ADVERTISEMENT

യുഎസിൽ പഠിച്ചുകൊണ്ടിരുന്ന ചൈനീസ് വിദ്യാർഥിയെ കാണാതായത് ഒരാഴ്ച മുൻപാണ്. ഒടുവിൽ യൂട്ടായിൽ കൊടുംതണുപ്പത്ത് ഒരു ടെന്റിൽ താമസിക്കുന്ന നിലയിൽ ഴുവാങ്ങിനെ കണ്ടെത്തി. അതിയായി പേടിച്ചിരുന്ന നിലയിലായിരുന്നു ഴുവാങ് അപ്പോൾ.എന്താണു സംഭവിച്ചതെന്നുള്ള അന്വേഷണം വളരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിലേക്കാണ് അന്വേഷണ ഉദ്യോഗസ്ഥരെ നയിച്ചത്. ഴുവാങ് 'വെർച്വൽ' കിഡ്‌നാപ് ചെയ്യപ്പെട്ടതാണ്. ആരും തട്ടിക്കൊണ്ടുപോയതല്ല. 

ഓൺലൈനിലൂടെയാണ് ഈ യുവാവിനെ കിഡ്‌നാപ് ചെയ്തവർ പ്രവർത്തിച്ചത്. സൈബർ വിവരങ്ങളോ മറ്റു സ്വകാര്യ വിവരങ്ങളോ ചോർത്തിയശേഷമാണ് ഈ തട്ടിപ്പ് അരങ്ങേറുക. അല്ലെങ്കിൽ എംബസിയിൽ നിന്നാണെന്ന വ്യാജേന വിളിച്ചു ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടെന്ന വിവരമുണ്ടെന്നും രക്ഷപ്പെടാനായി ധാരാളം പണം ആവശ്യമാണെന്നും അറിയിക്കും. അവരുടെ നിർദേശം അനുസരിച്ച് യൂട്ടായിലേക്ക് ഒളിച്ചോടി പോകുകയായിരുന്നു ഴുവാങ്. 

ടെന്റിലിരിക്കുന്ന തരത്തിലുള്ള ചിത്രവും ഴുവാങ്ങിനെക്കൊണ്ട് എടുപ്പിച്ച് കിഡ്‌നാപ്പർമാർ വാങ്ങി. ആ ചിത്രം ഉപയോഗിച്ച് അരക്കോടിയിലധികം രൂപ മോചനദ്രവ്യമായി ചൈനയിലുള്ള ഴുവാങ്ങിന്‌റെ മാതാപിതാക്കളിൽ നിന്നും കിഡ്‌നാപ്പർമാർ വാങ്ങുകയും ചെയ്തു.യുഎസിൽ അടുത്തിടെയായി കുപ്രസിദ്ധമായിക്കൊണ്ടിരിക്കുന്ന ഒരു സൈബർ കുറ്റകൃത്യത്തിന്‌റെ ഇരയായതാണ് ഴുവാങ്ങ്. 

സൈബർ കിഡ്‌നാപ്പിങ് എന്ന കുറ്റകൃത്യം

Image Credit: JARIRIYAWAT/ shutterstock.com
Image Credit: JARIRIYAWAT/ shutterstock.com

സൈബർ കിഡ്‌നാപ്പിങ്ങിൽ പല രീതിയിലുള്ള കുറ്റകൃത്യങ്ങളുണ്ട്. ഴുവാങ്ങിന്‌റെ കാര്യത്തിൽ ബ്ലാക്‌മെയിലിങ്ങിലൂടെ യുവാവിനെ യൂട്ടായിലേക്കു പോകാൻ നിർബന്ധിക്കുകയായിരുന്നു ക്രിമിനൽ സംഘം. മറ്റു ചില കുറ്റകൃത്യങ്ങളിൽ കംപ്യൂട്ടറുകളിലും സെർവറുകളിലുമൊക്കെ കടന്നുകയറി സ്വകാര്യവിവരങ്ങളും മറ്റും ചോർത്തിയെടുത്തശേഷം ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടും.ഇരകളുടെ സംസാരവും വിഡിയോകളുമൊക്കെ കൃത്രിമമായി തയാർ ചെയ്തശേഷം അതു കുടുംബാംഗങ്ങൾക്കും പരിചയക്കാർക്കുമൊക്കെ അയച്ചുകൊടുത്ത് പണം തട്ടുന്ന പരിപാടിയുമുണ്ട്. 

വിദേശരാജ്യങ്ങളിലേക്കു പഠനത്തിനെത്തുന്ന ചൈനീസ് വിദ്യാർഥികളാണ് ഈ തട്ടിപ്പിനു കൂടുതലും ഇരയാവുന്നതെന്ന് അധികൃതർ പറയുന്നു. യുഎസിലെ ചൈനീസ് എംബസി തങ്ങളുടെ വിദ്യാർഥികൾക്ക് ഇതുസംബന്ധിച്ച ജാഗ്രതാനിർദേശവും കൊടുത്തിട്ടുണ്ട്. എന്നാൽ ഇതിനൊരു മറുവശവുമുണ്ട്.രക്ഷിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം പിടുങ്ങാനായി ചൈനീസ് വിദ്യാർഥികൾ ഇത്തരം തട്ടിക്കൊണ്ടുപോകൽ അഭിനയിച്ച സംഭവങ്ങളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com