എക്കോ സീരീസിലെ മായ ലോപ്പസും കിങ്പിനും ; ആംഗ്യഭാഷയിലെ എഐ സാധ്യതകൾ

Mail This Article
മുന്നറിയിപ്പ്: എക്കോ എപ്പിസോഡ് 4ന്റെ സ്‌പോയിലറുകൾ ഉണ്ടായേക്കാം
സാങ്കേതികവിദ്യയുടെ വളർച്ചയെ പ്രചോദിപ്പിച്ച ചരിത്രമാണ് സയൻസ് ഫിക്ഷനുള്ളത്. സിനിമകളിൽ നിന്നും പുസ്‌തകങ്ങളിൽ നിന്നുമുള്ള അതിശയകരമെന്ന് തോന്നുന്ന പല ആശയങ്ങളും ദൈനംദിന യാഥാർത്ഥ്യങ്ങളായിട്ടുണ്ട്, റോബോട്ടിക്സിലും മെഷീൻ ലേണിംഗിലുമുള്ള ഗവേഷണം നയിക്കുന്നത് തന്നെ ഇന്റലിജന്റ് മെഷീനുകളുടെ സയൻസ് ഫിക്ഷൻ ചിത്രീകരണങ്ങളിൽ നിന്നുള്ള പ്രചേദനത്താലാണെന്നു നമുക്കു കാണാം.
സയൻസ് ഫിക്ഷൻ രചയിതാക്കളും ചലച്ചിത്ര നിർമാതാക്കളും പലപ്പോഴും ഭാവി സാധ്യതകൾ വിഭാവനം ചെയ്യുകയും പര്യവേക്ഷണം ചെയ്യുകയും ചെയ്യാറുണ്ട്. എന്നാൽ ഇ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൻ്റെ (MCU) ഭാഗമായി പുറത്തിറങ്ങിയ ആക്ഷൻ പാക്ക്ഡ് എക്കോ എന്ന മിനിസീരിയലും ഇത്തരത്തിൽ ഒരു പ്രചോദനമാകുന്നു. ആരുടെയും ചലനങ്ങളും പോരാട്ട ശൈലിയും കൃത്യമായി അനുകരിക്കാനുള്ള കഴിവുള്ള അതേസമയം ബധിരയായ അമേരിക്കൻ കൊലയാളിയായ 'എക്കോ' എന്നറിയപ്പെടുന്ന മായ ലോപ്പസിൻ്റെ കഥയാണ് ഈ സീരീസ് പറയുന്നത്.
ആശയവിനിമയം നടത്താൻ മായ അമേരിക്കൻ സൈന്‍ ലാംഗ്വേജ് (ASL) ഉപയോഗിക്കുന്നു. വിൽസൺ ഫിസ്ക് (കിങ് പിനും) മായ ലോപ്പസിനു സ്മാർട് ഓഗ്‌മെൻ്റഡ് റിയാലിറ്റി കോണ്‍ടാക്ട് ലെൻസ് നൽകുന്നത് നാലാമത്തെ എപ്പിസോഡിൽ കാണാം. അതോടെ കിംഗ്പിൻ സംസാരിക്കുന്നത് ആംഗ്യ ഭാഷാ രൂപത്തിൽ മായയ്ക്കു മുന്നിൽ കാണാനാകും.

അതേസമയം മായയുടെ ആംഗ്യ ഭാഷ ഓട്ടോമേറ്റഡ് ട്രാൻസലേറ്ററിൽ പ്രോസസ് ചെയ്തു വാക്കുകളായി വിൽസൺ ഫിസ്ക് ധരിക്കുന്ന ഇയർ ബഡിലേക്കു എത്തുകയും ചെയ്യും. ചിലപ്പോൾ നാളെ ബധിരരും മൂകരുമായ ആളുകൾക്കു വളരെ പ്രയോജനകരമാകുന്ന ഒരു ടെക്നോളജി രൂപപ്പെടാൻ ഈ സിനിമ ഏതെങ്കിലും ഗവേഷകനെ പ്രചോദിപ്പിച്ചേക്കാം.
നിലവിൽ സ്ലെയ്റ്റ് പോലുള്ള എഐ പ്രോഗ്രാമുകൾ ആംഗ്യഭാഷ സംസാരം പോലെ വ്യാഖ്യാനിക്കുന്നതിനുള്ള നിർമിത ബുദ്ധി സാധ്യതകളുട പരീക്ഷണത്തിലാണ്. എന്നാൽ സൂക്ഷ്മമായതും എക്കോയിൽ കാണുന്നതു പോലെ കേവലം കോൺടാക്റ്റ് ലെൻസും ഇയർബഡും മാത്രമായി ഇതു രൂപപ്പെടാൻ സമയമെടുക്കും.

2 നൂറ്റാണ്ട് മുൻപ് ജനിച്ച ആരോടെങ്കിലും ഫോണിനെക്കുറിച്ചു ചോദിച്ചാൽ സയൻസ് ഫിക്ഷൻ അല്ലെങ്കിൽ മാജിക് ആണന്ന് അവർ പറയും. അതേസമയം എല്ലാ സയൻസ് ഫിക്ഷൻ ആശയങ്ങളും യാഥാർത്ഥ്യമാകുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്, ധാർമിക ആശങ്കകൾ, സാങ്കേതിക പരിമിതികൾ, അല്ലെങ്കിൽ മനുഷ്യന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാത്തത് എന്നിവ കാരണം തികച്ചും സാങ്കൽപ്പികമായി തുടരാം. എന്നിരുന്നാലും,സാങ്കേതികവിദ്യയുടെ ലോകത്ത് സയൻസ് ഫിക്ഷൻ്റെ സ്വാധീനം അനിഷേധ്യമായി തുടരുന്നു.