ADVERTISEMENT

നേച്ചർ ജേണൽ ഓരോ വർഷാവസാനത്തിലും ശാസ്ത്ര സാങ്കേതിക മേഖലയിൽ ആ വർഷം വിസ്മയകരമായ സംഭാവനകൾ നൽകിയ പത്തു പ്രതിഭകളെ 'നേച്ചർ'സ് പത്ത്’(Nature's 10) എന്ന പേരിൽ തെരഞ്ഞെടുക്കാറുണ്ട്. കഴിഞ്ഞ പത്തുവർഷമായി ഇതു തുടരുന്നു. എന്നാൽ ഈ വർഷം കൗതുകകരമായ ഒരു മാറ്റം ആ പട്ടികയ്ക്കുണ്ട്. നേച്ചർ ജേണൽ ചരിത്രത്തിലാദ്യമായി ആ പട്ടികയിൽ  പതിനൊന്നാമനായി ഒരാൾ കൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ടോപ്പ്  10-ൽ പതിനൊന്നാമൻ വന്ന കൗതുകത്തിനപ്പുറം അതിശയകരമായ കാര്യം, അതൊരു മനുഷ്യനല്ല എന്നതാണ്. ചാറ്റ്ജിപിടി (chatGPT)യാണ് പ്രസ്തുത ലിസ്റ്റിനെ പതിനൊന്നാക്കുകയും അതിൽ കയറിക്കൂടുകയും ചെയ്ത മനുഷ്യനല്ലാത്ത ശാസ്ത്രപ്രതിഭ ! ഓപ്പൺ എഐ കമ്പനിയുടെ ജനറേറ്റീവ് എഐ ഉപയോഗിച്ചുള്ള മനുഷ്യ ഭാഷ കൈകാര്യം ചെയ്യുന്ന  ചാറ്റ്ബോട്ട് ആയ ഒരു വയസു മാത്രം പ്രായമുള്ള 'കുഞ്ഞിനാണ്' ഈ നേട്ടമെന്നതും ഓർക്കുക.

ചാറ്റ് ജിപിടിയെ ശാസ്ത്രം അംഗീകരിക്കുന്നു

ഒരു വർഷത്തെ പ്രവർത്തനം കൊണ്ട്, വരും കാലങ്ങളിൽ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ചാറ്റ്ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ ചെലുത്താൻ പോകുന്ന അതിവിപുലവും അസാമാന്യവുമായ സ്വാധീനത്തെ ശാസ്ത്രലോകം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവായി ഈ പതിനൊന്നാം സ്ഥാനത്തെ നിസംശയം കരുതാവുന്നതാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗുണവും ദോഷവും സംബന്ധിച്ച ചർച്ചകളുടെ കുടം തുറന്നു വിട്ട  ചാറ്റ് ജിപിടി പോയവർഷം മുഴുവൻ ശാസ്ത്രലോകത്തു മാത്രമല്ല പൊതുമണ്ഡലത്തിലും നിറഞ്ഞു നിന്നു. 

ചാറ്റ് ജിപിടിയുടെ സൃഷ്ടികർത്താക്കളിൽ ഒരാളും ഓപ്പൺ എഐ കമ്പനിയുടെ മുഖ്യ ഗവേഷകനുമായ ഇല്യ സുറ്റ്സ്​കോവർ ,  ടോപ്പ് 10-ൽ സ്ഥാനം പിടിച്ചിവരിൽ ഒരാളാണ്. സൃഷ്ടിയും സ്രഷ്ടാവും നേട്ടത്തിലും ഒരുമിച്ചുണ്ട്. ഉന്നതമായ മനുഷ്യബുദ്ധിയുടെ  തലത്തിലേക്ക് ചാറ്റ് ജിപിടി പോലുള്ള ലാർജ് ലാംഗേജ് മോഡലുകളെ ( LLM) ഏതാനും വർഷങ്ങൾക്കുള്ളിലോ ചിലപ്പോൾ ദശകങ്ങൾക്കുള്ളിലോ വികസിപ്പിച്ചെടുക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. 

AI - 1

അപാരമായ കംപ്യൂട്ടിങ്ങ് ശക്തി നൽകി നമ്മേക്കാൾ സ്മാർട്ട് ആകുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനങ്ങളുടെ നിയന്ത്രണവും  സ്റ്റിയറിങ്ങും മനുഷ്യനു തന്നെ സാധ്യമാകുന്ന ഗവേഷണങ്ങൾക്കു കൂടി  ഇപ്പോൾ ഊന്നൽ ലഭിക്കുന്നു എന്നതും  ഓർക്കേണ്ടതുണ്ട്.

ചാറ്റ് ജിപിടി എന്ന ‘പോസ്റ്റർ ചൈൽഡ്’

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റ ലിജൻസ് സോഫ്റ്റ് വെയറുകളുടെ പ്രതീകമായി വിലസുന്ന ചാറ്റ് ജിപിടി മനുഷ്യനെ അമ്പരിപ്പിക്കുന്ന വിധം അനുകരിക്കുന്നയാളാണ്. ഗവേഷണ മേഖലയിൽ പുതുയുഗത്തിന് വഴിയൊരുക്കാൻ ശേഷിയുള്ള സംവിധാനമായി ഇത് കരുതപ്പെടുന്നു.ഇതോടുബന്ധിച്ച് വന്നേക്കാവുന്ന അപകട സാധ്യതകളേക്കുറിച്ചും ശാസ്ത്രലോകം ബോധവാൻമാരാണ്. നല്ലതായാലും ചീത്തയായാലും ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം 2023 വർഷത്തിൽ ചാറ്റ് ജിപിടി അതിശക്തമായ  ഒരു സാന്നിധ്യമായിരുന്നു. ഗവേഷകർക്കൊപ്പം  പേപ്പറുകളും പ്രബന്ധങ്ങളും എഴുതാൻ ( പലപ്പോഴും ആരുമറിയാതെ !) ചാറ്റ് ജിപിടി സഹായിച്ചു.

അവരുടെ ക്ലാസുകൾക്കും പ്രഭാഷണങ്ങൾക്കും ഉപയോഗിക്കപ്പെട്ട പ്രസന്റേഷനുകളുടെ രൂപരേഖ പലപ്പോഴും ചാറ്റ് ജിപിടിയുടെ ബുദ്ധിയായിരുന്നു. ധനസഹായത്തിനായി സമർപ്പിക്കപ്പെട്ട ഗവേഷണ പദ്ധതികളിൽ ചാറ്റ് ജിപിടിയുടെ സ്വപ്നങ്ങളുമുണ്ടായിരുന്നു. ഗവേഷണത്തിനുള്ള ആശയങ്ങളും, കംപ്യൂട്ടർ കോഡുകളും തൻമയത്തത്തോടെ അത് സൃഷ്ടിച്ചു.

chat gpt - 1

റെഫറൻസുകൾ സൃഷ്ടിക്കുകയും, വസ്തുതകൾ നിർമ്മിക്കുകയും ചിലപ്പോൾ വിദ്വേഷ പ്രസംഗങ്ങളിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. എല്ലാറ്റിനുമുപരിയായി മനുഷ്യനെ അനുസരിക്കുന്ന ,അവനെ സന്തോഷിപ്പിക്കുന്ന, ചിലപ്പോൾ ഭയപ്പെടുത്തുന്ന ,അവരെ ഭാവനാശേഷിയെ പിടിച്ചെടുക്കുന്ന കൂട്ടുകാരനായി ചാറ്റജിപിടി മാറിക്കഴിഞ്ഞിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com