ADVERTISEMENT

ഇന്റര്‍നെറ്റ് സേവനം എത്തുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരാൻ ഒരുങ്ങുന്നു. കേബിളുകളിലൂടെയും മൊബൈല്‍ ടവറുകളിലൂടെയുമല്ലാതെ, മൂന്നു കമ്പനികള്‍ സാറ്റലൈറ്റില്‍ നിന്ന് നേരിട്ട് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം ഉടന്‍ നല്‍കി തുടങ്ങിയേക്കും. സ്‌പെയ്‌സ്എക്‌സ്ഉടമ ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് ബ്രോഡ്ബന്‍ഡ് കമ്പനിയായ സ്റ്റാര്‍ലിങ്ക്  ഇതിനു വേണ്ട ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) ലൈസന്‍സ് നേടാനായി 2021ല്‍ത്തന്നെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വരുന്ന സെപ്റ്റംബര്‍ 20ന് യോഗം ചേരാനാണ് ഇരിക്കുന്നത്. സ്റ്റാര്‍ലിങ്ക് അടക്കമുള്ള കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കണമോ എന്ന കാര്യത്തില്‍ ഉടൻ തീരുമാനമെടുത്തേക്കുമെന്ന് കരുതുന്നു. 

Twitter CEO Elon Musk speaks at the “Twitter 2.0: From Conversations to Partnerships,” marketing conference in Miami Beach, Florida, on April 18, 2023. (Photo by CHANDAN KHANNA / AFP)
Twitter(Now 'x') CEO Elon Musk speaks at the “Twitter 2.0: From Conversations to Partnerships,” marketing conference in Miami Beach, Florida, on April 18, 2023. (Photo by CHANDAN KHANNA / AFP)

സ്റ്റാർലിങ്ക് ഇപ്പോള്‍ 32 രാജ്യങ്ങളില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് നല്‍കുന്നുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനായി കമ്പനി 2021ല്‍ സബ്‌സ്‌ക്രിപ്ഷന്‍ വരെ സ്വീകരിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് നേടാതെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍ (ഡോട്ട്) മുന്നറിയിപ്പുമായി രംഗത്തെത്തുകയായിരുന്നു. മൈക്രോസോഫ്റ്റിന്റെ വിഡിയോ കോളിങ് സംവിധാനമായ സ്‌കൈപ് രാജ്യത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയതിനാല്‍ പിന്നെ ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സാധിച്ചില്ലെന്ന് അധികാരികള്‍ചൂണ്ടിക്കാട്ടി.

ഒരു കമ്പനിയും ലൈസന്‍സ് നേടാതെ പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന് ഇഷ്ടമില്ലെന്നു പറഞ്ഞാണ് സ്റ്റാര്‍ലിങ്കിനെതിരെ ഉദ്യോഗസ്ഥര്‍ രംഗത്തു വന്നത്. അതേതുടര്‍ന്ന് തങ്ങളുടെ സേവനത്തിന് വരിസംഖ്യ അടച്ചവരുടെ പണം തിരിച്ചുകൊടുക്കുകയായിരുന്നു, 2000 ലേറെ ലോ എര്‍ത്ഓര്‍ബിറ്റ് സാറ്റലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്ന സ്റ്റാര്‍ലിങ്ക്.  

ജിയോ സിം കാർഡുകൾ File Photo by INDRANIL MUKHERJEE / AFP
ജിയോ സിം കാർഡുകൾ File Photo by INDRANIL MUKHERJEE / AFP

ലൈസന്‍സ് ജിയോയ്ക്കും ലഭിച്ചേക്കും

സ്റ്റാര്‍ലിങ്ക് അടക്കം മൊത്തം മൂന്നു കമ്പനികളാണ് ജിഎംപിസിഎസ് ലൈസന്‍സിനായി അപേക്ഷിച്ചിരിക്കുന്നത്. റിലയന്‍സിന്റെ സാറ്റലൈറ്റ് വിഭാഗമായ ജിയോ സ്‌പെയ്‌സ് ടെക്‌നോളജി, എയര്‍ടെല്ലിന്റെ പിന്തുണയുള്ള വണ്‍വെബ് എന്നിവയും ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ട്. സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് കിട്ടിക്കഴിഞ്ഞാല്‍ ഡോട്ടില്‍ നിന്ന് സാറ്റലൈറ്റ് സ്‌പെക്ട്രവും സ്വന്തമാക്കിയ ശേഷം മാത്രമായിരിക്കും പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുക. 

 

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വ്യാപകമാകാന്‍ സമയമെടുത്തേക്കും

ഈ മൂന്നു വമ്പന്‍ കമ്പനികളും ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വര്‍ഷിച്ചു തുടങ്ങിയാലും അത് ഇപ്പോള്‍ ലഭിക്കുന്ന ഇന്റര്‍നെറ്റിന് വെല്ലുവിളിയാകാന്‍ കാലതാമസം എടുത്തേക്കും. നിലവിലെ ബ്രോഡ്ബാന്‍ഡിനെക്കാള്‍ പല മടങ്ങ് പണം നല്‍കിയാലാണ്ഇതിന് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ സാധിക്കുക. അതേസമയം, കേബിള്‍ സേവനം എത്താന്‍ സാധിക്കാത്ത ഗ്രാമീണ മേഖലയ്ക്ക് ഇതാണ് ഉത്തമം താനും.

സ്റ്റാര്‍ലിങ്ക് 2021ല്‍ പ്രതിമാസം 7000ലേറെ രൂപയായിരുന്നു വരിസംഖ്യയായി വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നത്. ചില പ്രത്യേകതരം ഉപയോക്താക്കള്‍ക്കല്ലാതെ ആര്‍ക്കും അത് പരിഗണിക്കേണ്ട കാര്യം പോലും ഇല്ലായിരുന്നു. എന്നാല്‍, മറ്റു സേവനങ്ങളുടെ കാര്യത്തിലെന്നവണ്ണം ഭാവിയില്‍ വരിസംഖ്യ കുറയുകയും സാറ്റലൈറ്റ് ഇന്റര്‍നെറ്റിന് ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്‌തേക്കാം.

 

വാട്‌സാപിനും ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ ശ്രമിച്ചേക്കും

Image Credit: husayno/Istock
Image Credit: husayno/Istock

ഓടിടി വിവിരക്കൈമാറ്റ സേവനങ്ങളായ വാട്‌സാപ്, സിഗ്നല്‍, ടെലഗ്രാം തുടങ്ങിയ കമ്പനികളെയും ലൈസന്‍സിന്റെ പരിധിയില്‍ കൊണ്ടുവരിക എന്നത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അങ്ങനെ ചെയ്താല്‍ ഇന്ത്യക്കു കിട്ടുമെന്നതിനേക്കാളേറെ, രാജ്യസുരക്ഷയ്ക്കും അതാണ് നല്ലതെന്നും ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. ലൈസന്‍സ് നേടിയാണ് ഇവ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവയ്ക്ക് ഗവണ്‍മെന്റ് പറയുന്നതു കേള്‍ക്കേണ്ടതായി വരും. മണിപ്പൂരില്‍ സംജാതമായതു പോലെയുള്ള സാഹചര്യങ്ങളില്‍, മൊത്തം ഇന്റര്‍നെറ്റ് വിച്ഛേദിക്കാതെ, ഈ ആപ്പുകളോട് പ്രവര്‍ത്തനം നിറുത്തിവയ്ക്കാന്‍ ഗവണ്‍മെന്റിന് ആവശ്യപ്പെടാനാകുമെന്ന് ആവശ്യപ്പെടാമായിരുന്നു

 

റിപ്പയര്‍ ചെയ്യാനുള്ള അവകാശം-മലക്കം മറിഞ്ഞ് ആപ്പിള്‍

 

ചോദിക്കുന്ന പണം നല്‍കി വാങ്ങുന്ന ഉപകരണത്തിന് കേടുവന്നാല്‍ അത് നന്നാക്കിയെടുക്കാനും,  ഇറക്കിയ കമ്പനി പറയുന്നതു കേട്ടോളണം എന്നതാണ് നിലവിലെ അവസ്ഥ. ഇതിനെതിരെ വിവിധ ലോക രാജ്യങ്ങള്‍ നിയമനിര്‍മ്മാണം നടത്താന്‍ ഒരുങ്ങുകയാണ്. റിപയറിങ് നടത്തണമെങ്കില്‍ തങ്ങള്‍ പറയുന്നതു പോലെ ചെയ്‌തോളണം എന്ന ഉത്തരവിട്ട ആദ്യ കമ്പനികളിലൊന്ന് ആപ്പിളാണ്. എന്നാല്‍, ഒരാള്‍ വാങ്ങുന്ന ഉപകരണം കമ്പനിയുടെ സമ്മതമൊന്നും വാങ്ങാതെ നന്നാക്കിയെടുക്കാന്‍ സാധിക്കണം എന്ന രീതിയില്‍ കാലിഫോര്‍ണിയ കൊണ്ടുവരുന്ന പുതിയ നിയമത്തെ ആപ്പിൾ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചന.

എഐ ജോലികള്‍ ഇല്ലാതാക്കുകയല്ല, ജോലിക്കാര്‍ക്ക് ഗുണകരമാകാനായിരിക്കും സാധ്യത എന്ന് യുഎന്‍

നിര്‍മിത ബുദ്ധി (എഐ) താമസിയാതെ ജോലികള്‍ ഇല്ലാതാക്കി തുടങ്ങിയേക്കുമെന്നുള്ള കടുത്ത ഉത്കണ്ഠ പരക്കുന്നതിനിടയില്‍ പ്രതീക്ഷയാകുകയാണ് ഐക്യാരാഷ്ട്ര സംഘടന നടത്തിയ പുതിയ പഠനം. യുഎന്റെ റിപ്പോര്‍ട്ട് പ്രകാരം എഐ ഉദ്യോഗസ്ഥര്‍ക്ക് സഹായകമാകുന്ന സാഹചര്യവും ഉണ്ട്. ജനറേറ്റിവ് എഐ സംവിധാനമായ ചാറ്റ്ജിപിറ്റി പോലെയുള്ള സേവനങ്ങള്‍ക്ക് സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കു പോലും ക്ഷണത്തില്‍ മറുപടി നല്‍കാന്‍ സാധിക്കും. ഇതൊക്കെ തൊഴിലിടങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, സമീപഭാവിയില്‍തന്നെ വെള്ളക്കോളര്‍ ജോലികള്‍ കുറയാനുള്ള സാധ്യത റിപ്പോര്‍ട്ട് തള്ളിക്കളയുന്നുമില്ല.   

ഷിക്കാഗോയിൽ നിന്നുള്ള ആപ്പിൾ റീട്ടെയ്ൽ സ്റ്റോറിന്റെ ദൃശ്യം. (Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP)
ഷിക്കാഗോയിൽ നിന്നുള്ള ആപ്പിൾ റീട്ടെയ്ൽ സ്റ്റോറിന്റെ ദൃശ്യം. (Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP)

ഓസ്‌ട്രേലിയയുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ എഐക്കുസാധിക്കുമെന്ന്

വ്യാവസായിക, കാര്‍ഷിക മേഖലകളില്‍ ഓസ്‌ട്രേലിയയുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ എഐക്കുസാധിക്കുമെന്ന് രാജ്യത്തെ പ്രൊഡക്ടിവിറ്റി കമ്മിഷണര്‍ മൈക്ള്‍ ബ്രെണന്‍.

നെറ്റ്ഫ്‌ലിക്‌സിലേക്ക് പുതിയ സബ്‌സ്‌ക്രൈബര്‍മാരുടെ ഒഴുക്ക് തുടരുന്നു

ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് അവരുടെ പ്രധാന പ്രവര്‍ത്തന മേഖലയായ അമേരിക്കയില്‍ പുതിയ സബ്‌സ്‌ക്രൈബര്‍മാരെ ലഭിക്കുന്നത് കഴിഞ്ഞ മാസങ്ങളില്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരുന്നു. ഒരാളുടെ പാസ്‌വേഡ് മറ്റൊരാള്‍ക്ക് നല്‍കുന്നതിന് പരിധി കല്‍പ്പിച്ചതോടെയാണ് പുതിയ ട്രെന്‍ഡ് തുടങ്ങിയത്. ഇക്കഴിഞ്ഞ മാസവും നെറ്റ്ഫ്‌ളിക്‌സിലേക്ക് വന്‍ തോതില്‍ പുതിയ സബ്‌സ്‌ക്രൈബര്‍മാര്‍ എത്തി. മുന്‍ മാസത്തെ അപേക്ഷിച്ച് 4 ശതമാനം വര്‍ദ്ധനയാണ് നെറ്റ്ഫ്‌ളിക്‌സിനു ലഭിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ്.

 

 

ഐഫോണ്‍ 15 പ്രോ മാസ്‌ക് ലഭിക്കാന്‍ ഒരു മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കും

 

ഐഫോണ്‍ 15 അള്‍ട്രാ എന്നോ 15 പ്രോ മാക്‌സ് എന്നോ പേരിട്ടേക്കാവുന്ന ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഐഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അതു ലഭിക്കാന്‍ 3-4 ആഴ്ച വരെ വേണ്ടിവന്നേക്കുമെന്ന് 9ടു5ഗൂഗിള്‍. ഈ മോഡലിന്റെ ക്യാമറയ്ക്കു വേണ്ട സെന്‍സറുകള്‍നിര്‍മ്മിച്ചുനല്‍കാന്‍ സോണിക്ക് കാലതാമസം വേണ്ടിവന്നതാണ് ഫോണ്‍ ഷിപ്പിങ് മാറ്റിവയ്‌ക്കേണ്ടിവന്നിരിക്കുന്നതത്രെ. 

 

പെരിസ്‌കോപ് ക്യാമറ

 

ഈ വര്‍ഷം മറ്റൊരു ഐഫോണിനും കിട്ടാത്ത തരത്തിലുള്ള ഒരു ക്യാമറ 15 പ്രോ മാക്‌സിന് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. അത് ഒരു പെരിസ്‌കോപ് ക്യാമറയാണ്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിന് 10 മടങ്ങ് സൂം ചെയ്യാന്‍ സാധിച്ചേക്കും. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഈ ക്യാമറയ്ക്കു വേണ്ട മൊഡ്യൂളാണ് സോണിക്കു നിര്‍മ്മിച്ചു നല്‍കാന്‍ സമയം വേണ്ടിവന്നിരിക്കുന്നതെന്നാണ് ഇപ്പോള്‍ കരുതുന്നത്. 

 

English Summary: Starlink applied for a Global Mobile Personal Communication by Satellite (GMPCS) license with the DoT last year. Starlink opened pre-booking channels in India in 2021.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com