ADVERTISEMENT

കംപ്യൂട്ടിങ് ഉപകരണങ്ങളെ അടക്കം, മനുഷ്യര്‍ക്ക് ചിന്ത മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും എന്ന അവകാശവാദവുമായി എത്തിയ ന്യൂറാലിങ്ക് ചിപ്പ് ആദ്യമായി ഒരാളില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഒപ്പം അതിനെതിരെയുള്ള വിമര്‍ശനവും വന്നു. സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ന്യൂറാലിങ്ക് ആണ് ഇത്തരത്തില്‍ മനുഷ്യരുടെ തലച്ചോറും കംപ്യൂട്ടറുകളുമായി ബന്ധിപ്പിക്കാനായി ഒരു ബ്രെയിന്‍കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ്, പേരു വെളിപ്പെടുത്താത്ത ഒരു വ്യക്തിയില്‍ സ്ഥാപിച്ചിരിക്കുന്നത്.

ഈ ലക്ഷ്യപ്രാപ്തിക്കായി തലയോട്ടിക്കുള്ളില്‍ കംപ്യൂട്ടര്‍ ചിപ് പിടിപ്പിക്കുകയാണ് കമ്പനി ചെയ്യുന്നത്. ആദ്യ പരീക്ഷണം ഒരു വ്യക്തിയില്‍ നടത്തിയെന്ന വിവരം മസ്‌ക് തന്നെയാണ് പുറത്തുവിട്ടത്. ഉപകരണത്തെ മസ്‌ക് വിളിച്ചത് ടെലിപതി എന്നാണ്. ഇത് സ്വീകരിച്ച വ്യക്തി സുഖം പ്രാപിച്ചുവരുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം, ന്യൂറാലിങ്കിന്റെ ഈ പരീക്ഷണം ഭയപ്പെടുത്തുന്നതാണെന്നു പറഞ്ഞ് ചില ഗവേഷകരും രംഗത്തെത്തി.

neuralink-1 - 1
ന്യൂറാലിങ്കിന്റെ പരീക്ഷണശാല(കടപ്പാട് എക്സ് വിഡിയോ) Image Credit: neuralink

ഭയപ്പെടുത്തുന്ന പരീക്ഷണം

ഈ പരീക്ഷണം ഭയപ്പെടുത്തുന്നതാണെന്നാണ് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ ഓണററി റീസേര്‍ച് അസോസിയേറ്റ് ആയ ഡോ. ഡീന്‍ ബര്‍ണറ്റ് പറഞ്ഞു. ഇത്തരം ഒരു പരീക്ഷണം തിടുക്കപ്പെട്ട് നടത്തേണ്ട ഒന്നായിരുന്നല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. പരീക്ഷണം മൃഗങ്ങളില്‍ നടത്തിയ ശേഷമാണ് മനുഷ്യരില്‍ ആരംഭിച്ചിരിക്കുന്നത്.

പക്ഷേ, ഇത് പരീക്ഷണത്തിനായി ഉപയോഗിച്ച 1500 മൃഗങ്ങൾ മരണപ്പെട്ടിരുന്നു എന്നതാണ് ന്യൂറാലിങ്കിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം. ഒരു ന്യൂറോസര്‍ജിക്കല്‍ ഇംപ്ലാന്റ് ഇത്ര തിടുക്കപ്പെട്ടു ചെയ്യേണ്ട ഒരു കാര്യമായിരുന്നില്ലെന്നാണ് ഡോ. ബേണറ്റ് അഭിപ്രായപ്പെട്ടത്.

എഫ്ഡിഎയുടെ അനുമതിയോടെ

മൃഗങ്ങളില്‍ ന്യൂറാലിങ്ക് നടത്തിയ പരീക്ഷണ ഫലം പരിശോധിച്ച ശേഷം അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ആണ് മനുഷ്യരില്‍ പരീക്ഷണം നടത്താനുള്ള അനുമതി ന്യൂറാലിങ്കിന് നല്‍കിയത്. മനുഷ്യരിലുള്ള പരീക്ഷണങ്ങള്‍ പാളിയാല്‍ അതിന് എഫ്ഡിഎയും ഉത്തരവാദി ആയേക്കാം എന്നതിനാല്‍ ഇതിന് ന്യൂറാലിങ്ക് ചിപ്പിന് വേണ്ട സുരക്ഷ ഉണ്ടായിരിക്കാം എന്നാണ് എതിര്‍വാദം.

എന്താണ് ന്യൂറാലിങ്ക് ചെയ്യുന്നത്?

തലച്ചോറില്‍ നടക്കുന്ന ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഒരു കംപ്യൂട്ടറിനു മനസിലാകുന്ന സിഗ്‌നലുകളായി മാറ്റുകയാണ് ന്യൂറാലിങ്ക് ഉപകരണം ചെയ്യുന്നത്. ഒരു റോബോട്ടിക് സര്‍ജന്‍ ആണ് ഈ ഉപകരണം പരീക്ഷണത്തിന് തയാറായി എത്തിയ വ്യക്തിയുടെ തലയോട്ടിക്കുള്ളില്‍ പിടിപ്പിച്ചത്. അതിനായി അയാളുടെ തലയോട്ടിയുടെ ഒരു ഭാഗത്ത് ദ്വാരമിടുകയും ചെയ്തു.

ആവശ്യം കഴിഞ്ഞപ്പോള്‍ ഇത് അടച്ചു. ഉണങ്ങിക്കഴിയുമ്പോള്‍ ഒരു പാടു മാത്രമേ ശേഷിക്കൂ. തലയോട്ടിക്കുള്ളില്‍ വച്ച ഇലക്ട്രോഡുകള്‍ക്ക് തലച്ചോറിലെ ന്യൂറോണ്‍സിലെ ഇലക്ട്രിക്കല്‍ സിഗ്നലുകള്‍ തിരിച്ചറിയാനാകും. ഇവ മോട്ടര്‍ കൺട്രോളുകളായി പരിവര്‍ത്തനം ചെയ്യുന്നു. പുറത്തു വച്ചിരിക്കുന്ന ഉപകരണങ്ങളുമായി വയര്‍ലെസായി സഹകരിച്ചാണ് ഇത് പ്രവര്‍ത്തിക്കുക.

neuralink-2 - 1
Image Credit: Canva AI

ചിന്തയിലൂടെ നിയന്ത്രണം

മസ്‌കും ന്യൂറാലിങ്ക് ഗവേഷകരും ആഗ്രഹിക്കുന്നത്ര സുഗമമായി ഈ സംവിധാനം പ്രവര്‍ത്തിക്കുമെങ്കില്‍ അതിന് ഫോണും കംപ്യൂട്ടറും അടക്കമുളള പല ഉപകരണങ്ങളെയും മനുഷ്യര്‍ക്ക് ചിന്ത മാത്രം ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കും. ഈ സംവിധാനം തുടക്കത്തില്‍ പരീക്ഷിക്കുക അവയവങ്ങളുടെ ചലന ശേഷി നഷ്ടപ്പെട്ടവരില്‍ ആയിരിക്കും.

അന്തരിച്ച, സുപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന് ഒരു സ്പീഡ് ടൈപ്പിസ്റ്റിനെക്കാള്‍ വേഗത്തില്‍ ടൈപ് ചെയ്യാൻ സാധിച്ചാല്‍ എങ്ങനെയിരിക്കും? അതാണ് തന്റെ കമ്പനി കൈവരിക്കാനാഗ്രഹിക്കുന്ന ലക്ഷ്യമെന്ന് മസ്‌ക് പറയുന്നു. എന്നാല്‍, എഫ്ഡിഎയുടെ അംഗീകാരം നേടി ഒരു വര്‍ഷം പോലും തികയുന്നതിനു മുമ്പ് പരീക്ഷണങ്ങള്‍ ആരംഭിച്ച മസ്‌കും കമ്പനിയും ഇക്കാര്യത്തില്‍ തിടുക്കം കാണിക്കുകയാണ് എന്ന ഉത്കണ്ഠയാണ് വിമര്‍ശകര്‍ക്ക് ഉള്ളത്.

ഈ തിടുക്കം മസ്‌കിന്റെ ബിസിനസിനോടുള്ള മൊത്തം സമീപനത്തിലും കാണാമെന്ന് ഡോ. ബെനറ്റ് പറഞ്ഞു. ധീരമായ ഒരു പ്രവൃത്തി ചെയ്യാന്‍ താന്‍ പണമെറിയുന്നു എന്ന ഭാവമാണ് മസ്‌കിന്. എന്നാല്‍, പൂര്‍ണമായും പഴുതടച്ചുള്ള ഒരു നീക്കം നടത്തേണ്ടിടത്താണിത്. മസ്‌കിന് വലിയൊരു സംഘം സപ്പോര്‍ട്ടര്‍മാരുണ്ട്. അവര്‍ ഇത്തരം കാര്യങ്ങളിലും സഹകരിക്കും. എന്നാല്‍, ഓരോ സാധനങ്ങള്‍ മനുഷ്യരുടെ ശീരിരത്തിനുള്ളില്‍ തിരുകിവയ്ക്കുക എന്നു പറയുന്നത് വളരെ അപകടകരമാണെന്ന് ഡോ. ബെനറ്റ് പറയുന്നു. ആദ്യ രോഗി ഒരു പക്ഷെ സുരക്ഷിതനായിരിക്കാം. എന്നാല്‍, കൂടുതല്‍ പേര്‍ക്ക് ഈ സംവിധാനം നല്‍കുമ്പോള്‍, അതിനു വേണ്ട ഓരോ കാര്യവും ശ്രദ്ധയോടെ നടത്തുമോ എന്ന കാര്യത്തിലും ബെനറ്റിന് ഉത്കണ്ഠയുണ്ട്.

തലച്ചോറിലെ പ്രത്യേക സെല്ലുകളായ ന്യൂറോണ്‍സ് ആണ് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള കോശങ്ങള്‍ക്ക് 'സന്ദേശങ്ങള്‍' കൈമാറുന്നത്. ഉദാഹരണത്തിന് മസിലുകളിലേയും ഞരമ്പുകളിലെയും കോശങ്ങളിലേക്ക് സിഗ്‌നലുകള്‍ അയയ്ക്കും.

ന്യൂറാലിങ്കിലുള്ള ചിപ്പുകള്‍ക്ക് ഈ സന്ദേശം വായിച്ചെടുക്കാന്‍ സാധിക്കുന്നു. ഇവ മോട്ടര്‍ കൺട്രോളുകളായി തര്‍ജ്ജമ ചെയ്യും. ഇതിന് കംപ്യൂട്ടറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയ പുറമേയുള്ള ഉപകരണങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. കൂടാതെ, ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് മസിലുകളുടെ പ്രവര്‍ത്തനം.

ആദ്യ പരീക്ഷണമല്ല

ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് ആദ്യമായാണ് മസ്‌കിന്റെ കമ്പനി പരീക്ഷിക്കുന്നത്. എന്നാല്‍, ഇതാദ്യമായല്ല ഇത്തരം ടെസ്റ്റുകള്‍ നടത്തുന്നത്. ബ്രെയിന്‍ഗേറ്റ് (BrainGate) ഇന്റര്‍ഫെയ്‌സ് എന്ന് അറിയപ്പെടുന്ന ഒരു സിസ്റ്റം ബ്രൗണ്‍ യൂണിവേഴ്‌സിറ്റി 2004 മുതല്‍ മനുഷ്യരില്‍ പിടിപ്പിച്ചു വരുന്നതാണ്. പരീക്ഷണത്തിനു നിന്നു കൊടുത്തവരുടെ ആരോഗ്യ വിവരങ്ങള്‍ 2021ല്‍ വിലയിരുത്തപ്പെട്ടിരുന്നു. ഗുരുതരമായ ഒരു പ്രശ്‌നവും അവരില്‍ കണ്ടെത്തിയില്ലെന്നുള്ളതും മസ്‌കിന് ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.

ന്യൂറാലിങ്ക് ഒരു പക്ഷെ ബ്രെയിന്‍ഗേറ്റിനേക്കാള്‍ സുരക്ഷിതമായിരിക്കാം എന്നാണ് ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊ. ആന്‍ഡ്രൂ ജാക്‌സണ്‍ അഭിപ്രായപ്പെടുന്നത്. ബ്രെയിന്‍ഗേറ്റ് സിസ്റ്റത്തില്‍ ചില വയറുകള്‍ ത്വക്കിനു വെളിയില്‍ വരുന്നുണ്ട്. ഈ പ്രശ്‌നം ന്യൂറാലിങ്കിന് ഇല്ല. കാരണം അത് വയര്‍ലെസാണ്. വലിയ പ്രശ്‌നം കണ്ടിരുന്നെങ്കില്‍ എഫ്ഡിഎ ഈ പരീക്ഷണം അനുവദിക്കില്ലായിരുന്നുവെന്നും ആന്‍ഡ്രൂ അഭിപ്രായപ്പെടുന്നു. 

മൃഗങ്ങളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ത്?

പരീക്ഷണങ്ങള്‍ക്കിടയില്‍ മൃഗങ്ങള്‍ കൊല്ലപ്പെടാന്‍ ഇടവന്നതിന് കാരണം വ്യക്തമാണ്. അംഗീകൃതമല്ലാതിരുന്നു ബയോഗ്ലൂ ഉപയോഗിച്ചതാണ് 1,500ലേറെമൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ഇക്കാര്യത്തില്‍ ന്യൂറാലിങ്കിനെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതുകൊണ്ട് മനുഷ്യര്‍ക്ക് റിസ്‌ക് ഉണ്ടെന്നു പറയാന്‍ തന്നെക്കിട്ടില്ലെന്നും ആന്‍ഡ്രൂ പറയുന്നു.

അതേസമയം, ന്യൂറാലിങ്കിന്റെതു പോലെയുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍ ഇനി നടത്തപ്പെട്ടേക്കാമെന്നും വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ ഇവയെ വിലയിരുത്താന്‍ പര്യാപ്തമല്ലെന്നുമുള്ള അഭിപ്രായവും ഉണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് മ്യൂനിച്ചിലെ പ്രൊ. മാര്‍സെലോ ഇയെന്‍കാ ഈ വാദം ഉയര്‍ത്തുന്നു. ന്യൂറാലിങ്കിന്റേതു പോലെയുള്ള പരീക്ഷണങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന ചലര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നാണ് അദ്ദേഹം പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com