ADVERTISEMENT

ഐഫോണ്‍ ഉപയോഗിക്കുന്നവരുടെ ഒരു പേടിസ്വപ്‌നമാണ് ബാറ്ററിയുടെ ചാര്‍ജ് അധികസമയം നില്‍ക്കുന്നില്ലെന്ന പ്രശ്‌നം. ഇങ്ങനെ സംഭവിക്കാന്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍തന്നെ കാരണമാവുന്നുവെന്നാണ്  ആപ്പിള്‍ സ്റ്റോര്‍ മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. ഐഫോണ്‍ ബാറ്ററികളുടെ ആയുസും ആരോഗ്യവും കൂട്ടാന്‍ എന്തു ചെയ്യണമെന്നും വിശദീകരിക്കുകയാണ് ടൈലര്‍ മോര്‍ഗന്‍ എന്ന മുന്‍ സെയില്‍സ്മാന്‍. 

ബാറ്ററിയുടെ ആരോഗ്യം ഉറപ്പിക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യമായി ടൈലര്‍ മോര്‍ഗന്‍ പറയുന്നത് ഒരിക്കലും 100 ശതമാനം ചാര്‍ജ് ചെയ്യരുതെന്നതാണ്. ഒരുപാടു പേര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ രാത്രി ചാര്‍ജു ചെയ്യാന്‍ വെക്കുന്ന ശീലമുണ്ട്. ഇത് ബാറ്ററിക്ക് കേടാണെന്നാണ് ടൈലര്‍ പറയുന്നത്. ഐഫോണിലാണെങ്കില്‍ സെറ്റിങ്‌സില്‍, ബാറ്ററി, ബാറ്ററി ഹെല്‍ത്ത് ആന്റ് ചാര്‍ജിങ് വഴി പോയി ചാര്‍ജിങ് ഒപ്റ്റിമൈസേഷന്‍ ഓണാക്കാനാണ് നല്‍കുന്ന നിര്‍ദേശം. ബാറ്ററിയുടെ ആരോഗ്യം ഉറപ്പിക്കാന്‍ ചാര്‍ജ് ലിമിറ്റ് 80 ശതമാനമാക്കി നിശ്ചയിക്കാമെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

ഇതേ കാര്യം തന്നെ ഓസ്‌ട്രേലിയയിലെ സിക്യു സര്‍വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി പ്രൊഫസറായ റിതേഷ് ചുങും ഒക്ടോബറില്‍ പറഞ്ഞിരുന്നു. 'പുതുതലമുറ സ്മാര്‍ട്ട്‌ഫോണുകള്‍ മുപ്പതു മിനുറ്റുമുതല്‍ രണ്ടു മണിക്കൂര്‍ വരെയാണ് മുഴുവനായി ചാര്‍ജ്ജാവാന്‍ എടുക്കുന്ന സമയം. രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജു ചെയ്യുക അനാവശ്യമാണെന്നു മാത്രമല്ല ബാറ്ററിയുടെ ആയുസു കുറക്കുകയും ചെയ്യും. രാത്രി മുഴുവന്‍ ബാറ്ററി ചാര്‍ജു ചെയ്യുകയെന്നാല്‍ ആവശ്യമായതിന്റെ നാലിരട്ടി സമയം വരെ ചാര്‍ജു ചെയ്യുന്നുവെന്നാണ് അര്‍ഥം' എന്നാണ് റിതേഷ് പറഞ്ഞത്. 

ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റികള്‍ ഓഫാക്കി ഇടുകയെന്നതാണ് ഐഫോണ്‍ ചാര്‍ജ് ദീര്‍ഘസമയം നിലനിര്‍ത്താന്‍ മോര്‍ഗന്‍ നല്‍കുന്ന മറ്റൊരു നിര്‍ദേശം. ഉപയോഗിക്കാത്ത സമയത്തുപോലും ആപ്ലിക്കേഷനുകള്‍ ബാറ്ററിയുടെ ചാര്‍ജ് തീര്‍ക്കുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. ലോ പവര്‍ മോഡിലേക്കു മാറ്റിയാല്‍ ഇത്തരത്തിലുള്ള എല്ലാ ആക്ടിവിറ്റികളും കുറയുമെന്നും മോര്‍ഗന്‍ പറയുന്നു. ഇങ്ങനെ ചെയ്താല്‍ സോഷ്യല്‍മീഡിയ സൈറ്റുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ലഭിക്കില്ല. എങ്കിലും ബാറ്ററിയുടെ കാര്യത്തില്‍ സുരക്ഷ ഉറപ്പാക്കാനാവും. 

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

പല ആപ്ലിക്കേഷനുകളും ഉപഭോക്താക്കളുടെ ലൊക്കേഷന്‍ തുടര്‍ച്ചയായി രേഖപ്പെടുത്താനുള്ള അനുമതി ചോദിക്കുന്നവയാണ്. ഐഫോണില്‍ സെറ്റിങ്‌സ്, പ്രൈവസി ആന്റ് സെക്യൂരിറ്റി വഴി ട്രാക്കിങിലേക്കെത്തിയാല്‍ ഏതൊക്കെ ആപ്പുകള്‍ക്ക് ട്രാക്കിങിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് അറിയാനാവും. ഇവിടെ നിന്നും ആവശ്യമില്ലാത്തവയെ ഓഫു ചെയ്യാമെന്നും മോര്‍ഗന്‍ നിര്‍ദേശിക്കുന്നു. 

ഫോണ്‍ ബ്രൈറ്റ്‌നസ് കുറച്ചുവെക്കുന്നതും സിരി ഓഫാക്കി ഇടുന്നതും ബ്ലൂടൂത്ത് ഓഫാക്കുന്നതുമെല്ലാം ദീര്‍ഘസമയം ഐഫോണില്‍ ചാര്‍ജു നിലനിര്‍ത്താന്‍ സഹായിക്കും. ആപ്പുകളെ ട്രാക്കു ചെയ്യാനുള്ള അനുമതി നല്‍കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്നും മോര്‍ഗന്‍ പറയുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ ഫോണിന്റെ പ്രകടനത്തെ ബാധിച്ചേക്കാമെങ്കിലും ബാറ്ററി ഉപയോഗം എന്തായാലും കുറക്കുമെന്നാണ് ടൈലര്‍ മോര്‍ഗന്‍ നല്‍കുന്ന ഉറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com