ADVERTISEMENT

ഒരു സിനിമ കണ്ടു തീരുന്ന സമയത്തിനുള്ളില്‍ ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലെത്താന്‍ സാധിച്ചാലോ? ഇത്തരത്തിലുള്ള സൂപ്പര്‍ സോണിക് വ്യോമയാന വിദ്യ വികസിപ്പിക്കാന്‍ മേല്‍നോട്ടം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കയുടെ നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (നാസ). മാച്ച് രണ്ടിനും (Mach2), മാച് നാലിനും (സ്വരത്തിന് ആനുപാതികമായി വേഗത അളക്കുന്ന നമ്പര്‍ ആണ് മാച്) ഇടയില്‍ അറ്റ്‌ലാന്റിക്കിനു കുറുകെ മണിക്കൂറില്‍ 1,535-3,045 മൈല്‍ വേഗതയില്‍ സഞ്ചരിക്കാനായിരിക്കും ശ്രമം. (ഒരു എഫ്-18 യുദ്ധ വിമാനത്തിന്റെ പരമാവധി വേഗം മാച് 1.8 ആണ്).

ആദ്യ ഘട്ട ഗവേഷണം 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നാസ ശ്രമിക്കുന്നതത്രെ. ബോയിങ്, റോള്‍സ്-റോയ്‌സ് തുടങ്ങിയ കമ്പനികളാണ് പുതിയ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ നാസയെ സഹായിക്കുക. പക്ഷേ  നിര്‍മിക്കാനുള്ള ശ്രമത്തിന്റെ പ്രാരംഭ ഘട്ടം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതു കൂടാതെ, അത്തരം ഒരു വിമാനം നിര്‍മ്മിക്കാന്‍ നാസ സ്വന്തമായി ശ്രമിക്കുന്നുമില്ലെന്നും നാസയുടെ വക്താവ് റോബ് മാര്‍ഗരറ്റ പറയുന്നു. 

നിലവിലെ റിക്കോര്‍ഡ് ഇതാ

ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് നിര്‍മ്മിച്ച കോണ്‍കോഡ് വിമാനം 1996 ഫെബ്രുവരിയില്‍ ഇട്ടതാണ് ഇപ്പോഴുള്ള റെക്കോഡ്. ലണ്ടനില്‍ നിന്ന് ന്യൂ യോര്‍ക്കില്‍ എത്താന്‍ കോണ്‍കോഡ് എടുത്തത് 2 മണിക്കൂര്‍ 52 മിനിറ്റ് 59 സെക്കന്‍ഡ് ആണ്. ഈ സമയം നേര്‍പകുതിയാക്കി കുറയ്ക്കാനാണ് നാസ ശ്രമിക്കുന്നത്. ഇപ്പോള്‍ പറക്കുന്ന വലിയ വിമാനങ്ങള്‍ ശരാശരി മണിക്കൂറില്‍ 600 മൈല്‍ വേഗം വരെയാണ് ആര്‍ജ്ജിക്കുന്നത്. ഇത്തരം വിമാനങ്ങള്‍ക്ക് ലണ്ടനും ന്യൂയോര്‍ക്കിനും ഇടയിലുള്ള 3461 മൈല്‍ ദൂരം താണ്ടാന്‍ 5 മണിക്കൂറോ അതില്‍ കൂടുതലോ വേണ്ടിവരുന്നു.

റിക്കോഡ് ഇട്ട കോണ്‍കോഡ് 1,354 മൈല്‍ വേഗതയിലാണ് സഞ്ചരിച്ചത്. എന്നാല്‍, 2000 ത്തില്‍ ഒരു കോണ്‍കോഡ് തകര്‍ന്നത് വന്‍ വാര്‍ത്തയാകുകയും, 2003ല്‍ ഇവ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകുകയുമായിരുന്നു. നിലവില്‍ ഒരു വാണിജ്യ വിമാനം എടുക്കുന്നതിന്റെ നാലു മടങ്ങ് വേഗത്തില്‍ പറന്നെത്താനാകുമോ എന്നറിയാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നാസ പറഞ്ഞു.  

ഈ വര്‍ഷം നാസയുടെ എക്‌സ്-59 സൂപ്പര്‍സോണിക് ടെസ്റ്റ് എയര്‍ക്രാഫ്റ്റ് പരീക്ഷിച്ചിരുന്നു. ഇതില്‍ നിന്നു ലഭിച്ച അറിവും പുതിയ സൂപ്പര്‍സോണിക് എയര്‍ക്രാഫ്റ്റിന്റെ നിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്തും. വായു തന്മാത്രകള്‍ക്ക് വിമാനത്തിന്റെ വഴിയില്‍നിന്ന് മാറാന്‍ സമയം കിട്ടുന്നതിനേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ് സൂപ്പര്‍സോണിക് എയര്‍ക്രാഫ്റ്റ്. 

ഇതുവരെയുള്ള സൂപ്പര്‍സോണിക് വിമാനങ്ങളുടെ പറക്കലില്‍ ഷോക് വേവ് സൃഷ്ടിക്കപ്പെടുന്നതിനാല്‍ അവയുടെ പറക്കലില്‍ പല പരിമിതികളും സൃഷ്ടിക്കുന്നു. അടുത്ത തലമുറയില്‍ ഇവ എങ്ങനെ മറികടക്കാം എന്ന കാര്യത്തെക്കുറിച്ചാണ് നാസയും കൂട്ടുകക്ഷികളും അന്വേഷിക്കുന്നത്. കൂടുതല്‍ കനംകുറഞ്ഞതും അതേസമയം നീളമേറിയതുമായ രീതിയിലുള്ള രൂപകല്‍പ്പന പ്രയോജനപ്പെടുത്തുക എന്നതായിരിക്കും പരിഹാരമാര്‍ഗങ്ങളില്‍ ഒന്ന്. 

ട്രാക്കിങുമായി ബോട്ടിന്റെ പുതിയ സ്മാര്‍ട്ട് മോതിരം

സ്മാര്‍ട്ട് വാച്ചുകള്‍ വേണ്ട എന്നു കരുതുന്നവര്‍ക്കായി ആരോഗ്യ പരിപാലന സെന്‍സറുകള്‍ അടക്കം ഉള്‍പ്പെടുത്തി, പുതിയ സ്മാര്‍ട്ട് റിങ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ കമ്പനിയായ ബോട്. ഹൃദയമിടിപ്പ്, എസ്പിഓ2, ശരീരോഷ്മാവ്, ഉറക്കം, ആര്‍ത്തവചക്രം തുടങ്ങിയവ അടക്കം പല ആരോഗ്യപരിപാലന കാര്യങ്ങളും ട്രാക്കു ചെയ്യാന്‍ ബോട് സ്മാര്‍ട്ട് റിങിനു സാധിക്കും. ഫോണുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിപ്പിച്ചാല്‍ ഫോണില്‍ കേള്‍ക്കുന്ന പാട്ടുകള്‍ നിയന്ത്രിക്കാം. ചില ആപ്പുകളും നിയന്ത്രിക്കാം. ഫോട്ടോ എടുക്കാനും ബോട് റിങ് ഉപയോഗിക്കാന്‍ സാധിക്കും. (ഫീച്ചറുകള്‍ എല്ലാ ഫോണും സപ്പോര്‍ട്ട് ചെയ്യുമൊ എന്ന് വ്യക്തമല്ല.) 

ബോട്ട് റിങ് ആപ്പ് ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുമ്പോള്‍ മാത്രമെ ഇത്തരം ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. സെറാമിക് ഡിസൈനാണ് മോതിരത്തിന്. ആമസോണും ഫ്‌ളിപ്കാര്‍ട്ടും വഴിയായിരിക്കും ഓഗസ്റ്റ് 28 മുതല്‍ ഇതു വിറ്റു തുടങ്ങുക. വില 8,999 രൂപ. സ്മാര്‍ട്ട് വാച്ചിനെ അപേക്ഷിച്ച് റിങ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വിരലുകള്‍ക്കു പാകത്തിനുള്ളത് ആയിരിക്കണം. വാച്ച് പോലെ അയച്ചോ മുറുക്കിയൊ കെട്ടാനാവില്ലല്ലോ. 

റിയല്‍മി ബഡ്‌സ് എയര്‍ 5ന്റെ വില്‍പ്പന തുടങ്ങി

കോള്‍ നോയിസ് ക്യാന്‍സലേഷന്‍ അടക്കമുള്ള ഫീച്ചറുകളുമായി റിയല്‍മി ബഡ്‌സ് എയര്‍ എത്തി. 12.4 എംഎം ടൈറ്റനൈസ്ഡ് ഡ്രൈവര്‍, ബ്ലൂടൂത് 5.3, 6-മൈക് കോണ്‍ഫിഗറേഷന്‍, എഐ പ്രയോജനപ്പെടുത്തിയുള്ള നോയിസ് ക്യാന്‍സലേഷന്‍, രണ്ട് ഉപകരണങ്ങളുമായി കണക്ട് ചെയ്യാനുള്ള ശേഷി തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എംആര്‍പി 3,699 രൂപ. തുടക്ക ഓഫര്‍ മുതലെടുത്താല്‍ 3,499 രൂപയ്ക്ക് വാങ്ങാം. റിയല്‍മിയുടെ വെബ്‌സൈറ്റിലും പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളിലും വഴി വില്‍പ്പന.  

സാംസങ് ഗ്യാലക്‌സി സ്മാര്‍ട്ട്ടാഗ് 2 ഒക്ടോബറില്‍

ആപ്പിളിന്റെ എയര്‍ടാഗിനു വെല്ലുവിളിയായി കൊറിയന്‍ ടെക്‌നോളിജി ഭീമന്‍ സാംസങ് 2021ല്‍ പുറത്തിറക്കിയതാണ് ഗ്യാലക്‌സി സ്മാര്‍ട്ട്ടാഗ്. ഇതിന്റെ അടുത്ത വേര്‍ഷന്‍ ഒക്ടോബറില്‍ എത്തിയേക്കുമെന്ന് മൊബൈല്‍ഫണ്‍ യുകെ റിപ്പോര്‍ട്ടു ചെയ്യുന്നു. താക്കോല്‍തുടങ്ങിയ സാധനങ്ങളില്‍ പിടിപ്പിക്കാനുള്ളതാണ് ടാഗുകള്‍. എവിടെയെങ്കിലും മറന്നുവച്ചാല്‍ ഫോണും മറ്റും ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താം. 

ലിങ്ക്ട്ഇന്‍ ഇനി പേടിക്കണം; വെല്ലുവിളിയായി എക്‌സ്

ജോലി അന്വേഷകര്‍ക്ക് തങ്ങളുടെ പ്രൊഫൈലുകള്‍ അപ്‌ലോഡ് ചെയ്യാനുള്ള ഇപ്പോഴത്തെ ഏറ്റവും പ്രശസ്ത പ്ലാറ്റ്‌ഫോമായ ലിങ്ക്ട്ഇന്‍ ഇനി പേടിക്കണം. ഇലോണ്‍ മസ്‌കിന്റെ സ്ഥാപനമായ എക്‌സ് ആണ് അപ്രതീക്ഷിത നീക്കവുമായി എത്തിയിരിക്കുന്നത്. ജോലി അന്വേഷകര്‍ക്കു പ്രൊഫൈലുകള്‍ എക്‌സില്‍ പോസ്റ്റ് ചെയ്യാം. എക്‌സിലെ വേരിഫൈഡ് സ്ഥാപനങ്ങള്‍ക്ക്, ഇവ പരിശോധിച്ച് ജോലിക്ക് ആളെ എടുക്കാം. ഒരു സ്ഥാപനത്തിന് വേരിഫൈഡ് ആകണമെങ്കില്‍ ഇന്ത്യയില്‍ പ്രതിമാസം 82,300 രൂപ വരിസംഖ്യ നല്‍കണം. 

നിലവില്‍ എക്‌സിന്റെ പുതിയ ഫീച്ചര്‍ ബീറ്റാ അവസ്ഥയിലാണ്. ആളുകള്‍ക്ക് തങ്ങളുടെ നീക്കത്തില്‍ താത്പര്യമുണ്ടോ എന്നറിയാനാണ് എക്‌സ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, എന്തിനും ആശ്രയിക്കാവുന്ന ഒരു ആപ്പായി എക്‌സിനെ പരിവര്‍ത്തനം ചെയ്യാനുള്ള മസ്‌കിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും പറയപ്പെടുന്നു. ലിങ്ക്ട്ഇന്‍ പ്രവര്‍ത്തിപ്പിക്കുന്നത് മൈക്രോസോഫ്റ്റ് ആണ്.  

മെറ്റായുടെ പുതിയ സണ്‍ഗ്ലാസസിന് ഇന്‍സ്റ്റഗ്രാമില്‍ ലൈവ്‌സ്ട്രീം നടത്താന്‍ സാധിച്ചേക്കും

റെയ്-ബാന്‍ കമ്പനിയുമായി ചേര്‍ന്ന് മെറ്റാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റഗ്രാം സ്മാര്‍ട്ട് ഗ്ലാസുകള്‍ പുറത്തിറക്കിയിരുന്നല്ലോ. റെയ്-ബാന്‍ സ്‌റ്റോറീസ് എന്നു പേരിട്ടിരുന്ന സമാര്‍ട്ട് ഗ്ലാസസിന്റെ അടുത്ത തലമുറ വേര്‍ഷന്‍ ഉടനെ പുറത്തിറക്കിയേക്കും. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമുമായി കൂടുതല്‍ ബന്ധപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാവുന്നതായിരിക്കും പുതിയ ഗ്ലാസസ് എന്ന് ഊഹം. പുതിയ തലമുറ റെയ്-ബാന്‍ സ്‌റ്റോറീസ് ഉപയോഗിക്കുന്നവര്‍ക്ക് അതില്‍ നിന്ന് നേരിട്ട് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുംവിഡിയോ സ്ട്രീം ചെയ്യാന്‍ സാധിച്ചേക്കുമെന്നാണ് സൂചന. ലൈവ് കാണുന്നവര്‍ നടത്തുന്ന കമന്റുകള്‍ ഗ്ലാസ് ഉപയോഗിച്ച് സ്ട്രീം ചെയ്യുന്ന ആള്‍ക്ക് ലൈവായി കേള്‍പ്പിച്ചു കൊടുത്തേക്കുമെന്നും കരുതുന്നു. 

English Summary: NASA moves a step closer to supersonic passenger flights

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com