ADVERTISEMENT

പൗരസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നവരെ ഞെട്ടിച്ച് ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദമായേക്കാവുന്ന നിയമങ്ങളിലൊന്ന് പാസാക്കിയിരിക്കുകയാണ് ഫ്രാന്‍സ്. നിയമപാലകര്‍ക്കും അധികാരികള്‍ക്കും മുമ്പൊരിക്കലും ലഭ്യമല്ലാതിരുന്ന നിയന്ത്രണശക്തിയായിരിക്കും പുതിയ നിയമം  നല്‍കുക. പൊലിസിനു സംശയം തോന്നുന്ന ആളുകളുടെ ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ക്യാമറകളും, മൈക്രോഫോണുകളും, ജിപിഎസ് ലൊക്കേഷനും റിമോട്ടായി ഓണ്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ് ഇപ്പോള്‍ പാസാക്കിയ ബില്‍. ഇതിന് ഒരു ജഡ്ജിയുടെ അനുമതി ലഭിക്കണം. ജേണലിസ്റ്റുകള്‍, നിയമജ്ഞര്‍ തുടങ്ങി 'സെന്‍സിറ്റിവ്' ആയ ജോലിചെയ്യുന്നവരെ മാത്രം ഇതിന്റെ പരിധിയില്‍ നിന്ന് അടുത്ത കാലത്തു നടത്തിയ ഭേദഗതിയിലൂടെ  ഒഴിവാക്കിയെന്നും ചില മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നു. 

നിയമം ഗൗരവമുള്ള കേസുകളിൽ

ഗൗരവമുള്ള കേസുകളിലാണ് ക്യാമറയും മൈക്രോഫോണും ഓണ്‍ ചെയ്യാനുളള അനുമതി ലഭിക്കുക. അനുമതി ആറു മാസത്തേക്കായിരിക്കും. കൂടാതെ, അഞ്ചു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കേസുകളില്‍ പെടുന്നവരുടെ ജിയോ ലൊക്കേഷന്‍ ട്രാക്കു ചെയ്യാനുമാണ് അനുമതി. ഇതെല്ലാം അനുവദിച്ചുകൊണ്ടുള്ള ബില്ലിന് സെനറ്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇപ്പോള്‍ ദേശീയ അസംബ്ലിയിലും അതു പാസാക്കി. പുതിയ നിയമം പൗരാവകാശത്തിനായി നിലകൊള്ളുന്നവര്‍ക്ക് ഞെട്ടലായി. ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന സംഘടനയായ ലാ ക്വാഡ്രാചുര്‍ ഡു നെറ്റ് (La Quadraturedu Net) ഈ നിയമം ദുരുപയോഗം ചെയ്യാനുളള സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. 

ദുരുപയോഗം ചെയ്യുമോ?

ഇപ്പോള്‍ പാസാക്കിയ നിയമത്തില്‍ 'ഗൗരവമുളള കുറ്റം ചെയ്തവര്‍ക്കെതിരെ' ആണ് ഇത് പ്രയോഗിക്കുക എന്നു പറഞ്ഞിട്ടുണ്ടെങ്കിലും, അത്തരം കുറ്റങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും പറയുന്നു. ഈ നിയമം പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി ഗൗരവമുള്ള കുറ്റങ്ങള്‍ ചെയ്യാത്തവര്‍ക്കെതിരെ പ്രയോഗിക്കപ്പെടാം എന്ന ഭീതിയും ഉണ്ട്. ഭാവിയില്‍ നിയമത്തിന്റെ പരിധിയിലേക്ക് ഗൗരവമില്ലാത്ത കുറ്റങ്ങളെയും ഉള്‍പ്പെടുത്താനുള്ള സാധ്യതയും ഉണ്ട്. ഫ്രാന്‍സില്‍ ജെനറ്റിക് രജിസ്‌ട്രേഷന്‍ തുടക്കത്തില്‍ ലൈംഗിക കുറ്റവാളികള്‍ക്കെതിരെ മാത്രമായിരുന്നു. ഇപ്പോള്‍ അത് എല്ലാ കുറ്റവാളികള്‍ക്കും ബാധകമാക്കിയെന്നും സംഘടന പറയുന്നു. 

ഫോണുകളുടെ സുരക്ഷ നഷ്ടപ്പെടും

ഇത്തരം ഒരു നിയമം വന്നുകഴിഞ്ഞാല്‍ പൊലിസ് ഫോണുകളുടെ സുരക്ഷ ഭേദിക്കുകയായിരിക്കും ചെയ്യുക. അതിനു ശേഷം ഫോണുകള്‍ക്ക് സുരക്ഷാവിഴ്ചയുണ്ടായാല്‍ അത് അവ നിര്‍മിച്ചു കമ്പനികളെ അറിയിച്ചേക്കില്ല എന്ന ഭീതിയും വളരുന്നു. അതേസമയം, ഈ നിയമം ഒരു വര്‍ഷത്തില്‍ ഏതാനും ഡസന്‍ കേസുകളില്‍ മാത്രമായിരിക്കും ഉപയോഗിക്കുക എന്ന് ജസ്റ്റിസ് മന്ത്രി എറിക് ഡുപോണ്‍-മൊറെറ്റി (Éric Dupond-Moretti) പറഞ്ഞു. 

മറ്റു രാജ്യങ്ങളും ഏറ്റുപിടിച്ചേക്കാം

ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ പൊതുജനങ്ങളുടെ ഫോണുകളും മറ്റും നിരീക്ഷിക്കുന്നത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഫ്രാന്‍സില്‍ പുതിയ ബില്‍ പാസായിരിക്കുന്നത്. ഇസ്രായേലി ഹാക്കര്‍ ഗ്രൂപ്പായ എന്‍എസ്ഓയുടെ സഹായത്തോടെയായിരുന്നു ഐഫോണിലേക്കുംമറ്റും പല ഗവണ്‍മെന്റുകളും കടന്നുകയറിയിരുന്നത്. അതിനെതരെ പല രാജ്യങ്ങളിലും രോഷമുയരുകയും ചെയ്തിരുന്നു. സ്വന്തം പാര്‍ട്ടിയിലെ വിമതര്‍, രാഷ്ട്രീയ എതിരാളകള്‍, പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് എതിരെ പോലും ഇത് ഉപയോഗിച്ചിട്ടുണ്ട്. 

ചന്ദ്രയാന്‍-3 ദൗത്യം ജൂലൈ 14ന് 

ചന്ദ്രനില്‍ പര്യവേക്ഷണത്തിനുള്ള ചന്ദ്രയാന്‍-3 ദൗത്യം ജൂലൈ 14ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 2.35ന് വിക്ഷേപിക്കുമെന്ന് ഇസ്രോ. പുതിയ ഹെവി ലിഫ്റ്റ് ലോഞ്ച് വാഹനമായ എല്‍വിഎം-3 ആയിരിക്കും പുതിയ ദൗത്യത്തിന് ഉപയോഗിക്കുക. 

ത്രെഡ്‌സ്- മെറ്റായ്‌ക്കെതിരെ കേസുകൊടുക്കുമെന്ന് ട്വിറ്റര്‍ ഭീഷണി

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമമായ ട്വിറ്ററിനെതിരെ, മാര്‍ക്ക് സക്കര്‍ബര്‍ഗ് മേധാവിയായ മെറ്റ തുടങ്ങിയ ആപ്പായ ത്രെഡ്‌സ് വിവാദത്തില്‍. ത്രെഡ്‌സ് സൃഷ്ടിക്കാനായി തങ്ങളുടെ മുന്‍ ഉദ്യോഗസ്ഥരെ മെറ്റാ തട്ടിയെടുത്തു എന്നും, തങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍ കോപ്പിയടിച്ചുവച്ചിരിക്കുകയാണ് ത്രെഡ്‌സില്‍ എന്നും കാണിച്ച് ട്വിറ്ററിന്റെ വക്കീല്‍ മെറ്റായ്ക്ക് കത്തയച്ചു. തങ്ങളുടെ ബൗദ്ധികവകാശമുള്ള ടെക്‌നോളജി ഉപയോഗിച്ചതിനെതിരെ ആയിരിക്കും ട്വിറ്റര്‍ കേസുകൊടുക്കാന്‍ ഉദ്ദേശിക്കുന്നത്.  

ത്രെഡ്‌സിനെ പരിഹസിച്ച് ട്വിറ്റര്‍ സ്ഥാപകന്‍

ട്വിറ്ററിന്റെ മുന്‍ മേധാവിയും സ്ഥാപകരിലൊരാളുമായ ജാക് ഡോര്‍സിയും ത്രെഡ്‌സിനെ പരിഹസിച്ചു രംഗത്തെത്തി. ഐഫോണില്‍ ത്രെഡ്‌സ് പ്രവര്‍ത്തിപ്പിക്കണമെങ്കല്‍ 14 അനുമതികള്‍ നല്‍കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപയോക്താവിന്റെ സ്വകാര്യതയിലേക്ക്കടന്നുകയറാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. 

നോക്കിയ കമ്പനിയുമായി 1.7 ബില്ല്യന്‍ ഡോളര്‍ കരാറിലൊപ്പിടാന്‍ ജിയോ

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടെലകോം സേവനദാദാവായ റിലയന്‍സ് ജിയോ ഇന്‍ഫോകോം, ഫിനിഷ് ടെലകോം ഉപകരണ നിര്‍മ്മാതാവായ നോക്കിയുമായി 1.7 ബില്ല്യന്‍ ഡോളറിന്റെ വ്യാപാര കരാറല്‍ ഈ ആഴ്ച, ഫിന്‍ലണ്ടിലെ ഹെല്‍സിങ്കിയില്‍ വച്ച് ഒപ്പിട്ടേക്കുമെന്ന്റോയിട്ടേഴ്‌സ്. ഇത് 5ജി ഉപകരണങ്ങള്‍ വാങ്ങാനായിരിക്കുമെന്നാണ് പറയുന്നത്. വില കുറഞ്ഞ ഒരു 5ജി ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാനായി ജിയോയും, ഗൂഗിളും സഹകരിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഒരു ജിയോ സേവനം നിലച്ചു

ജിയോ നല്‍കിവന്ന ഒരു സേവനം പിന്‍വലിച്ചു. ഉപകരണങ്ങളുടെ സുരക്ഷയ്ക്കായി നല്‍കിവന്ന ജിയോ സെക്യുരിറ്റി ആപ്പാണ് പിന്‍വലിച്ചിരിക്കുന്നതെന്ന് ടെലകോം ടോക് റിപ്പോര്‍ട്ടു ചെയ്യുന്നു. എല്ലാ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കുംഇത് ബാധകമായിരിക്കും. ഈ സേവനം നിലച്ചു എന്നത് ജിയോയുടെ വെബ്‌സൈറ്റില്‍ നിന്നും മനസിലാക്കാമെന്നും പറയുന്നു.

സ്വന്തം കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ചൈന 

അമേരിക്കന്‍ ടെക്‌നോളജിയെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിന്റെ ഭാഗമായി ചൈന സ്വന്തം കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചു എന്ന് റോയിട്ടേഴ്‌സ്. ഓപണ്‍കിലിന്‍ (OpenKylin) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഓഎസിനു മേലുളള അധികാരം ചൈന ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ആയിരിക്കും. ഓപ്പണ്‍കിലിന്‍ 1.0 ഒരു ലിനക്‌സ് ഓഎസ് ആയിരിക്കും. ഇത് സൃഷ്ടിച്ചെടുക്കാനായി ഏകദേശം 4,000 ഡിവലപ്പര്‍മാര്‍ ജോലിയെടുത്തു. സാമ്പത്തിക, ഊര്‍ജ്ജ മേഖലകള്‍ മുതല്‍ ബഹിരാകാശ പ്രോഗ്രാമുകള്‍ക്കു വരെ ഉപയോഗിക്കാവുന്ന രീതിയിലാണ്ഇത് വികസിപ്പിച്ചിരിക്കുന്നതത്രെ. 

ചാറ്റ്ജിപിറ്റിക്ക് കനത്ത തിരിച്ചടി?

കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ലോകമെമ്പാടും തരംഗം തീര്‍ത്ത എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റിക്ക് കനത്ത തിരിച്ചടി നേരിട്ടു തുടങ്ങിയെന്ന് സിമിലര്‍വെബ്. ഇക്കഴിഞ്ഞ മെയ്-ജൂണ്‍ കാലഘട്ടത്തില്‍ അതിന്റെ ട്രാഫിക് ആഗോള തലത്തില്‍ 9.7 ശതമാനംകുറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. യുണീക് വിസിറ്റര്‍മാരുടെ ശതമാനത്തിലും 5.7 ശതമാനം കുറവുണ്ടായി. 

അമേരിക്കയിലെ മാത്രം കണക്കെടുത്താല്‍ 10.3 ശതമാനം ട്രാഫിക് ആണ് കുറഞ്ഞിരിക്കുന്നത്. ചാറ്റ്ജിപിറ്റി കഴിഞ്ഞാല്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന എഐ ടൂളായ ക്യാരക്ടര്‍. എഐയ്ക്കും ട്രാഫിക്കിൽ ഇടിവുണ്ടായി. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ എഐ ആലസ്യത്തില്‍ വീഴാനുണ്ടായ കാര്യമെന്താണ് എന്നാണ് ഇപ്പോള്‍ ടെക്‌നോളജി ലോകം അറിയാന്‍ ആഗ്രഹിക്കുന്നത്. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com