ഐഒഎസ് ഉപയോക്താക്കള്‍ക്കു വേണ്ടിയുള്ള ചാറ്റ്ജിപിടി ആപ്ലിക്കേഷന്‍ കൂടുതല്‍ രാജ്യങ്ങളില്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ഇന്ത്യ അടക്കം 32 രാജ്യങ്ങളിലെ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇനി ചാറ്റ്ജിപിടി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്ത് ഉപയോഗിക്കാനാവും. വെബ് സൈറ്റിനെ അപേക്ഷിച്ച് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ എളുപ്പമാണെന്നതിനാല്‍ ആപ്പിന്റെ വരവ് ചാറ്റ് ജിപിടിയുടെ പ്രചാരം കൂടുതല്‍ വര്‍ധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഇക്കഴിഞ്ഞ മെയ് 18നാണ് ചാറ്റ്ജിപിടിയുടെ ഐഒഎസ് ആപ്ലിക്കേഷന്‍ ഓപ്പണ്‍എഐ പുറത്തിറക്കിയത്. ആറു ദിവസം കൊണ്ട് അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍ സംഭവിച്ചതോടെ അമേരിക്കയിലെ ചാറ്റ്ജിപിടി ആപ്പിന്റെ വരവ് വന്‍വിജയമായി. പിന്നീട് ഫ്രാന്‍സ്, ജര്‍മനി, അയര്‍ലണ്ട്, ന്യുസീലാന്‍ഡ്, നൈജീരിയ, സൗത്ത് കൊറിയ, യുകെ എന്നിങ്ങനെ 11 രാജ്യങ്ങളില്‍ കൂടി ചാറ്റ് ജിപിടി എത്തി.
ഇപ്പോഴിതാ ഇന്ത്യക്കു പുറമേ അര്‍മേനിയ, അള്‍ജീരിയ, അസര്‍ബെയ്ജാന്‍, ബൊളീവിയ, ബ്രസീല്‍, കാനഡ, ചിലെ, കോസ്റ്റാറിക്ക, ഇക്വാഡോര്‍, എസ്‌തോണിയ, ഘാന, ഇറാഖ്, ഇസ്രയേല്‍, ജപ്പാന്‍, ജോര്‍ദാന്‍, ഖസാകിസ്താന്‍, കുവൈത്ത്, ലെബനന്‍, ലിത്വേനിയ, മൗറിത്താനിയ, മൗറീഷ്യസ്, മെക്‌സിക്കോ, മൊറോക്കോ, നമീബിയ, നൗറു, ഒമാന്‍, പാകിസ്താന്‍, പെറു, പോളണ്ട്, ഖത്തര്‍, സ്ലൊവേനിയ, ടുണീഷ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്കു കൂടി ചാറ്റ്ജിപിടിയുടെ ഐഒഎസ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നു.
ചാറ്റ്ജിപിടി അവതരിപ്പിച്ചപ്പോള്‍ മുതല്‍ കാത്തിരുന്ന വോയ്‌സ് ഇന്‍പുട്ട് ആപ്ലിക്കേഷനില്‍ ഓപ്പണ്‍ എഐ നല്‍കിയിട്ടുണ്ട്. ഓപ്പണ്‍ സോഴ്‌സ് സ്പീച്ച് റെക്കഗ്നിഷന്‍ സംവിധാനമായ വിസ്പറാണ് ഓപ്പണ്‍എഐ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇനിമുതല്‍ മെസേജ് ബാറിലെ മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക്കു ചെയ്ത് വോയ്‌സ് ഇന്‍പുട്ട് വളരെയെളുപ്പം ചാറ്റ്ജിപിടി ആപ്പില്‍ നല്‍കാനാവും.
വെബ്‌സൈറ്റുവഴി ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്നവരുടെ പ്രധാന പരാതി ഓരോ തവണയും ബ്രൗസര്‍ തുറന്ന് വെബ്‌സൈറ്റിൽ ലോഗിന്‍ ചെയ്ത ശേഷം ഉപയോഗിച്ചു തുടങ്ങണമെന്നതായിരുന്നു. ആ സൈറ്റ് രീതി ഐഒഎസ് ആപ്പിലേക്കെത്തിയപ്പോള്‍ മാറിയിരിക്കുന്നു. മറ്റേതൊരു ആപ്ലിക്കേഷനും പോലെ ഒറ്റ ടച്ചില്‍ ചാറ്റ്ജിപിടി ആപ്പും ഇനി തുറക്കാം. വെബ് സൈറ്റ് തുറക്കുമ്പോഴുള്ള സമയം എടുക്കലും ചാറ്റ്ജിപിടി ആപ്പിനില്ല.
ഓഫ്‌ലൈനായിരിക്കുമ്പോഴും നിങ്ങള്‍ക്ക് ഉപയോഗിക്കാനാവുമെന്നതാണ് വെബ് സൈറ്റിനില്ലാത്ത ആപ്പിനുള്ള മറ്റൊരു മികവ്. മെനു ഐക്കണിലെ ഹിസ്റ്ററി തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് നേരത്തെ നടത്തിയ തിരച്ചിലുകള്‍ കാണാനാവും. ഇതില്‍ ഏതെങ്കിലും തെരഞ്ഞെടുത്താല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും നിങ്ങള്‍ നേരത്തെ ചാറ്റ്ജിപിടിയില്‍ നടത്തിയ തിരച്ചിലുകളുടെ വിശദാംശങ്ങളറിയാനാവും.
English Summary: Open AI Launches Chat GPT For Iphone Users