പൊലീസിനും രക്ഷയില്ല; അതിക്രമിച്ചു കയറി ഹാക്കർമാർ, യൂസർനെയിമും പാസ്വേഡും എല്ലാം പോയി

Mail This Article
സൈബർ ക്രൈം അന്വേഷണങ്ങളില്‍ നിർണായകമായ ഇടപെടലുകളും അതേപോലെ സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടികളുമാണ് നമ്മുടെ പൊലീസ് നടത്തുന്നത്. എന്നാൽ ചെറിയ ദൗർബല്യങ്ങൾ കണ്ടെത്തി നുഴഞ്ഞുകയറുന്ന ഹാക്കർമാർ നടത്തുന്ന സൈബർ ആക്രമണത്തിൽനിന്നും പൊലീസിനും രക്ഷയില്ല.
കേരള പൊലീസിന്റെ വിവിധ വെബ്‌സൈറ്റുകളും ആപ്പും ഹാക്ക് ചെയ്തു യൂസർ നെയിം, പാസ്‌വേഡ്, ഇമെയിൽ വിലാസങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ ക്രെഡൻഷ്യലുകൾ ആക്‌സസ് ചെയ്‌ത വലിയ ഒരു സൈബർ ആക്രമണത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിത അന്വേഷണമാണ് സൈബർ വിഭാഗം നടത്തുന്നത്. ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 43 പ്രകാരം അനധികൃത ആക്‌സസ്, ഡാറ്റ മോഷണം എന്നിവയ്ക്ക് എറണാകുളം നോർത്ത് പോലീസ് കേസെടുത്തിരിക്കുകയാണത്രെ. കഴിഞ്ഞമാസം നടത്തിയ ഈ സൈബർ ആക്രമണത്തെക്കുറിച്ചു കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം-ഇന്ത്യ (CERT-IN) ആണ് കേരള പൊലീസിന് മുന്നറിയിപ്പ് നൽകിയത്.

ഐപി വിലാസവും ലഭിച്ചു, പക്ഷേ
വെബ്‌സൈറ്റുകളും ആപ്പുകളും ആക്‌സസ് ചെയ്യാൻ ഹാക്കർ ഉപയോഗിച്ച ഐപി വിലാസമുൾപ്പെടെ പൊലീസിനു ലഭിച്ചതായാണ് വിവരം. ഔദ്യോഗിക വെബ്സൈറ്റുകളിലേക്കു ലോഗിൻ ചെയ്യാനായി വേണ്ടത്ര ഫയർവാൾ പ്രൊട്ടക്ഷനില്ലാതെ ഉപയോഗിക്കുന്ന സ്വകാര്യ ലാപ്ടോപുകളിലൂടെയാണ് ഹാക്കർ കടന്നുകയറിയെന്നതാണ് വിവരം.
സിഎംഒ പോർട്ടൽ, ക്രൈം ഡ്രൈവ്, പോൽ ആപ്പ്, പൊലീസ് വെബ്‌സൈറ്റ്, സ്പാർക്ക് എന്നിവയുടെ ഉപയോക്തൃനാമങ്ങളും പാസ്‌വേഡുകളും ഹാക്ക് ചെയ്യപ്പെട്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ഡാറ്റ ഒന്നും നഷ്ടമായിട്ടില്ലെന്നു പൊലീസ് പറയുന്നു.

തമിഴ്നാട് പൊലീസിനെതിരെയും റാൻസംവെയർ ആക്രമണം, ആവശ്യപ്പെട്ടത് 20000 ഡോളർ
തമിഴ്‌നാട് പൊലീസിന്റെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് ആൻഡ് സിസ്റ്റംസ് (സിസിടിഎൻഎസ്) വെബ്‌സൈറ്റ് ദക്ഷിണ കൊറിയയിൽ നിന്നുള്ള ഹാക്കർമാർ ഹാക്ക് ചെയ്തിരുന്നു. ദുർബലമായ പാസ്വേഡുകളുണ്ടായിരുന്ന രണ്ട് ലോഗിൻ വഴിയായിരുന്നു തട്ടിപ്പുകാർ വെബ്സൈറ്റിലേക്കു കടന്നത്. സൈറ്റ് പുനസ്ഥാപിക്കാൻ ഹാക്കര്‍മാർ 20000 ഡോളറാണ് ആവശ്യപ്പെട്ടത്.
തമിഴ്നാട്ടിലെ 1.25 ലക്ഷം പൊലീസ് സേനാംഗങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചില ക്രിമിനലുകളുടെ ഡാറ്റബേസും ആണ് അതിൽ ഉണ്ടായിരുന്നത്. എന്തായാലും ഡാറ്റകള്‍ സുരക്ഷിതമാക്കാനും രണ്ട് ഘട്ടമായുള്ള പരിശോധനകളിലൂടെ ലോഗിൻ സുരക്ഷ ശക്തമാക്കാനും കഴിഞ്ഞു. ഏകദേശം രണ്ട് ദിവസത്തിനുള്ളിൽ സൈറ്റ് ഭാഗീകമായി തിരിച്ചെത്തുകയും ചെയ്തു.