ADVERTISEMENT

അപ്രതീക്ഷിതമായി ടെലികോം മേഖലയിലെത്തി ആധിപത്യം സ്ഥാപിച്ചതു പോലെ ഇന്റര്‍നെറ്റ് കണ്ടെന്റ് സ്ട്രീമിങിലും റിലയന്‍സ് ആധിപത്യം നേടുമോ? അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഇപ്പോള്‍ നടക്കുന്ന ചർച്ചകളിൽനിന്നു ലഭിക്കുന്ന സൂചനകൾ. ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട് ഡിസ്‌നി വേറേ മാർഗങ്ങൾ നോക്കുന്നതായി കഴിഞ്ഞ കുറച്ച് മാസങ്ങളായി റിപ്പോർട്ടുകളുണ്ടായിരുന്നു.

കഥയിങ്ങനെ

ഇന്ത്യയിലെ തങ്ങളുടെ ഡിജിറ്റല്‍-ടിവി ബിസിനസ് മൊത്തത്തില്‍ വില്‍ക്കാനുള്ള താൽപര്യം അമേരിക്കന്‍ കമ്പനിയായ ഡിസ്‌നി പ്രകടിപ്പിച്ചിട്ട് കുറച്ചു നാളുകളായി. അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബ്ലാക്‌സ്റ്റോണ്‍, ബിസിനസ് രാജാവ് ഗൗതം അദാനി, സണ്‍ നെറ്റ്‌വര്‍ക്ക് ഉടമ കലാനിധി മാരന്‍ തുടങ്ങിയവരുമായി ഇക്കാര്യത്തില്‍ ഡിസ്‌നി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഡിസ്‌നിയുടെ മൊത്തം ബിസിനസ് വാങ്ങാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് മുന്നോട്ടുവന്നിരിക്കുകയാണ് എന്ന സൂചന നല്‍കുന്നത് ബ്ലൂംബര്‍ഗ് ആണ്. ഏകദേശം, 10 ബില്ല്യന്‍ ഡോളറിനായിരിക്കാം ഏറ്റെടുക്കല്‍.

അടുത്ത മാസം ആദ്യം പ്രഖ്യാപനം

ഡിസ്‌നി-റിലയന്‍സ് ചര്‍ച്ചയില്‍ ഇതുവരെ തീരുമാനമൊന്നും ആയില്ലന്നു പറയുന്നുണ്ടെങ്കിലും നവംബര്‍ ആദ്യം തന്നെ ഇക്കാര്യത്തില്‍ ഒരു പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ്റിപ്പോര്‍ട്ട്. ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാര്‍ സ്ട്രീമിങ് സര്‍വിസ്, സ്റ്റാര്‍ ഇന്ത്യ എന്നിവ അടങ്ങുന്നതാണ് ഡിസ്‌നി ഇന്ത്യാ വിഭാഗം. ഇതില്‍ നിന്ന് കമ്പനി നല്ല വരുമാനം ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍, റിലയന്‍സിന്റെ ജിയോ സിനിമ രംഗത്തിറങ്ങുകയും, അത് ഐപിഎല്‍ ക്രിക്കറ്റ് സൗജന്യമായി സ്ട്രീം ചെയ്യുകയും ചെയ്തതോടെ ഡിസ്‌നി സമ്മര്‍ദ്ദത്തിലായി എന്നാണ് കരുതപ്പെടുന്നത്. നേരത്തെ ഐപിഎല്‍ മത്സരങ്ങളും ഡിസ്‌നി സ്ട്രീം ചെയ്തിട്ടുണ്ട്.

അതിനു പുറമെ, ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാര്‍ കാണിച്ചുവന്ന പല ഷോകള്‍ക്കു ജിയോസിനിമ ആതിഥേയത്വം വഹിക്കാനും തുടങ്ങി. എച്ബിഓ, വാര്‍ണര്‍ ബ്രോസ്, മാക്‌സ് ഓറിജിനല്‍സ് തുടങ്ങിയവയില്‍ നിന്നുള്ള കണ്ടെന്റും ജിയോസിനിമയില്‍ എത്തി. കഴിഞ്ഞ വര്‍ഷം നടന്ന ഫിഫാ വേള്‍ഡ്കപ്പും ജിയോസിനിമ തന്നെയാണ് സ്ട്രീം ചെയ്തത്.

ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ് 2023 മൊബൈലില്‍ ഫ്രീയായി സ്ട്രീം ചെയ്ത് തന്ത്രപരമായി ജിയോയെ നേരിടാന്‍ ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാര്‍ ശ്രമിച്ചു എങ്കിലും അതും വേണ്ടത്ര ഫലം കണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഡിസ്‌നി 41.5 ദശലക്ഷം ഡോളര്‍ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. Disney+ Hotstar അതിന്റെ നിലവിലെ സജ്ജീകരണത്തിൽ തുടരുമോ അതോ JioCinemaയുമായി ലയിപ്പിക്കുമോ എന്ന് അറിയില്ല. ഏതായാലും അടുത്തമാസം ആദ്യം ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com