ADVERTISEMENT

വേള്‍ഡ്‌വൈഡ് ഡവലപ്പര്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി, ആപ്പിള്‍ കമ്പനി വിദ്യാര്‍ഥികള്‍ക്കായി എല്ലാ വര്‍ഷവും നടത്തുന്ന സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ച് മത്സരത്തിലെ ഈ വര്‍ഷത്തെ വിജയികളില്‍ ഒരാള്‍ ഇന്ത്യക്കാരിയാണ്. മെഡി-ക്യാപ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന, ഇന്‍ഡോറില്‍ നിന്നുള്ള 20 വയസുകാരിയായ അസ്മി ജെയിന്‍ ആണ് ആ വിജയി. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ആപ്പിള്‍ മേധാവി ടിം കുക്ക് അസ്മിയോട് സംസാരിച്ചത്. 'ഇന്ത്യയിലെ ഐഒഎസ് ഡവലപര്‍ കമ്യൂണിറ്റി അംഗങ്ങളുമായി സംസാരിക്കാനായത് മികച്ച അനുഭവമായിരുന്നു എന്നും, അസ്മിയുടെ  നേട്ടം, രാജ്യത്തെ സർഗാത്മകതയുടെയും മികവിന്റെയും പ്രതിഫലനമാണെന്നും' ആയിരുന്നു, കുക്കിന്റെ പ്രതികരണം

അസ്മി ചെയ്തത് എന്ത്?

 സുഹൃത്തിന്റെ ബന്ധുവിന്  ഒരു ബ്രെയ്ൻ സര്‍ജറി വേണ്ടിവരികയും, അതിനു ശേഷം ഇരു കണ്ണുകളും തമ്മില്‍ പൊരുത്തത്തോടെ പ്രവര്‍ത്തിക്കാനാകുന്നില്ലെന്നുള്ള പ്രശ്‌നം ഉണ്ടായി, മുഖം മരവിപ്പുമുണ്ടായി എന്ന് അസ്മി പറയുന്നു. ഇതു കണ്ടറിഞ്ഞാണ് അസ്മി കണ്ണിനു പ്രശ്‌നമുള്ളവര്‍ക്കായി ഐട്രാക്കിങ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താവുന്ന ആപ്പ് ആപ്പിളിന്റെ സ്വിഫ്റ്റ് പ്ലേഗ്രൗണ്ടസ് പ്രയോജനപ്പെടുത്തി സൃഷ്ടിച്ചത്. ഈ ആപ്പ് ഉപയോഗിച്ച് കണ്ണിന്റെ മസിലുകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കാം. ഈ നേട്ടത്തിനാണ്ആപ്പിള്‍, അസ്മിയെയും ഈ വര്‍ഷത്തെ ചലഞ്ച് വിജയികളില്‍ ഒരാളായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം വരെ ആഗോള തലത്തില്‍ 350 പേരെയാണ് വിജയികളായി തിരഞ്ഞെടുത്തിരുന്നത്. ഈ വര്‍ഷം ആപ്പിള്‍ ആദ്യമായി 375 പേരെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 

എന്താണ് സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ച്?

Apple-WWDC-2023-JPG

ഐപാഡിലും മാക്കിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ആപ്പാണ് സ്വിഫ്റ്റ് പ്ലേഗ്രൗണ്ട്സ്. ആപ്പിളിന്റെ ശക്തമായ പ്രോഗ്രാമിങ് ഭാഷയായ സ്വിഫ്റ്റ് ഉപയോഗിച്ച് പഠിക്കാന്‍ അനുവദിക്കുന്ന ഒന്നാണിത്. സ്വിഫ്റ്റ് ഉപയോഗിച്ചാണ് ഐഒഎസിലെ ഇന്നത്തെ പ്രധാനപ്പെട്ട ആപ്പുകളെല്ലാം പ്രൊഫഷണലുകളായ ഡവലപ്പര്‍മാര്‍ സൃഷ്ടിച്ചിരിക്കുന്നത്. കോഡിങ് പരിജ്ഞാനം ഇല്ലാത്തവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് സ്വിഫ്റ്റ് പ്ലേഗ്രൗണ്ട്. അതിനാല്‍ തന്നെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷിച്ചുനോക്കുകയും ചെയ്യാം. ചെറിയ പസിലുകള്‍ക്ക് ഉത്തരം നൽകി അനുവദിക്കുന്ന ഒന്നാണ് സ്വിഫ്റ്റ് എന്ന് ആപ്പിള്‍ പറയുന്നു. സ്വിഫ്റ്റിന്റെ സാധ്യതകള്‍ മുതലാക്കി ഉപകാരപ്രദമായ ആപ്പുകള്‍ സൃഷ്ടിക്കാനാണ് ആപ്പിള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന വെല്ലുവിളി. ഇതാണ് സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ച്.

സാം ആള്‍ട്ട്മാന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യക്കാര്‍

ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ സന്ദര്‍ശിക്കുയാണല്ലോ എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐ കമ്പനിയുടെ മേധാവി സാം ആള്‍ട്ട്മാന്‍. രാജ്യത്ത് വിവിധ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുത്ത് നിരവധി ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരുന്നു. എന്നാല്‍, ഗൂഗിള്‍ ഇന്ത്യയുടെ മുന്‍ മേധാവി രാജന്‍ ആനന്ദന്‍ സാമിനോടു ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ ഉത്തരവുമാണ് ഇപ്പോള്‍ സംസാരവിഷയം. ഫൗണ്ടേഷണല്‍ എഐ മോഡല്‍ ഇന്ത്യയിലെ ഒരു സ്റ്റാര്‍ട്ട്അപ് കമ്പനി വികസിപ്പിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചായിരുന്നു ആ ചോദ്യം. 

പ്രതീക്ഷയ്ക്കു വകയില്ലെന്ന് സാം, ഒരുകൈ നോക്കാന്‍ ഇന്ത്യന്‍ ബിസിനസുകാര്‍

അതിന് സാം നല്‍കിയ ഉത്തരം, ഫൗണ്ടേഷണല്‍ എഐ പ്രവര്‍ത്തിക്കുന്ന രീതി വച്ചു പറഞ്ഞാല്‍, അതു നിങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുക എന്നു പറയുന്നതില്‍ യാതൊരു പ്രതീക്ഷയ്ക്കും വകയില്ല. എന്നാല്‍ നിങ്ങള്‍ പരീക്ഷിച്ചു നോക്കാതിരിക്കേണ്ട, എന്നായിരുന്നു. എന്തായാലും, താമസിയാതെ രാജന്‍ ട്വിറ്ററിലെത്തി ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളോട് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ടെക് മഹീന്ദ്രയുടെ മേധാവി സിപി ഗുരാനി, ഗൂഗിള്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് പീയുഷ് രഞ്ജന്‍ തുടങ്ങിയവര്‍ തങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുക്കുന്നുഎന്നാണ് പറഞ്ഞിരിക്കുന്നത്.

താന്‍ നല്‍കിയ ഉത്തരത്തെ വളച്ചൊടിച്ചു എന്ന് സാം

ഇതിനോടു പ്രതികരിക്കാനും സാം മറന്നില്ല: തന്നോട് രാജന്‍, ചോദിച്ചത് 10 ദശലക്ഷം ഡോളര്‍ കൈവശമുള്ള ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടഅപ് കമ്പനിക്ക് ഓപ്പണ്‍എഐ പോലെയുള്ള കമ്പനികളോട് മത്സരിക്കാനാകുമോ എന്നാണെന്നും, അതിനു താന്‍ നല്‍കിയ ഉത്തരത്തെ വളച്ചൊടിച്ചാണ് പുതിയ വാദപ്രതിവാദങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും സാം പ്രതികരിച്ചു . ഇന്ത്യന്‍ സ്റ്റാര്‍ട്അപ് കമ്പനികള്‍ക്ക് മികച്ച എഐ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ യാതൊരുസംശയവുമില്ലെന്നും സാം പറഞ്ഞതായി റിപ്പോർട്ടുകൾ.

വേരിഫൈഡ് ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കാന്‍ ട്വിറ്റര്‍

ഇലോൺ മസ്ക്. Photo by Michael Gonzalez / GETTY IMAGES NORTH AMERICA / Getty Images via AFP
ഇലോൺ മസ്ക്. Photo by Michael Gonzalez / GETTY IMAGES NORTH AMERICA / Getty Images via AFP

ട്വിറ്ററില്‍ സ്വന്തം സൃഷ്ടികള്‍ പബ്ലിഷ് ചെയ്യുന്ന ക്രിയേറ്റര്‍മാരുടെ പേജില്‍ വരുന്ന പരസ്യങ്ങള്‍ക്ക് ഇനി പണം നല്‍കുമെന്ന് കമ്പനിയുടെ പുതിയ ഉടമ ഇലോണ്‍ മസ്‌ക്. പക്ഷെ, ഒരു നിബന്ധനയുണ്ട്. സൃഷ്ടാവ് ട്വിറ്റര്‍ വേരിഫൈഡ് ആയിരിക്കണം. ഇതിന്റെ ആദ്യ ഗഡുവായി ഏകദശം 5 ദശലക്ഷം ഡോളര്‍ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ബിങ് ഇമേജ് ക്രിയേറ്റര്‍ ഒന്നു പരീക്ഷിച്ചു നോക്കണ്ടേ?

ടെക്‌നോളജിയില്‍ വരുന്ന മാറ്റങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ താത്പര്യം കാണിക്കാത്തവരായി ആരുംതന്നെയില്ല. അത്തരത്തിലൊന്നാണ് എഐ ശക്തിപകരുന്ന ബിങ് ഇമേജ് ക്രിയേറ്റര്‍. മൈക്രോസോഫ്റ്റിന്റെ സേര്‍ച് എഞ്ചിനായ ബിങ്.കോമില്‍ ഒരു ചിത്രത്തിനു വേണ്ടി തിരഞ്ഞ് സമയം കളയേണ്ട. മറിച്ച് വാക്കുകള്‍ ഉപയോഗിച്ച് ഒരു വിവരണം നല്‍കിയാല്‍ മതി. അത് സൃഷ്ടിച്ചു തരും. ഡാല്‍-ഇ, മിഡ്‌ജേണി തുടങ്ങി പല എഐ ഇമേജ് ക്രിയേറ്ററുകളും ഇപ്പോള്‍ നിലവിലുണ്ട്. വാക്കാലുള്ള ഒരു കമാന്‍ഡ് നല്‍കി ഒരാളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഒരു ചിത്രം തന്നെ സൃഷ്ടിച്ചെടുക്കാമെന്നതാണ് ഇവയുടെ സവിശേഷത. 

കല്ല്യാണ ക്ഷണക്കത്തിലോ, പിറന്നാള്‍ ആഘോഷത്തിനോ, അങ്ങനെയുള്ള നിരവധി അവസരങ്ങളിലോ മറ്റാരും ഉപയോഗിക്കാത്ത ഒരു ചിത്രം സൃഷ്ടിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. അതെല്ലാം ഇപ്പോള്‍ ബിങ് സേര്‍ച്ചല്‍ ഇപ്പോള്‍ സാധ്യമാണ്. ബിങില്‍ എഐ പ്രവര്‍ത്തിക്കുന്നത്ചാറ്റിലാണ്. ചാറ്റ് നടത്തുന്നതിനിടയിലും ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിച്ചു തരാന്‍ ആവശ്യപ്പെടാം. ചാറ്റ്ജിപിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന അതേ സാങ്കേതികവിദ്യ തന്നെയാണ് ബിങ് ചാറ്റിലും ഉള്ളതെങ്കിലും, ചാറ്റ്ജിപിറ്റിയുടെ വരിസംഖ്യ നല്‍കിയുള്ള സേവനം പോലും ബിങില്‍ ഫ്രീയാണ്. അക്കൗണ്ട് സൃഷ്ടിക്കണം എന്നു മാത്രം. അതിനും പണം നല്‍കേണ്ട. 

എങ്ങനെ വേണമെങ്കിലും കമാന്‍ഡ് നല്‍കാം

ഉദാഹരണത്തിന് ബിങ് ഇമേജ് ക്രിയേറ്ററില്‍ 'തൊപ്പിയും സണ്‍ഗ്ലാസും ധരിച്ച ഒരു പട്ടി' എന്ന കമാന്‍ഡ് ഇംഗ്ലിഷില്‍ നല്‍കിയാല്‍ അത് സൃഷ്ടിച്ചു തരും. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള കമാന്‍ഡുകള്‍ നല്‍കി ചിത്രങ്ങള്‍ സൃഷ്ടിച്ചെടുക്കാം. 

നെറ്റ്ഫ്‌ളിക്‌സിന്റെ സബ്‌സ്‌ക്രൈബര്‍മാര്‍ വര്‍ദ്ധിക്കുന്നു

(FILES) In this file photo taken on September 14, 2022 the Netflix logo is seen at the Netflix Tudum Theater in Los Angeles, California. - Netflix on January 19, 2023 said global subscribers to its streaming service jumped to more than 230 million people in the last three months of last year as hits such as "Wednesday" and "Harry & Meghan" drew in new viewers. (Photo by Patrick T. FALLON / AFP)
(FILES) In this file photo taken on September 14, 2022 the Netflix logo is seen at the Netflix Tudum Theater in Los Angeles, California. - Netflix on January 19, 2023 said global subscribers to its streaming service jumped to more than 230 million people in the last three months of last year as hits such as "Wednesday" and "Harry & Meghan" drew in new viewers. (Photo by Patrick T. FALLON / AFP)

പ്രമുഖ ഓടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധന. ഒരു നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രൈബര്‍, തന്റെ പാസ്‌വേഡ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങൾ വന്നതോടെയാണ് വരിക്കാരുടെ എണ്ണത്തില്‍  വര്‍ദ്ധന വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഓഹരി വിപണിയില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ഷെയറുകള്‍ക്ക് 2.3 ശതമാനം ഉയർച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

English Summary: Musk announced that content creators associated with Twitter will get money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com