ADVERTISEMENT

ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകൾക്ക് ആളുകളെ കൊല്ലാൻ കഴിയുമെന്ന മുന്നറിയിപ്പുമായി മുൻ ഗൂഗിൾ സിഇഒ എറിക് ഷ്മിറ്റ്. നിർമിത ബുദ്ധിയുടെ അതിവേഗ കുതിപ്പിനെ മിക്ക ടെക് വിദഗ്ധരും ആശങ്കയോടെയാണ് കാണുന്നത് എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ടെസ്‌ല മേധാവി ഇലോൺ മസ്‌ക് വരെ എഐയ്ക്കെതിരെ രംഗത്തുവന്നിരുന്നു. കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും എഐ ടൂളുകൾ വികസിപ്പിച്ചെടുക്കുന്നത് നിർത്തിവയ്ക്കാൻ ഡെവലപ്പർമാരോട് മസ്ക് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

 

ഏറ്റവും അവസാനമായി മുൻ ഗൂഗിൾ സിഇഒയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങളുടെ ദൂഷ്യഫലങ്ങൾക്കെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആളുകളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന സാഹചര്യം വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

എഐ മനുഷ്യരാശിക്ക് ഗുരുതരമായ ഭീഷണിയുയർത്തുമെന്നും വലിയൊരു വിഭാഗം ആളുകൾക്ക് ദോഷമോ മരണമോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാൾസ്ട്രീറ്റ് ജേണലിന്റെ സിഇഒ കൗൺസിലിൽ സംസാരിച്ച ഷ്മിഡ്, എഐ സിസ്റ്റങ്ങൾക്ക് സൈബർ സുരക്ഷയിലെ പുതിയ വീഴ്ചകൾ കണ്ടെത്താനോ ജീവശാസ്ത്രത്തിൽ കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടാക്കാനോ കഴിയുന്ന സാഹചര്യങ്ങളെക്കുറിച്ച് താൻ ആശങ്കാകുലനാണെന്ന് വിശദീകരിച്ചു.

 

സൈബർ കുറ്റവാളികളുടെ എഐ ദുരുപയോഗം തടയാൻ സർക്കാരുകൾ നടപടിയെടുക്കേണ്ടതിന്റെ പ്രാധാന്യവും ഷ്മിറ്റ് എടുത്തുകാട്ടി. എഐ ഒരു ആയുധമായോ തെറ്റായ ലക്ഷ്യങ്ങൾക്കോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിയന്ത്രണങ്ങളുടെയും നിരീക്ഷണത്തിന്റെയും ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. 2001 മുതൽ 2011 വരെ ഗൂഗിളിന്റെ സിഇഒ ആയും പിന്നീട് 2015 വരെ എക്‌സിക്യൂട്ടീവ് ചെയർമാനായും സേവനമനുഷ്ഠിച്ച ഷ്മിറ്റ് എഐ സാങ്കേതികവിദ്യയെക്കുറിച്ച് മികച്ച അറിവുള്ളയാളാണ്.

 

English Summary: Ex-Google CEO claims AI tools like ChatGPT can kill people 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com