ADVERTISEMENT

പാലത്തിന്റെ തൂണിനടിയിൽ 500 രൂപ, നെയിംബോർഡിന്റെ പിന്നിൽ 500 രൂപ, പുല്ലിനിടയിൽ 1500 രൂപ! ഇൻസ്റ്റഗ്രാം വിഡിയോകളിലൂടെ കടന്നു പോകുമ്പോൾ പണം ഇത്തരത്തിൽ ഒളിപ്പിച്ചു വയ്ക്കുന്ന വിഡിയോ കണ്ടു കൗതുകത്തോടെ ഒന്നു നോക്കാത്തവർ കുറവായിരിക്കും. സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായ ട്രഷർ ഹണ്ട് വിഡിയോകളാണ് ഇപ്പോൾ ചുരുങ്ങിയ ചെലവിൽ ഫോളോവേഴ്സിനെയും കാഴ്ചക്കാരെയും കൂട്ടാനുള്ള ഏറ്റവും പുതിയ തന്ത്രം.

എന്താണ് ഈ വിഡിയോകളുടെ പിന്നിൽ: ചില വിദേശ ഇൻഫ്ലുവൻസർമാരിൽ നിന്നാണ് ഈ ആശയം ഇവിടെയെത്തിയത്. ഐഫോണുകളും മറ്റു വിലയേറിയ ഉപകരണങ്ങളും ഒരു പ്രത്യേക സഥലത്ത് ഒളിപ്പിക്കുക. അതു കണ്ടെത്താൻ വെല്ലുവിളിക്കുക എന്നതായിരുന്നു വ്യൂസ് കൂട്ടാൻ കണ്ടെത്തിയ തന്ത്രം. നമ്മുടെ നാട്ടിലേക്കു വന്നപ്പോൾ അതു ‘പിടയ്ക്കുന്ന’ നോട്ടുകളായി മാറി. ഒളിപ്പിക്കുന്നതും അതു കണ്ടെത്തുന്നതുമൊക്കെ വിഡിയോ ആയതോടെ സംഭവം വേറെ ലെവലായി. 500 രൂപകൊണ്ട് മില്യൻ കണക്കിനു വ്യൂവും പണവും വാരുന്ന തന്ത്രം കൂടുതൽപേർ പരീക്ഷിക്കാനാരംഭിച്ചു.

Image Credit: SumanBhaumik/ Shutterstock
Image Credit: SumanBhaumik/ Shutterstock

പ്രദേശത്തെപ്പറ്റി ധാരണയുള്ളവർക്കു കണ്ടെത്താനാവുന്ന സ്ഥലത്ത് 200 രൂപ മുതലുള്ള തുക ഒളിച്ചു വച്ചശേഷമാണ് ചലഞ്ച് ചെയ്യുന്നത്. കണ്ടെത്തിയ ആൾ കാഷ്ഡ് എന്നു കമന്റ് ചെയ്യുമ്പോൾ ചലഞ്ച് അവസാനിക്കും. ചിലർ കഷ്ടപ്പെട്ട് ഒളിച്ചു വച്ച സ്ഥലം കണ്ടെത്തുമ്പോഴേക്കും അവിടം ശൂന്യമാകും. മുന്‍പേ ഏതോ ബുദ്ധിമാൻ കണ്ടെത്തിക്കാണും എന്നു സമാധാനിച്ചു മടങ്ങും. പണം വച്ചു വിഡിയോ ഷൂട്ട് ചെയ്തശേഷം ഓഫ് ചെയ്തു തിരിച്ചെടുത്ത യഥാർഥ ബുദ്ധിമാൻ പാഞ്ചാബി ഹൗസിലെ കൊച്ചിൻ ഹനീഫയെപ്പോലെ ചിരിച്ചുകൊണ്ട് അടുത്ത സ്ഥലം തേടി പോകുകയായിരിക്കും. എന്തായാലും പുതിയ 'കളിയുടെ' നിയമ പ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. അതിനാൽത്തന്നെ സൈബർ സെല്ലും പൊലീസുമൊന്നും ഇതുവരെ മുന്നറിയിപ്പു നൽകിയിട്ടുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com