ഐഫോണുകളുടെ 'അടപ്പിളക്കി' ഐഓഎസ് 17.3 ബീറ്റ; മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു
Mail This Article
ഐഫോണുകള്‍ക്കുളള ഐഓഎസ് 17.3 ബീറ്റാ 2 സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഇറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു ആപ്പിൾ. ബീറ്റാ ടെസ്റ്റ് ചെയ്യുന്ന ചിലരുടെ ഫോണുകളെ ഈ വേര്‍ഷന്‍ പ്രവര്‍ത്തനരഹിതമാക്കി എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ അപ്‌ഡേറ്റ് പിന്‍വലിച്ചതെന്നാണ് റിപ്പോർട്ടുകൾ. പുതിയ അപ്‌ഡേറ്റ് പരീക്ഷിക്കാനായി ഇന്‍സ്റ്റാള്‍ ചെയ്ത ചില ഡവലപ്പര്‍മാരുടെ ഫോണുകള്‍ 'ബൂട്ട് ലൂപ്‌സില്‍' പെട്ടു. കോഡിലുള്ള പിഴവുമൂലമാണത്രെ ഇതു സംഭവിച്ചത്.
ബീറ്റാ സോഫ്റ്റ്‌വെയര്‍ എല്ലാവര്‍ക്കും ഉള്ളതല്ല
അപ്‌ഡേറ്റ് ഇന്‍സ്റ്റോള്‍ ചെയ്തു പ്രശ്‌നത്തിലായ ഫോണുകള്‍ പഴയ സോഫ്റ്റ്‌വെയറിലേക്ക് തിരിച്ചുകൊണ്ടുപോയി പ്രവര്‍ത്തിപ്പിക്കാനായെന്നും പറയുന്നു. ബീറ്റാ സോഫ്റ്റ്‌വെയര്‍ അതിന്റെ ഉദ്ദേശമറിയാത്തവര്‍ ഇന്‍സ്റ്റോള്‍ ചെയ്യരുതെന്നു പറയുന്നതും ഇതിനാലാണ്. കൂടാതെ, ബീറ്റാ ടെസ്റ്റിങ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അത് തങ്ങള്‍ക്ക് രണ്ടാമത് ഒരു ഫോണ്‍ ഉണ്ടെങ്കില്‍ അതില്‍ മാത്രം നടത്തുന്നതായിരിക്കും ഉചിതം എന്ന വാദവും ശരിവയ്ക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
ഐഓഎസ് 17.3 ബീറ്റാ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ഫോണ്‍ 12,13, 14,15 സീരിസുകള്‍ക്കെല്ലാം ഈ പ്രശ്‌നം നേരിട്ടു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് ഐഓഎസ് അപ്‌ഡേറ്റ് ബില്‍ഡില്‍ (21D5036c) മാത്രമാണ് കണ്ടെത്തിയതെങ്കിലും, ഐപാഡ് ഓഎസ് ഡവലപ്പര്‍ ബീറ്റായും ആപ്പിള്‍ പിന്‍വലിച്ചു.
ആപ്പിള്‍ വിഷന്‍ പ്രോ താമസിയാതെ വാങ്ങാനായേക്കും
ആപ്പിളിന്റെ ആദ്യ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോ ഫെബ്രുവരിയില്‍ വില്‍പ്പനയ്‌ക്കെത്തിയേക്കുമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍. കഴിഞ്ഞ വര്‍ഷം ഇത് പരിചയപ്പെടുത്തിയിരുന്നു എങ്കിലും വില്‍പ്പന 2024ല്‍ തുടങ്ങുമെന്നാണ്അറിയിച്ചിരുന്നത്. വിഷന്‍ പ്രോയെക്കുറിച്ചുള്ള ഒരു സുപ്രധാന പ്രഖ്യാപനം ഈ ആഴ്ച ആപ്പിള്‍ നടത്തുമത്രെ.
തെര്‍മോമീറ്ററും, ഇസിജിയും, സ്‌റ്റെതസ്‌കോപ്പും ഒരുമിപ്പിച്ച് വിതിങ്‌സ് ബീംഓ
ബീംഓ (Withings BeamO) എന്ന പേരില്‍ തെര്‍മ്മോമീറ്റര്‍, ഇസിജി, സ്‌റ്റെതസ്‌കോപ് എന്നിവയുടെ ശേഷികള്‍ ഒരുമിപ്പിച്ച ഉപകരണം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് വിതിങ്‌സ് കമ്പനി. ശരീരത്തില്‍ സ്പര്‍ശിക്കാതെ ശരീരോഷ്മാവ് അറിയാനുള്ള ശേഷി ഇതിനുണ്ട്. മള്‍ട്ടിസ്‌കോപ് എന്ന വിവരണവും ഉള്ള ഈ ഉപകരണത്തിന് 250 ഡോളറായിരിക്കും വില. ബീംഓ നെഞ്ചില്‍ വച്ചാല്‍ ഹൃദയമിടിപ്പ് ശ്രവിക്കാം. ഇതിനെ അടിസ്ഥാനമാക്കി ഒരു റിപ്പോർട്ട് ഫയല്‍ ഡോക്ടര്‍ക്ക് അയച്ചുകൊടുക്കാനും സാധിക്കും.
ആമസോണ്‍ പ്രൈം ഗെയിമിങ്; ചില ഗെയിമുകള്‍ ഈ മാസം ഫ്രീയായി കളിക്കാം
തങ്ങളുടെ പ്രൈം ഗെയിമിങ് സബ്‌സ്‌ക്രൈബര്‍മാര്‍ക്കായി നാലു പുതിയ ഗെയിമുകളാണ് ആമസോണ്‍ 2024ല്‍ പുറത്തിറക്കുന്നത്. ഈ നാലു കളികളും അധിക പണം നല്‍കാതെ കളിക്കാം. ഗെയിമുകളുടെ പേരും, അവ പുറത്തിറക്കുന്ന ദിവസവും ഇതാ-എന്‍ഡ്‌ലിങ്: എക്സ്റ്റിങ്ഷന് ഈസ് ഫോര്‍എവര്‍ (ജനുവരി 4), ആപികോ (ജനുവരി 11), അറ്റാരി മേനിയ (ജനുവരി 18), യാര്‍സ്: റീചാര്‍ജ്ഡ് (ജനുവരി 25) എന്നീ ഗെയിമുകളാണ് പ്രൈം ഗെയിമിങ് സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നവര്‍ക്ക് ഫ്രീയായി കളിക്കാന്‍ സാധിക്കുന്നത്.
ഗ്യാലക്‌സി എസ്24 അള്‍ട്രാ ക്യാമറയ്ക്ക് എഐ സൂം?
ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട്ട്‌ഫോണുകളിലൊന്നായിരിക്കും എന്നു കരുതുന്ന സാംസങ് ഗ്യാലക്‌സി എസ്24 അള്‍ട്രാ ജനുവരി 17ന് പുറത്തിറക്കിയേക്കും. ഒട്ടനവധി എഐ ഫീച്ചറുകള്‍ ആയിരിക്കും ഈ ഫോണിനെ വേറിട്ട അനുഭവമാക്കുക. കഴിഞ്ഞ വര്‍ഷം ഇറക്കിയ ഗൂഗിൾ പിക്‌സല്‍ 8 സീരിസില്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയ പല എഐ വിഭവങ്ങളും ഒരുക്കിയിരുന്നു. അത്തരം ഫീച്ചറുകളും, അതിനപ്പുറവും ഗ്യാലക്‌സി എസ്24 അള്‍ട്രായില്‍ കണ്ടേക്കുമെന്നാണ് പ്രതീക്ഷ.
എന്താണ് എഐ സൂം?
അകലെയുള്ള ഒരു വസ്തുവിന്റെ ഫോട്ടോ എടുക്കുമ്പോള്‍, അതിന്റെ രൂപം എഐ ഉപയോഗിച്ച് പുന:സൃഷ്ടിക്കാനുളള ശ്രമത്തിനായിരിക്കാം എഐ സൂം എന്ന വിവരണം നല്‍കിയിരിക്കുന്നത് എന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. ഇതിന് ഫോണിന്റെ ഹാര്‍ഡ് വെയര്‍ കരുത്തും, സോഫ്റ്റ്‌വെയറും, എഐയും സമ്മേളിപ്പിക്കുകയാണ് സാംസങ് ചെയ്യുന്നതെന്നാണ് കരുതുന്നത്. ഫോണ്‍ ക്യാമറയ്ക്ക് മികച്ച ടെലി സൂം നല്‍കുന്ന കാര്യത്തില്‍ സാംസങ് മിക്കപ്പോഴും മുന്നില്‍ തന്നെയാണ് എന്ന കാര്യം പരിഗണിച്ചാല്‍ തന്നെ ഈ സൂചനകള്‍ ശരിയായിരിക്കാം എന്നു കരുതാം.
ഒപ്പോ റെനോ 11 സീരിസ് ജനുവരി 11ന് അവതരിപ്പിച്ചേക്കും
ഒപ്പോ റെനോ 11 സീരിസ് ജനുവരി 11ന് അവതരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫോണിന് 6.67-ഇഞ്ച് വലിപ്പമുളള, 120ഹെട്‌സ് റിഫ്രെഷ് റേറ്റ് ഉള്ള അമോലെഡ് ഡിസ്‌പ്ലെ പ്രതീക്ഷിക്കുന്നു. റെനോ 11ന്റെ വില 28,000 ആയിരിക്കാമെന്നും, റെനോ 11 പ്രോയ്ക്ക് 35,000 രൂപ നല്‍കേണ്ടി വന്നേക്കുമെന്നും കരുതപ്പെടുന്നു. മീഡിയടെക് ഡിമെന്‍സിറ്റി 7050 പ്രൊസസര്‍ റെനോ 11നും, ഡിമെന്‍സിറ്റി 8200 പ്രൊസസര്‍ റെനോ 11 പ്രോയ്ക്കും പ്രതീക്ഷിക്കുന്നു. ഇരു ഫോണുകളും ആന്‍ഡ്രോയിഡ് 14 കേന്ദ്രമായ ഓഎസില്‍ പ്രവര്‍ത്തിക്കും.