ADVERTISEMENT

അശ്ലീലവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്ന ഡീപ്ഫെയ്ക് ഉള്ളടക്കങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വര്‍ദ്ധിച്ചു വരുമ്പോൾ ‍ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്. തന്റെ കാമുകനും സഹപ്രവർത്തകനുമായ യുവാവിന്റെ ഫോൺഗാലറി ഒന്നുതുറന്നു നോക്കിയപ്പോഴാണ് യുവതി ഞെട്ടിയത്. തന്റെയും സഹപ്രവർത്തകരുടെയും ഏകദേശം 13000 നഗ്ന ചിത്രങ്ങളുടെ ശേഖരം.

ബെംഗലൂരുവിലെ ഒരു  ബിപിഒ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുപത്തിരണ്ടുകാരിയായ യുവതിയാണ് താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകനായ യുവാവിനെതിരെ കമ്പനി മേധാവികൾക്കു പരാതി നൽകിയത്. സൈബർ ക്രൈം സ്റ്റേഷനിലേക്കു പരാതി കൈമാറുകയും ചെയ്തു.

ഡിലീറ്റ് ആക്കാൻ ഗാലറി തുറന്നു, ചിത്രങ്ങൾ കണ്ടു ഞെട്ടി

Credit:RapidEye/Istock
Credit:RapidEye/Istock

ആദിത്യ സന്തോഷ് എന്ന യുവാവിനെതിരെ കേസെടുത്തതായും അറസ്റ്റ് ചെയ്തതതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ നാലുമാസത്തോളമായി യുവതിയും യുവാവും പ്രണയത്തിലായിരുന്നു. അതിനിടയ്ക്കും ഇരുവരും ഒരുമിച്ചു ചിത്രങ്ങളും പകർത്തി. അടുത്തിടെ ആ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാനായി ഫോൺ തുറന്നതോടെയാണ് ചില മോർഫ് ചെയ്ത ചിത്രങ്ങളും കണ്ടത്. കൂടുതൽ പരിശോധനയിൽ സഹപ്രവർത്തകരുടെയും ചിത്രങ്ങളും കണ്ടെത്തി.

ഡീപ് ഫെയ്ക് ചിത്രങ്ങൾ?

ഡീപ് ഫെയ്ക് സാധ്യതകൾ യുവാവ് ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്ന അന്വേഷണവും പൊലീസ് അന്വേഷണ പരിധിയില്‍പ്പെടുന്നു. ഇയാൾ ചിത്രങ്ങളെല്ലാം ഫോണിൽ സൂക്ഷിച്ചതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്. ആർക്കും കൈമാറിയിട്ടില്ലെന്നാണ് പ്രതിയായ സന്തോഷ് പ്രാഥമിക ചോദ്യം ചെയ്യലിൽ പറഞ്ഞിട്ടുള്ളത്. 

ഡീപ് ഫെയ്ക് വിഡിയോകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും മൂന്നു വർഷം തടവും ലഭിക്കുമെന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.

ഇയാളുടെ ചാറ്റുകളും ഫോൺ കോളുകളും ഉൾപ്പെടെയുള്ളവയെല്ലാം പൊലീസ് പരിശോധിക്കുകയാണ്. ചിലത് മോർഫ് ചെയ്യപ്പെട്ടതും ചിലത് യഥാർഥവുമാണ്. ഇതുപയോഗിച്ചു  ആരെയെങ്കിലും മോർഫ് ചെയ്തിരുന്നോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നു പൊലീസ് പറയുന്നു.

 കസ്റ്റമർ സർവീസ് ഏജന്റായി കഴിഞ്ഞ അഞ്ച് മാസമായി ഈ യുവാവ് ബിപിഒ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്നു കമ്പനി പറയുന്നു . ഫോട്ടോഗ്രാഫുകളിൽ കൃത്രിമം കാണിക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ ഔദ്യോഗിക ഉപകരണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

യഥാർഥ ചിത്രത്തിൽനിന്നും അശ്ലീലം സൃഷ്ടിക്കുന്ന 'ബോട്ടുകൾ'

അടുത്തിടെ തമിഴ്നാട് വെല്ലൂർ സ്വദേശിയായ സഞ്ജയ് എന്ന യുവാവ് പ്രണയിനിയുടെ മോർഫിങ് ചിത്രങ്ങൾ സൃഷ്ടിച്ചു ടെലഗ്രാം ഗ്രൂപ്പുകളിൽ കൈമാറിയതിനു അറസ്റ്റിലായിരുന്നു.   മനുഷ്യ പ്രവർത്തനങ്ങളെ അനുകരിക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണ് ബോട്ടുകള്‍. 

representative image (Photo Credit : vs148/shutterstock)
representative image (Photo Credit : vs148/shutterstock)

സാധാരണയായി ചില ജോലികൾ ഓട്ടോമേറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു, ഓരോ തവണയും മനുഷ്യരിൽ നിന്നുള്ള പ്രത്യേക നിർദ്ദേശങ്ങളില്ലാതെ അവ പ്രവർത്തിപ്പിക്കാൻ കഴിയും. ഓരോ തവണയും എഡിറ്റു ചെയ്യാതെ ബോട് ഉപയോഗിച്ചു  മോർഫ് ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. ഇരുപതോളം അംഗങ്ങളുള്ള ഗ്രൂപ്പിൽ മറ്റുള്ളവരും സമാനമായി അവരുടെ പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി.

അശ്ലീല ചിത്രങ്ങൾ നിർമിച്ചു പങ്കിടുന്ന ഗ്രൂപ്പുകൾ

ക്ഷണത്തിലൂടെ മാത്രം എത്താന്‍ കഴിയുന്ന  പ്രൈവറ്റ് അല്ലെങ്കിൽ സീക്രട് ഗ്രൂപ്പുകളിലാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ അരങ്ങേറുന്നത്. പരസ്പര ധാരണയോടെ ചിത്രങ്ങൾ കൈമാറുകയും ഏതെങ്കിലും വിധത്തിൽ ചോരുകയും ചെയ്യുമ്പോഴാണ് കേസാവുകയും ചെയ്യുക.

മോർഫ്ഡ് ചിത്രം പ്രചരിക്കുന്നതായി സുഹൃത്തു പറഞ്ഞറിഞ്ഞതിനാൽ ചെറുപ്പകാലം മുതൽ പ്രണയത്തിലായിരുന്ന സജ്ഞയും ഒത്താണ് യുവതി പൊലീസിൽ പരാതി നൽകാനെത്തിയത്. പൊലീസ് സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ടു ഉറവിടം അന്വേഷിച്ചപ്പോഴാണ് പരാതി പറയാന്‍ ഒപ്പമുണ്ടായിരുന്ന യുവാവ് തന്നെയാണ് കുറ്റവാളിയെന്ന മനസിലായതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com