ADVERTISEMENT

ലോകത്തെ ആദ്യത്തെ 4കെ വയര്‍ലെസ്, ട്രാന്‍സ്പെരന്റ് , ഓലെഡ് ടിവി പരിചയപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ എല്‍ജി. സിഗ്നേചര്‍ ഓലെഡ് ടിവി എന്നാണ് ഈ അത്യാധുനിക ടെലിവിഷന്റെ പേര്. ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ 2024ല്‍ ആണ് വയർലെസായ 77ഇഞ്ച് വലുപ്പമുള്ള ടിവി കമ്പനി പ്രദര്‍ശിപ്പിച്ചത്.

ടിവിയില്‍ പ്രോഗ്രാമുകളൊന്നും കാണുന്നില്ലെങ്കില്‍ സിഗ്നേചര്‍ ഓലെഡ്-ടിവി ട്രാന്‍സ്പെരന്റ് ഗ്ലാസ് പോലെ തോന്നിപ്പിക്കും. ടിവിക്ക് ഒപ്പം ലഭിക്കുന്ന സീറോ കണക്ട് ബോക്‌സാണ് സ്‌ക്രീനിനെ വയർലെസ് ആയി നില്‍ക്കാന്‍ അനുവദിക്കുന്നത്. ഇത് വിദൂരമായി ദൃശ്യങ്ങളും ഓഡിയോയും ടിവിയിലേക്കു എത്തിക്കും. പുതിയ ടിവി വയര്‍ലെസ് ആണ് എന്ന അവകാശവാദം ഏറക്കുറെ ശരിയാണെങ്കിലും, അതിനു വൈദ്യുതി എത്തിക്കാനുള്ള കോഡ് വയർ ഉണ്ട്. അതേസമയം എച്ഡിഎംഐ കോഡ് തുടങ്ങിയവയൊന്നും കണക്ട് ചെയ്യാന്‍ ആവശ്യമില്ല എന്നതു തന്നെ നല്ലൊരു കാര്യമാണ്. ടിവിയില്‍ പ്രോഗ്രാമുകള്‍ കാണുന്ന സമയത്ത് അതിന്റെ ട്രാന്‍സ്പെരന്‍സി നിലനിര്‍ത്തുകയോ, വേണ്ടെന്നുവയ്ക്കുകയോ ചെയ്യാം.

ട്രാന്‍സ്പെരന്റ്
ആല്‍ഫാ 11 പ്രൊസസറാണ് ടിവിക്ക്. ഇതിലുള്ള എഐ സംവിധാനം ടിവിയുടെ ഗ്രാഫിക്‌സ് പ്രകടനം 70 ശതമാനം മെച്ചപ്പെടുത്തുന്നുവെന്ന് എല്‍ജി അറിയിച്ചു. മുന്‍ തലമുറ പ്രൊസറിനെക്കാള്‍ 30 ശതമാനം അധിക പ്രൊസസിങ് കരുത്തും വർദ്ധിച്ചിട്ടുണ്ട്. സീറോ കണക്ട് ബോക്‌സ്ഓഡിയോയും വിഡിയോയും  ടിവിയിലേക്ക് പ്രക്ഷേപണം ചെയ്യും. ഇതിനായി 60 ഹെട്‌സ് ആന്റിന പ്രയോജനപ്പെടുത്തും. ടിവിയും, ബോക്‌സും തമ്മിലുള്ള അകലം 30 അടിയില്‍ കൂടരുത് എന്നു മാത്രം.

വില
വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ 100,000 ഡോളറിലേറെ (83,09,555 ഇന്ത്യൻ രൂപ) പ്രതീക്ഷിക്കാം. എല്‍ജിക്ക് ഒരു 65-ഇഞ്ച് 8കെ ഓലെഡ് ട്രാന്‍സ്പരന്റ് ടിവിയും ഉണ്ട്. അതിന് വില 87,000 ഡോളറാണ് എന്നത് കണക്കിലെടുത്താണ് വില എത്ര വരാം എന്ന് അനുമാനിച്ചിരിക്കുന്നത്.

ട്രാന്‍സ്പെരന്റ് ടിവി നിര്‍മിക്കാന്‍ സാംസങും

Representative image Credit: X/Shutthiphong Chandaeng
Representative image Credit: X/Shutthiphong Chandaeng

ട്രാന്‍സ്പെരന്റ് സ്‌ക്രീന്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ സാംസങ് തങ്ങളുടെ കൊറിയന്‍ എതിരാളിയായ എല്‍ജിക്കു പിന്നിലാണ്. എല്‍ജി പ്രദര്‍ശിപ്പിച്ചതിനു സമാനമായ  സാങ്കേതികവിദ്യയെക്കുറിച്ച്സാംസങും സംസാരിച്ചു എങ്കിലും ഇത് ഇപ്പോഴും ഒരു സങ്കല്‍പ്പം മാത്രമാണ്. സാംസങിന്റെ ട്രാന്‍സ്പരന്റ് ടിവി മൈക്രോഎല്‍ഇഡി പിക്ചര്‍ ടെക്‌നോളജി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു. നിലവില്‍ ലഭ്യമായ മറ്റു സ്‌ക്രീനുകളെക്കാള്‍ മികച്ച പ്രകടനം ഇതിന് നടത്താനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. പക്ഷേ ഇത് ഇപ്പോള്‍ വാങ്ങാവുന്ന അവസ്ഥയിലല്ല.

വേഡ്പാഡേ വിട!

ഏകദേശം 30 വര്‍ഷത്തോളമായി വിന്‍ഡോസ് ഉപയോക്താക്കള്‍ ടെക്‌സ്റ്റ് എഡിറ്റിങിന് ഉപയോഗിച്ചു വന്ന വേഡ്പാഡ് പ്രോഗ്രാം ഉപേക്ഷിക്കുകയാണ് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 11 ബില്‍ഡ് 26020യുടെ ഇന്‍സൈഡര്‍പ്രിവ്യുവില്‍ ഇത് ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

(Photo by Jung Yeon-je / AFP)
(Photo by Jung Yeon-je / AFP)

വിന്‍ഡോസ് 95ലാണ് വേഡ്പാഡ് ആദ്യം അവതരിപ്പിച്ചത്. അതേസമയം, നോട്ട്പാഡിനും, എംഎസ് വേഡിനും ഇടയില്‍ ഇനി വേഡ്പാഡ് വേണ്ട എന്ന തീരുമാനമാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ എടുത്തിരിക്കുന്നതെന്ന് എന്ന് ഗിസ്‌മോഡോ.

ഫ്‌ളിപ്കാര്‍ട്ട് 1500 ജോലിക്കാരെ പിരിച്ചുവിട്ടേക്കും

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിലൊന്നായ ഫ്‌ളിപ്കാര്‍ട്ട് തങ്ങളുടെ 7 ശതമാനത്തോളം ജോലിക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ അമേരിക്കന്‍ റീട്ടെയ്ൽ ഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു നടത്തുന്ന കമ്പനിക്ക് 22,000ലേറെ ജോലിക്കാര്‍ ഇപ്പോള്‍ ഉണ്ടെന്നാണ് കരുതുന്നത്. ഇവരില്‍ ഏകദേശം 1,500 പേര്‍ക്കായിരിക്കും തൊഴില്‍ നഷ്ടമാകുക എന്നാണ് കണക്കുകൂട്ടല്‍.

അടുത്തഘട്ട സ്മാര്‍ട്ട്‌ഫോണ്‍ വരവായെന്ന് സാംസങ്

2025 ഒക്ടോബർ 14-ന് ശേഷം, Windows 10-നായി Microsoft ഇനി പുതിയ ഫീച്ചറുകൾ പുറത്തിറക്കില്ല. പുതിയ ഫീച്ചറുകളും പ്രവർത്തനങ്ങളും നിങ്ങൾക്ക് നഷ്‌ടമാകുമെന്നാണ് ഇതിനർത്ഥം.
.

ജനുവരി 17ന് തങ്ങളുടെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അനാവരണം ചെയ്യാന്‍ ഒരുങ്ങുന്ന സാംസങ് ഔദ്യോഗികമായി ട്വീറ്റില്‍ അറിയിച്ചിരിക്കുകയാണ്. പുതിയ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് കമ്പനി.

ആപ്പിള്‍ വിഷന്‍ പ്രോ ഫെബ്രുവരി 2ന് വിപണിയിലെത്തിയേക്കും

ആപ്പിളിന്റെ ആദ്യ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോ ഫെബ്രുവരി 2ന് അമേരിക്കയില്‍ വില്‍പ്പന ആരംഭിച്ചേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം 'ഏതു നിമിഷവും' ഉണ്ടാകാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹെഡ്‌സെറ്റിന് 3,500 ഡോളറാണ് വില. അതിനൊപ്പം അതു വൃത്തിയാക്കാനായി 19 ഡോളര്‍ വിലയുള്ള തുണി ആപ്പിള്‍ ഫ്രീയായി നല്‍കിയേക്കുമത്രെ. ഇന്ത്യയില്‍ എന്നു വില്‍പനയ്‌ക്കെത്തും എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല.

പുതിയ ജിപിയു പ്രദര്‍ശിപ്പിച്ച് എന്‍വിഡിയ

പ്രമുഖ ജിപിയു നിര്‍മ്മാണ കമ്പനിയായ എന്‍വിഡിയ തങ്ങളുടെ അടുത്ത തലമുറ ജിപിയു ഉടനെ എത്തുമെന്ന സൂചന നല്‍കി. ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 40 സൂപ്പര്‍ സീരിസ് എന്നാണ് ഇതിനെ വിളിക്കുക. മൂന്നു വേരിയന്റുകള്‍ ഉണ്ടായേക്കും.

Image Credit: Apple
Image Credit: Apple

ഇരട്ട പെരിസ്‌കോപ് ക്യാമറയുമായി ഒപ്പോ ഫൈന്‍ഡ് എക്‌സ്7 അള്‍ട്രാ

ഇന്നേവരെ സ്മാര്‍ട്ട്‌ഫോണുകളില്‍ കണ്ടിരിക്കുന്നതിലേക്കും വച്ച് ഏറ്റവും വലിയ ടെലിഫോട്ടോ സെന്‍സര്‍ അടങ്ങുന്നതാണ് തങ്ങളുടെ ഫൈന്‍ഡ് എക്‌സ്7 അള്‍ട്രാ എന്ന് ഒപ്പോ അവകാശപ്പെട്ടു. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇന്നു ലഭ്യമായ ഏറ്റവും മികച്ച പ്രൊസസറായ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ആണ് ഫോണിന്റെ കരുത്ത്.

അത്യുഗ്രന്‍ ക്യാമറാ സിസ്റ്റം

ഗംഭീര പിന്‍ ക്യാമറാ സിസ്റ്റവുമായാണ് ഫൈന്‍ഡ് എക്‌സ്7 അള്‍ട്രാ ഇറങ്ങുന്നത്. വിഖ്യാത സ്വീഡിഷ് കമ്പനിയായ ഹാസല്‍ബ്ലാഡ് ആണ് നാല് 50എംപി ക്യാമറകള്‍ അടങ്ങുന്ന സിസ്റ്റം ട്യൂണ്‍ചെയ്തിരിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം പെരിസ്‌കോപ് ലെന്‍സുകളാണ്. ഒന്ന് മൂന്നു മടങ്ങും, രണ്ടാമത്തേത് ആറുമടങ്ങും റീച്ച് നല്‍കുന്നു. ഫോണിന് 14-270 എംഎം ഫോക്കല്‍ ലെങ്ത് ലെന്‍സുകള്‍ ഉണ്ടെന്നാണ് കമ്പനി പറയുന്നത്.

പെരിസ്‌കോപ് ടെക്‌നോളജിയുമായി റിയല്‍മിയും

തങ്ങളുടെ അടുത്ത ഫോണിന് പെരിസ്‌കോപ് ക്യാമറാ സാങ്കേതികവിദ്യ ഉണ്ടായിരിക്കുമെന്ന് മറ്റൊരു ചൈനീസ് കമ്പനിയായ റിയല്‍മിയും അറിയിച്ചു. ഇത് ജനുവരി 10ന് ലാസ് വെഗാസില്‍ നടക്കുന്ന സിഇഎസില്‍ ഈ മധ്യനിര ഫോണ്‍ പരിചയപ്പെടുത്തും.

വില കുറഞ്ഞ 5ജി ഫോണുമായി വിവോ

വൈ28 5ജി എന്ന പേരില്‍ മിഡിയാടെക് ഡിമെന്‍സിറ്റി 6020 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ് വിവോ. സ്‌ക്രീന്‍ 6.52-ഇഞ്ച്. 4/6/8ജിബി റാം വേരിയന്റുകള്‍ഉണ്ട്. ആന്തരിക സംഭരണശേഷി 128ജിബി. 5000എംഎഎച് ബാറ്ററി. തുടക്ക വേരിയന്റിന് വില 13,999 രൂപ.

English Summary:

World’s First 4K Wireless transparent LG TV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com