തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മിഷന്റെ ചോദ്യപ്പേപ്പര്‍ ചോർന്ന കേസില്‍ പുതിയ ട്വിസ്റ്റ്. പരീക്ഷാഹാളിൽനിന്നു ചോർന്നുകിട്ടിയ ചോദ്യങ്ങളുടെ ഉത്തരം ചാറ്റ്ജിപിടി വഴി കണ്ടെത്തി ബ്ലൂടൂത് ഇയര്‍ബഡ്‌സ് വഴി പരീക്ഷാർഥികൾക്ക് എത്തിച്ചുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. രാജ്യത്ത്, എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടി പരീക്ഷാക്രമക്കേടിന് ഉപയോഗിച്ച ആദ്യ സംഭവമാകാം ഇതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടുചെയ്യുന്നു. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍, ഡിവിഷനല്‍ എൻജിനീയര്‍ എന്നീ തസ്തികകളിലേക്കു നടന്ന പരീക്ഷകളിലാണ്ക്രമക്കേടു കണ്ടെത്തിയത്.

ഉത്തരം അയച്ചുകൊടുത്തു
തെലങ്കാന സ്റ്റേറ്റ് നോർത്തേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡിലെ ഡിവിഷനല്‍ എൻജിനീയര്‍ പൂല രമേശിന്റെ (35) അറസ്റ്റിനെ തുടര്‍ന്നാണ് പുതിയ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയത്. അസിസ്റ്റന്റ് എൻജിനീയര്‍ (സിവില്‍), അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍, ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫിസര്‍ എന്നീ തസ്തികകള്‍ക്കായി നടത്തിയ പരീക്ഷകളിലും ഏഴു പേരെ ഉത്തരം അയച്ചുകൊടുത്ത് രമേശ് സഹായിച്ചിരിക്കാമെന്ന് അന്വേഷണസംഘം കരുതുന്നു.
മൈക്രോ ബ്ലൂടൂത് ഇയര്‍പീസ് എങ്ങനെ ഹാളിലേക്ക് കടത്തി?
ഇലക്ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ പരീക്ഷ എഴുതിയതായി കണ്ടെത്തിയ പ്രശാന്ത്, നരേഷ്, മഹേഷ്, ശ്രീനിവാസ് എന്നിവരെയും അറസ്റ്റു ചെയ്തു. എന്നാല്‍, ഇവർ എങ്ങനെയാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ പരീക്ഷാ ഹാളിലേക്കു കടത്തിയതെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു എക്‌സാമിനര്‍ക്കെതിരെയും സംശയമുന നീളുന്നു. ഇയാള്‍ അനുവദിച്ചതിനാലാകാം മൈക്രോ ബ്ലൂടൂത് ഇയര്‍പീസുകള്‍ പരീക്ഷാ ഹാളിലെത്തിയത്. പരീക്ഷ തുടങ്ങി പത്തു മിനിറ്റിനുള്ളില്‍ ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് രമേശിന് വാട്‌സാപില്‍ അയച്ചുകൊടുത്തതും ഇയാൾ തന്നെയാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഇപ്പോള്‍ പിടിയിലായവര്‍ അടക്കം മൊത്തം 49 പേര്‍ ഈ കേസില്‍ ഇപ്പോള്‍ അറസ്റ്റിലാണ്.
ചാറ്റ്ജിപിടിയുണ്ടെങ്കില്‍ എത്രയെളുപ്പം!
ഇലക്ട്രിസിറ്റി വകുപ്പിലെ ജൂനിയര്‍ അസിസ്റ്റന്റ് പൂലാ രവി കിഷോര്‍ ആണ് രമേശിന് ചോദ്യപേപ്പര്‍ അയച്ചു കൊടുത്തതെന്നും സംശയിക്കപ്പെടുന്നു. ചോദ്യപേപ്പര്‍ രമേശ് 25 ഉദ്യോഗാർഥികള്‍ക്ക് അയച്ചുകൊടുത്തു എന്നും അവരില്‍ നിന്ന് 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ കൈപ്പറ്റി എന്നുമാണ് ആരോപണം. ചോദ്യപേപ്പര്‍ ലഭിച്ച രമേശ് ചാറ്റ്ജിപിടി വഴി ഉത്തരങ്ങള്‍ കണ്ടെത്തി, അവ പരീക്ഷാ ഹാളിലെ ചില ഉദ്യോഗാർഥികള്‍ക്ക് ബ്ലൂടൂത് ഇയര്‍ബഡ്‌സ് വഴി എത്തിച്ചുകൊടുക്കുകയും ചെയ്തു എന്നാണ് കണ്ടെത്തല്‍.

എന്‍വിഡിയ 1 ട്രില്യന്‍ ഡോളര്‍ ക്ലബിലെത്തിയ ആദ്യ ചിപ് നിര്‍മാതാവ്!
ജനറേറ്റീവ് എഐ പ്രൊസസറുകള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ പ്രമുഖ പ്രൊസസര്‍ നിര്‍മാതാവായ എന്‍വിഡിയയുടെ മൂല്യം 1 ട്രില്യന്‍ ഡോളര്‍ കടന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പാദത്തിലെ മാത്രം ലാഭം രണ്ട് ബില്യന്‍ ഡോളറിലേറെയായിരുന്നു. നേരത്തേ ഗ്രാഫിക്‌സ് പ്രൊസസറുകള്‍ മാത്രം നിര്‍മിച്ചിരുന്ന എന്‍വിഡിയ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡേറ്റാ സെന്ററുകള്‍ക്കുള്ള ചിപ്പുകളും നിര്‍മിക്കുന്നുണ്ട്. ഗെയിമിങ്, ക്ലൗഡ് സേവനങ്ങള്‍, ക്രിപ്‌റ്റോകറന്‍സി ഖനനം തുടങ്ങിയവ മുതല്‍എഐ സേര്‍ച്ച് എൻജിനുകള്‍ വരെ ക്ലൗഡ് കേന്ദ്രീകൃതമായി ആണല്ലോ പ്രവര്‍ത്തിക്കുന്നത്. ചാറ്റ്ജിപിടിയുടെ വിജയത്തിനു ശേഷം മൈക്രോസോഫ്റ്റും ഗൂഗിളും പോലെയുള്ള കമ്പനികള്‍ ജനറേറ്റീവ് എഐ സേവനങ്ങള്‍ കൂടുതലായി നല്‍കാന്‍ ശ്രമിക്കുകയാണ് എന്നതും എന്‍വിഡിയ പോലെയുള്ള ചിപ്പ്നിര്‍മാതാക്കളുടെ രാശി തെളിയാന്‍ ഇടയാക്കി.
ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ ചോദിക്കരുതെന്ന് റീട്ടെയ്‌ലര്‍മാരോട് കേന്ദ്രം
ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ അവരുടെ അനുമതി ഇല്ലാതെ റീട്ടെയ്‌ല്‍ വില്‍പനക്കാര്‍ വാങ്ങരുതെന്ന് കേന്ദ്രസർക്കാർ പ്രമുഖ വ്യവസായ സംഘടനകളോട് ആവശ്യപ്പെട്ടു. കച്ചവടക്കാരെ പ്രതിനിധാനം ചെയ്യുന്ന സിസിഐ, എഫ്‌ഐസിസിഐ തുടങ്ങിയ സംഘടനകളോടാണ് ബോധവല്‍ക്കരണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യക്തിക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം ഫോണ്‍ നമ്പര്‍
സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന വ്യക്തിക്ക് ഇഷ്ടമല്ലെങ്കല്‍ അയാളുടെ ഫോണ്‍ നമ്പര്‍ വാങ്ങരുത് എന്ന് റീട്ടെയ്‌ലര്‍മാരോട് ഉപദേശിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇങ്ങനെ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടിവരുന്ന കസ്റ്റമര്‍മാരുടെ സ്വകാര്യ വിവരങ്ങളും ശേഖരിക്കപ്പെട്ടേക്കാം എന്ന പേടി മൂലമാണ് കേന്ദ്രം പുതിയ നിര്‍ദ്ദേശവുമായി എത്തിയിരിക്കുന്നത്. കേന്ദ്രത്തിനു വേണ്ടി കറന്റ് അഫയേഴ്‌സ് സെക്രട്ടറി രോഹിത് കുമാര്‍ സിങ് ആണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആപ്പിളിന്റെ 'മൈ ഫോട്ടോ സ്ട്രീം' സേവനം നിർത്തുന്നു
കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ഏറ്റവും അവസാനം എടുത്ത 1000 ഫോട്ടോകളും വിഡിയോകളും ഓട്ടമാറ്റിക് ആയി ഐക്ലൗഡുമായി സിങ്ക് ചെയ്തിരുന്ന ആപ്പിളിന്റെ 'മൈ ഫോട്ടോ സ്ട്രീം' സേവനം ആപ്പിള്‍ നിർത്തുന്നു. ഐഫോണ്‍, ഐപാഡ്, മാക് ഉപയോക്താക്കള്‍ ആയിരുന്നു ഇതിന്റെ ഗുണഭോക്താക്കള്‍. ഈ സേവനം ജൂലൈ 26 മുതല്‍ നിർത്തുന്നു എന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി, ഒരു മാസം മുമ്പു മുതല്‍ പുതിയ ചിത്രങ്ങളും വിഡിയോകളും ആപ്പിളിന്റെ 'മൈ ഫോട്ടോ സ്ട്രീം' ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യുന്നത് നിർത്തും.
വേണ്ട ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സമയം
ഇങ്ങനെ ഐക്ലൗഡില്‍ അപ് ലോഡ് ചെയ്ത ഫോട്ടോകളും, വിഡിയോകളും ജൂലൈ 26നു ശേഷം മുപ്പതു ദിവസം കൂടി ലഭ്യമയിരിക്കുമെന്നും കമ്പനി അറിയിക്കുന്നു. അതേസമയം, മൈ ഫോട്ടോ സ്ട്രീം, 'ഐക്ലൗഡ് ഫോട്ടോസ്' സേവനം അല്ല എന്നും അറിഞ്ഞിരിക്കണം. ഐക്ലൗഡ് ഫോട്ടോസില്‍ എടുക്കുന്ന ചിത്രങ്ങളുടെ മുഴുവന്‍ റെസലൂഷനും ഉള്ള ചിത്രങ്ങളായിരിക്കും അപ്‌ലോഡ് ചെയ്യപ്പെടുക. ഐഫോണ്‍, ഐപാഡ്, മാക് തുടങ്ങിയ ഉപകരണങ്ങളല്‍ ഫോട്ടോസ് ആപ് തുറന്ന് മൈഫോട്ടോസ് സ്ട്രീം ആല്‍ബം ഇപ്പോള്‍ പരിശോധിച്ചു നോക്കാം. വേണ്ട ചിത്രങ്ങളോ വിഡിയോകളോ അതിലുണ്ടെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
ബെറ്റിങ് ആപ്പുകള്‍ നീക്കംചെയ്യുന്നത് എന്തിനെന്ന് കേന്ദ്രത്തോട് ആപ്പിള്‍
കേന്ദ്ര ഐടി മന്ത്രാലയം ബെറ്റിങ് ആപ്പുകള്‍ തങ്ങളുടെ ആപ് സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആപ്പിളിനോടും ഗൂഗിളിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്‍ പ്രകാരം ഗൂഗിള്‍ അത്തരം ആപ്പുകള്‍ നീക്കംചെയ്തു. അതേസമയം, ഇങ്ങനെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടാനുള്ള കാരണം ആപ്പിള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു എന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആപ്പുകള്‍ എന്തുകൊണ്ട് നീക്കം ചെയ്യണമെന്നതിന് വ്യക്തമായ കാരണമോ നിയമപരമായ ആവശ്യമോ പറയാനാണ് ആപ്പിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
English Summary: Telangana PSC paper leak: Candidates use AI based ChatGPT to Crack Exams