ADVERTISEMENT

മിയാമിയിലെ ഒരു ഷോപിങ് മാളിനുമുന്നിൽ അനേകം പൊലീസ് വാഹനങ്ങൾ നിരനിരയായി കിടക്കുന്നതും അതോടൊപ്പം അടുത്തുള്ള ഒരു കെട്ടിടത്തിനുള്ളിൽനിന്നും ആരോ പകർത്തിയ വിഡിയോയിൽ പ്രത്യക്ഷമായ വിചിത്ര നിഴലും മാത്രം മതിയായിരുന്നു കിംവദന്തികൾ പ്രചരിക്കാൻ. 10 അടി ഉയരമുള്ള അന്യഗ്രഹജീവിയുടെ നിഴലാണെന്നും പൊലീസുകാര്‍ ആ രംഗം കൈകാര്യം ചെയ്യാൻ ശ്രമിക്കുകയാണെന്നും പ്രദേശത്തെ വാണിജ്യകേന്ദ്രങ്ങളെല്ലാം പൊലീസ് അടപ്പിച്ചെന്നുമൊക്കെയുള്ള വിവരണത്തോടെ ദൃശ്യങ്ങൾ ലോകമെമ്പാടും വൈറലായി.

ഗൂഢാലോചന സിദ്ധാന്തക്കാർ ഒന്നിലധികം അന്യഗ്രഹജീവി സാന്നിധ്യം വിഡിയോയിൽ കണ്ടെത്തുകയും ചെയ്തു. പ്രവേശന കവാടത്തിനടുത്തായി  വലിയ ചാരനിറത്തിലുള്ള രൂപം നടക്കുന്നത് കണ്ടെന്നും പുകയിലൂടെ നടക്കുന്ന ഒരു തിളങ്ങുന്ന രൂപം ഇറങ്ങി വന്നതു കണ്ടെന്നുമൊക്കെ അവകാശ വാദങ്ങൾ ഉയർന്നു. 

സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പ്രചരിച്ച ഈ വിചിത്രമായ കിംവദന്തിയോടെയാണ്  2024 ആരംഭിച്ചത്. അന്യഗ്രഹജീവികളെക്കുറിച്ചുള്ള കിംവദന്തികൾ യഥാർത്ഥമാണോ എന്ന് അറിയില്ല, പക്ഷേ ഇത്രയും പൊലീസിനെ ഒരിടത്ത് ഞാൻ കണ്ടിട്ടില്ലെന്നാണു മറ്റൊരാൾ കുറിച്ചത്. എന്താണ് ഇത്രയും പൊലീസ് സംഘം ഇവി‌ടെ എത്തിച്ചേരാൻ കാരണം. മിയാമി പൊലീസ് പറയുന്നു.

മാളിലെ പൊലീസ് ഇടപെടലിനു കാരണമായത് നിയന്ത്രണംവിട്ട ഒരു കൂട്ടം കൗമാരക്കാരാണെന്നു പൊലീസ് വിശദീകരിച്ചു. ക്ലിപ്പിൽ കാണുന്നത് ആരോ നടക്കുന്നതിന്റെ നിഴലാണ്. നിഴലിന്റെ അടിയിൽ നോക്കിയാൽ ആളെ കാണാം. ഒരു ജീവിയുമില്ലെന്നും ഒരു വക്താവ് പറഞ്ഞു. ഈ കൗമാരക്കാർ പടക്കം പൊട്ടിക്കുകയായിരുന്നു, വെടിവയ്പ്പ് നടക്കുന്നുണ്ടെന്ന് ചിലർ കരുതിയതിനാൽ പൊതുജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തിൽ നാല് കൗമാരക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു. 

ഈ വെളിപ്പെടുത്തൽ ഗൂഢാലോചന സിദ്ധാന്തക്കാർ തൃപ്തരല്ല. മാധ്യമങ്ങൾ ആ സമയത്തു നിശബ്ദരായിരുന്നെന്നും, കുട്ടികൾ പടക്കം പൊട്ടിക്കുന്നുവെന്ന് പറഞ്ഞ് പൊലീസുകാർ സംഭവം മൂടിവയ്ക്കുന്നതാണെന്നും വിമാന ഗതാഗതവും ട്രാഫിക്കും രാത്രി നിർത്തിവച്ചെന്നും വൈഫൈ കിട്ടുന്നുണ്ടായില്ലെന്നുമൊക്കെ ഇവർ ആരോപിക്കുന്നു.

എന്തായാലും വ്യാപകമായ ട്രോളുകൾക്കും യാഥാർഥ്യമെന്നും തെറ്റിധരിക്കപ്പെട്ടേക്കാവുന്ന എഐ വിഡിയോകളിറങ്ങാനും ' മിയാമി സ്ട്രേഞ്ചർ തിങ്സ്' സംഭവം കാരണമായി. ഒരു സംഭവം ഉണ്ടായാൽ സമൂഹമാധ്യമങ്ങൾ വളരെ വിചിത്രമായി പ്രചരിച്ചേക്കാമെന്നു എക്സിൽ ട്രെൻഡിങായ ഈ സംഭവം നമ്മെ ഒരിക്കൽക്കൂടി വ്യക്തമാക്കിത്തരുന്നു.

English Summary:

Miami police responds to '10 foot tall alien' reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com