ആപ്പുകളില്ല, വസ്ത്രങ്ങളിൽ പിടിപ്പിക്കാം, ഫോണുകൾക്കൊരു എതിരാളി; എഐ പിന്‍ എന്ന വിസ്മയം
Mail This Article
ഫോണ്‍ പോലെ സദാ എടുത്തു നോക്കിക്കൊണ്ടിരിക്കാന്‍ ആപ്പുകളും സ്‌ക്രീനുകളും ഇല്ല. കൈകള്‍ സ്വതന്ത്രമാക്കാം. ഏതു തരം വസ്ത്രത്തിലും കാന്തികമായി പിടിപ്പിക്കാം. വോയിസ് കമാന്‍ഡ് വഴി പ്രവര്‍ത്തിപ്പിക്കാം. കൈ കൊണ്ടുള്ള ആംഗ്യങ്ങളും തിരിച്ചറിയും. ടൈപ്പിങ് ഇല്ല. ടാപ്പിങ് ഉണ്ട്. മറ്റൊരു ഉപകരണത്തിന്റെയും സഹായമില്ലാതെ പ്രവര്‍ത്തിക്കും.
വോയിസ് കമാന്‍ഡ് വഴി ഫോട്ടോ എടുക്കാം. നിര്‍മിത ബുദ്ധി (എഐ) ചാലിച്ചു ചേര്‍ത്ത് ഒഎസ്. ഇതെല്ലാമാണ്, മുൻപ് ആപ്പിള്‍ കമ്പനിയില്‍ ഡിസൈനര്‍മാരായിരുന്ന ഇമ്രാന്‍ ചൗധരിയും, ബെതനി ബോള്‍ഗിയോര്‍നോയും ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയായ ഹ്യുമെയ്ന്‍ പുറത്തിറക്കിയ എഐ പിന്‍ (Ai Pin) ഉപകരണത്തിന്റെ ചില സവിശേഷതകള്‍. വില ഏകദേശം 60,000 രൂപ.
ബാറ്ററി
സാന്‍ ഫ്രാന്‍സികോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഹ്യുമെയന്‍. മാസങ്ങളായി തങ്ങളുടെ എഐ പിന്‍ എന്ന കൊച്ചുപകരണത്തെക്കുറിച്ചുള്ള വാര്‍ത്തകൾ കമ്പനി പുറത്തുവിട്ടു കൊണ്ടിരിക്കുകയായിരുന്നു. എഐ പിന്നിന് രണ്ടു ഭാഗങ്ങൾ ഉണ്ട്. ചതുരാകൃതിയിലുള്ള പ്രധാന ഭാഗവും അതിനോട് കാന്തികമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബാറ്ററി ബൂസ്റ്ററും. (ബാറ്ററി പ്രധാനഭാഗത്ത് തന്നെയുണ്ട്. ബാറ്ററി ബൂസ്റ്റര്‍ കൂടുതല്‍ ബാറ്ററി നല്‍കാനാണ്.)
ബാറ്ററി ബൂസ്റ്റര്‍ വസ്ത്രത്തിനുള്ളില്‍ വയ്ക്കുക. അതിനു നേരെ മുകളിലായി, വസ്ത്രത്തിനു പുറത്ത് എഐ പിന്‍ വയ്ക്കുക. ഇവ തമ്മില്‍ കാന്തികമായി ചേര്‍ന്നിരിക്കും. ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ബാറ്ററി ലഭിക്കും. എഐ പിന്‍ വാങ്ങുന്നവര്‍ക്ക് ചാര്‍ജിങ് കേയ്‌സ് കിട്ടും. ഇതില്‍ ഡിവൈസിന്റെ പ്രധാന ഭാഗവും ബാറ്ററി ബൂസ്റ്ററും വയ്ക്കാം. രണ്ടും ചാര്‍ജും ചെയ്യാം. ചാര്‍ജിങ് കെയ്‌സ് ചാര്‍ജ് ചെയ്യുന്നതിന് യുഎസ്ബി-സി കേബിളും ഉണ്ട്. എഐ പിന്‍, ചാര്‍ജ് പാഡ്, കേബിള്‍, അഡാപ്റ്റര്‍, ചാര്‍ജിങ് കെയ്‌സ്, രണ്ട് ബാറ്ററി ബൂസ്റ്ററുകള്‍ എന്നിവയാണ് 699 ഡോളറിന് ലഭിക്കുക.
സ്‌ക്രീന്‍ ഉള്ളം കൈയ്യില്‍
എഐ പിന്നിന് സന്ദേശങ്ങള്‍ അയയ്ക്കാനും അപ്‌ഡേറ്റുകള്‍ സ്വീകരിക്കാനും സാധിക്കും. വേണ്ട വിവരങ്ങള്‍ എഐ പിന്‍ പിടിപ്പിച്ചിരിക്കുന്ന ആളുടെ കൈ വെള്ളയിലേക്ക് ലേസര്‍ ഉപയോഗിച്ച് പ്രൊജക്ട് ചെയ്യും. ടെക്സ്റ്റ് മാത്രമല്ല, കളറില്ലാത്ത ചിത്രങ്ങളും പ്രൊജക്ട് ചെയ്യും. എഐ പിന്‍ ഉപകരണത്തിലെ വെര്‍ച്വല്‍ അസിസ്റ്റന്റിന് ശക്തി പകരുന്നത് ചാറ്റ്ജിപിറ്റിയാണ്. പ്രൊസസിങിനായി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിങിനെയും ആശ്രയിക്കുന്നു.
സ്‌ക്രീനുകള്‍ക്കപ്പുറത്ത് മനുഷ്യത്വം
എഐ പിന്‍ ഡിവൈസിന് 54 ഗ്രാം ഭാരമാണ് ഉള്ളത്. റീചാര്‍ജബിള്‍ ബാറ്ററിയുമുണ്ട്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍. കൂടാതെ, 120 ഡിഗ്രി വീക്ഷണകോണുള്ള 13 എംപി ആര്‍ജിബി ക്യാമറ, ഡെപ്ത് സെന്‍സര്‍, മോഷന്‍ സെന്‍സര്‍ തുടങ്ങിയവയാണ് പുറത്തുവിട്ടിരിക്കുന്ന പ്രധാന ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകള്‍. സ്മാര്‍ട്ട്‌ഫോണുമായോ മറ്റേതെങ്കിലും ഉപകരണവുമായോ സഹകരിച്ചു പ്രവര്‍ത്തിപ്പിക്കേണ്ട ആവശ്യമില്ല. സ്മാര്‍ട്ട്‌ഫോണുകളുടെ സ്‌ക്രീനുകളോടും ആപ് പരിസ്ഥിതികളോടും മുഖംതിരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉത്തമ ഉപകരണമായിരിക്കും ഇതെന്നാണ് ഇതിന്റെ സൃഷ്ടാക്കള്‍ പറയുന്നത്.
ആപ്പിളിന്റെ ആദ്യ ഐപാഡിന്റെ നിര്‍മാണ വേളയിലാണ് ഇമ്രാനും ബെതനിയും കണ്ടുമുട്ടുന്നത്. ഇരുവര്‍ക്കും ആപ് സംസ്‌കാരത്തോട് താൽപര്യമില്ല. ദൈനംദിനജീവിതത്തിലേക്ക് എഐയെ കൊണ്ടുവരിക എന്ന ദൗത്യം കൂടെയാണ് എഐ പിന്‍ നിര്‍വഹിക്കാന്‍ ശ്രമിക്കുന്നത്. നമ്മുടെ മനുഷ്യത്വത്തെ വരെ മൂടിനില്‍ക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ സംസ്‌കാരം എന്ന് ഇരുവര്‍ക്കും അഭിപ്രായമുണ്ട്. ഇതിനെതിരെയുള്ള നീക്കത്തില്‍ എഐ പിന്‍ ഒരു തുടക്കം മാത്രമാണെന്നും ഇവർ പറഞ്ഞു.
എങ്ങനെ പ്രവര്‍ത്തിപ്പിക്കും?
എഐ പിന്നില്‍ ടാപ് ചെയ്ത് ഓണാക്കിയ ശേഷം അതിനോട് സംസാരിക്കുക. ഇന്നത്തെ കാലാവസ്ഥയെന്ത്? ഞാന്‍ താമസിച്ചെത്തും എന്ന് സന്ദേശം അയയ്ക്കുക. ഫോട്ടോ എടുക്കാനായി, 'ക്യാപ്ചര്‍ ദിസ്' എന്ന കമാന്‍ഡ് നല്‍കുക. പാട്ടു കേള്‍ക്കാം. അടുത്ത പാട്ടു കേള്‍ക്കാനും വോളിയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാനുമുള്ള ഇന്റര്‍ഫെയ്‌സും കൈയ്യിലേക്ക് പ്രൊജക്ടു ചെയ്യാം. കൈ വലത്തോട്ടും ഇടത്തോടും ചലിപ്പിച്ചും അടുത്ത പാട്ടോ, മുൻപുള്ള പാട്ടോ തിരഞ്ഞെടുക്കാം.
ഉള്ളില്‍ എഐ
ഉപകരണത്തിന്റെ ഒഎസില്‍ എഐ ഉള്ളതിനാല്‍ ഉപയോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ക്രമേണ പഠിച്ചെടുക്കുമെന്നു പറയുന്നു. ആപ്പുകള്‍ ഇല്ലല്ലോ. സജ്ജീകരണങ്ങള്‍ എല്ലാം ക്ലൗഡിലാണ്. ഉപയോക്താക്കള്‍ക്ക് സേര്‍ച്ചു നടത്തലും ആപ് ഡൗണ്‍ലോഡ് ചെയ്യലും ഒന്നും നടത്തേണ്ട. പ്രൊസസറിന്റെ കരുത്തില്‍ വേണ്ടതെല്ലാം അതിവേഗം നടത്തിക്കൊടുക്കാന്‍ ഉപകരണത്തിന് സാധിക്കുമെന്നാണ് അവകാശവാദം.
സ്വകാര്യത സംരക്ഷിക്കാന്‍
അലക്‌സ, സിരി പോലെയുള്ള വോയിസ് അസിസ്റ്റന്റുകള്‍ക്കുള്ളതു പോലെ 'ഉണര്‍ത്തു വാക്കുകള്‍' ഇല്ല. അതിനാല്‍ തന്നെ എഐ സദാ എല്ലാം ശ്രദ്ധിച്ചിരിക്കില്ല. അങ്ങനെ ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാം. എഐ പിന്‍ ഉണരണമെങ്കില്‍ അതിനെ സ്പര്‍ശിക്കുകയോ, അതിനോട് സംസാരിക്കുകയോ, ആംഗ്യം കാണിക്കുകയോ, ലെയ്‌സര്‍ കൈയ്യിലേക്കു പ്രൊജക്ടു ചെയ്യുന്ന ലിങ്ക് വഴി ആക്ടിവേറ്റു ചെയ്യുകയോ വേണമെന്ന് ഇമ്രാന്‍ പറയുന്നു. എഐ പിന്‍ അണിഞ്ഞയാള്‍ക്ക് ചുറ്റും ക്യാമറയോ, മൈക്രോഫോണോ, സെന്‍സറുകളോ ഉപയോഗിക്കുമ്പോള്‍ അതില്‍ ഒരു ലൈറ്റ് തെളിയിച്ച് അറിയിപ്പ് നൽകും. ട്രസ്റ്റ് ലൈറ്റ് എന്നാണ് അതിന് പേരു നല്‍കിയിരിക്കുന്നത്. പുതിയൊരു മെസെജ് വന്നാലും മറ്റും അറിയിക്കാനായി ഒരു ലൈറ്റ് ഉണ്ട്-ബീക്കണ്‍ ലൈറ്റ്.
സ്വകാര്യത ഉറപ്പാക്കാന്‍ മാത്രമായി ഒരു ചിപ്പും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എതെങ്കിലും കാരണവശാല്‍ എഐ പിന്‍ മറ്റാരുടെയെങ്കിലും കൈയ്യില്‍ പെട്ട് അവര്‍ അത് തുറക്കാനോ മറ്റോ ശ്രമിച്ചാല്‍ പ്രവര്‍ത്തനരഹിതമാകും. പിന്നെ ഹ്യുമെയ്ന്‍ കമ്പനിക്കു മാത്രമേ അത് പുന:സ്ഥാപിക്കാന്‍ സാധിക്കൂ.
ഭക്ഷണത്തിലെ പോഷകാംശവും ക്യാമറ പറയും
എഐ പിന്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാം. വിവിധ സാധനങ്ങള്‍ സ്‌കാന്‍ ചെയ്യാം. ഭക്ഷണത്തിനു നേരെ വച്ച് അതില്‍ എന്തെല്ലാം പോഷാകാംശങ്ങളാണ് ഉള്ളതെന്ന് കണ്ടെത്താമെന്നും അവകാശവാദമുണ്ട്.
വില 60,000 രൂപ, പക്ഷേ...
എഐ പിന്‍ പ്രവര്‍ത്തിക്കുന്നത് ഹ്യുമെയ്ന്‍ നെറ്റ്‌വര്‍ക്കിലാണ്. ഇത് മൊബൈല്‍ സേവനദാതാക്കളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അമേരിക്കയില്‍ ടി-മൊബൈൽ ആയിരിക്കും ഫോണ്‍ നമ്പറും ഡേറ്റയും നല്‍കുക. ഉപകരണത്തിന്റെ വില മാത്രം നല്‍കിയാല്‍ പോര, പ്രതിമാസം 24 ഡോളര്‍ (ഏകദേശം 2,082 രൂപ) മാസവരിയും നല്‍കണം. ഇതും കൂടെ കേള്‍ക്കുമ്പോള്‍ എഐ പിന്‍ ഒന്നു പരീക്ഷിച്ചാലോ എന്നു കരുതുന്നവര്‍ പോലും വേണ്ടന്നുവയ്ക്കുമോ എന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നു. അതേസമയം, വരിസംഖ്യ വാങ്ങുന്നത് ഹ്യുമെയ്ന്‍ കമ്പനിയുടെ എഐ സ്യൂട്ട് ഉപയോഗിക്കുന്നതിനു കൂടെയാണ്. പരിധിയില്ലാതെ ഉപയോഗിക്കാം. എത്ര കോളും, എസ്എംഎസും, ഡേറ്റയും വേണമെങ്കിലും ഉപയോഗിക്കാം.
ഇത്തരം ഒരു ഉപകരണം നെഞ്ചിലണിയാന്‍ പൊതുജനങ്ങള്‍ തയാറാകുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു എന്നാണ് ഡെയിലി മെയില്‍ പറയുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ പലര്‍ക്കും മടുത്തു കഴിഞ്ഞു എങ്കിലും അടുത്ത പടി ഇതുപോലൊരു ഉപകരണമായിരിക്കുമോ എന്നാണ് ചോദ്യം. അതേസമയം, ഇതൊരു ഭാവിയുടെ ഉപകരണമായിരിക്കുമെന്ന അഭിപ്രായവും ഉണ്ട്. എഐ പിന്‍ പോലെയൊന്നിനെ സ്വീകരിക്കാന്‍ ലോകം ഇപ്പോള്‍ തയാറായിട്ടുണ്ടാവില്ല.
എല്ലാം സ്മാര്‍ട്ട്‌ഫോണില്‍ ചെയ്തു ശീലമായവര്‍ക്ക്ഇതുപോലൊന്ന് ഇഷ്ടപ്പെടണമെന്നില്ല, എന്നൊക്കെയാണ് ആദ്യ പ്രതികരണങ്ങള്‍. നവംബര്‍ 16ന് അമേരിക്കയില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം. മറ്റു രാജ്യങ്ങളിലേക്ക് എഐ പിന്‍ എത്തിക്കാനുള്ള പദ്ധതികള്‍ ഇപ്പോള്‍ ഹ്യുമെയ്ന്‍ വെളിപ്പെടുത്തിയിട്ടില്ല.