ADVERTISEMENT

കേരളത്തെ നടുക്കിയ ഓയൂർ സംഭവത്തിൽ അറസ്റ്റിനുശേഷം ക്രൈംബ്രാഞ്ച് അന്വേഷണവും കോടതി നടപടികളുമൊക്കെ മുന്നോട്ടുപോകുകയാണ്. കേസിലെ ദുരൂഹത ഇനിയും ചുരുളഴിയാനുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗക്കാരും ഉറ്റുനോക്കിയ സംഭവമായതിനാൽത്തന്നെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വാദപ്രതിവാദങ്ങള്‍ക്കു കുറവില്ല. 

അതിലൊരു കാരണം  അനുപമയെന്ന സോഷ്യൽ മിഡിയ ഇൻഫ്ലുവൻസറാണ്. ചെറിയ തോതിൽ അനുപമയുടെ കുുറ്റകൃത്യം ഒന്നു ലഘൂകരിക്കാൻ(വെളുപ്പിക്കൽ എന്നു സമൂഹമാധ്യമ ഭാഷ) ശ്രമിക്കുന്ന വ്ലോഗർമാരുടെ വിഡിയോകൾക്കു താഴെ  വലിയ എതിർപ്പുകളുമായി ആളുകളെത്തുന്നു,3.8 ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ യൂട്യൂബിൽനിന്ന് വരുമാനം ലഭിച്ചിരുന്നുവെന്ന ഡിജിപി എം ആർ അജിത് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞതിനെച്ചൊല്ലിയാണ്  മറ്റു ചിലർ  തർക്കിക്കുന്നത്. ഒരു സോഷ്യൽ മിഡിയ ഇൻഫ്ളുവൻസർക്കു മാസം ലക്ഷങ്ങൾ വരുമാനം ലഭിക്കുമോ എന്നൊരു സംശയമാണ് പലരും പങ്കുവയ്ക്കുന്നത്.

വലിയ വിഡിയോകൾ ചെയ്തിട്ടുപോലും കാര്യമായ  വരുമാനം ലഭിച്ചില്ലെന്നും അതേസമയം  ഏതാനും റിയാക്ഷൻ വിഡിയോകളും ബ്യൂട്ടി ടിപ്സ് റീലുകളും ചെയ്തിരുന്ന യുട്യൂബ് ചാനലിനെങ്ങനെയാണ് ഇത്രയും വരുമാനമെന്നതു വിശ്വസിക്കാനാവില്ലെന്നും ചില  യുട്യൂബർമാർത്തന്നെ പറയുന്നു.  എന്നാൽ അനുപമയുടെ വിഡിയോകൾ പരിശോധിച്ച ഒരു വിഭാഗം സൈബർ വിദഗ്ദർ പറയുന്നതു ഉയർന്ന വരുമാനം അതിശയോക്തി ആവാനിടയില്ലെന്നതാണ്. കാരണം ഇങ്ങനെ

അനുപമയെ പൂയപ്പള്ളി പൊലീസ് സ്റ്റേനഷിലെത്തിച്ചപ്പോൾ (ചിത്രം: അരവിന്ദ് ബാല ∙ മനോരമ)
അനുപമയെ പൂയപ്പള്ളി പൊലീസ് സ്റ്റേനഷിലെത്തിച്ചപ്പോൾ (ചിത്രം: അരവിന്ദ് ബാല ∙ മനോരമ)

അടുത്തിടെ മാറിയ യുട്യൂബിന്റെ പോളിസി

ഷോർട്സിലൂടെയുള്ള വരുമാനം പങ്കിടൽ രാജ്യാന്തര വ്യാപകമായി 2023 ഫെബ്രുവരി 1നാണ് യുട്യൂബ് ആരംഭിച്ചത്. അതിനു മുൻപും ഷോർട്സ്  നിർമാതാക്കൾക്കു മറ്റൊരു രീതിയിൽ വരുമാനം ലഭിച്ചിരുന്നു. ഷോർട്സ് ഫണ്ട്സ്  എന്ന പേരിലായിരുന്നു ഏറ്റവും മികച്ച കാഴ്ചകളുള്ള ചാനലിനു യുട്യൂബ് വരുമാനം നൽകിയിരുന്നത്. 100 ഡോളർ മുതൽ പതിനായിരം ഡോളർ വരെയായിരുന്നു ക്ളെയിം ചെയ്യാൻ അനുവദിച്ചിരുന്നത്.  

100 മില്യൺ ഡോളർ വരെയാണ് യുട്യൂബ് ഒരു വർഷം ഈ ഫണ്ടിലേക്കായി നീക്കിവച്ചിരുന്നത്. യുട്യൂബ് നേരിട്ടു പിന്തുണച്ച ഷോർട്സ് ക്രിയേറ്ററായ അനുപമയക്കു മികച്ച ഷോർട്സ് ഫണ്ട് ലഭിച്ചിരുന്നിരിക്കാം. 5 ലക്ഷത്തോളം സബ്​സ്ക്രൈബേഴ്സും ഉണ്ടായിരുന്ന ചാനലാണ് അനുപമ പദ്മൻ എന്നത്.

നിലവാരമുള്ള ഉള്ളടക്കമാണോയെന്ന ചർച്ചകള്‍ക്കു മുൻപ് മറ്റൊരു കാര്യം അറിയേണ്ടതുണ്ട്.  അനുപമയെപ്പോലെയുള്ള ചില യുട്യൂബേഴ്സ് പ്രാദേശിക കാഴ്ചക്കാരിലുപരിയായി  രാജ്യാന്തര പ്രേക്ഷകരെയാണ് ലക്ഷ്യം വച്ചത്. വിവാദങ്ങളിലൂടെ പ്രശസ്തി നേടുന്നതിൽ മുൻപന്തിയിലുള്ള കിം കർദാഷിയാനൊക്കെ ആയിരുന്നു അനുപമയുടെ വിഡിയോ വിഷയമെന്നതിനാലും ഒഴുക്കുള്ള ഇംഗ്ലീഷ് വോയിസ് ഓവര്‍ കാരണവും( എഐ സഹായത്താൽ മെച്ചപ്പെടുത്തിയിട്ടുണ്ടാവാമെന്നു സൂചനകളുണ്ട്) ആ വിഡിയോകൾ ദശലക്ഷങ്ങള്‍ ആണ് കണ്ടത്. അതിൽ ഭൂരിഭാഗവും രാജ്യാന്തര കാണികളായിരിക്കാം. മാത്രമല്ല പല വിഡിയോകളും യുട്യൂബ് നേരിട്ടു പ്രെമോട്ടു ചെയ്തിട്ടുമുണ്ട്. ഇതൊക്കെ കാരണം അത്രയും പണം ലഭിക്കാനിടയുണ്ട്.

യുട്യൂബ് പോളിസിയിൽ വന്ന മാറ്റമെന്താണ്? 

യുട്യൂബ് ഷോർട്സ് ഫണ്ടിന് പകരമായി ഷോർട്ട്സ് ഫീഡിലെ വിഡിയോകൾക്കിടയിൽ കാണുന്ന പരസ്യങ്ങളിൽ നിന്ന്പങ്കാളികൾക്ക് പണം സമ്പാദിക്കാനാകുന്നതാണ് യുട്യൂബിന്റെ  2023 ഫെബ്രുവരി 1ലെ പുതിയ വരുമാനം പങ്കിടൽ മോഡൽ. പുതിയ നയം വന്നപ്പോൾ മറ്റുള്ളവരുടെ സിനിമകളിൽ നിന്നോ ടിവി ഷോകളിൽ നിന്നോ എഡിറ്റ് ചെയ്യാത്ത ക്ലിപ്പുകൾ, യുട്യൂബിൽനിന്നോ മറ്റ് പ്ലാറ്റ്‌ഫോമിൽനിന്നോ മറ്റ് സ്രഷ്‌ടാക്കളുടെ ഉള്ളടക്കം വീണ്ടും അപ്‌ലോഡ് ചെയ്യുക, അല്ലെങ്കിൽ ഒറിജിനൽ ഉള്ളടക്കമല്ലാത്തവ പോലുള്ള ഉള്ളടക്കങ്ങളുള്ള ചാനലുകളുടെ   മോണിടൈസേഷൻ പിൻവലിക്കാൻ തുടങ്ങി.

അനുപമ (ചിത്രങ്ങൾ: Youtube/@AnupamaPathman)
അനുപമ (ചിത്രങ്ങൾ: Youtube/@AnupamaPathman)

ഒരു സ്രഷ്‌ടാവ് സംഗീതത്തോടുകൂടിയ ഒരു ഷോർട്ട് അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ അതിന്റെ വരുമാനം സംഗീതം നിർമിച്ചവരുമായും വിഭജിക്കേണ്ടിവരും. ഇത്തരത്തിലുള്ള മാറ്റങ്ങൾ ഷോർട്സ് ക്രിയേറ്റർമാർക്കു തിരിച്ചടിയായി.മൂന്നാം കക്ഷി ഉള്ളടക്കമോ റീമിക്സ് ചെയ്ത ഉള്ളടക്കമോ അവതരിപ്പിക്കുമ്പോൾ , ഷോർട്ടിന് അനുവദിച്ച കാഴ്‌ചകളും വരുമാനവും അപ്‌ലോഡ് ചെയ്യുന്നയാൾക്കും  മൂന്നാം കക്ഷി അവകാശ ഉടമകൾക്കും തമ്മിൽ വിഭജിക്കപ്പെടാനും ആരംഭിച്ചതോടെ യുട്യൂബ് വരുമാനവും അവസാനിച്ചേക്കാം . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com