ADVERTISEMENT

ലോകത്തെ ആദ്യത്തെ നിര്‍മിത ബുദ്ധി (എഐ) കേന്ദ്രീകൃതമായ ആപ്പ് സ്റ്റോര്‍ തുറക്കുക എന്ന തങ്ങളുടെ ലക്ഷ്യം ഓപ്പണ്‍എഐ കമ്പനി നീട്ടിവയ്ക്കുന്നു. വിഖ്യാതമായ എഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ, ജിപിറ്റി സ്റ്റോര്‍ എന്ന പേരില്‍ സ്മാര്‍ട്​ഫോണ്‍ ആപ്പുകള്‍ക്കു സമാനമായ രീതിയില്‍, എഐ കേന്ദ്രീകൃതമായ ആപ്പുകള്‍ക്കായി ഒരു സ്റ്റോര്‍ തുറക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാനെ പുറത്താക്കിയതടക്കം കമ്പനിക്കുള്ളില്‍ അടുത്തിടെ അരങ്ങേറിയ നാടകങ്ങളാണ് പദ്ധതിയുടെ താളംതെറ്റിച്ചത്. എന്തായാലും ഇനി അടുത്ത വര്‍ഷം ആദ്യം ആപ്പ് സ്റ്റോര്‍ തുറക്കാനാണ് കമ്പനി ഇനി ശ്രമിക്കുക.

ഭാഗിക ചന്ദ്രഗ്രഹണം Image Credit: Ade ibnu/shutterstock.com
ഭാഗിക ചന്ദ്രഗ്രഹണം Image Credit: Ade ibnu/shutterstock.com

നാസ മനുഷ്യരെ 2027ന് മുമ്പ് ചന്ദ്രനിലിറക്കിയേക്കില്ല

അമേരിക്കയുടെ നാഷണല്‍ ഏറോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) 2025ല്‍ മനുഷ്യരെ ചന്ദ്രനില്‍ ഇറക്കാനായി നടത്തിവന്ന ശ്രമങ്ങളില്‍ പ്രശ്‌നങ്ങള്‍കണ്ടെത്തി. ആര്‍ട്ടെമിസ് 3 ദൗത്യത്തിന്റെ ഭാഗമായിരുന്നു ചന്ദ്രനില്‍ മനുഷ്യരെ ഇറക്കാനുള്ള പദ്ധതി. നിലവിലെ സാഹചര്യത്തില്‍ ഇത് 2027ന് മുമ്പ് നടത്താനാവില്ലെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫിസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

ലൂനാര്‍ ലാന്‍ഡറുകള്‍, സ്‌പെയ്‌സ് സൂട്ടുകള്‍ എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ നടത്തേണ്ട ചില ടെസ്റ്റ് ഫ്‌ളൈറ്റുകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നു. എന്നുപറഞ്ഞാല്‍ ഇവയുടെ തുടര്‍ പരീക്ഷണങ്ങളും വൈകും. സങ്കീര്‍ണ്ണവും പ്രാധാന്യേമേറിയതുമായ ഒട്ടനവധി കാര്യങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കേണ്ടതായി ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാരണങ്ങളാല്‍ 2025ല്‍ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ആര്‍ട്ടെമിസ് 3 ദൗത്യം പറഞ്ഞ സമയത്ത് നടന്നേക്കില്ല.

സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ക്രോമ

ടാറ്റാ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ വില്‍പ്പനശാലയായ ക്രോമയുടെ പേരില്‍ തട്ടിപ്പ്. ക്രോമാ ബ്ലാക് ഫ്രൈഡെ സെയിലില്‍ കിഴിവോടെ ഉപകരണങ്ങളും മറ്റും വാങ്ങാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതോടെ തട്ടിപ്പുകാരും സജീവമാകുന്നു എന്നാണ് ക്രോമ തന്നെ പുറത്തുവിടുന്ന വിവരങ്ങള്‍. ഈ വര്‍ഷം ഇക്കഴിഞ്ഞ നവംബര്‍ 24-26 ദിവസങ്ങളില്‍ ആയിരുന്നു ബ്ലാക്‌ഫ്രൈഡേ സെയില്‍. ക്രോമയുടെ ജോലിക്കാരായി ഭാവിച്ച്ചില വ്യക്തികള്‍ ഇടനിലക്കാരായി നിന്ന് കസ്റ്റമര്‍മാരെ പറ്റിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. ഈ ഭീഷണിയെക്കുറിച്ചാണ് കമ്പനി നല്‍കുന്ന മുന്നറിയിപ്പ്.

ക്രോമാ.കോം (www.croma.com), ടാറ്റാ നിയു (Neu) ആപ്പ്, ഇന്ത്യയിലെമ്പാടുമായി ഉള്ള 440ലേറെ കടകള്‍ എന്നിവയിലൂടെ മാത്രമെ തങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുള്ളുഎന്ന് അറിഞ്ഞിരിക്കണം എന്നാണ് കമ്പനി പറയുന്നത്. ക്രോമയുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വെബ്‌സൈറ്റുകളുടേ പേരുകളും കമ്പനിപുറത്തുവിട്ടിട്ടുണ്ട് (cromawholesellers.com or cromawholesale.com). 

പണമിടപാടുകളുടെ കാര്യത്തിലും ജാഗ്രത വേണമെന്നും ക്രോമ പറയുന്നു. തങ്ങളുടെ ജോലിക്കാര്‍ക്ക് സ്വന്തമായി പണം വാങ്ങാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും, അതിനെല്ലാം വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടെന്നുംകമ്പനി പറയുന്നു. ക്രോമയില്‍ ഡീലുകള്‍ ഉണ്ടെന്ന് അറിയിച്ച് തങ്ങള്‍ ഒരിക്കലും ഫോണ്‍ കോള്‍ നടത്തില്ല, കമ്പനി അറിയിക്കുന്നു.

വൈദ്യുതി ലാഭിക്കാവുന്ന എസി ഇറക്കാന്‍ ഡയ്കിന്‍

ജാപ്പനീസ് എയര്‍ കണ്ടിഷണര്‍ നിര്‍മ്മാതാവായ ഡയ്കിന്‍ (Daikin) ഇന്‍ഡസ്ട്രീസ് കൂടുതല്‍ വൈദ്യുതി ലാഭമുള്ള എസികള്‍ ഇറക്കാന്‍ ശ്രമിക്കുമെന്ന് റോയിട്ടേഴ്‌സ്. നടപ്പു സാമ്പത്തികവര്‍ഷം വീടുകള്‍ക്കായി ഏകദേശം 1 കോടി എസികള്‍ ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അടുത്ത തലമുറ എസി കളിലെ ഇന്‍വേര്‍ട്ടറുകള്‍ക്കായി പുതിയ ചിപ്പുകള്‍ നിര്‍മ്മിച്ചെടുക്കാനാണ് ഡയ്കിന്‍ ഉദ്ദേശിക്കുന്നത്. ഇത്തരം ചിപ്പുകള്‍ ഉള്‍പ്പെടുത്തുന്നത് എസികളുടെവില വര്‍ദ്ധിപ്പിച്ചേക്കും. എന്നാല്‍, അവ താരതമ്യേന കുറച്ച് വൈദ്യുതി മാത്രമായിരിക്കും ഉപയോഗിക്കുക എന്നത് കസ്റ്റമര്‍മാര്‍ക്ക് ഗുണകരമായിരിക്കും എന്നാണ് കമ്പനി പറയുന്നത്.

എസിയുടെ കംപ്രസറിനെയും മോട്ടറിനെയും കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിപ്പിക്കാനായിരിക്കും ചിപ്പുകള്‍. തങ്ങള്‍ 2025 മുതല്‍ വില്‍ക്കാന്‍ പോകുന്ന ഹൈ-എന്‍ഡ്എസികളില്‍ ചിപ്പുകള്‍ പുതിയ ചിപ്പുകള്‍ ഉപയോഗിക്കാമെന്നാണ് കമ്പനി കരുതുന്നത്. ക്രമേണ മറ്റു മോഡലുകളിലേക്കും ഇത് എത്തിച്ചേക്കും. ആഗോള താപനത്തിന്റെ പശ്ചാത്തലത്തില്‍ എസിയുടെ വില്‍പ്പന കുത്തനെ ഉയര്‍ന്നേക്കും. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി പുറത്തുവിട്ട ഡേറ്റ പ്രകാരം 2050 ആകുമ്പോഴേക്ക് ആഗോള തലത്തില്‍ ഏകദേശം 560 കോടി എസികള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com