ADVERTISEMENT

ചാറ്റ് ജിപിടി പോലെയുള്ള നമ്മൾ കൊടുക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ചിത്രങ്ങളും മറ്റും തയാറാക്കുന്ന പ്ലാറ്റ്‌ഫോമുകളുമടങ്ങിയ ജനറേറ്റീവ് എഐ സംവിധാനം കഴിഞ്ഞ വർഷം ലോകമെങ്ങും തരംഗം സൃഷ്ടിച്ചു. ഐടി രംഗത്ത് കഴിഞ്ഞവർഷം സംഭവിച്ച ഏറ്റവും വലിയ വിപ്ലവം ജനറേറ്റീവ് എഐയുമായി ബന്ധപ്പെട്ടാണെന്ന് നിസ്സംശയം പറയാം.എന്നാൽ മനുഷ്യസമൂഹത്തെ തന്നെ കുരുക്കിലാക്കുന്ന നിലയിലേക്ക് വരും വർഷങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്‌റലിജൻസ് വളരുമോ. കടുത്ത ആശങ്കയിലാണ് ലോകം. ക്യു സ്റ്റാർ എന്നറിയപ്പെടുന്ന ഓപ്പൺ എഐ സംവിധാനം ഒരുപക്ഷേ ആർട്ടിഫിഷ്യൽ ജനറൽ ഇന്‌റലിജൻസ് എന്ന നിലയിലേക്കു കാര്യങ്ങൾ കൊണ്ടെത്തിക്കുമെന്ന അഭ്യൂഹങ്ങൾ വലുതാണ്.

ചാറ്റ്ജിപിടിയുടെ ഉപജ്ഞാതാക്കളാണ് ഓപ്പൺ എഐ. ക്യു സ്റ്റാറിനെപ്പറ്റിയുള്ള വിവരങ്ങൾ നിലവിൽ പരിമിതമാണ്. ആർട്ടിഫിഷ്യൽ ജനറൽ ഇന്‌റലിജൻസ് അഥവാ എജിഐ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉയർന്നതലമായി കരുതപ്പെടുന്നു. സിംഗുലാരിറ്റി എന്ന ഘട്ടം അപ്പോഴേക്കും എഐ പിന്നിടും. ഇപ്പോൾ നാം കാണുന്ന എഐ സംവിധാനങ്ങൾ പലരംഗങ്ങളിലും മികച്ചവയാണെങ്കിലും മനുഷ്യ ബുദ്ധിയുമായി താരതമ്യപ്പെടുത്താനൊക്കില്ല. എന്നാൽ സിംഗുലാരിറ്റി പിന്നിടുന്നതോടെ മനുഷ്യബുദ്ധിയെ എഐ മറികടക്കുമെന്നു സാരം. 

robot-queen - 1
AI Image with Canva

എന്നാൽ എജിഐ, സിംഗുലാരിറ്റി തുടങ്ങിയ സങ്കൽപങ്ങൾ കൂടുതലും ഭാവനകളുമായി ബന്ധപ്പെട്ടതാണ്. ഇതൊരിക്കലും സാധ്യമാകുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നില്ല. എന്നാൽ അങ്ങനെയൊരു സാധ്യത ഇല്ലാതെയാകുന്നുമില്ല. കുറച്ചുനാൾ മുൻപ് ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു രാജിവയ്ക്കൽ നടന്നു. ഗൂഗിൾ കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾക്കു ചുക്കാൻ പിടിച്ച ജെഫ്രി ഹിന്റൻ എന്ന പ്രതിഭാധനനനായ സാങ്കേതിക വിദഗ്ധൻ ഗൂഗിളിൽ നിന്നു രാജി വച്ചു. ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് എന്ന സ്വപ്‌നതുല്യമായ തസ്തികയാണ് അദ്ദേഹം വലിച്ചെറിഞ്ഞത്. ആർട്ടിഫിഷ്യൽ സംവിധാനങ്ങൾ ഭാവിയിൽ മനുഷ്യർക്ക് ഹാനികരമാകുമെന്ന ഭയമാണ് രാജിക്കുള്ള കാരണമായി ഹിന്റൻ ചൂണ്ടിക്കാട്ടിയത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് പുതിയ സാങ്കേതികവിദ്യകളുമൊക്കെ ദിനംതോറും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. സാങ്കേതികവിദ്യകളിലെ കുതിച്ചുചാട്ടം കഴിഞ്ഞ 3 പതിറ്റാണ്ടിനിടയിൽ വളരെ വേഗത്തിലാണ്. ഓരോ സാങ്കേതികവിദ്യയും നമ്മുടെ ജീവിതം കൂടുതൽ എളുപ്പമുള്ളതാക്കി. എന്നാൽ സാങ്കേതികവിദ്യയുടെ ഈ പെട്ടെന്നുള്ള വളർച്ചയെ പേടിക്കുന്നവരുമുണ്ട്.  എഐയോടുള്ള അകാരണമായ ഭയമാണ് എഐ ഫോബിയ എന്നു അനൗദ്യോഗികമായി വിവിധ സർക്കിളുകളിൽ വിളിക്കപ്പെടുന്നത്. നേരത്തെ പറഞ്ഞ ടെക്‌നോഫോബിയയിൽ ഉൾപ്പെടുന്നതാണ് ഇതും.

നിർമിതബുദ്ധിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു ഘട്ടത്തിൽ മനുഷ്യബുദ്ധിയേക്കാൾ വികസിച്ച് മനുഷ്യരുടെ നിയന്ത്രണത്തിൽ നിന്നും അകന്നുമാറി ഭൂമിയിലെ ഒരു കരുത്തുറ്റ ശക്തിയായി മാറുമെന്നും അതു മനുഷ്യർക്കു മേൽ അധീശത്വം സ്ഥാപിക്കുമെന്നുമുള്ള ഒരു വാദമുണ്ട്. എഐയെ പേടിക്കുന്നവരിൽ നല്ലൊരു ശതമാനത്തിനും ഈ കാര്യമാണ് ഭയത്തിനു കാരണമാകുന്നത്.  ക്യു സ്റ്റാർ സാങ്കേതികവിദ്യയ്ക്ക് അല്ലറ ചില്ലറ ഗണിത സമസ്യകളൊക്കെ നന്നായി ചെയ്യാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ പറയുന്ന രീതിയിൽ അതു വികസിക്കുമെന്നും അധീശത്വം നേടുമെന്നുമൊക്കെ പറയുന്നത് സാധ്യമായ കാര്യമാണോ, അതോ എഐ ഫോബിയയാൽ തോന്നുന്നതോ. ചർച്ചകൾ സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com