സ്മാർട് വാച്ചുകള്‍ക്കു വെല്ലുവിളി ഉയര്‍ത്തി സ്മാര്‍ട് മോതിരം; വാങ്ങാനൊരുങ്ങുന്നവർ ഈ കാര്യം ശ്രദ്ധിക്കണം
.jpg?w=1120&h=583)
Mail This Article
പരമ്പരാഗത വാച്ചുകളെ മറികടന്ന് സ്മാർട് വാച്ചുകള്‍ എത്തിയതോടെ ആരോഗ്യ പരിപാലനത്തിലെ ഒരു പുതുയുഗം ആരംഭിക്കുകയായിരുന്നു. സ്മാർട് ബാന്‍ഡുകളും സ്മാര്‍ട്ട് വാച്ചുകളും കളം നിറഞ്ഞാടി. ഇപ്പോഴിതാ ഹെല്‍ത്ത് മോണിട്ടറിങിനായി പുതിയൊരു ഉപകരണവും എത്തിക്കഴിഞ്ഞു-സ്മാര്‍ട്ട് മോതിരം. ഈ ഉപകരണങ്ങള്‍ക്ക് ഉപഭോക്താവിന്റെ ആരോഗ്യം സംബന്ധിച്ച പല വിവരങ്ങളും സൂക്ഷ്മമായി ശേഖരിക്കാന്‍ സാധിക്കും. ചില സ്മാര്‍ട്ട് റിങ് മോഡലുകളിൽ എന്‍എഫ്‌സി പോലുള്ള നൂതന സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കോണ്ടാക്ട്‌ലെസ് പേമെന്റ് നടത്താന്‍ ഇത് സഹായിക്കും.
മികച്ച റിങിന് നല്ല വില നല്‍കണം
സ്മാര്‍ട്ട് ബാന്‍ഡിനെ വേണമെങ്കില്‍ സ്മാര്‍ട്ട് വാച്ചിന്റെ ചെറിയ പതിപ്പെന്നു വിളിക്കാം. അതുപോലെ സ്‌ക്രീനില്ലാത്ത സ്മാര്‍ട്ട് ബാന്‍ഡ് എന്ന വിവരണം സ്മാര്‍ട്ട് മോതിരത്തിനും ചേരും. ഒരു ഫിറ്റ്‌നസ് ട്രാക്കറില്‍ നിന്നു പ്രതീക്ഷിക്കുന്ന ഫീച്ചറുകളെല്ലാം തന്നെ ഈ മോതിരത്തിലും ലഭിക്കും. മികച്ച സ്മാര്‍ട്ട് മോതിരങ്ങള്‍ക്ക് നല്ല വിലയും നല്‍കേണ്ടി വരും. ഇന്ത്യയില്‍ ഇന്നു ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച മോതിരം വില്‍ക്കുന്നത് അള്‍ട്രാഹ്യൂമന്‍ (Ultra Human) എന്ന കമ്പനിയാണ്. ഈ മോതിരത്തിന് ഏകദേശം 21,000 രൂപ വില വരും. എന്നാല്‍ വില കുറഞ്ഞ മോതിരങ്ങളും വിപണിയിൽ ലഭ്യമാണ്.
മാവിസ് ലേവ് (Mavis Lave) ആണ് മറ്റൊരു കമ്പനി. ഏകദേശം 600 രൂപയ്ക്കു വരെ കമ്പനിയുടെ സ്മാര്‍ട്ട് മോതിരങ്ങള്‍ ലഭിക്കും. കലന്‍ഡിസ് (CALANDIS) കമ്പനിയുടെ മോതിരങ്ങൾക്ക് ഏകദേശം 700 രൂപ വില നല്‍കണം. ആബോ (aabo) ആണ് മറ്റൊരുകമ്പനി. പ്രീമിയം മോതിരം കാറ്റഗറിയിൽ വരുന്ന ഇവയ്ക്ക് 19,000 രൂപ വരെ വില വരുന്ന മോഡലുകളുണ്ട്. ജാര്‍ബ് (Jaerb) കമ്പനിയുടെ മോതിരത്തിന് എംആര്‍പി 10,000 രൂപയ്ക്കു മുകളിലാണ്. ആമസോണില്‍ ഇത് പകുതിയോളം വിലയ്ക്ക് നിലവിൽ ലഭ്യമാണ്. പൈ (Pi) എന്ന കമ്പനിയുടെ മോതിരത്തിന് 5,999 രൂപയാണ് വില.
സ്മാര്‍ട്ട് മോതിരം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഈ കാര്യം അറിഞ്ഞിരിക്കണം
സ്മാര്‍ട്ട് വാച്ചോ, സ്മാര്‍ട്ട് ബാന്‍ഡോ വാങ്ങുന്നതു പോലെയല്ല,സ്മാര്‍ട്ട് മോതിരം വാങ്ങുമ്പോള്‍ ഒരു കാര്യം വളരെ ശ്രദ്ധിക്കണം. അതിന്റെ വലുപ്പം. വാച്ചും മറ്റും ബാന്‍ഡുകളും നമുക്ക് ക്രീകരിച്ച് ഉപയോഗിക്കാം. മോതിരത്തിന്റെ കാര്യത്തില്‍ ഇതു നടക്കില്ല. വിരലിന്റെ വലിപ്പത്തിന് അനുസരിച്ചുള്ള മോതിരം കിട്ടിയെങ്കില്‍ മാത്രമെ അത് ഹെല്‍ത് ട്രാക്കിങിന് ഉപകരിക്കൂ. ഇത് കൃത്യമായി അറിയാന്‍ അള്‍ട്രാഹ്യൂമന്‍ കമ്പനി സൈസിങ് കിറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് 6 മുതൽ12 സൈസ് വരെയുള്ള മോതിരങ്ങളില്‍ ഏതാണ് നിങ്ങൾക്ക് അനുയോജ്യമായതെന്ന് കണ്ടെത്താം. 24 മണിക്കൂര്‍ എങ്കിലും തുടര്‍ച്ചയായി അണിഞ്ഞെങ്കില്‍ മാത്രമെ മോതിരത്തിന്റെ അളവ് കൃത്യമാണോ എന്ന് അറിയന്‍ സാധിക്കൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഏതു വിരലില്‍ അണിയണം?
ഏതു വിരലിൽ മോതിരം അണിയണം എന്നതും തീര്‍ച്ചപ്പെടുത്തണം. ചൂണ്ടുവിരലിലും, നടു വിരലിലും, മോതിര വിരലിലും അണിയുന്നതാണ് അള്‍ട്രാഹ്യൂമന്‍ കമ്പനി പ്രോത്സാഹിപ്പിക്കുന്നത്. അള്‍ട്രാഹ്യൂമന്റെ മോതിര അളവ് കണക്കാക്കി മറ്റു ബ്രാന്‍ഡുകളുടെ മോതിരം വാങ്ങുന്നതിലെ പോരായ്മയും ഇവിടെ ചൂണ്ടിക്കാട്ടുന്നു. റിങ് സൈസറിന് 499 രൂപയാണ് വിപണിയിലെ വില.

ഔറാ മോതിരം
ഔറാ (Oura) മോതിരം പോലെയുള്ള മോഡലുകള്‍ വിദേശത്തും ലഭിക്കും. ഇവ ഉപയോഗിക്കുമ്പോള്‍ ട്രാക്കിങ് പ്രയോജനപ്പെടുത്താൻ മാസ വരിസംഖ്യ അടയ്ക്കേണ്ടതുണ്ട്. മാസവരിസംഖ്യയായി 5.99 ഡോളറാണ് ഈടാക്കുന്നത്.
∙വില കുറഞ്ഞ മോഡലുകള്‍ വിപണിയിലേക്ക്

ഇന്ത്യന്‍ കമ്പനികളായ ബോട്ട്, നോയിസ് തുടങ്ങിയവയൊക്കെ താമസിയാതെ സ്മാര്‍ട്ട് മോതിര നിര്‍മാണ രംഗത്തേക്ക് എത്തുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ വിപണിയിൽ മത്സരം മുറുകും. സാംസങും സ്മാര്‍ട്ട് മോതിരവുമായി രംഗത്തെത്തുമെന്നാണ് സൂചന.
∙അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങള്‍
മോതിരങ്ങൾ വാട്ടര്‍ പ്രൂഫ് ആണോ എന്നു നോക്കി തന്നെ വാങ്ങുന്നതാണ് നല്ലത്. ഈടുനില്‍ക്കുന്നവയും ആയിരിക്കണം. മറ്റൊന്ന് കോംപാറ്റിബിലിറ്റിയാണ്. മോതിരങ്ങൾക്ക് ഡിസ്‌പ്ലെ ഇല്ലാത്തതിനാല്‍ അവയ്‌ക്കൊത്തു പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഫോണിലും മറ്റും ഇന്‍സ്‌റ്റാൾ ചെയ്യാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം. ആന്‍ഡ്രോയിഡ് ഫോണാണെങ്കില്‍ അതിനു യോജിച്ച ആപ് ഉണ്ടോ, ഐഒഎസ് ആണെങ്കില്‍ അതിനു വേണ്ട ആപ് ഉണ്ടോ എന്നൊക്കെ പരിശോധിച്ചിട്ടു വേണം സ്മാർട്ട് മോതിരം വാങ്ങാന്‍. ഇനിയൊരു ഫിറ്റ്‌നസ് ട്രാക്കര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് മോതിരവും പരിഗണിക്കാം.
∙സാംസങ് ഗ്യാലക്സി സെഡ് ഫ്ളിപ് 5, ഫോള്‍ഡ്5 ഫോണുകള്‍ അവതരിപ്പിച്ചു
മടക്കാവുന്ന പ്രീമിയം ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സാംസങ് ഗ്യാലക്സി ഫോള്‍ഡ് 5 അവതരിപ്പിച്ചു. തുടക്ക വേരിയന്റിന്റെ വില 154,999 രൂപ. ഫ്ളിപ് 5ന്റെ തുടക്ക വേരിയന്റിന് 99,999 രൂപയാണ് എംആര്‍പി. വിവിധ ഓഫറുകള്‍ സ്വീകരിച്ചാല്‍വില കുറച്ചു ലഭിക്കും. സാംസങ് ടാബ് എസ്9 സീരിസും പുറത്തിറക്കി. ഇവയുടെ വില 72,999 രൂപ മുതല്‍ 133,999 രൂപ വരെയാണ്. ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ ഇവയുടെ വില 58,999 രൂപ മുതല്‍ 113,999 വരെയാക്കി കുറയ്ക്കാം.
ഗ്യാലക്സി വാച്ച് 6 സീരിസിന്റെ വില 29,999 രൂപ മുതല്‍ 43,999 രൂപ വരെയാണ്. ഓഫറുകള്‍ സ്വീകരിക്കാന്‍ സാധിച്ചാല്‍ ഇത് 9,999 രൂപ മുതല്‍ 33,999 രൂപ വരെയാക്കി കുറയ്ക്കാം. ഓഗസ്റ്റ് 18 മുതലായിരിക്കും വില്‍പ്പന തുടങ്ങുക.
∙ബെസലേ ഇല്ലാത്ത ഐഫോണ്‍ ഇറക്കാനുള്ള യത്നത്തില്‍ ആപ്പിള്‍
സ്‌ക്രീനില്‍ ബെസലിന്റെ ഒരു അംശം പോലും ഇല്ലാത്ത ഐഫോണ്‍ പുറത്തിറക്കാന്‍ ആപ്പിള്‍ ശ്രമം തുടങ്ങിയെന്ന് ദിഎലെക്. ഓലെഡ് ഡിസ്പ്ലെ നിര്‍മ്മാതാക്കളില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് ഈ പ്രവചനം. സാംസങ് ഡിസ്പ്ലേ, എല്‍ജി ഡിസ്പ്ലേ എന്നീകമ്പനികളായിരിക്കും പുതിയ ഡിസ്പ്ലേ നിര്‍മ്മിച്ചു നല്‍കുക.
∙സ്പെയ്സ്എക്സ് റോക്കറ്റുകള്‍ ഭൂമിയുടെ അയണമണ്ഡലത്തില്‍ ദ്വാരം വീഴ്ത്തിയിരിക്കാമെന്ന്
സ്പെയ്സ്എക്സ് കമ്പനി, 15 സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളാണ് ഫോള്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് ജൂലൈ 19ന് വിക്ഷേപിച്ചത്. ഇത് ഭൂമിയുടെ അയണമണ്ഡലത്തില്‍ (Ionosphere) ദ്വാരം വീഴ്ത്തിയിരിക്കുന്നതായി സംശയിക്കുന്നുവെന്നു മാധ്യമ റിപ്പോർട്ടുകൾ.
∙ചാറ്റ്ജിപിറ്റിയുടെ ആന്‍ഡ്രോയിഡ് ആപ് എത്തി
ചാറ്റ്ജിപിറ്റിയുടെ ആന്‍ഡ്രോയിഡ് ആപ് എത്തി. വെബ് ബ്രൗസറില്‍ ഒരോ തവണയും ലോഗ്-ഇന്‍ ചെയ്തു പ്രവേശിക്കുന്ന പ്രശ്നം, ആപ് ഉപയോഗിച്ചാല്‍ ഉണ്ടാവില്ലെന്നുള്ളതാണ് ഇതിന്റെ പ്രധാന ഗുണം. ചാറ്റ്ജിപിറ്റിയുടെ ഐഓഎസ് ആപ് മാസങ്ങള്‍ക്കു മുമ്പ് എത്തിയിരുന്നു. ആപ്പിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് ഇതിന് മൈക് ഇന്‍പുട്ട് ഉണ്ടെന്നുള്ളതാണ്. ചോദ്യങ്ങള്‍ ടൈപ് ചെയ്യാതെ നേരിട്ടു ചോദിക്കാം. അതേസമയം ഇതില്‍ 500 വാക്കുകള്‍ വരെയുള്ള ഉത്തരങ്ങളെ ലഭിക്കൂ എന്ന പരിമിതിയുംഉണ്ട്. ജിപിറ്റി-4 സപ്പോര്‍ട്ടും ആപ്പിന് ഇപ്പോള്‍ ലഭ്യമല്ല.