ADVERTISEMENT

യൂട്യൂബില്‍ ഇവിഎം (ഇലക്ട്രോണിക് വേട്ടിങ് മെഷീന്‍) എന്ന് സേര്‍ച്ച് ചെയ്താല്‍ പേജിന്റെ മുകളില്‍ ഒരു സന്ദേശം കാണാം. ഇലക്ട്രോണിക് വോട്ടിങ് ഇന്‍ ഇന്ത്യ എന്നെഴുതിയിരിക്കുന്നിടത്തു ക്ലിക്കു ചെയ്താല്‍ ഇലക്ഷന്‍ കമ്മിഷന്റെ (ഇസി) വെബ്‌സൈറ്റിലേക്കും പോകും. ഇന്ത്യയിലെ യൂട്യൂബിന്റെ ചരിത്രത്തിലാദ്യമായി ആയിരിക്കും ഇത്തരമൊരു മാറ്റം. ഇതിനെ 'കോണ്ടെക്‌സ്റ്റ്' പാനല്‍ എന്നാണ് യുട്യൂബ് വിശദീകരിക്കുന്നത്. മെറ്റാ, എക്‌സ് പ്ലാറ്റ്‌ഫോമുകളോടും ഇവിഎമ്മുകളുമായി വരുന്ന വാര്‍ത്തകള്‍ക്കും വിഡിയോകള്‍ക്കും ഡിസ്‌ക്ലെയ്മര്‍ (ബാധ്യതാ നിരാകരണം) എഴുതിയിടാന്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് ഇസി എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഇവിഎമ്മിനെയും വിവിപാറ്റിനെയും സംശയമുനയില്‍ നിറുത്തുന്ന വിഡിയോകള്‍
പൊതു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യൂട്യൂബ് വഴി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുത്തേക്കാം എന്ന കാരണത്താലാണ് ഡിസ്‌ക്ലെയ്മര്‍ പാനല്‍ വച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇത്തരം പാനല്‍ ആദ്യമായിരിക്കാം എന്നാണ് കരുതുന്നതെങ്കിലും, യൂട്യൂബിന് ഇത് പുതിയതല്ല. ഉദാഹരണത്തിന്, ചന്ദ്രനില്‍ മനുഷ്യര്‍ ഇറങ്ങിയോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിഡിയോകള്‍ക്കായി സേര്‍ച്ച് ചെയ്യുമ്പോള്‍ ഇത്തരം ഡിസ്‌ക്ലെയ്മര്‍ പല രാജ്യങ്ങളിലും പ്രത്യക്ഷമായിരുന്നു.

ഇവിഎമ്മുകളുടെ കാര്യക്ഷമതയെ ചോദ്യംചെയ്യുന്നതടക്കം ഏകദേശം എഴുപതോളം വിഡിയോകള്‍ വന്നപ്പോള്‍ ഇസി തങ്ങളുടെ അനിഷ്ടം അറിയിച്ചതിന്റെ ഫലമായാണ് പുതിയ പാനല്‍ വന്നതെന്ന് ദേശീയ മാധ്യമങ്ങള്‍. ഇവിഎമ്മുകളില്‍ എങ്ങനെ കൃത്രിമപ്പണി നടത്താം തുടങ്ങിയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഡിയോകളും യൂട്യൂബില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതും ഇസിയുടെ ഇസിയുടെ ഇടപെടലിലേക്ക് നയിച്ചിരിക്കാം. ഇവിഎം, വിവിപാറ്റ് സിസ്റ്റത്തെ സംശയത്തിന്റെ നിഴലില്‍ നിറുത്തുന്ന വിഡിയോകളും യൂട്യൂബില്‍ വന്നിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് യൂട്യൂബ്അധികൃതര്‍ മറുപടി പറയാന്‍ വിസമ്മതിച്ചു. 

അമേരിക്കയില്‍ നിന്നുള്ള വിഡിയോയ്ക്കും പാനല്‍

Representative image. Photo By: Georgijevic/Istoke
Representative image. Photo By: Georgijevic/Istoke

അമേരിക്കയിലെ ഡിട്രോയിറ്റിലെ ഒരു പ്രാദേശിക ടിവി ചാനല്‍ വോട്ടിങ് മെഷീനെക്കുറിച്ച് 2022ല്‍ പുറത്തുവിട്ട വിഡിയോ തുറന്നാലും പാനല്‍ കാണാം. വോട്ടിങ് മെഷീനുകളുടെ ഭേദ്യതയെക്കുറിച്ചുള്ള ഈ വിഡിയോയ്ക്ക് ഇന്ത്യയിലെ ഇവിഎമ്മുകളുമായി ബന്ധമില്ലെങ്കിലുംഅതിലും പാനല്‍ ഉണ്ട്. വോട്ടിങ് മെഷീന്‍ ഉപയോഗിച്ചു തട്ടിപ്പുനടത്താം എന്ന അവകാശവാദം ഉള്ളതിനാലാണ് അതിനും പാനല്‍ നല്‍കാന്‍ ആവശ്യപ്പെട്ടതെന്ന് ഇസി പറയുന്നു. ഇന്ത്യയില്‍ നിന്ന് യൂട്യൂബില്‍ കയറുന്നവര്‍ക്കുമാത്രമെ ഡിസ്‌ക്ലെയ്മറുകള്‍ കാണാനാകൂ. 

രാമക്ഷേത്രം സമര്‍പ്പിക്കല്‍ ചടങ്ങിന് സുരക്ഷ ഉറപ്പാക്കാന്‍ എഐ ക്യാമറകള്‍

അയോധ്യയിലെ രാമക്ഷേത്രം സമര്‍പ്പിക്കല്‍ ചടങ്ങിന് പഴുതടച്ചുള്ള സുരക്ഷ ഉറപ്പാക്കാന്‍ എഐ ഉള്ള സിസിടിവി ക്യമറകളും വിന്യസിക്കുകയാണ് പൊലിസ് എന്ന് എഎന്‍ഐ. പ്രധാനമന്ത്രി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങ് ജനുവരി 22നായിരിക്കും നടക്കുക. ജില്ലമുഴുവന്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചു എന്ന് ലക്‌നൗ സോണിലെ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ പിയുഷ് മൊര്‍ഡിയ പറഞ്ഞു. ചടങ്ങുകള്‍ക്കെത്തുന്നവര്‍ക്ക് അസൗകര്യം ഉണ്ടാക്കാത്ത രീതിയിലായിരിക്കും സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക.  

ഓപ്പണ്‍എഐ ബോര്‍ഡ് നിരീക്ഷണത്തിന് പുതിയ ആള്‍

Representative image. Photo Credit : Khaosai Wongnatthakan/iStock
Representative image. Photo Credit : Khaosai Wongnatthakan/iStock

എഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ, അതിന്റെ മേധാവി സാം ഓള്‍ട്ട്മാനെ പുറത്താക്കി കുപ്രസിദ്ധി നേടിയിരുന്നല്ലോ. ഓള്‍ട്ട്മാനെ തിരിച്ച് കമ്പനിയിലെത്തിക്കാന്‍ മുന്നില്‍നിന്ന മൈക്രോസോഫ്റ്റ് ആണ് ഓപ്പണ്‍എഐയിലെ ഏറ്റവും വലിയ നിക്ഷേപകര്‍. ഓള്‍ട്ട്മാനു സംഭവിച്ചതു പോലെയുള്ള കാര്യങ്ങള്‍ ഇനി കമ്പനിയില്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങളുടെ പ്രതിനിധിയെ ഓപ്പണ്‍എഐയുടെ ബോര്‍ഡില്‍ കൊണ്ടുവന്നിരിക്കുകയാണ് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് എക്സിക്യൂട്ടിവ് ഡീ ടെംപ്ള്‍ടണ്‍ ആണ് ബോര്‍ഡില്‍ എത്തുക. അദ്ദേഹത്തിന് വോട്ടിങ് അവകാശം ഉണ്ടായിരിക്കില്ല. മൈക്രോസോഫ്റ്റില്‍ 25 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച ടെംപ്ള്‍ടണ്‍ കമ്പനിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. 

ഗൂഗിള്‍ സേര്‍ച്ച് ഡേറ്റ ഉപയോഗിച്ചുള്ള കുറ്റാന്വേഷണത്തിനെതിരെ ആക്ടിവിസ്റ്റുകള്‍

കുറ്റാന്വേഷണത്തിനായി വിവിധ രാജ്യങ്ങളിലെ പൊലിസ് അധികൃതര്‍ ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്ന ഒരു കാര്യം ഗൂഗിള്‍ സേര്‍ച്ച് ഡേറ്റയാണ്. ഇതിന് ഒരു ഉദാഹരണം 2016ല്‍ പെന്‍സില്‍വേനിയയില്‍ ബലാത്സംഗത്തിനിരയായ സ്ത്രീയുടെ കേസാണ്. ഗൂഗിളിന്റെ ഉടമയായആല്‍ഫബെറ്റിന് ഒരു സേര്‍ച്ച് വാറന്റ് നല്‍കുകയായിരുന്നു കേസ് അന്വേഷകര്‍. ആരൊക്കെയാണ് ഗൂഗിളില്‍ ഇരയുടെ പേര് കുറ്റകൃത്യം നടന്ന  വാരം സേര്‍ച്ച് ചെയ്തത് എന്നു കണ്ടെത്തണം എന്നായിരുന്നു ആവശ്യം. 

ഗൂഗിള്‍ ഒരു ഐപി അഡ്രസ് കണ്ടെത്തി നല്‍കുകയും ചെയ്തു. അത് പ്രയോജനപ്പെടുത്തിയുള്ള അന്വേഷണത്തില്‍ ഒരാളെ അറസ്റ്റു ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു എന്ന് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇങ്ങനെ ഗൂഗിള്‍ സേര്‍ച്ച്ഹിസ്റ്ററി പ്രയോജനപ്പെടുത്തിയുള്ള അന്വേഷണത്തില്‍ ഒട്ടനവധി നിഷ്‌കളങ്കര്‍ നടത്തിയ സേര്‍ച്ചുകളെക്കുറിച്ചുള്ള വിവരങ്ങളും കടന്നുവരാമെന്നും, ഇത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിരിക്കുമെന്നും ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു. 

ഗ്യാലക്‌സി എസ്24 സീരിസിനൊപ്പം പുതിയ ചാര്‍ജര്‍ ഇറക്കിയേക്കാം

Image Credit: JARIRIYAWAT/ shutterstock.com
Image Credit: JARIRIYAWAT/ shutterstock.com

ഇനി ഐഫോണ്‍ 15 സീരിസിന്റെ കരുത്തുറ്റ എതിരാളി ആയേക്കാം എന്നു കരുതുന്ന സാംസങ് ഗ്യാലക്‌സി എസ്24ന്റെ അവതരണ നാളിനുളള കാത്തിരിപ്പ്. ഏറ്റവും കരുത്തുറ്റ ആന്‍ഡ്രോയിഡ് ഫോണ്‍ സീരിസുകളില്‍ ഒന്നാണ് ആയിരിക്കും ഗ്യാലക്‌സി എസ്24. ജനുവരി 17ന് പരിചയപ്പെടുത്തിയേക്കുമെന്നുകരുതുന്ന ഇതിനൊപ്പം രണ്ടു പുതിയ ചാര്‍ജറുകളും പുറത്തിറക്കിയേക്കാമെന്നാണ് റോളണ്ട് ക്വാണ്‍ഡ്റ്റ് എന്ന യൂസര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇട്ട പോസ്റ്റില്‍ അവകാശപ്പെട്ടിരിക്കുന്നത്. 

ഇതില്‍ പ്രധാനപ്പെട്ടത് സാംസങ് ചാര്‍ജര്‍ ഡൂവോ 50w ആയിരിക്കും. അതിന് ഇരട്ട യുഎസ്ബി-സി പോര്‍ട്ടുകള്‍ ഉണ്ടായേക്കാം. മറ്റൊരെണ്ണം ഇപ്പോള്‍ സാംസങ് വില്‍ക്കുന്ന 45w ചാര്‍ജറിന്റെ പുതുക്കിയ വേര്‍ഷന്‍ ആയിരിക്കാമത്രെ. ഇരു ചാര്‍ജറുകളും ഫോണിനൊപ്പംലഭിക്കില്ല. വേണ്ടവര്‍ വേറെ പണം നല്‍കി വാങ്ങേണ്ടിവരും.

അതേസമയം, എസ്24 സീരിസിലെ തുടക്ക വേരിയന്റിന് 24w ഫാസ്റ്റ് ചാര്‍ജിങ് ശേഷി മാത്രമെ കാണൂ എന്നും അവകാശവാദമുണ്ട്. എന്നാല്‍ ഒപ്പം ഇറക്കിയേക്കും എന്നു കരുതുന്ന, എസ്24 പ്ലസ്, അള്‍ട്രാ മോഡലുകള്‍ക്ക് അതിവേഗ ചാര്‍ജിങ്സപ്പോര്‍ട്ട് കണ്ടേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com