മൈതാനത്തെന്ന പോലെ ക്രിക്കറ്റ്, ഫുട്ബോൾ കളിക്കാം; ഇ-സ്പോർട്സ് ഗെയിമിങ്ങിന് കേരളം
Mail This Article
ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) എന്നീ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നിസ് തുടങ്ങിയവ കളിക്കാം. ഫുട്ബോൾ മൈതാനത്തോ ടെന്നിസ് കോർട്ടിലോ എന്ന പോലെ തന്നെ! ലോകമാകെ തരംഗമായി മാറിയിരിക്കുന്ന ഇലക്ട്രോണിക്സ് സ്പോർട്സ് (ഇ–സ്പോർട്സ്) ഗെയിമിങ്ങിൽ കേരളവും കാലുറപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേരള ഇ–സ്പോർട്സ് അപെക്സിനു (കെഇഎ–KEA) കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു നടന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിയിൽ സംസ്ഥാന സർക്കാർ തുടക്കമിട്ടു.
ഇ–സ്പോർട്സ് ഗെയിമിങ് കമ്പനിയായ നോസ്കോപ് ഗെയിമിങ് ഇന്ത്യ (NoScope Gaming India), ബീറ്റ ഗ്രൂപ്പ് എന്നിവരുടെ പങ്കാളിത്തതോടെയാണു സർക്കാർ കെഇഎ ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട താൽപര്യപത്രങ്ങളും കരാറും സംരംഭകർ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.350 കോടി രൂപയുടെ നിക്ഷേപമാണു കേരളത്തിനായി നോസ്കോപ് ഗെയിമിങ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വിഡിയോ ഗെയിമുകൾ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കായിക മത്സരങ്ങളാണ് ഇ–സ്പോർട്സ്.
പ്രഫഷനൽ ഗെയിമർമാർ പരസ്പരവും ഒറ്റയ്ക്കും ടീമായും മൾട്ടിപ്ലയർ കായിക വിഡിയോ ഗെയിമുകൾ കളിക്കാം. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ (ചൈന) ഇ–സ്പോർട്സ് മത്സര ഇനമായിരുന്നു.
ആദ്യഘട്ടത്തിൽ ഇ–സ്പോർട്സിൽ താൽപര്യം വളർത്തുന്നതിനു സ്കൂളുകളിലും കോളജുകളിലും ക്ലാസുകൾ നടത്തും. തുടർന്നു നൈപുണ്യ വികസന–പരിശീലന കേന്ദ്രങ്ങളും സ്പോർട്സ് റീഹാബ് കേന്ദ്രങ്ങളും ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. കൂടാതെ കേരളത്തിൽ ഇ–സ്പോർട്സ് ചാംപ്യൻഷിപ്പുകൾ നടത്താനും പദ്ധതിയുണ്ട്.