ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ 699 രൂപ മാസവരി നല്‍കി ‘മെറ്റാ വേരിഫൈഡ്’എന്ന സീലോടെ ഉപയോഗിക്കാൻ ഇന്ത്യൻ ഉപഭോക്താക്കൾക്കും അവസരം. വേരിഫൈ ചെയ്യുന്ന ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മറ്റാരും തട്ടിയെടുക്കാതെ സംരക്ഷിക്കുമെന്നാണ് മെറ്റാ പറയുന്നത്. ഇന്ത്യയ്ക്കൊപ്പം ബ്രിട്ടൻ, കാനഡ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും അക്കൗണ്ട് വേരിഫൈ ചെയ്യാൻ സംവിധാനമൊരുങ്ങി.
എങ്ങനെ വേരിഫൈ ചെയ്യാം?
നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ വേരിഫൈ ചെയ്യാന്‍ സാധിക്കുന്നത്. ഇന്റര്‍നെറ്റ് ബ്രൗസര്‍ വഴിയും വേരിഫൈ ചെയ്യാന്‍ താമസിയാതെ അവസരം ലഭിക്കും.

ബിസിനസ് സ്ഥാപനങ്ങളെ മെറ്റാ പിഴിഞ്ഞേക്കും
ഇപ്പോള്‍ ബിസിനസ് സ്ഥാപനങ്ങള്‍ വേരിഫൈ ചെയ്യേണ്ടതില്ലെന്നു മെറ്റാ വ്യക്തമാക്കുന്നു. അവര്‍ക്കുള്ള മാസവരി എത്രയാണെന്നു തീരുമാനിച്ചിട്ടില്ല. ഉചിതമായ സംഖ്യ തീരുമാനിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. പല കമ്പനികളും മെറ്റായുമായി അത്ര സൗഹൃദത്തിലല്ലായിരുന്നു എന്നതു കൂട്ടിവായിച്ചാല്‍, വരുന്നത് എന്താണെന്നു വ്യക്തമായേക്കും.

എങ്ങനെയാണ് വേരിഫൈ ചെയ്യുക?
ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ എത്ര പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട് എന്നും അവ സജീവമായി ഉപയോഗിക്കുന്നുണ്ടോ എന്നും കമ്പനി നോക്കും. അപേക്ഷിക്കുന്നയാള്‍ക്ക് 18 വയസ്സ് തികഞ്ഞോ എന്നും നോക്കിയ ശേഷമായിരിക്കും അക്കൗണ്ട് വേരിഫൈ ചെയ്യുക.
പണമടയ്ക്കല്‍
ഏത് അക്കൗണ്ട് ആണ് വേരിഫൈ ചേയ്യേണ്ടത് എന്ന് തീരുമാനിച്ച ശേഷം ഏതുരീതിയിലാണ് പണമടയ്ക്കുക എന്ന കാര്യം തീരുമാനിക്കണം.
വേരിഫിക്കേഷന്‍
വേരിഫൈഡ് അക്കൗണ്ട് വേണ്ടവര്‍ സർക്കാർ നല്‍കിയിരിക്കുന്ന, ഫോട്ടോ പതിച്ച ഐഡി പ്രൂഫ് തന്നെ സമര്‍പ്പിക്കണം. ഐഡിപ്രൂഫിലെ ഫോട്ടോയും ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഉള്ള പ്രൊഫൈല്‍ ചിത്രവുമായി ഒത്തുനോക്കിയ ശേഷമായിരിക്കും വേരിഫൈഡ് ചിഹ്നം നല്‍കുക. മെറ്റാ അപേക്ഷ തള്ളിക്കളഞ്ഞാല്‍, അടയ്ക്കുന്ന പണം തിരിച്ചു കിട്ടും.
മസ്‌ക് തുറന്നുവിട്ട ഭൂതം
പ്രധാന സമൂഹ മാധ്യമങ്ങളായാലും ഗൂഗിള്‍ സേര്‍ച്ച്, മെയില്‍ പോലെയുള്ള സംവിധാനങ്ങളായാലും ഫ്രീയായി പ്രവര്‍ത്തിക്കുകയും അതില്‍നിന്ന് ഭീമമായ ലാഭമുണ്ടാക്കുകയും ചെയ്തിരുന്നു. തങ്ങളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിച്ച പലരും പണമടച്ച്, തങ്ങളുടെ ഡേറ്റ സ്വകാര്യമായി സൂക്ഷിക്കണം എന്നൊക്കെയുള്ള ആവശ്യങ്ങള്‍ ഉയർത്തിയെങ്കിലും അതൊന്നും കേട്ടതായി നടിക്കാതിരിക്കുകയായിരുന്നു സ്വകാര്യ കമ്പനികള്‍. എന്നാല്‍, ഇലോണ്‍ മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം, നില്‍ക്കക്കളളി ഇല്ലെന്നു കണ്ടപ്പോള്‍ മാസവരിസംഖ്യ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചു. അതോടെ, കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരുന്ന മെറ്റാ കമ്പനിയും അതൊരു അവസരമാക്കുകയായിരുന്നു. സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തില്‍ കുപ്രസിദ്ധരായ സ്വകാര്യ കമ്പനികള്‍ക്ക്, സർക്കാർ ഐഡിയും മറ്റും നല്‍കി അക്കൗണ്ട് നിലനിര്‍ത്താന്‍ ഇപ്പോള്‍ അധികം പേര്‍ മുന്നോട്ടുവന്നേക്കില്ല. എന്നാല്‍ സെലബ്രിറ്റികളും മറ്റും ഇതു ചെയ്‌തേക്കും. അതു കൂടാതെ, ഭാവിയില്‍ വരിസംഖ്യ അടച്ചുള്ള സമൂഹ മാധ്യമ ഉപയോഗം എന്ന ആശയം കൂടുതലായി പ്രചരിക്കപ്പെടാനും വഴിയുണ്ട്.

താന്‍ ചാറ്റ്ജിപിറ്റി ഉപയോഗിക്കുന്നുണ്ടെന്ന് കുക്ക്
വൈറല്‍ എഐ സേര്‍ച് സംവിധാനമായ ചാറ്റ്ജിപിടി താനും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് വെളിപ്പെടുത്തി ആപ്പിള്‍ കമ്പനി മേധാവി ടിം കുക്ക്. എബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് കുക്ക് ഇക്കാര്യം പറഞ്ഞത്. ആപ്പിള്‍ ഉപകരണങ്ങളിൽ എഐ ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ അത് എഐ ആണെന്ന് ഉപയോക്താക്കള്‍ക്ക് തോന്നുന്നില്ലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ചാറ്റ്ജിപിടിയെ സശ്രദ്ധം വീക്ഷിക്കുന്നുണ്ട്, അതിലും ഗൂഗിള്‍ ബാര്‍ഡിലും പ്രതീക്ഷ പകരുന്ന സാങ്കേതികവിദ്യയാണ് ഉള്ളതെന്നും കുക്ക് പറഞ്ഞു. എഐയെക്കുറിച്ചുള്ള ഭീതിയെക്കുറിച്ചും കുക്ക് പ്രതികരിച്ചു: സർക്കാരുകളല്ല, അവ ഇറക്കുന്ന കമ്പനികള്‍ തന്നെയാണ് നിയന്ത്രണം പാലിക്കേണ്ടത് എന്നാണ് കുക്ക് പറഞ്ഞത്. ഐഒഎസ് 17ന്റെ കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിങ്ങില്‍ എഐയുടെ മാസ്മരികത വിസ്മയിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.
എആര്‍ ഹെഡ്‌സെറ്റ് നിര്‍മാണ കമ്പനി ആപ്പിള്‍ ഏറ്റെടുത്തു
ലൊസാഞ്ചലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് നിര്‍മാണ കമ്പനിയായ മിറയെ (Mira) ഏറ്റെടുത്തിരിക്കുകയാണ് ആപ്പിള്‍. അമേരിക്കന്‍ സൈന്യത്തിനും സ്വകാര്യ കമ്പനികള്‍ക്കും അടക്കം ഹെഡ്‌സെറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയാണ് മിറ. തങ്ങളുടെ ആദ്യത്തെ ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോ പുറത്തിറക്കി അടുത്ത ദിവസം തന്നെയാണ് ആപ്പിള്‍, മിറ ഏറ്റെടുത്തതെന്നതും ടെക്‌നോളജി വൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. വിഷന്‍പ്രോ പുറത്തിറക്കുക വഴി കടുത്ത സാഹസമാണ് കമ്പനി നടത്തിയിരിക്കുന്നതെന്ന് കമ്പനിക്കുള്ളിലും പുറത്തും അഭിപ്രായമുണ്ട്. ഹെഡ്‌സെറ്റ് അടുത്ത വര്‍ഷം ആദ്യം മാത്രമായിരിക്കും വില്‍പനയ്‌ക്കെത്തുക. അതിലുള്ളത് പക്വത വരാത്ത സാങ്കേതികവിദ്യയാണ് എന്നാണ് പ്രധാന ആരോപണം.

മിറ കമ്പനിക്ക് ഇപ്പോള്‍ അമേരിക്കന്‍ വ്യോമസേനയുമായും നാവിക സേനയുമായും ചെറിയ കരാറുകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാവിക സേനയുമായി 702,351 ഡോളറിന്റെ കരാര്‍ മാത്രമാണ് ഉള്ളത്. മിറയെ ഏറ്റെടുത്തെന്ന വാര്‍ത്ത ആപ്പിളിന്റെ വക്താവ് ശരിവച്ചു. ചെറിയ ടെക്‌നോളജി കമ്പനികളെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഏറ്റെടുക്കാറുണ്ടെന്നും അത് എന്തിനാണെന്ന് ചര്‍ച്ച ചെയ്യുന്ന പതിവില്ലെന്നും കമ്പനി പറഞ്ഞു. മിറയിലെ ജീവനക്കാരില്‍ 11 പേരെയെങ്കിലും ആപ്പിള്‍ സ്വീകരിക്കുന്നു എന്നും ദ് വേര്‍ജ്പറയുന്നു. എന്നാല്‍, ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ മിറ കമ്പനിയോ അതിന്റെ മേധാവി ബെന്‍ ടാഫ്‌റ്റോ തയാറായില്ലെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രൊഫഷണലുകള്‍ക്കുള്ള കംപ്യൂട്ടര്‍ അക്‌സസറികളുമായി എച്പി
പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാണ കമ്പനിയായ എച്പി പ്രഫഷനലുകള്‍ക്കായി ഏതാനും അനുബന്ധ ഉപകരണങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വയര്‍ലെസ് ഇയര്‍ബഡ്‌സ്, വെബ്ക്യാം, വളവുള്ള മോണിറ്റര്‍, തണ്ടര്‍ബോള്‍ട്ട് ഡോക്, വെര്‍ട്ടിക്കല്‍ മൗസ് എന്നിവയാണ് പുറത്തിറക്കിയത്. അഡാപ്റ്റിവ് ആക്ടിവ് വോയസ് ക്യാന്‍സലേഷന്‍ ഉള്ള പോളിഗണ്‍ വോയജര്‍ ഫ്രീ 60 യുസി വയര്‍ലെസ് ഇയര്‍ബഡ്‌സിന്റെ വില 41,999 രൂപ മുതലാണ്. ഇ45സി എന്ന പേരില്‍ ഇറക്കിയിരിക്കുന്ന മോണിട്ടറിന് 1,26,631 രൂപയാണ് എംആര്‍പി. വെബ്ക്യാമിന്റെ പേര് 960 4കെ എന്നാണ്. വില 18,999 രൂപ. 925 എര്‍ഗണോമിക് വെര്‍ട്ടിക്കല്‍ മൗസിന് 8,999 രൂപ നല്‍കണം. യുഎസ്ബി-സി ജ4 ഡോക്കിന്റെ വില 19,500 രൂപയാണ്.
ഭ്രമിപ്പിക്കുന്ന ഗെയിമായി ഡയബ്ലോ 4
തങ്ങളുടെ എക്കാലത്തെയും ഏറ്റവും വേഗം വിറ്റു പോയ ഗെയിം എന്ന പേരിന് അര്‍ഹമായിരിക്കുകയാണ് ഡയബ്ലോ 4 (Diablo IV) എന്ന് ഗെയിം വികസിപ്പിക്കുന്ന കമ്പനിയായ ബ്ലിസഡ്. എന്നാല്‍ കമ്പനി വ്യക്തമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍പറയുന്നു. ഡയബ്ലോ 4ന്റെ സ്റ്റാൻഡേര്‍ഡ് വേര്‍ഷന്റെ വില 5,599 രൂപയാണ്. ഡീലക്‌സ്, അള്‍ട്ടിമേറ്റ് എഡിഷനുകള്‍ക്ക് യഥാക്രമം 7,199 രൂപ, 7,999 രൂപ എന്നിങ്ങനെയാണ് വില.
English Summary: After Twitter, Meta platforms Instagram and Facebook gain paid verified checkmarks as well.