ADVERTISEMENT

പേറ്റന്റ് യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ ഏറ്റവും പുതിയ ആപ്പിള്‍ വാച്ചുകള്‍ അമേരിക്കയില്‍ ഇനിമുതല്‍ ആപ്പിളിന് വില്‍ക്കാനാവില്ല. യു.എസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്റെ വിധി മരവിപ്പിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറാവാതെ വന്നതോടെയാണ് ആപ്പിളിന് ലോകത്തെ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട് വാച്ചുകളുടെ അമേരിക്കയിലെ വില്‍പന അവസാനിപ്പിക്കേണ്ടി വന്നത്. ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2 വിഭാഗത്തില്‍ പെട്ട സ്മാര്‍ട്ട് വാച്ചുകള്‍ക്കാണ് അമേരിക്കയില്‍ വില്‍പന നിരോധനമുള്ളത്.  

ഐ ടി സിയുടെ വിധി തടയാനായി ഡിസംബര്‍ 25 വരെയാണ് വൈറ്റ് ഹൗസിന് സാവകാശമുണ്ടായിരുന്നത്. ഡിസംബര്‍ 26 മുതല്‍ ഐ ടി സിയുടെ വിധി നടപ്പിലായെന്ന് യു എസ് ട്രേഡ് പ്രതിനിധി കാതറിന്‍ ടൈ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വൈറ്റ് ഹൗസില്‍ നിന്നും അനുകൂലമായ നടപടിക്ക് സാധ്യതയില്ലെന്നു കണ്ടതോടെ അമേരിക്കയിലെ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും ആപ്പിള്‍ ഈ സീരീസില്‍ പെട്ട വാച്ചുകള്‍ പിന്‍വലിച്ചിരുന്നു. അതേസമയം നിരോധനം ഏര്‍പ്പെടുത്താത്ത മോഡലിലുള്ള ആപ്പിള്‍വാച്ചുകള്‍ അമേരിക്കയില്‍ ലഭ്യമാണ്. അമേരിക്കയില്‍ മാത്രമാണ് ആപ്പിള്‍ വാച്ച് സീരീസ് 9, അള്‍ട്രാ 2 വാച്ചുകള്‍ക്ക് നിരോധനമുള്ളത്. 

വൈദ്യശാസ്ത്ര ഉപകരണ നിര്‍മാതാക്കളായ മേസിമോയാണ് ആപ്പിളിനെ പകര്‍പ്പവകാശത്തിന്റെ പേരില്‍ കേസില്‍ കുടുക്കിയത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കൃത്യമായി കണക്കാക്കുന്ന സാങ്കേതികവിദ്യ 2013ല്‍ കണ്ടെത്തിയ കമ്പനിയാണ് മേസിമോ. ഇവരുടെ പള്‍സ് ഓക്‌സിമീറ്ററുകളില്‍ ഉപയോഗിക്കുന്ന SpO2 സാങ്കേതികവിദ്യ ആപ്പിള്‍ മോഷ്ടിച്ചെന്ന പരാതിയിലാണ് മേസിമോ അനുകൂല വിധി നേടിയത്. സ്മാര്‍ട്ട് വാച്ചുകളില്‍ ഈ സാങ്കേതികവിദ്യ ഉപകാരപ്പെടുമെന്ന് തിരിച്ചറിഞ്ഞ ആപ്പിള്‍ മേസിമോയുമായി കരാറിലെത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. 

ആപ്പിളിനെ മേസിമോയുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കുന്ന സാങ്കേതികവിദ്യ മാത്രമാണ് ആകര്‍ഷിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ പിന്മാറി. ആപ്പിളാവട്ടെ ഇതിനിടെ SpO2 വികസിപ്പിച്ചെടുത്ത മേസിമോയിലെ പ്രധാനപ്പെട്ട ജീവനക്കാരെ വലിയ വാഗ്ദാനങ്ങള്‍ നല്‍കി ചാക്കിലാക്കി. മേസിമോ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുടെ പകര്‍പ്പവകാശത്തിന് ഈ ജീവനക്കാരെ ഉപയോഗിച്ച് ആപ്പിള്‍ ഫയല്‍ ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. 

ആപ്പിളിന്റെ ചതി തിരിച്ചറിഞ്ഞ മേസിമോ 2020ലാണ് ആദ്യ പരാതി നല്‍കുന്നത്. ആ കേസില്‍ ഫലം കാണാനായില്ലെങ്കിലും 2021ല്‍ യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ മേസിമോ കേസു കൊടുത്തതോടെ കഥ മാറി. ആപ്പിള്‍ മേസിമോയുടെ പേന്റന്റുകള്‍ ലംഘിക്കുകയായിരുന്നുവെന്ന് കമ്മീഷന്‍ കണ്ടെത്തിയതോടെയാണ് സീരീസ് 9, അള്‍ട്രാ 2 സ്മാര്‍ട്ട് വാച്ചുകള്‍ പിന്‍വലിക്കേണ്ടി വന്നത്. അമേരിക്കയില്‍ ഈ സീരീസില്‍ പെട്ട വാച്ചുകള്‍ക്ക് ഇറക്കുമതിക്കും വില്‍പനക്കുമാണ് വിലക്ക്. വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കണമെന്ന് ആപ്പിള്‍ അപേക്ഷ നല്‍കിയെങ്കിലും അത് തള്ളുകയും ചെയ്തു. 

നേരത്തെ 2013ല്‍ ബരാക്ക് ഒബാമ ഐടിസി വിധിക്കെതിരെ നിലപാടെടുത്തിരുന്നു. അന്ന് ഐഫോണിനും ഐപാഡിനും എതിരായ പേറ്റന്റ് വിധിയെയാണ് ഒബാമ മറികടന്നത്. എന്നാല്‍ അന്ന് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് നല്‍കിയ പരാതിയിലായിരുന്നു ആപ്പിളിന് തിരിച്ചടി നേരിട്ടത്. എന്നാല്‍ ഇത്തവണ അമേരിക്കന്‍ കമ്പനിയായ മേസിമോക്കെതിരെ നിലപാടെടുക്കാന്‍ ബൈഡന്‍ ഭരണകൂടം തയ്യാറായില്ല.

English Summary:

Apple is no longer selling the newest Apple Watch in America after the White House declines to overturn ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com