വിവാഹേതര ബന്ധങ്ങൾക്കു നിരോധനവുമായി ചൈനീസ് കമ്പനി

Mail This Article
വിവാഹേതര ബന്ധങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനു നിരോധിക്കാനാകുമോ?. ഷെജിയാങ് (Zhejiang) കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ടെക്‌നോളജി കമ്പനി അവതരിപ്പിച്ച പുതിയ നിയമം വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സൗത്ത് ചൈനാ മോണിങ് പോസ്റ്റ് എന്ന മീഡിയ പോര്‍ട്ടലാണ് ഈ വിവാദ സംഭവം റിപ്പോര്‍ട് ചെയ്തത് . കിഴക്കന്‍ ചൈനയില്‍പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിവാഹിതരായ ജോലിക്കാര്‍ സ്വന്തം ഭാര്യമാരോടും ഭര്‍ത്താക്കന്മാരോടും അങ്ങേയറ്റം വിശ്വസ്തത പുലര്‍ത്തണം എന്നാണ് കമ്പനി അവതരിപ്പിച്ച വിവാഹേതര ബന്ധ നിരോധന നിയമം പറയുന്നത്. ജൂണ്‍ 9നാണത്രെ കമ്പനി ഈ നിയമം പാസാക്കിയത്.
ചൈനയുടെ നിയമത്തിന് എതിര്
വിവാഹ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും, ജോലിയില്‍ കൂടുതല്‍ മികവ് കിട്ടാനും ഇത് ഉപകരിക്കുമെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. വിവാഹേതര ബന്ധമുള്ളവരെയൊക്കെ പിരിച്ചുവിടുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇത്തരം ഒരു നിയമം പാസാക്കാന്‍ കമ്പനിയെ പ്രകോപിപ്പിച്ചതെന്താണെന്നുള്ള ജിജ്ഞാസയിലാണ് ലോകം. അതേസമയം, ഇതിന് നിയമപ്രാബല്യം ലഭിച്ചേക്കില്ലെന്ന് വിദഗ്ദർ പറയുന്നു ജോലിയില്‍ വീഴ്ച വരുത്തിയാല്‍ മാത്രമേ ജോലിക്കാരെ പിരിച്ചുവിടാന്‍ ചൈനയുടെ നിയമം അനുവദിക്കുന്നുള്ളു.
ഡേറ്റ ചൈനയിലേക്ക് അയയ്ക്കുന്നോ?
ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന് സാന്നിധ്യമറിയിച്ച ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡാണ് റിയല്‍മി, അതിവേഗം പോക്കറ്റിലിടം നേടിയ ഫോൺ ഉപയോക്താക്കളുടെ സമ്മതം ചോദിക്കാതെ ഡേറ്റാ ശേഖരിക്കുന്നു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഫോണ്‍ ഉപയോഗിച്ചു തുടങ്ങുമ്പോള്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുന്ന ഒരു ഫീച്ചറാണ് 'എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വിസസ്'. ഉപയോക്താക്കളുടെ കോളുകള്‍, എസ്എംഎസ്, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നു എന്നാണ് റിഷി ബാഗ്‌രി (Bagree) എന്ന പേരില്‍ അറിയപ്പെടുന്ന ട്വിറ്റര്‍ യൂസര്‍ ആരോപിച്ചിരിക്കുന്നത്.
സെറ്റിങ്‌സ്>അഡിഷണല്‍ സെറ്റിങ്‌സ്>സിസ്റ്റം സെറ്റിങ്‌സ്>എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വിസസ് ഇങ്ങനെയാണ് ഇതു പ്രവർത്തിക്കുന്നത്. ഫോണ്‍ ഉപയോഗിച്ചു തുടങ്ങുമ്പോള്‍ തന്നെ ഇത് പ്രവർത്തിക്കും ഇതുപയോഗിച്ച് ഫോണ്‍ ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു. ശേഖരിക്കാന്‍ അനുമതി തേടുന്നുമില്ല. ബലമായി സമ്മതം വാങ്ങുന്നതിന് സമയമാണിത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ല. ഡേറ്റ ചൈനയിലേക്കാണോ കടത്തുന്നതെന്നാണ് റിഷിയുടെ സംശയവും ആരോപണവും.

റിയല്‍മി തന്നെ 'സമ്മതിക്കുന്നു'
എന്താണ് എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വിസസ് എന്നതിനു നല്‍കിയിരിക്കുന്ന വിവരണം തന്നെയാണ് റിഷി തന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതിപ്രാധാന്യ ഡേറ്റാ ശേഖരിക്കുന്നതിനു പകരമായി, വാള്‍പേപ്പറുകള്‍ അടക്കമുള്ള ചില 'സേവനങ്ങള്‍' നല്‍കാമെന്നാണ് കമ്പനി പറയുന്നത്. വേണ്ടെന്നു വയ്ക്കാമെന്നു പറയുന്നുണ്ടങ്കിലും ഇത് ഫോണ്‍ വാങ്ങി പ്രവര്‍ത്തിപ്പിച്ചു തുടങ്ങുമ്പോഴെ, ഒരു സമ്മതവും വാങ്ങാതെ ഡേറ്റാ ശേഖരണം ആരംഭിക്കും. ഇതാണ് റിഷി ചൂണ്ടിക്കാണിക്കുന്ന കാര്യം. ഈ ആരോപണങ്ങള്‍ കേന്ദ്ര ഐടി സഹമന്ത്രി രാജിവ് ചന്ദ്രശേഖറുടെ ശ്രദ്ധയില്‍ പെടുകയും, അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. റിഷിയുടെ ട്വീറ്റിനു മറുപടിയായി തന്നെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അതേസമയം, ഇത്തരം സെറ്റിങ്‌സ് എല്ലാ ഫോണുകളിലും ഉണ്ട്. ഉദാഹരണത്തിന് സാംസങ് ഗ്യാലക്‌സി എസ്20എഫ്ഇ ഫോണില്‍ 'സെന്‍ഡ് ഡയഗ്‌ണോസ്റ്റിക് ഡേറ്റ' ഡീഫോള്‍ട്ടായി ഓണ്‍ ആണ്. ഈ ഡേറ്റയെല്ലാം കമ്പനികള്‍ എന്തിനാണ് ശേഖരിക്കുന്നത്? അതെല്ലാം ഐടി മന്ത്രാലയം പരിശോധിക്കുന്നത് നന്നായിരിക്കും എന്നും അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
ഫോണുകളിലടക്കം മാറ്റാവുന്ന ബാറ്ററി തിരിച്ചുവന്നേക്കും
ഒരു കാലത്ത് ഫോണ്‍ നിര്‍മാണത്തില്‍ അതികായരായിരുന്ന നോക്കിയയുടെ നല്ല കാലം ഓര്‍മയുള്ള പലരും ഉണ്ടാകും. ഫോണിന്റെ ബാറ്ററി കേടായാല്‍ അതിന്റെ ഉടമയ്ക്കു തന്നെ മറ്റൊരെണ്ണം മാറ്റിയിടാം. പിന്നീട് ഐഫോണുകളും അവ ഇറക്കുന്ന ആപ്പിളിന്റെ അനുകര്‍ത്താക്കളും കളംപിടിച്ചതോടെ ഫോണിന്റെ ബാറ്ററി മാറ്റണമെങ്കില്‍ പോലും സര്‍വീസ് സെന്ററുകളില്‍ പോയി കാത്തിരിക്കേണ്ട നിലവന്നു. ആ കാലത്തിനും അറുതിയാകുകയാണ്. ഇപ്പോൾ യൂറോപ്പിലെങ്കിലും.
നിലവിലുള്ള നിയമത്തെ തൂത്തെറിയാന്‍ വോട്ടു ചെയ്തത് 587 യൂറോപ്യന്‍ പാര്‍ലമെന്റേറിയന്‍മാരാണ്. എതിര്‍ത്തത് കേവലം 9 പേരും. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ബാറ്ററി മാറ്റിവയ്ക്കാന്‍ ഉടമയ്ക്ക് തന്നെ സാധിക്കണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ബാറ്ററി എവിടെയാണോ ഇരിക്കുന്നത് അവിടെ തുറക്കാവുന്ന ഒരു കവര്‍ വേണം. അത് തുറന്ന് ഉപകരണത്തിന്റെ ഉടമയ്ക്ക് പുതിയ ബാറ്ററി ഇടാന്‍ സാധിക്കണം, നിയമം പറയുന്നു. ബാറ്ററി മാറ്റാന്‍ ഉപകരണം തുറക്കാന്‍ സവിശേഷ ഉപകരണങ്ങളൊന്നും ആവശ്യം വരരുത് താനും.
നിയമം നടപ്പാക്കാന്‍ അല്‍പം കാലതാമസം
ഈ നിയമം നടപ്പാക്കാന്‍ കൃത്യം 3.5 വര്‍ഷമാണ് യൂറോപ്യൻ യൂണിയൻ (ഇയു) നല്‍കിയിരിക്കുന്നത്. അതായത് 2027 മുതല്‍ ഇതു നിലവില്‍വരും. ഇപ്പോള്‍ ഫോണുകളുടെയും മറ്റും ആന്തരിക ഭാഗങ്ങള്‍ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട രീതിയിലാണ്. ബാറ്ററി ഇടാനായി ഉടമ തന്നെ തുറന്നാല്‍പ്രശ്‌നം വരുമോ എന്ന കാര്യവും ഉണ്ട്. ഉപകരണ നിര്‍മാതാക്കള്‍ക്ക് ഇനി ബാറ്ററിക്ക് വേറെ കംപാര്‍ട്ട്മെന്റ് ഉണ്ടാക്കേണ്ടി വന്നേക്കാം. നിലവില്‍ ഒരു ചില്ലു കഷണവും അല്‍പം പശയും ഒക്കെ ഉപയോഗിച്ചാണ് പല ഉപകരണങ്ങളുടെയും ബാറ്ററി കംപാര്‍ട്ട്‌മെന്റിനെ വേര്‍തിരിക്കുന്നത്.

ആപ്പിള്‍ അതുക്കും മേലെ?
മാസങ്ങള്‍ക്കുള്ളില്‍ നടപ്പാകാന്‍ പോകുന്ന മറ്റൊരു കര്‍ക്കശ നിയമമാണ് യൂറോപ്പില്‍ വില്‍ക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും യുഎസ്ബി-സി വേണമെന്നത്. ആപ്പിള്‍ കമ്പനി തങ്ങളുടെ ഫോണുകള്‍ക്കും പല ഐപാഡുകള്‍ക്കും സ്വന്തം ലൈറ്റ്‌നിങ് പോര്‍ട്ടാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അടുത്തിടെ വരെ, ആപ്പിള്‍ യുഎസ്ബി-സിയിലേക്ക് മാറുമെന്നാണ് പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ആപ്പിള്‍ യൂറോപ്പില്‍ ഇറക്കാന്‍ പോകുന്ന ഐഫോണുകള്‍ക്ക് യുഎസ്ബി-സി ഉണ്ടാകില്ലെന്ന് സൂചനയുണ്ട്. പകരം ചാര്‍ജിങും, ഡേറ്റാ ട്രാന്‍സ്ഫറും വയര്‍ലെസ് ആക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഇതു ശരിയാണെങ്കില്‍, 2027ല്‍ ആപ്പിള്‍ ഫോണിനുള്ളില്‍ ബാറ്ററി വയ്ക്കുന്നതിനു പകരം മറ്റെന്തെങ്കിലും സംവിധാനം കൊണ്ടുവന്നാലും അദ്ഭുതപ്പെടേണ്ട. യൂറോപ്പില്‍ നടപ്പാക്കുന്ന പല പരിഷ്‌കാരങ്ങളെയും സശ്രദ്ധം വീക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയും ഇത്തരം നിയമങ്ങള്‍ കൊണ്ടുവരാം.
അസൂസ് റോഗ് അലായ് ഉടന്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും
തങ്ങളുടെ ഹാന്‍ഡ്‌ഹെല്‍ഡ് ഗെയിമിങ് കണ്‍സോള്‍ ആയ റോഗ് അലായ് (ROG Ally) ഉടന്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്ന് അസൂസ് അറിയിച്ചു. ഇത്തരത്തിലുള്ള ചില ഹാന്‍ഡ്‌ഹെല്‍ഡ് കണ്‍സോളുകളായ നിന്റെന്‍ഡോ സ്വിച്ച്, വാല്‍വ് സ്റ്റീം തുടങ്ങിയവ ഇന്ത്യയില്‍ അനൗദ്യോഗികാമയി വില്‍ക്കുന്നുണ്ട്. ഔദ്യോഗികമല്ലാത്തതിനാല്‍ അവയ്ക്ക് കനത്ത വിലയും നല്‍കണം. എന്നാല്‍, എഎംഡി റൈസണ്‍ സെഡ്1 എക്‌സ്ട്രീം പ്രൊസസര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റോഗ് അലായ് അസൂസ് നേരിട്ടു വില്‍ക്കുന്നതിനാല്‍ യഥാര്‍ത്ഥ വില നല്‍കി വാങ്ങാന്‍ സാധിച്ചേക്കുമെന്നു കരുതപ്പെടുന്നു.