എക്സിൽനിന്നും പരസ്യം പിൻവലിച്ചു പ്രമുഖ കമ്പനികൾ; എന്താണ് ജൂതവിരുദ്ധമായ ഗൂഡാലോചനാ സിദ്ധാന്തം?
Mail This Article
നൂറിലേറെ പ്രമുഖ പരസ്യദാതാക്കള്‍ എക്സില്‍ നിന്നും പരസ്യം പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ പരസ്യവരുമാനത്തില്‍ ഇതോടെ 75 ദശലക്ഷം ഡോളറിന്റെ(ഏകദേശം 624 കോടിരൂപ) കുറവുണ്ടാവുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ജൂതവിരുദ്ധമായ ഗൂഡാലോചനാ സിദ്ധാന്തത്തിനെ എക്സ് ഉടമ ഇലോണ്‍ മസ്ക് പിന്തുണച്ചെന്ന റിപ്പോർട്ടുകൾ വന്ന തോടെയാണ് തിരിച്ചടി ആരംഭിച്ചത്.
ഇലോണ്‍ മസ്ക് ജൂത വിരോധം ഉള്ളയാളാണ് എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്കിടെയാണ് മാധ്യമ നിരീക്ഷണ സംഘമായ മീഡിയ മാറ്റേഴ്സ് മറ്റൊരു വിവരം പുറത്തുവിടുന്നത്. പ്രധാന കമ്പനികളുടെ പരസ്യങ്ങള്‍ എക്സില്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്ന ജൂത വിദ്വേഷ പ്രചാരണങ്ങളുടെ സമീപത്ത് പ്രത്യക്ഷപ്പെടുന്നുവെന്നതിന്റെ തെളിവുകളാണ് മീഡിയ മാറ്റേഴ്സ് പറത്തുവിട്ടത്. മീഡിയ മാറ്റേഴ്സിന്റെ അവകാശവാദം തള്ളിക്കളഞ്ഞ എക്സ് അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി.
മീഡിയ മാറ്റേഴ്സ് വ്യാജമായി തയ്യാറാക്കിയ വിവരങ്ങളാണ് തങ്ങള്‍ക്കെതിരെ പുറത്തുവിട്ടതെന്നായിരുന്നു എക്സ് അധികൃതരുടെ അവകാശവാദം. എക്സ് സി.ഇ.ഒ ലിന്‍ഡ യക്കാരിനോ തന്നെ കമ്പനിയെ പ്രതിരോധിച്ചുകൊണ്ട് ബ്ലോഗ് പോസ്റ്റ് എഴുതി. ആപ്പിളിന്റെ പരസ്യം ജൂത വിദ്വേഷം പ്രചരിപ്പിക്കുന്ന ട്വീറ്റുകള്‍ക്കു സമീപത്തു കണ്ടെത്തിയതിനെ ലിന്‍ഡ ചോദ്യം ചെയ്തു. സമാനമായ അനുഭവം വേറെ ഒരേയൊരു ഉപഭോക്താവിനു മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നായിരുന്നു ഇവരുടെ ന്യായീകരണം. തന്നെ ചില മാധ്യമങ്ങള്‍ ജൂതവിരുദ്ധനായി മുദ്രകുത്തുകയാണെന്നു പറഞ്ഞ് മസ്കും ട്വീറ്റു ചെയ്തു.
എക്സിന്റെ നിയമപരമായി നേരിടാനുള്ള തീരുമാനത്തെ മീഡിയ മാറ്റേഴ്സ് സ്വാഗതം ചെയ്യുകയാണുണ്ടായത്. കോടതിയെ ബോധിപ്പിക്കാന്‍ വേണ്ട തെളിവുകള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് മീഡിയ മാറ്റേഴ്സ് അധികൃതര്‍ പ്രതികരിച്ചത്. നിയമനടപടികള്‍ ഒരുഭാഗത്തു നടക്കുമ്പോള്‍ തന്നെ എക്സിന് തിരിച്ചടി നേരിടേണ്ടി വന്നുവെന്നതാണ് വസ്തുത.
ഐബിഎം, ആപ്പിള്‍, ഡിസ്നി എന്നിങ്ങനെയുള്ള വന്‍കിട കമ്പനികള്‍ വിവാദത്തിനു പിന്നാലെ എക്സില്‍ നിന്നും പരസ്യം പിന്‍വലിച്ചു. മുന്‍നിര വിഡിയോ ഗെയിം നിര്‍മാതാക്കളായ യുബിസോഫ്റ്റും എക്സിലൂടെയുള്ള പരസ്യങ്ങള്‍ നിര്‍ത്തി. എര്ബിഎന്ബി ഒരു ദശലക്ഷം ഡോളറിന്റെ പരസ്യവും നെറ്റ്ഫ്ളിക്സ് മൂന്നു ദശലക്ഷം ഡോളറിന്റെ പരസ്യവുമാണ് എക്സില്‍ നിന്നും പിന്‍വലിച്ചത്. മൈക്രോസോഫ്റ്റും അനുബന്ധ കമ്പനികളും പരസ്യങ്ങള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചതോടെ മാത്രം നാലു ദശലക്ഷം ഡോളര്‍ നഷ്ടം എക്സിനുണ്ടായി. ഊബര്‍, കൊക്ക കോള തുടങ്ങിയ വലിയ ബ്രാന്‍ഡുകളും എക്സിനുള്ള പരസ്യം മരവിപ്പിച്ചിരിക്കുകയാണ്.
വര്‍ഷത്തിന്റെ അവസാനത്തെ മൂന്നു മാസങ്ങളിലാണ് സാധാരണ സോഷ്യല്‍മീഡിയ കമ്പനികള്‍ക്ക് വലിയ തോതില്‍ പരസ്യ വരുമാനം ലഭിക്കുന്നത്. 2021ലെ അവസാന മൂന്നു മാസങ്ങളില്‍ 1.57 ബില്യണ്‍ ഡോളറാണ് പഴയ ട്വിറ്ററായ എക്സിന് വരുമാനം ലഭിച്ചത്. ഇതിന്റെ 90ശതമാനവും ഓണ്‍ലൈന്‍ പരസ്യങ്ങള്‍ വഴിയായിരുന്നു.
അതേസമയം 75 ദശലക്ഷം ഡോളര്‍ തങ്ങളുടെ പരസ്യവരുമാനത്തില്‍ കുറവുണ്ടായിട്ടില്ലെന്നാണ് എക്സിന്റെ പ്രതികരണം. പരസ്യദാതാക്കള്‍ പലപ്പോഴും പരസ്യം നല്‍കുന്നത് കൂടിയും കുറഞ്ഞുമിരിക്കുമെന്നും പരസ്യവരുമാനത്തില്‍ 11 ദശലക്ഷം ഡോളര്‍(ഏകദേശം 91 കോടിരൂപ) കുറവ് മാത്രമാണുണ്ടായതെന്നുമാണ് എക്സ് വിശദീകരിക്കുന്നത്.