ADVERTISEMENT

സാധാരണ ഉപയോക്താവിന് ഗുണം കിട്ടാനായി അമേരിക്കന്‍ കോണ്‍ഗ്രസ് ഇപ്പോള്‍ പരിഗണിക്കുന്ന ഒരു നിര്‍ദ്ദേശം ഇന്ത്യയിലും പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് ടെലകോം കമ്പനികള്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചതായി പിടിഐ. വമ്പന്‍ കമ്പനികളുടെ ആപ്പുകളാണ് ഇന്റര്‍നെറ്റ് ട്രാഫിക് ഉയര്‍ത്തുന്നത്. അതിനാല്‍ ഇവ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ടെലകോം കമ്പനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം നല്‍കിയാല്‍, സേവനങ്ങള്‍ ലഭിക്കുന്ന കസ്റ്റമര്‍മാരില്‍നിന്ന് പണം ഈടാക്കുന്നത് കുറയ്ക്കുന്ന രീതിയിലാണ് അമേരിക്ക പരിഗണിക്കുന്ന നിയമം. ഇത് ഇന്ത്യയിലും നടപ്പാക്കണമെന്നാണ് തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതെന്ന് ടെലകോം വ്യവസായത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാട്‌സാപ്പും, യുട്യൂബും ഫണ്ട് നല്‍കണം

(Photo by Yasuyoshi CHIBA / AFP)
(Photo by Yasuyoshi CHIBA / AFP)

ടെലകോം കമ്പനികള്‍ ഉണ്ടാക്കിയിടുന്ന ഇന്റര്‍നെറ്റിന്റെ ബാന്‍ഡ്‌വിഡ്ത്തിന്റെ സിംഹഭാഗവും ഉപയോഗിക്കുന്നത് സമൂഹ മാധ്യമങ്ങളും, സ്ട്രീമിങ് കമ്പനികളും, ക്ലൗഡ് കംപ്യൂട്ടിങ് സേവനദാതാക്കളുമാണ്. ലാഭം പോകുന്നതും അവരുടെ പെട്ടിയിലേക്കാണ്. അതിനാല്‍ വാട്‌സാപ്, യുട്യൂബ്, നെറ്റ്ഫ്‌ലിക്സ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍  ടെലകോം മേഖലയിലെ നെറ്റ്‌വര്‍ക് മേഖലയുടെ വികസനത്തിനായി ഒരു യൂണിവേഴ്‌സല്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യണം എന്ന നിര്‍ദ്ദേശമാണ് അമേരിക്കയില്‍ പരിഗണിക്കുന്ന ബില്ലില്‍ ഉള്ളത്. 

സെനറ്റര്‍മാരായ മാര്‍ക്‌വെയ്ന്‍ മ്യൂളിന്‍ മാര്‍ക് കെലി, മൈക് ക്രാപോ തുടങ്ങിയവരാണ് നിര്‍ദ്ദിഷ്ട ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ കഴിഞ്ഞ മാസം അവതരിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ഇന്റര്‍നെറ്റ് കൂടുതല്‍ വില കുറച്ച് നല്‍കാന്‍ സാധിക്കമെന്നാണ് ടെലകോം സേവനദാതാക്കള്‍ പറയുന്നത്.

ബില്ലിന്റെ പേരില്‍ തന്നെ ഉപയോക്താവിന് പ്രാധാന്യം

അമേരിക്കയില്‍ അവതരിപ്പിച്ചിരിക്കുന്ന ബില്ലിന്റെ പേര് ലോവറിങ് ബ്രോഡ്ബാന്‍ഡ് കോസ്റ്റ്‌സ് ഫോര്‍ കണ്‍സ്യൂമേഴ്‌സ് ആക്ട് 2023 എന്നാണ്. ക്ലാസിഫൈഡ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍, സ്ട്രീമിങ് സേവനങ്ങള്‍, ഓടിപി മെസെജിങ് സേവനങ്ങള്‍, വിഡിയോ ഗെയിമിങ് സര്‍വിസസ്, വിഡിയോ കോണ്‍ഫറന്‍സിങ് സര്‍വിസിസ്, കൊമേഴ്ഷ്യല്‍ പ്ലാറ്റ്‌ഫോം, എജ് സര്‍വിസസ് പ്രൊവൈഡര്‍മാര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സേര്‍ച്ച് എഞ്ചിനുകള്‍ തുടങ്ങിയവ യൂണിവേഴ്‌സല്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യണം. 

അത് ഉപയോക്താക്കള്‍ നല്‍കേണ്ടിവരുന്ന ഇന്റര്‍നെറ്റ് നിരക്ക് കുറയ്ക്കാന്‍ ഇടവരുത്തുമെന്നാണ് സങ്കല്‍പ്പം. അമേരിക്കയിലെ ഈ ബില്‍ തങ്ങള്‍ ഇതുവരെ സ്വീകരിച്ചുവന്ന നിലപാട് ശരിവയ്ക്കുന്നതാണെന്നാണ് ഇന്ത്യയിലെ സെല്ല്യുലര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കൊആയ് COAI) പറഞ്ഞിരിക്കുന്നത്.

അമേരിക്കയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം

തങ്ങള്‍ ദീര്‍ഘകാലമായി സ്വീകരിച്ചുവന്ന നിലാപാടാണ് ഇപ്പോള്‍ അമേരിക്കയില്‍ ചര്‍ച്ചചെയ്യുന്നത് എന്നും ഇത് ഇന്ത്യന്‍ പരിസ്ഥിതിയിലും ബാധകമാക്കണമെന്നുമാണ് കോആയ് ഡയറക്ടര്‍ ജനറല്‍ എസ്പി കൊച്ചാര്‍ പിടിഐയോട് പറഞ്ഞത്. ബ്രോഡ്ബാന്‍ഡ് ഡാറ്റാ പ്രേക്ഷേപണത്തിന്റെ മൂന്നു ശതമാനത്തിലേറെ ഉപയോഗിക്കുകയും, പ്രതിവര്‍ഷം 5 ബില്ല്യന്‍ ഡോളറിലേറെ നേടുകയും ചെയ്യുന്ന കമ്പനികള്‍ക്കായിരിക്കും അമേരിക്കയില്‍ പുതിയ നിയമം വന്നാല്‍ അത് ബാധകമാകുക. 

ഇന്ത്യയില്‍ ഏതാനും കമ്പനികള്‍ മാത്രമായിരിക്കും ഈ ഗണത്തില്‍ പെടുക. അവയെല്ലാം വിദേശ കമ്പനികളുമാണെന്ന് കൊച്ചാര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലേതു പോലെ 3 ശതമാനം വേണ്ട, 8 ശതമാനം ഇന്റര്‍നെറ്റ് ട്രാഫിക് ഉപയോഗിക്കുന്ന കമ്പനികളെ മാത്രം ഇതിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍മതിയെന്നും അദ്ദേഹം പറഞ്ഞു. ലാര്‍ജ് ട്രാഫിക് ജനറേറ്റേഴ്‌സ് (എല്‍ടിജിസ്) മാത്രമേ ഇതിന്റെ പരിധിയില്‍ വരൂ.

ചെറു കമ്പനികളെ ബാധിക്കില്ല, ടെലകോം മേഖലയ്ക്ക് ഉണര്‍വ് നല്‍കിയേക്കാം

തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ സവാരി ചെയ്യുന്ന ഇവയില്‍ നിന്നു മാത്രം പണം ഈടാക്കിയാല്‍ മതി. സ്‌മോള്‍ ആന്‍ മീഡിയം സൈസ്ഡ് എന്റര്‍പ്രൈസസ്, സ്റ്റാര്‍ട്ട്-അപ്പുകള്‍തുടങ്ങിയ ചെറുകിട കമ്പനികളെയൊന്നും അത് ഒരു തരത്തിലും ബാധിക്കില്ലെന്നും കൊച്ചാര്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഒരു നിയമം കൊണ്ടുവന്നാല്‍ അത് ടെലകോം മേഖലയില്‍ മൊത്തം ഉണര്‍വു പകര്‍ന്നേക്കും. പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന വോഡാഫോണ്‍-ഐഡിയ പോലെയുള്ള ഓപ്പറേറ്റര്‍മാര്‍ക്കുപോലും അത് ഒരു പിടിവള്ളിയും ആയേക്കാം എന്നും വിലയിരുത്തലുണ്ട്.

Photo: Dragana Gordic/ Shutterstock
Photo: Dragana Gordic/ Shutterstock

വീണ്ടും നാണംകെട്ട് ഗൂഗിള്‍; ജെമിനിയുടെ കഴിവുകള്‍ പെരുപ്പിച്ചു കാട്ടിയെന്ന്

കഴിഞ്ഞ വര്‍ഷം അവസാനം നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ജിപിറ്റിയുടെ പെരുമ പടര്‍ന്നതോടെ അങ്കലാപ്പിലായ ഗൂഗിള്‍ തങ്ങളുടെ ബാര്‍ഡ് എന്ന സേര്‍ച്ച്സംവിധാനം പരിചയപ്പെടുത്തി നാണംകെട്ട വാര്‍ത്ത ലോകം കണ്ടിരുന്നു. പിന്നീട് തങ്ങള്‍ ചാറ്റ്ജിപിറ്റിയെക്കാള്‍ മികച്ച ജെമിനി എന്നൊരു സേവനം തുടങ്ങുമെന്നായിരുന്നു കമ്പനി പറഞ്ഞുവന്നത്. ഇത് ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജിപിറ്റി-4നേക്കാള്‍ മികവുറ്റതാണെന്നുഅവകാശപ്പെട്ട് ഒരു വിഡിയോയും അടുത്തിടെ പുറത്തുവിട്ടു. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആ വിഡിയോയിലുള്ളത് വ്യാജമാണെന്നും, ആ വിഡിയോ കൃത്രിമമായി (staged) സൃഷ്ടിച്ചതാണെന്നുമാണ്.

സിഎന്‍ബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം ജെമിനിയുടെ കഴിവുകള്‍ ആഘോഷിക്കാനായി പുറത്തുവിട്ട വിഡിയോ തത്സമയം ചിത്രീകരിച്ചതല്ല. അത് എഡിറ്റു ചെയ്തതാണ്. ഗൂഗിളിന്റ എഐ വിഭാഗമായ ഡീപ്‌മൈന്ഡിന്റെ വൈസ് പ്രസിഡന്റ് എലി കോളിന്‍സ് പറഞ്ഞിരിക്കുന്നത് താറാവിനെ വരയ്ക്കുന്ന ഡെമോ ഗവേഷണ ഘട്ടത്തില്‍ മാത്രമെ എത്തിയിട്ടുള്ളു എന്നാണ്. അത് ഇപ്പോള്‍ പുറത്തിറക്കാന്‍ പോകുന്ന പ്രൊഡക്ടുകളില്‍ ലഭ്യമായിരിക്കില്ല. അതേസമയം, ഈ വിഡിയോ വ്യാജമല്ല. എന്നാല്‍അതിന്റെ സമയം വെട്ടിക്കുറച്ചിട്ടുണ്ട് എന്നു എന്ന് അവകാശപ്പെട്ട് ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് സിസി ഹ്‌സിയാഓ (Hsiao) എത്തി.

Image Credit: Canva
Image Credit: Canva

ചില യൂട്യൂബ് പ്രീമിയം യൂസര്‍മാര്‍ക്ക് വരിസംഖ്യ വര്‍ദ്ധിക്കും

യൂട്യൂബ് റെഡ്, യൂട്യൂബ് പ്ലേ മ്യൂസിക് തുടങ്ങിയ സേവനങ്ങളാണ് ആദ്യമായി മാസവരി വാങ്ങി ഗൂഗിള്‍ തുടങ്ങിയത്. തുടര്‍ന്ന് യൂട്യൂബ് പ്രീമിയം ആരംഭിച്ചു. വരിക്കാരുടെ മാസവരി പല തവണ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എങ്കിലും തങ്ങളുടെ ആദ്യകാല വരിക്കാരുടെ മാസവരി കമ്പനി വര്‍ദ്ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കും വരിസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനിയെന്ന് 9ടു5ഗൂഗിള്‍. യൂട്യൂബ് പ്രീമിയം വരിസംഖ്യ തുടങ്ങുന്നത്പ്രതിമാസം 7.99 ഡോളര്‍ മുതലാണ്.

ഫ്‌ളാഗ്ഷിപ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുതിയ ക്യാമറാ സെന്‍സറുമായി സോണി

നിലവിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറാ സാങ്കേതികവിദ്യയെ മറികടക്കാന്‍ സാധിക്കുന്ന തരം പുതിയ സെന്‍സര്‍ പുറത്തിറക്കിയിരിക്കുയാണ് സോണി എന്ന് ഗിസമോചൈന റിപ്പോര്‍ട്ടുചെയ്യുന്നു. സോണി ലിറ്റിയ എല്‍വൈറ്റി-900 (Lytia LYT-900) എന്ന പേരിലാണ് പുതിയ സെന്‍സര്‍ പുറത്തിറക്കിയിരിക്കുന്നത്. ടൈപ്-1 സെന്‍സര്‍ ആണ് ഇത്. റെസലൂഷന്‍ 50എംപി ആയിരിക്കും. സീമോസ് ടെക്‌നോളജിയില്‍ അധിഷ്ഠിതമാണിത്.

പുതിയ സെന്‍സറില്‍ വലിപ്പമേറിയ ഡയോഡുകള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിരിക്കുന്നതിനാല്‍ അതിന്റെ പ്രകാശസ്വീകരണ ശേഷി കൂടുതലായിരിക്കുമെന്ന് കമ്പനി പറയുന്നു. പുതിയ സെന്‍സര്‍ ഉപയോഗിച്ചുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ വിവോ എക്‌സ്100 ആയിരിക്കുമെന്നാണ് കരുതുന്നത്. ഇതിനൊപ്പം ശേഷി കുറഞ്ഞ ലിറ്റ്-800 എന്ന സെന്‍സറും പുറത്തിറക്കിയിട്ടുണ്ട്. ഇത് വണ്‍പ്ലസ് 12, റിയല്‍മി ജിടി 5 പ്രോ തുടങ്ങിയ ഫോണുകളില്‍ കാണാം.

ഐഫോണില്‍ വരുമോ?

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

പുതിയ സെന്‍സര്‍ ചിലപ്പോള്‍ ഐഫോണ്‍ 16 സീരിസിലും ഇടംപിടിച്ചേക്കാം. പക്ഷെ, ക്യാമറാ സെന്‍സര്‍ നിര്‍മ്മാണ മേഖലയിലേക്കും സ്വന്തം വഴി വെട്ടിത്തുറക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ എന്നും ശ്രുതിയുണ്ട്. തങ്ങള്‍ പറയുന്ന സ്‌പെസിഫിക്കേഷന്‍ ഉപയോഗിച്ച് സോണിയെക്കൊണ്ട് സെന്‍സര്‍ നിര്‍മിച്ചെടുക്കാനായിരിക്കാം ആപ്പിള്‍ ശ്രമിക്കുകയത്രെ. സ്വന്തം കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ പ്രൊസസറുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിച്ചതോടെ, ആപ്പിളിന് ചില തനത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായകമായിട്ടുണ്ട്. ഇതിന്റെ ചുവടുപറ്റിയായിരിക്കും ക്യാമറാ സെന്‍സര്‍ നിര്‍മ്മാണത്തിലേക്കും ആപ്പിള്‍ കടക്കുക. പ്രമുഖ ക്യാമറാ നിര്‍മ്മാതാവായ നിക്കോണ്‍ കമ്പനി സോണിയില്‍ നിന്നാണ് സെന്‍സര്‍ സ്വീകരിക്കുന്നത്. എന്നാല്‍, തങ്ങളുടെആവശ്യപ്രകാരമുള്ള ക്രമീകരണങ്ങള്‍ വരുത്തിയാണ് അവര്‍ സെന്‍സറുകള്‍ വാങ്ങുന്നത്. ഈ വഴിയായിരിക്കും ആപ്പിള്‍ സ്വീകരിക്കുക എന്നാണ് ശ്രുതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com