യുട്യൂബിലൂടെ കൈനിറയെ കാശ്; ആശയത്താൽ സമ്പന്നനാണോ? ഇതാ തമിഴ്നാട് സർക്കാരിന്റെ ഐഡിയ
Mail This Article
ആശയം കൊണ്ടു സമ്പന്നമായവർക്ക് യുട്യൂബിലൂടെ വരുമാനം കണ്ടെത്താൻ പുതിയ പദ്ധതിയുമായി തമിഴ്നാട് സർക്കാർ. യുവാക്കൾക്കും മുതിർന്നവർക്കും സ്വന്തം ഉൽപന്നങ്ങൾ പ്രമുഖ വിഡിയോ പ്ലാറ്റ്ഫോമായ യുട്യൂബിലൂടെ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതിനും മികച്ച വിപണി കണ്ടെത്തുന്നതിനുമായി സർക്കാർ പരിശീലനം നൽകുന്ന പദ്ധതിയാണു നടപ്പാക്കാനൊരുങ്ങുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ) വകുപ്പിനു കീഴിലുള്ള ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഇഡിഐഐ) നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുക.
ഒരു യുട്യൂബ് ചാനൽ തുടങ്ങിയാലോ?
മനസ്സിൽ ആശയമുണ്ടോ? ഉണ്ടെങ്കിൽ ആ ആശയം യുട്യൂബിലൂടെ അവതരിപ്പിക്കാനും ജനങ്ങളുടെ മുന്നിൽ എത്തിക്കാനും താൽപര്യമുണ്ടോ? എന്നാൽ പിന്നെ നിങ്ങൾക്കു സ്വയം യുട്യൂബ് ചാനൽ തുടങ്ങുന്നതിനുള്ള പരിശീലനം ഇഡിഐഐ നൽകും. 29 മുതൽ 31 വരെയുള്ള തീയതികളിലായി നടത്തുന്ന പരിശീലന പരിപാടിയിൽ യുട്യൂബ് ചാനൽ എങ്ങനെ തുടങ്ങാം, വിഡിയോ എങ്ങനെ അപ്‌ലോഡ് ചെയ്യാം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ മുതൽ ചാനലിന്റെ സാമ്പത്തിക സാധ്യതകൾ മുതൽ വിശദമാക്കി തരും. ചാനൽ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുള്ള സോഷ്യൽ മീഡിയ മാർക്കറ്റിങ്, പ്രമോഷൻ, പാലിക്കേണ്ട നിയമങ്ങൾ എന്നിവയും വിശദമാക്കും.
പരിശീലനത്തിനായി
യുട്യൂബ് നിയമങ്ങൾയുട്യൂബ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് വഴി നിയമത്തിന്റെ കുരുക്കിൽപെടാതെ മുന്നോട്ടു പോകുന്നതിനും പരിശീലന പരിപാടി സഹായിക്കും.
പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള, 18 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാനാകും.വിവരങ്ങൾക്ക് www.editn.in. ഈക്കാട്ടുതാങ്കളിലുള്ള സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള ഇഡിഐഐയുമായി ബന്ധപ്പെടാം.
സാധ്യതകൾ
മനസ്സിൽ ഒട്ടേറെ ആശയങ്ങൾ കൊണ്ടുനടക്കുന്നവർക്കെല്ലാം പുതിയ സാധ്യതകൾ തുറക്കുന്നതാണ് യുട്യൂബ് പരിശീലനം. ചെറുപ്പക്കാരും മുതിർന്നവരും ഉൾപ്പെടെ ചെറിയ രീതിയിലും അല്ലാതെയും സ്വയം സംരംഭങ്ങളുള്ള ഒട്ടേറെ വ്യക്തികളാണുള്ളത് സംരംഭങ്ങളിലേക്കുള്ള വഴി തുറക്കാൻ സാധിക്കാതെ ആശയങ്ങളുമായി മാത്രം ജീവിക്കുന്നവരുമുണ്ട്. ഇവർക്കെല്ലാം പുതിയ സാധ്യതകളും ഒപ്പം വിപണിയും വരുമാനവും കണ്ടെത്താനുമുള്ള അവസരമാണ് സർക്കാർ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടി.