ADVERTISEMENT

പുതുവർഷത്തെ സന്തോഷത്തോടെയാണ് ടെക് ഭീമൻമാർ വരവേൽക്കുന്നത് കാരണം ബ്ലൂംബര്‍ഗിന്റെ ബില്ല്യനയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ടെസ്‌ലാ മേധാവി ഇലോണ്‍ മസ്‌ക് അടക്കമുള്ള ലോകത്തെ ഏറ്റവും വലിയ 500 ധനികര്‍ക്ക് 2023 ആഹ്ലാദിക്കാവുന്ന വര്‍ഷമായിരുന്നു. 2022ൽ ഇവര്‍ക്ക് 1.4 ട്രില്ല്യന്‍ ഡോളറാണ് നഷ്ടമായതെങ്കില്‍, 2023ൽ അവര്‍ക്ക് 1.5 ട്രില്ല്യന്‍ ഡോളര്‍ അധികമായി ലഭിച്ചു. ടെക്‌നോളജി കമ്പനികളുടെ ഓഹരികളുടെ മൂല്യം വര്‍ദ്ധിച്ചതിനാലാണ് ആസ്തിയും വർദ്ധിച്ചത്. നിര്‍മിത ബുദ്ധിയുടെ (എഐ) കാലമാണിനി എന്ന പ്രചാരണം മുറുകിയതോടെ, ടെക്‌നോളജി കോടീശ്വരരുടെആസ്തി 658 ബില്ല്യന്‍ ഡോളര്‍ വളര്‍ന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വർഷം നിർമിത ബുദ്ധിയുടെ വളർച്ച ലോകം കാത്തിരിക്കെ ശുഭപ്രതീക്ഷയിലാണ് കമ്പനി മേധാവിമാർ.

മസ്‌ക് വീണ്ടും ഒന്നാമന്‍

ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡ് എല്‍വിഎംഎച് ഉടമ ബേണഡ് ആര്‍ണോയെ മറികടന്ന് മസ്‌ക് വീണ്ടും ലോകത്തെ ഏറ്റവും വലിയ ധനികനെന്ന പട്ടം ചൂടി. ടെസ്‌ലയുടെയും സ്‌പെയ്‌സ്എക്‌സിന്റെയും ഓഹരിയുടെ ഉയര്‍ച്ചയാല്‍ അദ്ദേഹത്തിന് 95.4 ബില്ല്യന്‍ ഡോളര്‍ ലഭിച്ചു. ഇതേ ഓഹരികളുടെ തകര്‍ച്ചയാല്‍ 2022ല്‍ മസ്‌കിനു നഷ്ടമായത് 138 ബില്ല്യന്‍ ഡോളറായിരുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു. 

wealth-new-2 - 1

ആര്‍ണോയെക്കാള്‍ ഇപ്പോള്‍ 50 ബില്ല്യന്‍ ഡോളറാണ് മസ്‌കിന് വര്‍ഷാവസാനം അധികമായി ഉള്ളത്. ആമസോണ്‍ മേധാവി ജെഫ് ബേസോസും തന്റെ നില മെച്ചപ്പെടുത്തി. അദ്ദേഹത്തിന് 2023ല്‍ ലഭിച്ചത് 70 ബില്ല്യന്‍ ഡോളറാണ്. തര്‍ച്ചയിലേക്ക് എന്ന് 2022ല്‍ കരുതിയ മെറ്റാ പ്ലാറ്റ്‌ഫോം തിരിച്ചെത്തിയതോടെ കമ്പനിയുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് 80 ബില്ല്യന്‍ ഡോളര്‍ അധികമായി ലഭിച്ചു. 

മസ്കിനു ന്യൂ റിപ്പബ്ലിക്കിന്റെ ആക്ഷേപം

Image Credit: kovop/Shuttestock
Image Credit: kovop/Shuttestock

അമേരിക്കന്‍ മാസികയായ ന്യൂ റിപ്പബ്ലിക് മസ്‌കിനെ ഈ വര്‍ഷത്തെ തെമ്മാടിയായി (The Scoundrel of the Year) പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുയാണിപ്പോള്‍. ജൂത വിരോധം പ്രകടിപ്പിക്കുന്ന ഒരു പോസ്റ്റ് എക്‌സ് പ്ലാറ്റ്‌ഫോമിലിട്ടതാണ് മാസികയെ ഇത്രയധികം ചൊടിപ്പിച്ചതിന്റെ കാരണങ്ങളിലൊന്ന്. ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം മസ്‌ക് നടത്തിയ നീക്കങ്ങളും ന്യൂ റിപ്പബ്ലികിന് രോഷം പകര്‍ന്നു. ഇത്ര ചെറിയ കാലയളവില്‍ സ്വന്തം പേരുചീത്തയാക്കിയ മറ്റൊരു കോടീശ്വരന്‍ ഉണ്ടാവില്ലെന്നും ലേഖനം പറയുന്നു.

ജാക് മായെ എടുത്തെറിഞ്ഞ് ആന്റ്; ഇത് ചൈനയില്‍ മാത്രം നടക്കുന്നത്

ജാക്ക് മാ. ചിത്രം: REUTERS/Charles Platiau
ജാക്ക് മാ. ചിത്രം: REUTERS/Charles Platiau

ആലിബാബ കമ്പനിയുടെ സ്ഥാപകനും മേധാവിയുമായിരുന്ന ജാക് മായുടെ ശനിദശ തുടങ്ങിയത്, അദ്ദേഹം ആന്റ് എന്ന പേരില്‍ ഒരു സാമ്പത്തിക സ്ഥാപനം തുടങ്ങിയതോടെയാണ്. ചരിത്രത്തില്‍ മറ്റൊരു ചൈനീസ് ധനികനും ചെയ്യാത്ത രീതിയില്‍ പൊതുവേദികളില്‍ നിറഞ്ഞാടിയിരുന്ന മായെ പിന്നീട് ചൈന 'അപ്രത്യക്ഷനാകുകയായിരുന്നു'. എന്തായാലും, ആന്റ് ഗ്രൂപ്പിനെ നിയന്ത്രിക്കാന്‍ മായുടെ കൈവശമുണ്ടായിരുന്ന ഓഹരികളുടെ വില്‍പ്പന ഇപ്പോള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുകയാണെന്ന് ബ്ലൂംബര്‍ഗ്. ഇത്തരം ഒരു നീക്കം ചൈനയില്‍ മാത്രമെ നടക്കൂ എന്ന് റിപ്പോര്‍ട്ട്പറയുന്നു. 

മായുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അലിപേ എന്ന കമ്പനിയുടെ നിയന്ത്രണാവകാശമാണ് ഇപ്പോള്‍ ഇല്ലാതാക്കിയിരിക്കുന്നത്. പീപ്ള്‍സ് ബാങ്ക് ഓഫ് ചൈന ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചു. ചൈനയിലെ എക്കാലത്തെയും ഏറ്റവുംപ്രശസ്തനായ ബിസിനസുകാരന്‍ എന്ന വിവരണമാണ് മായ്ക്ക് മാധ്യമങ്ങള്‍ നല്‍കിവന്നത്. വിവാദങ്ങള്‍ നീങ്ങിയാല്‍ മായും, ആലിബാബയും ഉയര്‍ത്തെഴുന്നേല്‍ക്കുമോ എന്നറിയാന്‍ ഉറ്റുനോക്കുകയാണ് ലോകമിപ്പോള്‍.

ഇന്ത്യാ-ആപ്പിള്‍ ബന്ധത്തില്‍ ഉലച്ചില്‍?

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

രാജ്യത്തെ ചില പ്രതിപക്ഷ എംപിമാര്‍ അടക്കം കുറച്ചു പേര്‍ക്കെതിരെ 'സ്റ്റേറ്റ്-സ്‌പോണ്‍സേഡ് ആക്രമണം' നടക്കുന്നു എന്ന മുന്നറിയിപ്പ് ഐഫോണ്‍ വഴി ആപ്പിള്‍ കാണിച്ചത് വന്‍ വിവാദത്തിനു വഴിവച്ചിരുന്നല്ലോ. ഇക്കാര്യത്തില്‍ ആപ്പിളിനോടുള്ള തങ്ങളുടെ അനിഷ്ടം കൂടുതല്‍ സ്പഷ്ടമാക്കുകയാണ് ഇന്ത്യന്‍ അധികാരികള്‍ എന്ന് വാഷിങ്ടണ്‍ പോസ്റ്റ്.

 ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നത് കുറച്ച്, രാഷ്ട്രീയമായി തങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നാണ് അധികാരികള്‍ ആവശ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍പറയുന്നു. ഇങ്ങനെയുള്ള സുരക്ഷാ മുന്നറിയിപ്പുകള്‍ക്ക് മറ്റെന്തെങ്കിലും വിശദീകരണം നല്‍കാന്‍ സാധിക്കുമോ എന്നും ആപ്പിളിന്റെ സുരക്ഷാ വിദഗ്ധനോട് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആരാഞ്ഞുവത്രെ. 

'അവര്‍ വളരെ ദേഷ്യത്തിലായിരുന്നു'

ആപ്പിളിന്റെ മുന്നറിയിപ്പു ലഭിച്ച വ്യക്തികളെല്ലാം തന്നെ ഭരണകക്ഷിയുടെ എതിരാളികളായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ആപ്പിള്‍ കമ്പനിയുടെ സുരക്ഷാ വിഭാഗവുമായി ഇടപെട്ട ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വളരെ ദേഷ്യത്തിലായിരുന്നു എന്ന് തങ്ങളോട് സംസാരിച്ചവര്‍ പറഞ്ഞു എന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, ഗവണ്‍മെന്റാണ് ഹാക്കിങ് ആക്രമണത്തിനു പിന്നില്‍ എന്ന് ആപ്പിള്‍ പറഞ്ഞിട്ടില്ലെന്നും വാദമുണ്ട്. തങ്ങളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ സ്വകാര്യതയുടെ കാര്യത്തില്‍ ഇതുവരെ ഒരു വിട്ടുവീഴ്ചയും നടത്താത്ത കമ്പനിയായി ആണ് ആപ്പിള്‍അറിയപ്പെടുന്നത്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെയോ, ചൈനീസ് ഗവണ്‍മെന്റിന്റെയോ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് ആപ്പിള്‍ നിന്നുകൊടുത്തിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

മൈക്രോസോഫ്റ്റ് കോപൈലറ്റ് ഐഫോണിലും, ഐപാഡിലും

നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച എഐ ചാറ്റ്‌ബോട്ടുകളിലൊന്നായ മൈക്രോസോഫ്റ്റ് കോപൈലറ്റ് ആപ്പിളിന്റെ ഐഫോണിലും, ഐപാഡിലും ലഭ്യമാക്കി. ഈ ഫ്രീ ആപ്പ് ഇപ്പോള്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ നേരത്തെ പുറത്തിറക്കിയിരുന്നു. 

ആള്‍ട്ട്മാനും ഐവും ചേര്‍ന്ന് എന്തു മാന്ത്രികവിദ്യ പുറത്തെടുക്കും?

ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉപകരണങ്ങളുടെ രൂപകല്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയ ഡിസൈന്‍ ഇതിഹാസം ജോണി ഐവും, ഓപ്പണ്‍എഐ കമ്പനിയുടെ ദീര്‍ഘദര്‍ശിയായ മേധാവി സാം ആള്‍ട്ട്മാനും യോജിച്ച് പുതിയൊരു ഉപകരണം നിര്‍മ്മിക്കാന്‍ പ്രവര്‍ത്തിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നുവല്ലോ. അത് യാഥാര്‍ത്ഥ്യമാകുന്നു. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലൊരു ഉപകരണത്തിന്റെ നിര്‍മ്മാണത്തില്‍ കലാശിച്ചേക്കാമെന്നാണ് ടെക്‌നോളജി പ്രേമികള്‍ കരുതുന്നത്. ഇരുവര്‍ക്കുമൊപ്പം ആപ്പിളിന്റെ എക്‌സിക്യൂട്ടിവ്ആയ ടാങ് ടാനും (Tang Tan) ചേര്‍ന്നേക്കുമെന്നാണ് പുതിയ സൂചനകള്‍. 

എഐ ഉപകരണങ്ങളുടെ നിര്‍മാണമായിരിക്കും മൂവരുടെയും മനസിലത്രെ. ഇപ്പോള്‍ ഈ നീക്കം അതിന്റെ തുടക്ക ഘട്ടത്തില്‍ മാത്രമാണ്. എന്നാല്‍, ടെക്‌നോളജി വ്യവസായത്തിലെ ഏറ്റവും സമര്‍ത്ഥരുടെ പിന്തുണ ഇതിന് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആള്‍ട്ട്മാന്‍-ഐവ് ചര്‍ച്ചകളെക്കുറിച്ചുള്ള വിവരം ആദ്യമായി പുറത്തുവിട്ടത് ദി ഇന്‍ഫര്‍മേഷനാണ്. ടാന്‍ കമ്പനി വിടുന്നത് ആപ്പിളിന് തിരിച്ചടിയാണെന്നും പറയപ്പെടുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com