ADVERTISEMENT

 നിര്‍മിത ബുദ്ധി (എഐ) ആരോഗ്യ മേഖലയിലുള്‍പ്പെടെ മനുഷ്യര്‍ക്ക് വളരെ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാമെങ്കിലും, മനുഷ്യരാശിക്ക് എഐയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടേക്കാമെന്നും, അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കാമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ലോകത്തെ ആദ്യത്ത എഐ ഉന്നതതല സമ്മേളനത്തിന് ബ്രിട്ടൻ വേദിയാകാന്‍ ഒരുങ്ങുന്നതിനു മുമ്പാണ് കടുത്ത ഉൽകണ്ഠയ്ക്കു വകനല്‍കുന്ന ഈ പ്രസ്താവന സുനക് നടത്തിയത്.

നിർമിത ബുദ്ധിയെക്കുറിച്ചു പൂർണമായി മനസ്സിലാക്കേണ്ടതുണ്ട്. ജീവിതത്തിനു മാറ്റം കൊണ്ടുവരാൻ നിർമിത ബുദ്ധിക്കാകും. എന്നാൽ ആണവ യുദ്ധമുൾപ്പെടെയുള്ള ദുരന്തങ്ങൾക്കു വഴിവയ്ക്കുന്നത് ഒഴിവാക്കുന്നതിനു പ്രാധാന്യം നൽകണമെന്നും ഋഷി സുനക് പറഞ്ഞു.

ഋഷി സുനക് (File Photo by Tim Ireland/Xinhua/IANS)
ഋഷി സുനക് (File Photo by Tim Ireland/Xinhua/IANS)

ലോകത്തെ ഏറ്റവും പ്രശസ്തരായ പല ശാസ്ത്രജ്ഞരും സമ്മേളനത്തില്‍ പങ്കെടുക്കും. ഇവരില്‍ പലരും കരുതുന്നത് സമീപ ഭാവിയില്‍ എഐ മനുഷ്യരെ ഉന്മൂലനം ചെയ്‌തേക്കാമെന്നാണ്. ജൈവായുധങ്ങള്‍, സ്വയം പ്രവര്‍ത്തിക്കുന്ന കാറുകള്‍, സ്വയം തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള കൊലയാളി റോബോട്ടുകള്‍ തുടങ്ങിയവ അടക്കം അഞ്ചു രീതികളില്‍ എഐ മനുഷ്യര്‍ക്ക് ഭീഷണിയായേക്കാമെന്നാണ് വിലയിരുത്തല്‍. ഒന്നു പരിശോധിക്കാം:

കൊലയാളി റോബോട്ടുകള്‍

‘ടെർമിനേറ്റർ’ സിനിമയിൽനിന്ന്.
‘ടെർമിനേറ്റർ’ സിനിമയിൽനിന്ന്.

പ്രധാനമായും 'ദി ടെര്‍മിനേറ്റര്‍' തുടങ്ങിയ സിനിമകളുടെ സ്വാധീനത്താലാകണം, പലരും കരുതുന്നത് മനുഷ്യരുടെ അന്ത്യം കൊലയാളി റോബോട്ടുകള്‍ വഴി ആകാമെന്നാണ്. ഇത്തരം സിനിമകളിൽ വെടിയുണ്ട ഏശാത്ത ലോഹം കൊണ്ടുണ്ടാക്കിയ എക്‌സോ സ്‌കെലിറ്റനുകള്‍ ഉപയോഗിച്ചു ചലിക്കുന്ന ഇത്തരം റോബോട്ടുകള്‍ സായുധരുമാണ്.  ലോഹ കൈകാലുകളും ഡേറ്റാകമ്പനിയായ പ്രൊഫ്യൂഷന്റെ മേധാവി നാറ്റലി ക്രാംപ് പറയുന്നത് ഇത്തരം റോബോട്ടുകള്‍ ആക്രമിക്കുന്നതു സാധ്യമായ കാര്യമാണെന്നാണ്. എന്നാല്‍ ഇത് ഇന്നുള്ള പലരുടെയും ജീവിതകാലത്ത് ആയേക്കില്ലെന്നും നാറ്റലി ആശ്വാസംകൊള്ളുന്നു.

ഇലോണ്‍ മസ്‌ക് മേധാവിയായ കമ്പനിയായ ടെസ്‌ല അടക്കമുള്ള പലകമ്പനികളും മനുഷ്യാകാരമുള്ള റോബോട്ടുകളെ ഉടന്‍ പുറത്തിറക്കിയേക്കും. ഇവയെ വീട്ടുജോലികള്‍ക്ക് സഹായകമാകാനാണ്നിര്‍മ്മിക്കുന്നത്. എന്നാല്‍, ഇവയുടെ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനം താറുമാറായാല്‍ എന്തു സംഭവിക്കുമെന്ന ഭീതിയും ഉണ്ട്. അതേസമയം, മസ്‌ക് പറയുന്നത് ശരാശരി മനുഷ്യന് കീഴടക്കാന് സാധിക്കുന്ന ഒന്നായരിക്കും ടെസ്‌ല ബോട്ട് എന്നാണ്. എഐയുടെ അതിവേഗ വളര്‍ച്ച കണ്ട യൂണിവേഴ്‌സിറ്റിഓഫ് ബെര്‍മിങാമിലെ പ്രൊഫസര്‍ മാര്‍ക് ലീയും കരുതുന്നത് ടെര്‍മിനേറ്റര്‍ രീതിയിലുള്ള റോബോട്ടുകള്‍ ഭാവിയില്‍ നിശ്ചയമായും സാധ്യമാണെന്നാണ്.

എംഐടിയിലെ പ്രൊഫസറും ഫിസിസിസ്റ്റുമായ മാക്‌സ് ടെഗ്മാര്‍ക്ക് നിരീക്ഷിക്കുന്നത്, ഭൂമിയിലെ ഇന്നത്തെ ഏറ്റവും സ്മാര്‍ട്ട് വംശമായ മനുഷ്യരാശി തങ്ങളെക്കാള്‍ മികവില്ലാത്ത പല ജീവജാലങ്ങളുടെയും അന്ത്യത്തിന് കാരണമായി. ഉദാഹരണത്തിന് ഡോഡോ. അതുപോലെ, എഐ ശക്തിപകരുന്ന, മനുഷ്യരെക്കാള്‍ സ്മാര്‍ട്ടായ യന്ത്രങ്ങള്‍ മനുഷ്യരാശിയുടെ അന്ത്യം കുറിച്ചേക്കാമെന്നും ടെക്മാര്‍ക്ക് മുന്നറയിപ്പുനല്‍കുന്നു. 

എന്നായിരിക്കും ഇത് നടക്കുക എന്നതും മനുഷ്യര്‍ക്ക് മനസിലാക്കാനും ആകില്ല. കാരണം ബുദ്ധി കുറവുള്ളവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ മുന്‍കുട്ടിക്കാണാനാവില്ല.  ഇത്തരം വിനാശകാരിയായ യന്ത്രങ്ങള്‍ ആദ്യം എത്താന്‍ വഴിയുള്ളത് ഡ്രോണുകളുടെ രൂപത്തിലായിരിക്കാം. യുദ്ധങ്ങളില്‍ മുമ്പു സാധ്യമല്ലാതിരുന്നത്ര വലിയ നാശനഷ്ടങ്ങൾ സ‍ൃഷ്ടിക്കാന്‍ ഇവയ്ക്ക് സാധിച്ചേക്കും.

എഐ സോഫ്റ്റ്‌വെയര്‍

ബ്രിട്ടണില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, എഐ ഉള്‍പ്പെടത്തിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഗവണ്‍മെന്റ് എടുക്കേണ്ട തീരുമാനങ്ങളെ ദുഷ്ടശക്തികള്‍ക്ക്സ്വാധീനിക്കാനാകുമോ എന്ന ഉത്കണ്ഠയും ഉണ്ട്. സമസ്ത മേഖലയിലേക്കും എഐ കടന്നുവരികയാണ്. ഇത് ടെന്നിസ് കോര്‍ട്ടുകളില്‍ കാണാം. ചൈനയില്‍ കണ്ടതു പോലെ കോടതികളിലും ഇപ്പോള്‍ത്തന്നെ കാണാം. എന്നാല്‍, എഐയുടെ സേവനങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന മനുഷ്യര്‍ അലസരാകുകയും എഐ കരുത്താര്‍ജ്ജിക്കുകയും ചെയ്യാം. 

ഭാവിയില്‍ പുറത്തിറക്കിയേക്കാവുന്ന അതിനൂതന എഐ സിസ്റ്റങ്ങള്‍ മനുഷ്യന്റെ നിയന്ത്രണം കുറയ്ക്കാനുള്ള ശ്രമം സ്വയം നടത്തിയേക്കാം. ഇത് അതിഗുരുതര പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്നും പറയുന്നു. മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ മുതല്‍ചാറ്റ്‌ബോട്ടുകളില്‍ വരെ ഇപ്പോള്‍ എഐ ഉണ്ട്. എഐയുടെ നിയന്ത്രണത്തിലുള്ള കൂറ്റന്‍ മെഷീനുകള്‍ വമ്പന്‍ ഫാക്ടറികളിലും ഇടംപിടിച്ചു തുടങ്ങിയിരിക്കുകയാണിപ്പോള്‍. ഇവയ്‌ക്കൊക്കെ തെറ്റുപറ്റുന്നത് ദുരന്തത്തിലേക്ക് നയിച്ചേക്കാം.

ജൈവായുധങ്ങള്‍

രോഗങ്ങളും മരണവും വിതയ്ക്കാന്‍ ഉപയോഗിക്കാവുന്ന വിഷ വസ്തുക്കളെയും, അണുജീവികളെയുമാണ് പൊതുവെ ജൈവായുധങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. ജെനിവാ പ്രോട്ടോകോളും (1925) മറ്റ് നിയമങ്ങളും വഴി ഇത് യുദ്ധത്തിലും മറ്റും പ്രയോഗിക്കാതിരിക്കാനാണ് ഇതുവരെ ശ്രമിച്ചുവന്നത്. എന്നാല്‍, ലാബുകളിലും മറ്റും ഉള്ള എഐ സംവിധാനങ്ങള്‍ ഇത്തരം ബയോവെപ്പണുകള്‍ സ്വന്തം നിലയ്ക്ക് ഉണ്ടാക്കാനുള്ള സാധ്യത ചില ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. 

ഈ ഭീഷണിയെക്കുറിച്ച്സുനക് എടുത്തു പറഞ്ഞു എന്നതും ശ്രദ്ധേയമാണ്. ഇത് ഭീകരപ്രവര്‍ത്തകരും ഇനി ഉപയോഗിച്ച തുടങ്ങിയേക്കാം. ലാബുകളില്‍ പരീക്ഷണങ്ങള്‍ക്കായി ഇപ്പോള്‍ ഉപകരണങ്ങള്‍ സ്വന്തമായി ഓര്‍ഡര്‍ ചെയ്യാന്‍ എഐയ്ക്ക് അനുമതിയുണ്ടെന്നും ബ്രിട്ടണിലെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ബയളോജിക്കല്‍ ഡിസൈന്‍ ടൂളുകള്‍ ഓപ്പണ്‍ സേഴ്‌സ് ആയതിനാല്‍ ഇവയ്ക്ക് പരിധി കല്‍പ്പിക്കലും എളുപ്പമല്ല.

സ്വയം ഓടുന്ന കാറുകള്‍

amrd-ai-1 - 1

സമീപഭാവിയില്‍ മനുഷ്യരാശിക്ക് ഭീഷണിയാകാന്‍ പോകുന്നത് ദൈനംദിന ജീവിതത്തിലെ പല ഉപകരണങ്ങളും വസ്തുക്കളുമാകാമെന്ന് നാറ്റലി വിശ്വസിക്കുന്നു. സ്വയമോടുന്ന കാറുകളും, വൈദ്യുതി ഗ്രിഡുകളും ഈ ഗണത്തില്‍ പെടുന്നു. സെല്‍ഫ്-ഡ്രൈവിങ് കാറുകള്‍ ഡെപ്ത് മനസിലാക്കാനായി ലൈഡാര്‍ സെന്‍സറുകളെ ആശ്രയിക്കുന്നു. ഇത്തരം കാറുകളിലുള്ള സോഫ്റ്റ്‌വെയറാണ് സെന്‍സറുകളില്‍ നിന്നുള്ള ഡേറ്റ ഉപയോഗിച്ച് ഓട്ടത്തിനിടയില്‍ തത്സമയം തീരുമാനങ്ങള്‍ എടുക്കുന്നത്. സോഫ്റ്റ്‌വെയറിന് നേരിയൊരു പ്രശ്‌നം സംഭവിച്ചാല്‍ ഇത്തരം കാറുകള്‍ കാല്‍നടക്കാരുടെ മേല്‍ കയറിയിറങ്ങി പോകാം. ബ്രിട്ടണില്‍ മാത്രം സെല്‍ഫ് ഡ്രൈവിങ് കാര്‍ മാര്‍ക്കറ്റ് 2035 ആകുമ്പോഴേക്ക് 42 ബില്ല്യന്‍ പൗണ്ട് മൂല്ല്യമുള്ളത് ആകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആരോഗ്യ മേഖല

ആരോഗ്യ മേഖലയ്ക്ക് പല ഗുണങ്ങളും ചെയ്യാന്‍ എഐക്ക് സാധിക്കുമെന്നു കരുതുന്നുണ്ടെങ്കിലും, പൊതു ആരോഗ്യ മേഖലയില്‍ പല വിപത്തുകള്‍ക്കും വഴിവയ്ക്കുകയും ചെയ്‌തേക്കാമെന്നും ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. കൃത്യതയുള്ള നിയമനിര്‍മ്മാണവും മറ്റും നടത്തുന്നില്ലെങ്കല്‍ ഫെയ്‌സ്ബുക്ക് പോലയെുള്ള സമൂഹ മാധ്യമങ്ങളും,  ചാറ്റ്ജിപിറ്റി പോലെയുള്ള എഐ ചാറ്റ് സംവിധാനങ്ങളും ആരോഗ്യ സംബന്ധമായ വിഷയങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പരത്തിയേക്കാം.

വ്യാജവാര്‍ത്തകളില്‍ ആളുകള്‍ വിശ്വസിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടേക്കാം.  അതേസമയം, കൊലയാളി എഐ സൃഷ്ടിക്കപ്പെട്ടാല്‍ അത് അതിന്റെ ബോധമണ്ഡലം ദുഷ്ടമായതിനാലല്ല, മറിച്ച് അതിനെ വികസിപ്പിക്കുന്ന മനുഷ്യ ഡെവലപ്പര്‍മാര്‍ വരുത്തുന്ന പിഴവുകളാലായരിക്കുമെന്നുംവിലയിരുത്തലുണ്ട്. സചേതന എഐ എന്ന സ്വപ്‌നമൊക്കെ അടുത്തെങ്ങും യാഥാര്‍ത്ഥ്യമാകണമെന്നില്ല എന്ന അഭിപ്രായമാണ് നാറ്റലിക്ക്. ചാറ്റ്ജിപിറ്റി പോലെയുള്ള സേര്‍ച്ച് സംവിധാനം, ചിന്തിച്ച് ഉത്തരം നല്‍കുന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. എന്നാല്‍, ഇവയ്ക്കു ലഭ്യമായ ഡേറ്റയിലേക്കു വിശകലന അല്‍ഗോരിതങ്ങളെ അയയ്ക്കുക മാത്രമാണ് അവ ചെയ്യുന്നത്. ഈ അല്‍ഗോരിതങ്ങള്‍ക്ക് വേണ്ട മികവില്ലെങ്കില്‍ അവ ദോഷകരമായ റിസള്‍ട്ടുകള്‍ നല്‍കും. 

സമീപ ഭാവിയില്‍ സോഫ്റ്റ്‌വെയര്‍ മൂലമുണ്ടായേക്കാവുന്ന വിപത്തിനെ ഭയന്നാല്‍ മതി, കൊലയാളി റോബോട്ടുകളൊക്കെ വരാന്‍ വളരെ കാലതാമസം എടുത്തേക്കുമെന്ന അഭിപ്രായമാണ് പ്രൊഫസര്‍ ലീ പങ്കുവയ്ക്കുന്നത്. റോബോട്ടിക്‌സില്‍ പല മുന്നേറ്റവും നിശ്ചയമായും ഉണ്ടാകും. പക്ഷെ അതിന് കാലതാമസമെടുക്കുമെന്ന് അദ്ദേഹം പറയുന്നു. ബയോകെമിക്കല്‍ ബോം ഉണ്ടാക്കാന്‍ ലാര്‍ജ് ലാംഗ്വെജ് മോഡല്‍ ദുരുപോയഗം ചെയ്യുന്നത് ഒക്കെ ആണ്താമസിയാതെ പ്രതീക്ഷിക്കേണ്ട പ്രശ്‌നങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com