ADVERTISEMENT

ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തട്ടിയെടുക്കുന്നതിന് ഹാക്കര്‍മാര്‍ പല രീതികളും ഉപയോഗിക്കാറുണ്ട്. ഇമെയില്‍ വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും അയയ്ക്കുന്ന സന്ദേശങ്ങളാണ് പൊതുവായി കാണപ്പെടുന്നത്. ഒറ്റനോട്ടത്തില്‍ ക്ലിക്കു ചെയ്യാന്‍ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ഹാക്കര്‍മാരുടെ സന്ദേശങ്ങളിലുണ്ടാവും. അത്തരത്തിലുള്ള ഒന്ന് ഫെയ്സ്ബുക്കില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. 

'I can't believe he is gone. I'm gonna miss him so much' എന്ന സന്ദേശവുമായാണ് ഹാക്കര്‍മാരുടെ വരവ്. നമ്മുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരെങ്കിലും ഇങ്ങനെയൊരു സന്ദേശം ഇട്ടാല്‍ ഒന്നു ക്ലിക്കു ചെയ്തു നോക്കാന്‍ ആര്‍ക്കും ഒന്നു തോന്നിപ്പോവും. ആ തോന്നലിലാണ് ഈ  ഫെയ്സ്ബുക്ക് തട്ടിപ്പിന്റെ ജീവന്‍. ഒരിക്കല്‍ അങ്ങനെ ക്ലിക്കു ചെയ്തവര്‍ പിന്നീട് പശ്ചാത്തപിച്ചിട്ടും കാര്യമില്ല. 

പ്രതീകാത്മക ചിത്രം (REUTERS/Kacper Pempel/Illustration/File Photo)
പ്രതീകാത്മക ചിത്രം (REUTERS/Kacper Pempel/Illustration/File Photo)

സമാനമായ രീതിയിലാണ് ഈ തട്ടിപ്പു സന്ദേശങ്ങള്‍ നിങ്ങളുടെ  ഫെയ്സ്ബുക്ക് ടൈം ലൈനില്‍ പ്രത്യക്ഷപ്പെടുക. നേരത്തെ പറഞ്ഞതു പോലെ 'I can't believe he is gone. I'm gonna miss him so much,' എന്ന ഒരു സന്ദേശവും പിന്നാലെ ലിങ്കുമുണ്ടാവും. ഈ ലിങ്കില്‍ ക്ലിക്കു ചെയ്യുന്നതോടെ ന്യൂസ്അമേരിക്കവിഡിയോസ്, ബ്രേക്കിങ്‌ന്യൂസ് എന്നിങ്ങനെയുള്ള പേരുകളിലുള്ള ഏതെങ്കിലുമൊരു തട്ടിപ്പു സൈറ്റിലേക്ക് നിങ്ങളെത്തും. ഇവിടെ വെച്ച് നിങ്ങളുടെ ഫേസ്ബുക്ക് ഐഡിയും പാസ്‌വേഡും നല്‍കിയ ശേഷം വിഡിയോ കാണാനാകുമെന്ന സന്ദേശം വരും. അവര്‍ പറയുന്ന രീതിയില്‍  ഫെയ്സ്ബുക്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കിയാല്‍ നിങ്ങള്‍ തട്ടിപ്പിന് ഇരയായെന്ന് ഉറപ്പിക്കാം. 

ഫെയ്സ്ബുക്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ പിന്നെ സ്‌ക്രീനില്‍ തെളിയുക ഗൂഗിളിന്റെ സ്‌ക്രീനായിരിക്കും. നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉപയോഗിച്ച്  ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്കര്‍മാര്‍ ഉപയോഗിക്കാന്‍ തുടങ്ങും. നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും സമാനമായ സന്ദേശവും ലിങ്കും ടൈംലൈനില്‍ പ്രത്യക്ഷപ്പെടുകയും പല സുഹൃത്തുക്കളേയും ടാഗ് ചെയ്യുകയും ചെയ്യും. സുഹൃത്തുക്കളില്‍ ആരെങ്കിലും നിങ്ങളുടെ സന്ദേശം ശരിയെന്നു വിശ്വസിച്ച് ക്ലിക്കു ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഇതേ അവസ്ഥയായിരിക്കും അവര്‍ക്കും. 

ചില മുന്‍കരുതലുകളെടുത്താല്‍ ഹാക്കര്‍മാരുടെ ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാനാവും. അപരിചിതമായ ലിങ്കുകളില്‍ ക്ലിക്കു ചെയ്യുന്നതിനുമുമ്പ് ഒന്നുകൂടി ആലോചിക്കുക. ഇനി ലിങ്കില്‍ ക്ലിക്കു ചെയ്താലും നിങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള അക്കൗണ്ട്, പാസ്‌വേഡ് വിവരങ്ങള്‍ നല്‍കാതിരിക്കുക. കൃത്യമായ ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റുക. നിര്‍ദേശിക്കുന്ന രീതിയിലുള്ള മികച്ച സുരക്ഷയുള്ള പാസ്‌വേഡുകള്‍ തന്നെ നല്‍കാന്‍ ശ്രമിക്കുക. ഒപ്പം ഇടക്കിടെ അക്കൗണ്ട് പ്രൈവസി സെറ്റിങ്‌സ് പരിശോധിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com