ADVERTISEMENT

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഡിസംബർ 31 വരെ 91.92 ബില്യൻ ഡിജിറ്റൽ പേയ്‌മെന്റുകളാണ് ഇന്ത്യയിൽ നടന്നതെന്നാണ് റിപ്പോർട്ട്  .അതെ, ഡിജിറ്റൽ പേയ്മെന്റ് തലസ്ഥാനമായി ഇന്ത്യ മാറുകയാണ്. വേഗത്തിലും സുരക്ഷിതമായും ഇടപാടുകൾ നടത്താം, പണമായോ ചെക്കായോ മറ്റ് പരമ്പരാഗത മാർഗങ്ങൾ വഴിയോ കൈമാറ്റങ്ങൾ നടക്കുന്നില്ല എന്നിവയാണ് ഡിജിറ്റൽ പേയ്‌മെന്റിന്റെ പ്രത്യേകത.

ഡിജിറ്റൽ പേയ്‌മെന്റുകളിലെ വ്യത്യസ്ത മാര്‍ഗങ്ങൾ

ബാങ്ക് കാർഡുകൾ

ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഇന്നും ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഓൺലൈൻ പേയ്‌മെന്റ് സംവിധാനമാണ്. ഒരുപക്ഷേ ഓൺലൈനിൽ ഇടപാട് നടത്താനുള്ള ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ മാർഗമാണിത്. വിസ, മാസ്റ്റർകാർഡ്, റുപേ എന്നിവ രാജ്യത്തെ മുൻനിര കാർഡ് പേയ്‌മെന്റ് സംവിധാനങ്ങളാണ്.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI)

Victims of the indiscriminate account freeze say the police officers are using unrelated cyber crimes to rob their money. Image: Onmanorama/Canva
Victims of the indiscriminate account freeze say the police officers are using unrelated cyber crimes to rob their money. Image: Onmanorama/Canva

വളരെ ജനപ്രിയമാണ് യുപിഐ. ആളുകൾക്ക് വളരെ എളുപ്പത്തിൽ ഫണ്ട് ട്രാൻസ്ഫർ ചെയ്യാം. ഒരു ആപ്പിൽ വിവിധ ബാങ്ക് അക്കൗണ്ടുകൾ സംയോജിപ്പിക്കാനുമാകും, അതിനാൽ ഒന്നിലധികം ഇടപാടുകൾ എളുപ്പത്തിൽ നടത്താനാകും. ഭീം ആപ്പ്, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയവ പ്രമുഖ യുപിഐ സേവനങ്ങളാണ്.

യുപിഐ 123പേ

ഫീച്ചർ ഫോണുകൾക്കായുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന്റെ ഓഫ്‌ലൈൻ പതിപ്പാണ് യുപിഐ 123പേ. ഉപയോക്താക്കൾക്ക്  ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ യുപിഐ ഉപയോഗിക്കാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. 

LL01

യുപിഐ ലൈറ്റ്

200 രൂപയിൽ താഴെയുള്ള ചെറിയ തുകകളുടെ ഇടപാടുകൾ എളുപ്പമാക്കുന്നതിനാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. യുപിഐ ലൈറ്റ് വഴി, ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലാതെ, ഓഫ്‌ലൈൻ മോഡിലൂടെ ഉപയോക്താക്കൾക്ക് ഫണ്ടുകൾ ചേർക്കാനും ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ തത്സമയം അയയ്ക്കാനും കഴിയും.

നെറ്റ് ബാങ്കിങ്

ബാങ്കിങ് വിവരങ്ങൾ ഉപയോഗിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇടപാട് നടത്താനും നിങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പേയ്‌മെന്റ് സ്ഥിരീകരിക്കാനും അനുവദിക്കുന്ന ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനമാണ് നെറ്റ്ബാങ്കിങ്.

മൊബൈൽ ബാങ്കിങ്

ഡിജിറ്റലായി ഇടപാടുകൾ നടത്തുന്നതിനായി ബാങ്കുകൾ അവരുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി സ്മാർട്ഫോണിൽ നൽകുന്ന സേവനമാണ് മൊബൈൽ ബാങ്കിങ്

ആധാർ പ്രവർത്തനക്ഷമമാക്കിയ പേയ്‌മെന്റ് സിസ്റ്റം (AEPS)

ബാലൻസ് എൻക്വയറി, പണം പിൻവലിക്കൽ, ക്യാഷ് ഡെപ്പോസിറ്റ് തുടങ്ങിയ എല്ലാ ബാങ്കിങ് ഇടപാടുകൾക്കും AEPS ഉപയോഗിക്കാം. അത്തരം ഇടപാടുകളെല്ലാം ആധാർ വെരിഫിക്കേഷനെ അടിസ്ഥാനമാക്കിയുള്ള ഒരു ബാങ്കിങ് കറസ്‌പോണ്ടന്റ് വഴിയാണ് നടത്തുന്നത്.

ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസസ് (IMPS)

രണ്ടു വ്യക്തികൾക്കു തമ്മിലും (P2P) വ്യക്തിക്ക് അക്കൗണ്ടിലേക്കും (P2A), വ്യക്തിക്ക് വ്യാപാരിക്കും (P2M) പണം കൈമാറാൻ കഴിവുള്ള ഒരു തത്സമയ ഇന്റർബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സേവനമാണ് ഐഎംപിഎസ്. വ്യക്തികൾക്ക് അവരുടെ മൊബൈൽ നമ്പർ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട്, ഐഎഫ്എസ് കോഡ് എന്നിവ ഉപയോഗിച്ച് ഏതു സമയത്തും പേയ്‌മെന്റുകൾ നടത്താം. മൊബൈൽ, ഇന്റർനെറ്റ്, എടിഎം, എസ്എംഎസ് എന്നിങ്ങനെ ഒന്നിലധികം ചാനലുകൾ വഴി ഉപയോക്താക്കൾക്ക് ഐഎംപിഎസ് സൗകര്യം ഉപയോഗിക്കാം.

∙അൺസ്ട്രക്ചേഡ് സപ്ലിമെന്ററി സർവീസ് ഡേറ്റ (USSD)

മൊബൈൽ വോലറ്റുകളോടും മൊബൈൽ ബാങ്കിങ്ങിനോടും സാമ്യമുള്ളതാണിത്. ഇത് ഇന്റർനെറ്റ് കണക്‌ഷൻ ആവശ്യമില്ലാത്ത ഒരു പേയ്‌മെന്റ് ഓപ്ഷനാണ്. ഡിജിറ്റൽ പേയ്‌മെന്റ് ഓപ്‌ഷനുകൾ കാണിക്കുന്ന ഇന്ററാക്ടീവ് മെനുവിലേക്ക് *99# ഡയൽ ചെയ്‌ത് ആക്‌സസ് നേടി, മൊബൈൽ സേവനമുള്ള ആർക്കും ഈ ഓപ്‌ഷൻ ഉപയോഗിക്കാം. മൊബൈൽ ഡേറ്റ തീർന്നാലും കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിലും ഇതൊരു മികച്ച ഓപ്‌ഷനാണ്.

പോയിന്റ് ഓഫ് സെയിൽ ടെർമിനൽ (PoS)

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി സാധനങ്ങൾ വാങ്ങുമ്പോൾ പേയ്‌മെന്റുകൾ നടത്താവുന്ന തരത്തിൽ കടകളിലോ സ്റ്റോറുകളിലോ ഇൻസ്റ്റാൾ ചെയ്യുന്ന പേയ്മെന്റ് ടെർമിനലുകളാണിത്.

ഭാരത് ബിൽ പേയ്മെ്നറ് സിസ്റ്റം (BBPS)

ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യുപിഐ മുതലായ ഒന്നിലധികം ചാനലുകൾ വഴി ഉപഭോക്താക്കൾക്ക് പരസ്പരം ഇടപാടു നടത്താവുന്നതും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ബിൽ പേയ്‌മെന്റ് സേവനം നൽകുന്ന ഒരു ഏകജാലക പ്ലാറ്റ്‌ഫോമാണ് ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്).

മൊബൈൽ വോലറ്റുകൾ

ഓൺലൈനിൽ പണം സംഭരിക്കാൻ നിങ്ങളെ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമുകളാണ് മൊബൈൽ വോലറ്റുകൾ. സ്‌മാർട്ഫോണിലോ ടാബ്‌ലെറ്റുകൾ പോലുള്ള മറ്റ് മൊബൈൽ ഉപകരണങ്ങളിലോ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഓൺലൈൻ അല്ലെങ്കിൽ ഡിജിറ്റൽ വോലറ്റുകളാണിത്. വോലറ്റ് ഇടപാടുകൾ നടത്താൻ പ്ലാസ്റ്റിക് കാർഡുകൾ ഉപയോഗിക്കേണ്ടതില്ല. വോലറ്റ് ഉപയോഗിക്കാൻ മൊബൈൽ നമ്പറും പാസ്‌വേഡും മാത്രമേ ആവശ്യമുള്ളൂ.

ഭാവിയുടെ ഡിജിറ്റൽ കറൻസി

പുതുതായി ആരംഭിച്ച സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലെ മറ്റൊരു പ്രധാന നാഴികക്കല്ലായിരിക്കുമെന്ന് ഉറപ്പാണ്. ഡിജിറ്റൽ സാമ്പത്തിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കപ്പെടുമെന്നു മാത്രമല്ല, വർധിച്ച പ്രവർത്തനക്ഷമതയോടെ സുസ്ഥിര പുരോഗതിയുടെ ചാലകങ്ങളായി ഡിജിറ്റൽ കറൻസി മാറുകയും ചെയ്യും.

രാജ്യത്ത് ഡിജിറ്റൽ രൂപ  ഇ– റുപി നിലവിൽ വന്നതോടെ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ച ലോക സെൻട്രൽ ബാങ്കുകളിൽ ഒന്നായി റിസർവ് ബാങ്ക്. ഡിജിറ്റൽ രൂപയായ  ഇ–റുപി സാധാരണ രൂപയിൽനിന്നും കാർഡ്, യുപിഐ എന്നിവയിൽനിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. കറൻസി നോട്ട് സർക്കാർ അച്ചടിക്കുകയും ഉപയോക്താവ് തന്റെ പക്കൽ സൂക്ഷിക്കുകയും വിനിമയം ചെയ്യുകയും ചെയ്യുന്നു. യുപിഐ, കാർഡ് ഉപയോഗങ്ങൾക്കായി പണം ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുകയും വിനിമയം ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഡിജിറ്റൽ ഇ-രൂപ വോലറ്റിൽ സൂക്ഷിക്കുന്നു.

എന്നിരുന്നാലും ഡിജിറ്റൽ ഇ-രൂപ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ബാങ്ക് അക്കൗണ്ടിലോ ഫിസിക്കൽ കറൻസി രൂപത്തിലോ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഹോൾസെയിൽ വ്യാപാരത്തിനും റീട്ടൈൽ വ്യാപാരത്തിനും വ്യത്യസ്തമായിരിക്കും ഡിജിറ്റൽ രൂപ. ബാങ്കുകൾ പോലുള്ള ധനകാര്യ സ്ഥാപനങ്ങളാകും മൊത്ത വ്യാപാര കറൻസി ഉപയോഗിക്കുക. ജനങ്ങളുടെ സാധാരണ ഇടപാടുകൾക്കായി റീട്ടെയിൽ ഡിജിറ്റൽ രൂപ ഉപയോഗിക്കാം.

സുരക്ഷിതത്വത്തിന് ടോക്കണൈസേഷൻ

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ വിശദാംശങ്ങള്‍ക്കു പകരം,  ടോക്കണുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഡുകളില്‍ ഇടപാടുകള്‍ സാധ്യമാക്കുന്ന മാര്‍ഗമാണ് ടോക്കണൈസേഷന്‍. ഇവിടെ ഓരോ ഇടപാടിനും വ്യത്യസ്ത കോഡുകള്‍ ജനറേറ്റ് ചെയ്യപ്പെടും. ഒരിക്കല്‍ ജനറേറ്റ് ചെയ്ത കോഡ് മറ്റൊരു സന്ദര്‍ഭത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. 

ടോക്കണൈസേഷൻ സുരക്ഷിതമായ ഇടപാടുകൾ ഉറപ്പാക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും സഹായിക്കും. ടോക്കണൈസേഷൻ പോലുള്ള ഡിജിറ്റൈസേഷൻ സംരംഭങ്ങളിലൂടെ സുരക്ഷിതമായ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം സാധ്യമാകുമെന്നതിനാൽ, ടോക്കണൈസേഷനെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം ഭാവിയിൽ വർധിച്ചുവരും.

ഓൺലൈൻ സാമ്പത്തിക ഇടപാടുകളിൽ സുരക്ഷ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. വ്യക്തിപരമായ വിവരങ്ങൾ ആർക്കും നൽകാതിരിക്കുക.

2. ഒടിപി, സിസിവി കോഡ്, കാർഡ് എക്സ്പയറി ഡേറ്റ് തുടങ്ങിയ ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കിടരുത്.

3. നമുക്ക് ആവശ്യമില്ലാത്ത ഏതെങ്കിലും സർവീസ് നമ്മുടെ എടിഎം കാർഡിൽ എനേബിൾഡ് ആണെങ്കിൽ, അത് ഡിസേബിൾ ചെയ്യുന്നത് കൂടുതൽ സുരക്ഷിതത്വം ഉറപ്പിക്കാം

4. നിങ്ങളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക

5. കോളുകളായോ എസ്എംഎസ് ആയോ, ഇമെയിൽ ആയോ, വാട്സാപ് സന്ദേശമായോ മറ്റോ ഉപയോക്താവിന്റെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനെന്നോ, അപ്ഗ്രഡേഷന് വേണ്ടിയെന്നോ, ഓഫറുകൾ, മറ്റ് സർവീസുകൾ എന്നിവയ്ക്കു വേണ്ടി എന്നു പറഞ്ഞോ വരുന്ന സന്ദേശങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുക, പ്രതികരിക്കാതിരിക്കുക.

6. സംശയാസ്‌പദ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക

7. അതിശയോക്തികരമായ വരുമാന വാഗ്‌ദാനങ്ങളിൽ പ്രലോഭിതരാകരുത്‌.

8. ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ അൺഇൻസ്റ്റാൾ ചെയ്യുക. ആവശ്യമില്ലാത്ത പെർമിഷനുകൾ ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ നൽകാതിരിക്കുക. ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷന്റെ ഫംങ്ഷൻസിനെപ്പറ്റി ബോധ്യമുണ്ടാവുക. റിമോട്ട് ഡെസ്ക്ടോപ്പ് അപ്ലിക്കേഷനുകൾ തട്ടിപ്പിന് വേണ്ടി ദുരുപയോഗം ചെയ്യാം, ശ്രദ്ധിക്കുക 

9. നിങ്ങളുടെ പിൻ, പാസ്‌വേഡുകൾ എന്നിവ രഹസ്യമായി സൂക്ഷിക്കുക

10. നിശ്ചിത ഇടവേളകളിൽ നിങ്ങളുടെ പാസ്‌വേഡ് അപ്‌ഡേറ്റ് ചെയ്യുക

11. ശക്തമായ സങ്കീർണമായ പാസ്‌വേഡുകൾ ഉപയോഗിക്കുക (സംഖ്യ, വലിയ അക്ഷരങ്ങൾ, ചെറിയ അക്ഷരങ്ങൾ, പ്രത്യേക പ്രതീകങ്ങൾ എന്നിവ ഉപയോഗിച്ച് മിക്‌സിങ് രീതിയിൽ)

12. നെറ്റ് ബാങ്കിങ്ങിനായി ഒരിക്കലും പൊതു കംപ്യൂട്ടറുകൾ ഉപയോഗിക്കരുത്.

13. സുരക്ഷിതമായ ഇന്റർനെറ്റ് കണക്‌ഷൻ മാത്രം ഉപയോഗിക്കുക. പബ്ലിക് വൈഫൈ ഒഴിവാക്കുക.

14. നിങ്ങളുടെ കംപ്യൂട്ടറുകളും മൊബൈൽ ഉപകരണങ്ങളും അപ്ഡേറ്റ് ചെയ്യുക. ഏറ്റവും പുതിയ സുരക്ഷാ സോഫ്‌റ്റ്‌വെയറും വെബ് ബ്രൗസറും ഓപ്പറേറ്റിങ് സിസ്റ്റവും ഉള്ളത് ഓൺലൈൻ ഭീഷണികൾക്കെതിരായ ഏറ്റവും മികച്ച പ്രതിരോധമാണ്.

15. ഇടപാട് നടത്താൻ ഉദ്ദേശിക്കുന്ന വെബ്‌സൈറ്റിന്റെ / ആപ്ലിക്കേഷന്റെ വിശ്വാസ്യത ഉറപ്പുവരുത്തുക. വെരിഫൈഡ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുക

16. ഇടപാട് നടത്തുന്ന ഷോപ്പിങ് സൈറ്റുകൾ എന്നിവയിൽ കാർഡ് വിവരങ്ങൾ സേവ് ചെയ്‌ത്‌ സൂക്ഷിക്കാതിരിക്കുക

17. പതിവായി അക്കൗണ്ട് ലോഗിൻ പ്രവർത്തനം അവലോകനം ചെയ്യുക

18. പോപ്പ്-അപ്പ് വിൻഡോകളിൽ നിന്ന് സോഫ്‌റ്റ്‌വെയർ ഡൗൺലോഡ് ചെയ്യരുത്. അനാവശ്യ ഡൗൺലോഡിങ്ങുകൾ ഒഴിവാക്കുക. ഹൈപ്പർലിങ്കിൽ ക്ലിക്കു ചെയ്യുമ്പോൾ ശ്രദ്ധിക്കുക

19. ഡിവൈസിൽ ആന്റി-വൈറസ് സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും കാലാനുസൃതമായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക.ഫയർവാളുകളും സ്പൈവെയർ ബ്ലോക്കറുകളും അധികസുരക്ഷ നമുക്ക് നൽകുന്നു 

20. കാർഡ് നഷ്ടപ്പെടുകയോ പണം നഷ്ടമാകുകയോ മറ്റ് സംശയാസ്‌പദ കുറ്റകൃത്യ ഇടപെടലുകളോ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യുക

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ എങ്ങനെ സഹായം അഭ്യർഥിക്കാം / പരാതിപ്പെടാം

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് ഹെൽപ് ലൈൻ നമ്പറായ 1930 ലേക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യാം. റജിസ്റ്റർ ചെയ്യപ്പെടുന്ന പരാതികളിന്മേൽ നടപടിയുണ്ടാകും. സാമ്പത്തിക സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ എത്രയും വേഗം റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. 4 മണിക്കൂറിനുള്ളിലെങ്കിലും റിപ്പോർട്ട് ചെയ്യുന്നതാണ് കൂടുതൽ അഭികാമ്യം.

 

സൈബർ കുറ്റകൃത്യ പരാതികൾ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലാണ് www.cybercrime.gov.in . ഈ പോർട്ടലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പരാതികളിൻ മേൽ  ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട നിയമ നിർവ്വഹണ ഏജൻസികൾ തുടർ നടപടികൾ കൈകാര്യം ചെയ്യുന്നു. വേഗത്തിലുള്ള നടപടിക്കായി പരാതി നൽകുമ്പോൾ കൃത്യവും വ്യക്തവുമായ വിശദാംശങ്ങൾ പരാതിക്കാർ നൽകേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് ഓർമ്മിക്കുക.

 

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ റിസർവ് ബാങ്കിന്റെ ഹെൽപ് ലൈൻ നമ്പറായ 14440 ൽ വിളിച്ചും പരാതി നൽകാം.

 

 

ഡേറ്റയുടെ സമ്പൂർണ്ണ സുരക്ഷ, തട്ടിപ്പ് തടയൽ, കർശനമായ സ്വകാര്യതാ നയങ്ങൾ എന്നിവ ട്രാൻസാക്‌ഷൻ പ്ലാറ്റ്‌ഫോമുകളിൽ ഉറപ്പാക്കേണ്ടതിനൊപ്പം, പുതിയ അപകടസാധ്യതകൾ കണ്ടെത്തുന്നതിനും തട്ടിപ്പ് പ്രതിരോധിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ  അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള സജീവ സ്ട്രാറ്റജി രൂപപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com