ഇന്റര്‍നെറ്റ് ഓഫ് തിങ്സില്‍ വന്‍ സാധ്യതകള്‍ തുറക്കുന്ന തദ്ദേശീയ സംവിധാനങ്ങള്‍ വികസിപ്പിക്കാനായി സിലിസിയം സര്‍ക്യൂട്ട് - ഐഐടി കാൻപുരിന് കേന്ദ്ര ഇലക്ട്രോണിക്‌സ് വിവര സാങ്കേതികവിദ്യാ മന്ത്രാലയത്തില്‍നിന്ന് അഞ്ചു കോടി രൂപയുടെ പ്രോജക്ട് ലഭിച്ചു. മന്ത്രാലയത്തിന്റെ ചിപ്‌സ് ടു സ്റ്റാര്‍ട്ട് പദ്ധതിക്കു കീഴിലുള്ള ഈ ഗ്രാന്റ് ഇന്‍ എയ്ഡ് പ്രോജക്ട് ഐഐടി കാൻപുരുമായി ചേര്‍ന്നാണ് നടപ്പാക്കുക.
സെമികണ്ടക്ടര്‍ ഐപി വിജയകരമായി അവതരിപ്പിച്ച, കേരളത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ടപ്പാണ് സിലിസിയം സര്‍ക്യൂട്ട്സ്. ഇന്റര്‍നെറ്റ് ഓഫ് തിങ്സിന്റെ വിപുലമായ ഉപയോഗങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം, കുറഞ്ഞ വൈദ്യുത ഉപഭോഗം, കൂടുതല്‍ സൗകര്യങ്ങള്‍ എന്നിവ നല്‍കുന്ന അത്യാധുനിക സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് മൂന്നു വര്‍ഷത്തെ പ്രോജക്ടിന്റെ ലക്ഷ്യം. ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കും വിധം പുതുതലമുറ ചിപ് ഡിസൈനര്‍മാരുടെ നൈപുണ്യം വര്‍ധിപ്പിക്കുകയാണ് ചിപ് ടു സ്റ്റാര്‍ട്ടപ് പദ്ധതിയിലൂടെ ഇലക്ട്രോണിക്‌സ് വിവര സാങ്കേതികവിദ്യാ മന്ത്രാലയം ലക്ഷ്യമിടുന്നത്.
സിലിസിയം സര്‍ക്യൂട്ട്‌സ് വികസിപ്പിച്ചെടുത്ത സെമികണ്ടക്ടര്‍, ഐപി മെക്കര്‍ വില്ലേജില്‍ അടുത്തിടെ നടന്ന ജി20 ഡിജിറ്റല്‍ ഇന്നവേഷന്‍ അലയന്‍സ് പരിപാടിയില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ തദ്ദേശീയ ഐപികള്‍ പ്രോല്‍സാഹിപ്പിക്കാനായി നടത്തുന്ന നീക്കങ്ങളുടെ കാര്യത്തില്‍ ഒരു നാഴികക്കല്ലാണ് സിലിസിയം സര്‍ക്യൂട്ട്‌സ് അവതരിപ്പിച്ച സെമികണ്ടക്ടര്‍. ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധ പദ്ധതികളില്‍ നിര്‍ണായക മുന്നേറ്റമാവും ഈ ചിപ്പുകളുടെ ഉപയോഗം വഴി സാധ്യമാകുക.
സിലിസിയത്തിന് ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ആൻഡ് സെമികണ്ടക്ടര്‍ അസോസിയേഷന്റെ, ഏറ്റവും സാധ്യതകളുള്ള സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ടപ്പിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ടെലികോം വകുപ്പിന്റെ ടെലികോം സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രകാരം 40 ലക്ഷം രൂപയും ഐഐടി ഡല്‍ഹിയുടെ ഫൗണ്ടേഷന്‍ ഫോര്‍ ഇന്നവേഷന്‍ ആൻഡ് ടെക്‌നോളജി ട്രാന്‍സ്ഫര്‍ പ്രകാരമുള്ള സമൃദ്ധി പദ്ധതി വഴി 40 ലക്ഷം രൂപയും ഐഐടി ബോംബെയില്‍ നിന്നുള്ള സാങ്കേതികവിദ്യാ വികസന ഗ്രാന്റ് പ്രകാരം 50 ലക്ഷം രൂപയും ലഭിച്ചിരുന്നു.
ഐഐടി ഹൈദരാബാദിലെ ഫാബ്‌സിഐ, മേക്കര്‍ വില്ലേജ്, കേരളാ സ്റ്റാര്‍ട്ടപ് മിഷന്‍, കേരള ഡിജിറ്റല്‍ സര്‍വകലാശാല, രാജഗിരി എൻജിനീയറിങ് കോളജ് തുടങ്ങിയവ തദ്ദേശീയ ഐപികള്‍ വികസിപ്പിക്കാന്‍ നടത്തുന്ന സംയുക്തമായ നീക്കങ്ങള്‍ക്കുള്ള മികവിന്റെ സാക്ഷ്യപത്രങ്ങള്‍ കൂടിയാണ് ഈ പുരസ്‌കാരങ്ങള്‍.
English Summary: Silizium Circuits, a Kerala-based startup, has won a ₹5 crore project