENT

സിംബാബ്‌വെയില്‍ ഇപ്പോള്‍ കാണുന്ന തൊഴില്‍ പ്രതിസന്ധി ഒരു തുടക്കം മാത്രമായിരിക്കാം. ആഗോളതലത്തില്‍ 2030 ഓടെ 80 കോടിയോളം പേര്‍ക്ക് ജോലി ഇല്ലാതായേക്കാമെന്നാണ് ബിബിസി റിപ്പോര്‍ട്ട്. ലോകത്തെ അഞ്ചില്‍ ഒരാൾക്ക് തൊഴിലില്ലാതാകാം എന്ന് മകിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം ജര്‍മനി, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളില്‍ മൂന്നിലൊന്നു പേര്‍ക്കും ഈ കാലയളവില്‍ തൊഴില്‍ നഷ്ടമായേക്കാമെന്നാണ് പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓട്ടമേഷനുമായിരിക്കും ജോലികള്‍ ഇല്ലാതാക്കുക. പരമ്പരാഗത ജോലികള്‍ ചെയ്തുവന്ന പലര്‍ക്കും ജോലി നഷ്ടപ്പെടുമെങ്കിലും ഈ കാലഘട്ടത്തില്‍ത്തന്നെ 95 കോടി പുതിയ ജോലികൾ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഈ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ സർക്കാരുകളും മറ്റും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ എന്തു ചെയ്യണമെന്നു പരിശോധിക്കാം:

∙ ഇന്ത്യയില്‍ 9 ശതമാനം പേര്‍ക്ക് ജോലി പോകും

മൂന്നാം ലോക രാജ്യങ്ങളിലേക്ക് തൊഴിലില്ലായ്മ പടരാന്‍ ഏതാനും വര്‍ഷങ്ങള്‍ കൂടി എടുത്തേക്കാം. കാരണം അവര്‍ക്ക് വന്‍ തോതില്‍ ഓട്ടമേഷന്‍ നടത്താനുള്ള പണമില്ല. ഇന്ത്യയില്‍ 9 ശതമാനം പേര്‍ക്ക് 2030 ഓടെ ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍, ഭക്ഷണമുണ്ടാക്കുന്നവര്‍ മുതല്‍ അക്കൗണ്ടന്റുമാര്‍ വരെയുള്ളവർക്കായിരിക്കും ഏറ്റവും ആഘാതം. ദ് വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യൂഇഎഫ്) അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഈ ജോലിനഷ്ടത്തെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് മുന്‍ മേധാവി ബില്‍ ഗേറ്റ്‌സ് ഇക്കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലും തൊഴിലില്ലായ്മ വർധിക്കാമെന്നു മുന്നറിയിപ്പു നല്‍കുന്നുണ്ട്.

∙ കമ്പനികള്‍ എഐ ടൂളുകളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയേക്കും

2027 ആകുമ്പോൾ ആഗോള തലത്തില്‍ 8.3 കോടി ജോലികള്‍ ഇല്ലാതാകുമെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കണ്ടെത്തല്‍. അതേസമയം, 6.9 കോടി പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടും. അതായത്, ഇന്നുള്ളതിന്റെ 2 ശതമാനം ജോലികള്‍ ഇല്ലാതാകും. സമ്പദ്‌വ്യവസ്ഥകള്‍ കാര്യമായ വളര്‍ച്ച കാണിക്കാത്തതും പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ധിക്കാന്‍ കാരണമാകുമെന്ന് സിഎന്‍എൻ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള കമ്പനികള്‍ എഐ ടൂളുകള്‍ പരീക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. അത് ജോലിക്കാരെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ ആയിരിക്കണമെന്നില്ല. തങ്ങളുടെ വളർച്ച നിലനിര്‍ത്തണമെന്നും എതിരാളികള്‍ മുൻപില്‍ കയറരുതെന്നുമുള്ള ആഗ്രഹത്താലായിരിക്കാം ഓട്ടമേഷന്‍ നടപ്പാക്കുക.

∙ പുതിയ ജോലികള്‍

മുൻനിര കമ്പനികളെല്ലാം ഡേറ്റാ വിശകലന വിദഗ്ധര്‍, ഡേറ്റാ ശാസ്ത്രജ്ഞര്‍, സൈബര്‍ സുരക്ഷാ വിദഗ്ധര്‍ തുടങ്ങിയവരെ കൂടുതലായി ജോലിക്കെടുക്കും. ഈ മേഖലയില്‍ 30 ശതമാനം അധിക ജോലികള്‍ ഉണ്ടാകുമെന്നും ഡബ്ല്യൂഇഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഡേറ്റാ എന്‍ട്രി പോലെയുള്ള ജോലികള്‍ ചെയ്യുന്നര്‍, എക്‌സിക്യൂട്ടിവ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്ക് പകരം പ്രവര്‍ത്തിക്കാന്‍ നിർമിത ബുദ്ധിക്കു സാധിച്ചേക്കുമെന്നും പറയുന്നു.

∙ ഏതു തരം ജോലിക്കാരെ നിലനിര്‍ത്തണമെന്ന് കമ്പനികള്‍ ചിന്തിച്ചു തുടങ്ങി

പുതിയ സാഹചര്യത്തില്‍ ഏതെല്ലാം വിഭാഗത്തിലുള്ള ജോലിക്കാരാണ് തങ്ങള്‍ക്ക് അനിവാര്യമെന്ന് മുൻനിര കമ്പനികളെല്ലാം ചിന്തിച്ചു തുടങ്ങി. പല മേഖലകളും ഓട്ടമേറ്റ് ചെയ്തു കഴിഞ്ഞാല്‍ പല തലവേദനകളും ഒഴിവാക്കാമെന്ന കണ്ടെത്തലുകളിലേക്ക് ഇതു നയിച്ചേക്കാം. ഇതോടെ മികച്ച ശേഷികളുള്ള ആളുകളെ മാത്രം നിലനിര്‍ത്തുന്ന രീതി അടുത്ത ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനികള്‍ അനുവര്‍ത്തിച്ചേക്കാം. കമ്പനിയില്‍ തങ്ങള്‍ക്കു പ്രസക്തിയുണ്ടെന്നു തെളിയിക്കേണ്ടത് ജോലിക്കാരുടെ ബാധ്യതയായേക്കും.

∙ മനുഷ്യ ഇടപെടല്‍ വേണ്ട ജോലികള്‍ക്ക് തൽക്കാലം ഭീഷണിയില്ല

ഡോക്ടര്‍മാര്‍, നിയമജ്ഞര്‍, അധ്യാപകര്‍ തുടങ്ങി നേരിട്ട് മനുഷ്യരുമായി ഇടപെടുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് തൽക്കാലം ഭീഷണിയില്ലെന്നാണ് മകിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍, കുറഞ്ഞ വേതനത്തിനു ചെയ്യുന്ന ജോലികളായ പൂന്തോട്ടം പരിപാലിക്കൽ, പ്ലമിങ്, നഴ്സിങ് ജോലിക്കാര്‍ക്കും തൽക്കാലം ഭീഷണിയില്ല. താമസിയാതെ വികസിത രാജ്യങ്ങളില്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് ജോലി ലഭിക്കുക എന്നത് കഠിനമാകും. അമേരിക്കയില്‍ വിദ്യാഭ്യാസമില്ലാത്തവര്‍ ചെയ്തുവരുന്ന ജോലികള്‍ കുറയും. 7.3 കോടി പേര്‍ക്കു 2030 ഓടെ ജോലി പോകുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇതില്‍ 2 കോടി പേര്‍ക്ക് മറ്റു മേഖലകളില്‍ തൊഴില്‍ കണ്ടെത്താന്‍ സാധിച്ചേക്കും.

∙ വ്യവസായ വിപ്ലവസമയത്ത് കണ്ടതിനു സമാനമായ മാറ്റം

വ്യവസായ വിപ്ലവകാലത്ത് ഉണ്ടായതിന് സമാനമായ മാറ്റങ്ങളായിരിക്കും വരുന്നതെന്നും പറയുന്നു. ഇക്കാലത്താണ് കാര്‍ഷികവൃത്തിയില്‍നിന്ന് കൂടുതൽ ആളുകള്‍ ഫാക്ടറി ജോലികള്‍ക്ക് എത്തിത്തുടങ്ങിയത്. അതേസമയം, ഈ റിപ്പോര്‍ട്ട് മൊത്തം നിരാശ പടര്‍ത്തുന്ന ഒന്നല്ല. സമയോചിതമായ ഒരു മുന്നറിയിപ്പായും ഇതിനെ എടുക്കാം. റിപ്പോര്‍ട്ട് പ്രകാരം പുതിയ 95 കോടി തസ്തികകള്‍ ആഗോള തലത്തില്‍ സൃഷ്ടിക്കപ്പെടാം. എന്നാല്‍, ഇവ ലഭിക്കണമെങ്കില്‍ പലരും നിലവിലെ ശേഷികള്‍ വര്‍ധിപ്പിക്കണം.

∙ എഐ സമ്പദ്‌വ്യവസ്ഥയിലേക്ക് സ്വാഗതം

ഇനി നല്ല ജോലികള്‍ വേണമെന്നുള്ളവര്‍ പുതിയ കാര്യങ്ങള്‍ പഠിക്കണം. എഐ സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ശേഷികള്‍ വളര്‍ത്തിയെടുക്കണം. കോഡുകള്‍ എഴുതുക, ഡേറ്റ സയന്‍സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വശമാക്കുക തുടങ്ങിയ കഴിവുകള്‍ ഉള്ളവര്‍ക്കു മുന്നില്‍ പുതിയ സാധ്യതകള്‍ തുറക്കപ്പെടാം. ഇതിനായി നിലവിലുള്ള അറിവ് വര്‍ധിപ്പിക്കുകയോ പുതിയ അറിവ് ആര്‍ജ്ജിക്കുകയോ ചെയ്യണം.

∙ മാറ്റം ഉള്‍ക്കൊള്ളാനുള്ള ശേഷി വളര്‍ത്തുക

എഐ സമ്പദ്‌വ്യവസ്ഥയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആര്‍ജ്ജിക്കേണ്ട പ്രധാനപ്പെട്ട ഗുണമാണ് പെട്ടെന്നു വരുന്ന മാറ്റത്തിനനുസരിച്ച് സ്വയം ക്രമീകരിച്ച് സ്വന്തം പ്രസക്തി നിലനിര്‍ത്താനുള്ള ശേഷി. ഞാന്‍ ഇതാണു പഠിച്ചത്, ഇതു മാത്രമേ ചെയ്യൂ എന്നു ശഠിക്കുന്നവര്‍ക്ക് എഐ സമ്പദ്‌വ്യവസ്ഥയില്‍ സ്ഥാനം ഉണ്ടായേക്കില്ല. പുതിയ കാര്യങ്ങള്‍ ഏതു സമയത്തും പഠിക്കാനും പുതിയ സാഹചര്യത്തോട് ഇണങ്ങി പ്രവര്‍ത്തിക്കാനും സാധിക്കുന്നവര്‍ക്കായിരിക്കും പ്രശ്‌നങ്ങളില്ലാതെ മുന്നേറാന്‍ സാധിക്കുക. എഐ സമ്പദ്‌വ്യവസ്ഥ ഏതു ശേഷി വേണമെന്നാണ് ആവശ്യപ്പെടുന്നത് എന്നതിന് അനുസരിച്ച് സ്വയം മാറ്റാനായി മനസ്സിനെ പരുവപ്പെടുത്തുക. എഐ യുഗത്തില്‍ സ്വയം കാലഹരണപ്പെടാതിരിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.

∙ എഐ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരോട് അടുപ്പം പുലര്‍ത്തുക

ഉയർന്ന ജോലികള്‍ ചെയ്യണമെന്ന് ആഗ്രഹമുള്ളവര്‍ എഐ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരോട് അടുപ്പം പുലര്‍ത്തുക എന്നതും വേണ്ട കാര്യങ്ങളിലൊന്നാണ്. ഈ മേഖലയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് വേഗം അറിഞ്ഞ് സ്വന്തം ജീവിതത്തില്‍ അതിന് അനുസരിച്ചുള്ള മാറ്റം കൊണ്ടുവരിക.

പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ വൈമുഖ്യമുള്ളവര്‍ക്ക് എഐ സമ്പദ്‌വ്യവസ്ഥയില്‍ സ്ഥാനം പിന്നില്‍ തന്നെയായിരിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. മികച്ച ജോലികള്‍ വേണ്ടവര്‍ നിരന്തരം പുതിയ കാര്യങ്ങള്‍ പഠിച്ചെടുത്ത് സ്വയം നവീകരിച്ചുകൊണ്ടിരിക്കണം.

English Summary: AI Could Displace 800 Million Jobs by 2030

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com