ADVERTISEMENT

2026ൽ ബ്രിട്ടനിൽ തനിയെ ഓടുന്ന കാറുകൾ നിരത്തിലിറങ്ങുമെന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപർ പറഞ്ഞു. 5ജി ടെക്നോളജിയുടെ ചടുലത ആയിരിക്കും ഈ കാറുകളെ മുന്നോട്ടു നയിക്കുക.  ഗതാഗത നിയമങ്ങൾ മാറ്റുന്നതിനുള്ള ബില്ല് അടുത്തവർഷം തന്നെ പാസാക്കുമെന്നും ബിബിസിക്കു നൽകിയ അഭിമുഖത്തിൽ   മാർക്ക് ഹാർപർ പ്രത്യാശ പ്രകടിപ്പിച്ചു. കലിഫോർണിയയിൽ ഡ്രൈവർ ഇല്ലാതെ തനിയെ ഓടുന്ന കാറുകൾ ഉള്ളതിനാൽ ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പാകുമെന്നു തെളിഞ്ഞതായി ഹാ‍ർപർ പ്രതീക്ഷയും പ്രകടിപ്പിച്ചു. 

സെൽഫ് ഡ്രൈവിങ് വാഹനങ്ങളുടെ കാര്യത്തിൽ ചൈനയും ബ്രിട്ടനും നേരത്തെ തന്നെ വലിയ ശ്രദ്ധ നൽകുന്നുണ്ട്. 5ജി ഉപയോഗിച്ചു ചൈനയിലെ ചോങ്ക്വിങ്ങിൽ സെൽഫ് ഡ്രൈവിങ് ബസ് കഴിഞ്ഞ വർഷം സർവീസ് തുടങ്ങിയിരുന്നു. 12 സീറ്റ് ഇലക്ട്രിക് ബസിനു പരമാവധി വേഗം മണിക്കൂറിൽ 20 കിലോമീറ്റർ. അവശ്യ സാങ്കേതികവിദ്യകളായ റഡാർ, ലിഡാർ, കൺട്രോളർ ഏരിയ നെറ്റ്വർക് എന്നിവയെല്ലാം ബസിലുണ്ട്. ഡ്രൈവർ കാബിനും സ്റ്റിയറിങ്ങുമില്ല. വേഗം ക്രമീകരിക്കുന്നതിലും ട്രാഫിക് സിഗ്നലുകൾ മനസ്സിലാക്കുന്നതിലുമെല്ലാം 5ജി ചടുലത പ്രകടം. 

ബ്രിട്ടനിൽ പൂർണസജ്ജമായ ഡ്രൈവർലെസ് കാറുകൾ 2021ൽ ഓടിത്തുടങ്ങുമെന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. 

സാങ്കേതികതയ്ക്കപ്പുറം നിയമനിർമാണം, നിയമപാലനം, ഇൻഷുറൻസ്, ജനങ്ങളുടെ അവബോധം തുടങ്ങിയ കടമ്പകളുമുണ്ട്. ഏറ്റവും പ്രധാനം അവബോധമാണ്. കാർ യാത്രക്കാർ മാത്രമല്ല, വഴിയാത്രക്കാരും അവബോധം പങ്കിടണം. 

സെൽഫ് ഡ്രൈവിങ് കാറുകൾക്കു പ്രധാനമായും ആറു ലെവലുകൾ സാങ്കേതികവിദഗ്ദർ നൽകിയിരുന്നു. മനുഷ്യസഹായം ഏറെവേണ്ട ലെവൽ 0 മുതൽ പൂർണ ഓട്ടമാറ്റിക്കായ ലെവൽ 5 വരെ ഇതിൽ ഉൾപ്പെടും. സെൽഫ് ഡ്രൈവിങ് കാറുകൾക്കു മികച്ച സെൻസിങ് സംവിധാനങ്ങളുണ്ട്. റഡാർ, ഇൻഫ്രറെഡ് തരംഗങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ലിഡാർ, വിവിധ സെൻസറുകൾ, ക്യാമറ തുടങ്ങിയവ ഇതിൽപെടും. 

കാർ വെയറബിളുകൾ എന്നറിയപ്പെടുന്ന ഇവ തരുന്ന വിവരങ്ങൾ വിലയിരുത്തി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളുടെ സഹായത്തോടെയാണ് സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ മുന്നോട്ടു നീങ്ങുന്നത്. ലോകത്ത് വളരെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയാണെങ്കിലും അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ ഇതെപ്പറ്റിയുണ്ട്. ധാരാളം ഘടകങ്ങളുള്ള, അതീവ നിരീക്ഷണം വേണ്ട ഡ്രൈവിങ് പോലൊരു കാര്യം മനുഷ്യനിയന്ത്രിതമായിരിക്കണമെന്ന് ചില വിദഗ്ധർ വാദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com