ADVERTISEMENT

ഐഫോണ്‍ 15 സീരിസ് അവതരണ ആരവം അടങ്ങുന്നതിനു മുമ്പ് അടുത്ത സീരിസ് ഐഫോണുകളെക്കുറിച്ചുള്ള സൂചന പുറത്തു വന്നു. ആപ്പിള്‍ പുറത്തിറക്കാന്‍ പോകുന്ന ഉപകരണങ്ങളെക്കുറിച്ച് ഏറ്റവും വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന വ്യക്തികളില്‍ ഒരാളാണ് ബ്ലൂംബര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ മാര്‍ക് ഗുര്‍മന്‍. ആപ്പിള്‍ സമീപ ഭാവിയില്‍ പുറത്തിറക്കാന്‍ പോകുന്ന ഉപകരണങ്ങളെപ്പറ്റിയും ഐഫോണ്‍ 16 സീരിസിനെപ്പറ്റിയുമാണ് ഗുര്‍മന്റെ പുതിയ പ്രവചനത്തിലുള്ളത്. 

ഐഫോണ്‍ 16 പ്രോ സീരിസിന് കൂടുതല്‍ വലിപ്പമുളള സ്‌ക്രീന്‍

ഐഫോണ്‍ 15 പ്രോ സീരിസിനെ അപേക്ഷിച്ച് അല്‍പ്പം കൂടെ വലുപ്പമുള്ള സ്‌ക്രീന്‍ ആയിരിക്കും ഐഫോണ്‍ 16 പ്രോ സീരിസിന് ലഭിക്കുക എന്ന് ഗുര്‍മന്‍ പ്രവചിക്കുന്നു. അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന ഹാര്‍ഡ്‌വെയര്‍ അപ്‌ഗ്രേഡില്‍ പ്രധാനപ്പെട്ടതു സ്ക്രീൻ വലുപ്പം തന്നെയായിരിക്കുമെന്ന് ഗുര്‍മന്‍ പറയുന്നു. 

എഐ

ആപ്പിള്‍ കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ അല്‍പ്പം പിന്നിലല്ലേ എന്ന സംശയം പല വിശകലന വിദഗ്ധരും ഉന്നയിക്കുന്നു. കഴിഞ്ഞ വണ്ടര്‍ലസ്റ്റ് ഇവെന്റിലും എഐയെക്കുറിച്ചുള്ള പരാമര്‍ശം ഒന്നും ആപ്പിള്‍ നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, കോണ്‍വര്‍സേഷണല്‍ എഐ വികസിപ്പിക്കാനായി ആപ്പിള്‍ പ്രതിദിനം ദശലക്ഷക്കണക്കിനു ഡോളര്‍ ആണ് ചിലവിട്ടുകൊണ്ടിരിക്കുന്നതെന്ന് 

Image Credit: husayno/Istock
Image Credit: husayno/Istock

ആപ്പിളിന്റെ എഐ മേധാവി ജോണ്‍ ഗിയാനാന്‍ഡ്രിയയ്ക്ക് ഇപ്പോഴത്തെ എഐ ചാറ്റ്‌ബോട്ടുകളെക്കുറിച്ച് വലിയ മതിപ്പൊന്നും ഇല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ആദ്യമായി 'ആപ്പിള്‍ ജിപിറ്റി'യെപ്പറ്റി സംസാരിച്ചതും ഗുര്‍മന്‍ ആണ്. ആപ്പിളും ലാര്‍ജ് ലാംഗ്വെജ് മോഡലുകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പറയുന്നു. ആപ്പിളിന്റെ എഐ മോഡല്‍ വികസിപ്പിക്കാനായി 16 പേരാണ് ജോലിയെടുക്കുന്നതെന്നും, അവര്‍ ലാംഗ്വേജ് ട്രെയിനിങിനായി പ്രതിദിനം ദശലക്ഷക്കണക്കിനു ഡോളര്‍ ചെലവിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ആപ്പിള്‍ വിഷന്‍ പ്രോ

അടുത്തതായി കമ്പനിയുടെ സകല ശ്രദ്ധയും കേന്ദ്രീകരിക്കുക തങ്ങളുടെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ആയ ആപ്പിള്‍ വിഷന്‍ പ്രോയില്‍ ആയിരിക്കുമെന്ന് ഗുര്‍മന്‍ പറയുന്നു. ഇത് 2024 ആദ്യം വില്‍പ്പനയ്‌ക്കെത്തും. എന്നാല്‍, ഈ ഉല്‍പന്നത്തില്‍ നിന്ന് ആപ്പിളിന് വലിയ വരുമാനം ഒന്നും ലഭിച്ചേക്കില്ലെന്നും അദ്ദേഹം പറയുന്നു. പക്ഷേ, വിഷന്‍ പ്രോയും ധാരാളം ആളുകളെ ആപ്പിളിന്റെ റീട്ടെയില്‍ കടകളിലേക്ക് ആകര്‍ഷിക്കും. ഇത് മറ്റ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് സഹായകരമായിരിക്കും.

10-ാം തലമുറ സ്മാര്‍ട് വാച്ച്, 'സീരിസ് എക്‌സ്' 

ഐഫോണ്‍എക്‌സ് പുറത്തിറക്കിയതു പോലെ 10-ാം തലമുറയിലെ ആപ്പിള്‍ വാച്ച് പുറത്തിറക്കലും കമ്പനി ആഘോഷമാക്കിയേക്കുമെന്നും കരുതപ്പെടുന്നു. 'സീരിസ് എക്‌സ്' സ്മാര്‍ട്ട് വാച്ചുകളായിരിക്കും പുറത്തിറക്കുക എന്നാണ് സൂചന. പുതിയ രൂപകല്‍പ്പനാ രീതിയുംഇതിനൊപ്പം എത്തിയേക്കും. 

ഐപാഡ് പ്രോ

അഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായി ഐപാഡ് പ്രോ മോഡലുകള്‍ക്ക് പുതിയ രൂപകല്‍പ്പനാ രീതി വരുമെന്നും ഗുര്‍മന്‍ പറയുന്നു. ഇതില്‍ 11, 13-ഇഞ്ച് മോഡലുകള്‍ക്കും ഇനി ഓലെഡ് സ്‌ക്രീനുകള്‍ പ്രതീക്ഷിക്കാം. പുതിയ മാജിക് കീബോഡും പ്രതീക്ഷിക്കാം.

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

എം3 പ്രൊസസറുകള്‍

ആപ്പിളിന്റെ ആദ്യ 3-നാനോമീറ്റര്‍ പ്രൊസസര്‍ ആയ 'എം3' ചിപ് ഉള്‍പ്പെടുത്തിയ മാക്ബുക്കുകള്‍ താമസിയാതെ പ്രതീക്ഷിക്കാം. മാക്ബുക്ക് എയര്‍, മാക്ബുക്ക് പ്രോ, മറ്റു മാക്കുകള്‍ തുടങ്ങിയവയ്‌ക്കൊക്കെ ഇത് ലഭ്യമാക്കും.  

ഐഓഎസ് 17 ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം

ആപ്പിളിന്റെ മൊബൈല്‍ കംപ്യൂട്ടിങ് ഓഎസു കളായ ഐഓഎസിന്റെയും ഐപാഡ് ഓഎസിന്റെയും 17-ാം പതിപ്പ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. കഴിഞ്ഞ വര്‍ഷത്തെ ഐഓഎസ് 17 ലഭ്യമായ ഉപകരണങ്ങളില്‍ ഐഫോണ്‍ 8,8പ്ലസ്, ഐഫോണ്‍ x എന്നിവയ്ക്ക് ഒഴികെ മറ്റ് ഫോണുകള്‍ക്കെല്ലാം ഐഓഎസ് 17 ലഭ്യമാണ്. കോണ്ടാക്ട് പോസ്‌റ്റേഴ്‌സ് ആണ് പുതിയ ഐഓഎസിലെ പ്രധാന ഫീച്ചറുകളിലൊന്ന്. 

എയര്‍ഡ്രോപ്, മ്യൂസിക് ആപ്, കാര്‍പ്ലേ, ഷെയര്‍പ്ലേ, ടൈപ് ചെയ്യുമ്പോള്‍ ഉള്ള ഓട്ടോകറക്ട്, ഡിക്ടേഷന്‍, ഹോം സ്‌ക്രീന്‍ വിജറ്റ്‌സ്, പുതിയ സ്റ്റാന്‍ഡ്‌ബൈ മോഡ്, പേഴ്‌സണല്‍ വോയിസ്, ലൈവ് സ്പീച്, പുതിയ ജേണല്‍ ആപ് തുടങ്ങി പല ഫീച്ചറുകളും പുതുക്കിയ ഓഎസില്‍ ഉണ്ട്. വാച്ച്ഓഎസ് 10 ഉം ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. അതേസമയം, മാക്ഓഎസ് സോണോമാ സെപ്റ്റംബര്‍ 26ന് ആയിരിക്കും ലഭ്യമാക്കുക. 

ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് ട്രിപ്ള്‍-എ ഗെയിം ശേഷി; പക്ഷേ...

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് ട്രിപ്ള്‍-എ ഗെയിം കളിക്കാനുള്ള കരുത്തുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് ഗെയിം കണ്‍സോളുകളുമായി മത്സരിക്കാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി. പുതിയ യുഎസ്ബി-സി പോര്‍ട്ടുകള്‍ഉള്ളതിനാല്‍ പ്രോ മോഡലുകളെ 4കെ മോണിട്ടറുകളുമായി ഘടിപ്പിക്കാമെന്നും ആപ്പിള്‍ പറഞ്ഞു. 

അതേസമയം പ്രശസ്ത ഗെയിമിങ് കണ്‍സോളുകളായ ലെനോവോ ലിജെന്‍, ഗോ, റോഗ് അലൈ തുടങ്ങിയ ഗെയിം കണ്‍സോളുകളോട് ഏറ്റുമുട്ടാനുള്ള കെല്‍പ്പ് ഐഫോണ്‍ 15 പ്രോ സീരിസിന് കണ്ടേക്കും, എന്നാല്‍ ഐഓഎസിനായികരുത്തുറ്റ ഗെയിമുകള്‍ വികസിപ്പിക്കാന്‍ ഗെയിം സ്റ്റുഡിയോകളെ പ്രേരിപ്പിക്കലായിരിക്കും ആപ്പിള്‍ നേരിടുന്ന പ്രതിബന്ധങ്ങളിലൊന്ന് എന്നും വിലയിരുത്തലുണ്ട്. 

 

∙മൈക്രോസോഫ്റ്റിന് കനത്ത തിരിച്ചടി; പ്രോഡക്ട് മേധാവി രാജിവച്ചു

മൈക്രോസോഫ്റ്റ് കോര്‍പറേഷന് കനത്ത തിരിച്ചടി നല്‍കി കമ്പനിയുടെ ഹാര്‍ഡ്‌വെയര്‍, വിന്‍ഡോസ് വിഭാഗങ്ങളുടെ മേധാവി പാനോസ് പാനെയ് രാജിവച്ചു എന്ന് ബ്ലൂംബര്‍ഗ്. പകരം എത്തുന്നത് രാജേഷ് ഝാ ആയിരിക്കും. രാജേഷിന് ചുമതലകള്‍ ഏല്‍പ്പിച്ചു നല്‍കാന്‍ എടുക്കുന്ന കാലം താന്‍ കമ്പനിയില്‍ തുടരുമെന്ന് പാനെയ് അറിയിച്ചു. പാനെയ് 2004 മുതല്‍ മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കമ്പനിയുടെ സര്‍ഫസ് കംപ്യൂട്ടര്‍ നിര്‍മാണത്തിലും, കൂടാതെ, അടുത്തിടെയായി വിന്‍ഡോസ് യൂണിറ്റിന്റെ ചുമതലയിലും മുഖ്യ പങ്ക് വഹിച്ചുവരികയായിരുന്നു അദ്ദേഹം. 

(Photo by Lionel BONAVENTURE / AFP)
(Photo by Lionel BONAVENTURE / AFP)

രണ്ടു പതിറ്റാണ്ടിലേറെ കമ്പനിക്കു സംഭാവനകള്‍ നല്‍കിവന്ന പാനെയ്ക്ക്, മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല നന്ദി അറിയിച്ചു. അടുത്തിടെയായി കമ്പനിയുടെ ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണ വിഭാഗത്തിനുണ്ടായ മാറ്റങ്ങളും പാനെയ്‌യുടെ രാജിയുമായി ബന്ധമുണ്ടാകാം എന്നു കരുതപ്പെടുന്നു. മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ആയ ഹോളോലെന്‍സിന്റെയും മറ്റും വികസനപ്രവര്‍ത്തനങ്ങള്‍ കൂടൂതല്‍ മുന്നോട്ടു പോയിട്ടില്ല എന്നതൊക്കെ പാനെയ്‌യുടെ രാജിയുമായി ബന്ധിപ്പിച്ചു വായിക്കാമോ എന്ന കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമായേക്കും.

∙ചാറ്റ്ജിപിറ്റിയില്‍ നിക്ഷേപമിറക്കാന്‍ സോഫ്റ്റ്ബാങ്ക് 

ജാപ്പനീസ് മള്‍ട്ടീനാഷണല്‍ കമ്പനിയായ സോഫ്റ്റ് ബാങ്ക്, ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍ എഐയിലും മറ്റു നിര്‍മിതബുദ്ധി കമ്പനികളിലും നിക്ഷേപം ഇറക്കാന്‍ തീരുമാനിച്ചതായി ഫൈനാന്‍ഷ്യല്‍ ടൈംസ്. 

∙ഓപ്പണ്‍എഐയെ പ്രകീര്‍ത്തിച്ച് പിച്ചൈ

ചാറ്റ്ജിപിറ്റി പോലെയൊരു പക്വമായ എഐ ഉല്‍പ്പന്നം അവതരിപ്പിച്ച ഓപണ്‍എഐയെ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ പ്രകീര്‍ത്തിച്ചു. ചാറ്റിജിപിറ്റി അവതരിപ്പിക്കപ്പെട്ട നിമിഷം തനിക്കും ആഹ്ലാദകരമായിരുന്നു എന്നും പിച്ചൈ പറഞ്ഞു. ഗൂഗിള്‍ എഐ ടൂളുകള്‍പുറത്തിറക്കാന്‍ യത്‌നിച്ചിരുന്നു എന്നും അവ സജ്ജമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എഐ ടൂളുകള്‍ പുറത്തിറക്കാന്‍ തങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിച്ചു എന്നും അദ്ദേഹം വയേഡ് മാഗസിനു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞു. 

English Summary: What is likely coming in iphone

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com