ADVERTISEMENT

സൂപ്പർ പ്ലാസ്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്പിപിഎൽ) വഴി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ വാഷിങ് മെഷീൻ പ്ലാന്റിനായി 200 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. പുതിയ പ്രഖ്യാപനം അനുസരിച്ച് സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾക്കായുള്ള അത്യാധുനിക പ്ലാന്റ് കമ്പനി സ്ഥാപിക്കും.

 

ഇതോടൊപ്പം തന്നെ തോംസണ്‍ ഒരുപറ്റം മികവുറ്റ ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് പുറത്തിറക്കി. ഇവ ഇന്ത്യയില്‍ നിര്‍മിച്ചവയാണ്.  ഫുള്‍എച്ഡി ടിവികൾ, 4കെ ടിവികൾ മുതല്‍ സെമി-ഓട്ടമാറ്റിക് വാഷിങ് മെഷീനുകള്‍ വരെ തോംസണ്‍ ബ്രാന്‍ഡില്‍ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി ഗൂഗിള്‍ ലൈസന്‍സ്ഡ് സ്മാർട് ടിവി പുറത്തിറക്കുന്നത് തങ്ങളാണെന്ന് തോംസണ്‍ ഉപകരണങ്ങള്‍ നിര്‍മിക്കാൻ ലൈസന്‍സുള്ള രാജ്യത്തെ ഏക കമ്പനിയായ എസ്പിപിഎല്‍ അവകാശപ്പെട്ടു. ഇന്ത്യയില്‍ തന്നെ നിര്‍മിച്ചെടുക്കുക എന്ന മുദ്രാവാക്യം ഉള്‍ക്കൊണ്ട് രാജ്യത്തു തന്നെയാണ് ഇപ്പോള്‍ പുറത്തിറക്കിയ ഉപകരണങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് കമ്പനി മേധാവി അവ്‌നീത് സിങ് മാര്‍വ പറഞ്ഞു. തോംസണ്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതിന്റെ അഞ്ചാം വര്‍ഷികവുമാണിത്.

 

∙ ടിവികള്‍ 32 ഇഞ്ച് മുതല്‍

 

തോംസണ്‍ എഫ്എ സീരീസില്‍ 32 ഇഞ്ച്, 40 ഇഞ്ച്, 42 ഇഞ്ച് വലുപ്പങ്ങളിലാണ് ഫുള്‍എച്ഡി ടിവികള്‍ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, 4കെ ഗൂഗിള്‍ ടിവികള്‍ക്ക് 43 ഇഞ്ച്, 50 ഇഞ്ച് വലുപ്പമാണ് ഉള്ളത്. എഫ്എ സീരിസില്‍ ഇറക്കിയിരിക്കുന്ന ടിവികള്‍ക്കും മികച്ച ഫീച്ചറുകള്‍ ഉണ്ട്. ഇവ പ്രവര്‍ത്തിക്കുന്നത് റിയല്‍ടെക് പ്രോസസര്‍ ഉപയോഗിച്ചാണ്. ആന്‍ഡ്രോയിഡ് 11 ആണ് ഒഎസ്. ബെസല്‍രഹിത നിര്‍മിതി, 30w സ്പീക്കര്‍, ഡോള്‍ബി ഡിജിറ്റല്‍ സൗണ്ട് തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം ഗെയിമുകള്‍ അടക്കം വിവിധ ആവശ്യങ്ങള്‍ക്കുള്ള 6,000 ആപ്പുകളും ഉണ്ട്. നെറ്റ്ഫ്‌ളിക്‌സ്, പ്രൈം വിഡിയോ, ഡിസ്‌നിപ്ലസ്‌ ഹോട്ട്‌സ്റ്റാര്‍, ആപ്പിള്‍ ടിവി, വൂട്ട്, സീ5, സോണി ലിവ് തുടങ്ങിയ പ്രധാനപ്പെട്ട സ്ട്രീമിങ് ആപ്പുകളും ഉണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറും 500,000 ടിവി ഷോകളും ഉണ്ട്. ഫീച്ചറുകളേക്കാളേറെ വിലക്കുറവാണ് ഇവയെ ഏറ്റവും ആകര്‍ഷകമാക്കുന്നത്. 32 ഇഞ്ച് ടിവിക്ക് 10,499 രൂപ, 40 ഇഞ്ച് ടിവിക്ക് 15,999 രൂപ, 42 ഇഞ്ച് ടിവിക്ക് 16,999 രൂപ എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

 

∙ മികവു പുറത്തെടുത്തത് 4കെ ടിവികളുടെ നിര്‍മാണത്തില്‍

 

തോംസണ്‍ കമ്പനി തങ്ങളുടെ മികവ് പുറത്തെടുത്തത് 4കെ ടിവികളുടെ നിര്‍മാണത്തിലാണ്. ഇവയുടെ ഡിസ്‌പ്ലേകള്‍ക്കും ബെസല്‍രഹിതമെന്ന വിശേഷണമാണ് കമ്പനി നല്‍കുന്നത്. പ്രീമിയം ഫീച്ചറുകളായ ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ്, ഡോള്‍ബി ഡിജിറ്റല്‍ പ്ലസ്, ഡിറ്റിഎസ് ട്രൂ സൗണ്ട് എന്നീ ഫീച്ചറുകള്‍ ശബ്ദമേന്മയ്ക്കായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ മോഡലുകളുടെ ശബ്ദം ലഭിക്കുന്നത് 40w ഡോള്‍ബി ഓഡിയോ സ്‌റ്റീരിയോ ബോക്‌സ് സ്പീക്കറുകള്‍ വഴിയാണ്. എച്ഡിആര്‍10പ്ലസ് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. 2 ജിബി റാം, 16 ജിബി സ്റ്റോറേജ്, ഇരട്ടബാന്‍ഡ് (2.4 + 5) വൈ-ഫൈ, ഗൂഗിള്‍ ടിവി തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു. ഇവയുടെ 43 ഇഞ്ച് മോഡലിന് 22,999 രൂപയാണ് വില. 50 ഇഞ്ച് മോഡലിന് 27,999 രൂപയും വിലയുണ്ട്.

 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നിലേറെ യൂസര്‍ പ്രൊഫൈലുകള്‍ ഉപയോഗിക്കാം, കുട്ടികളുടെ പ്രൊഫൈലില്‍ അവര്‍ക്ക് കാണാവുന്ന കണ്ടെന്റിന് പരിമിതികള്‍ ഏര്‍പ്പെടുത്താം, ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട കണ്ടെന്റ് റെക്കമെന്‍ഡ് ചെയ്യും, ഓരോ ഉപയോക്താവിനും പേഴ്‌സണലൈസ് ചെയ്ത ഹോം സ്‌ക്രീന്‍, സിനിമകളും ടിവി സീരിസുകളും പ്രൊഫൈലുകള്‍ക്ക് അനുസരിച്ച് ഫോണില്‍ സേവു ചെയ്യാം, ഒട്ടനവധി സ്മാര്‍ട്ട് ടിവി ആപ്പുകള്‍, ഇഷ്ടംപോലെ പഴ്‌സണലൈസ്ഡ് കണ്ടെന്റ്, ലൈറ്റുകളും, ക്യാമറകളും നിയന്ത്രിക്കാനായി സ്മാര്‍ട്ട് ഹോം കണ്ട്രോളുകള്‍, മാന്യുവലായും, വോയിസ് കമാന്‍ഡ് വഴിയും സ്മാര്‍ട് ഹോം ഉപകരണങ്ങള്‍ നിയന്ത്രിക്കാം, ഗൂഗിള്‍ ടിവി ആപ് ഉപയോഗിച്ച് ടിവി നിയന്ത്രിക്കാം എന്നിവയാണ് പ്രധാന ഫീച്ചറുകൾ. സ്ട്രീമിങ് ആപ്പുകള്‍ക്കു പുറമെ 10,000 ആപ്പുകളും ലഭിക്കുന്നു. മുകളില്‍ പറഞ്ഞ മോഡലുകള്‍ക്കു പുറമെ സ്റ്റൈലിഷായി നിര്‍മിച്ച തോംസണ്‍ ഓത് പ്രോ മാക്‌സ് 65 ഇഞ്ച് ടിവിയും വില്‍പനയ്‌ക്കെത്തും.

 

∙ വാഷിങ് മെഷീനുകള്‍

 

ഇന്ത്യക്കാര്‍ക്ക് പ്രിയം വില കുറഞ്ഞ വാഷിങ് മെഷീനുകള്‍ സ്വന്തമാക്കാനാണ്, ഇതിനാല്‍ കുറഞ്ഞ ബജറ്റ് ഉള്ളവര്‍ക്കും വാങ്ങാവുന്ന സീരീസാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു. നാലു മോഡലുകളാണ് വിപണിയിലെത്തുക - തോംസണ്‍ സെമി ഓട്ടമാറ്റിക് ടിഎസ്എ9000എസ്പി, 9 കിലോ മോഡലിന്റെ വില 9499 രൂപയാണ്. ടിഎസ്എ1000എസ്പി, 10 കിലോ മോഡലിന് 10,999 രൂപയും, ടിഎസ്എ1100എസ്പി, 11കിലോ മോഡലിന് 11,999 രൂപയും, ടിഎസ്എ1200എസ്പി 12 കിലോ മോഡലിന് 12,999 രൂപയുമാണ് വില.

 

ഇവയില്‍ ഉപയോഗിച്ചിരിക്കുന്ന 3ഡി വാഷ് റോളറുകള്‍ വെള്ളം ആന്റി-ക്ലോക്‌വൈസ് രീതിയില്‍ സൈക്കിൾ ചെയ്യുന്നതിനാൽ ഡിറ്റര്‍ജന്റ് എല്ലായിടത്തും എത്തും. ടര്‍ബോ ഡ്രൈ സ്പിന്‍ ഉപയോഗിക്കുന്നതിനാല്‍ പത്തു മടങ്ങ് ശക്തിയോടെ വായു വലിച്ചെടുക്കും. പരമ്പരാഗത നിര്‍മാണരീതി ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഇവ ഈടു നില്‍ക്കും. പ്രവര്‍ത്തന സമയത്ത് വൈദ്യുതി സ്പാര്‍ക് ഉണ്ടാകുന്നത് ഒഴിവാക്കുന്നു. ഡബിള്‍ വാട്ടര്‍ ഫോള്‍ ഫീച്ചര്‍ ഉപയോഗിച്ച് വെള്ളം എത്തിക്കുന്നതിനാല്‍ സോപ്പ് ചില ഭാഗങ്ങളില്‍ മാത്രം കിടക്കില്ല.

 

English Summary: Thomson To Invest Rs 200 Crore To Set Up Washing Machine Plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com